അന്തേവാസികള്‍

Tuesday, August 30, 2011

ഗവിതകള്‍ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്‌ !!

മലയാള ബ്ലോഗിനെ അഥവാ ബൂലോകത്തെ പ്രധാനമായും മൂന്നായി തരം തിരിക്കാം ..അതില്‍ മുക്കാല്‍ പങ്കും കവിതകളാണ് .ഈ കവിതകളില്‍ പങ്ക് വെയ്ക്കുന്ന ആശയം എന്താണ് എന്ന്‌ അതെഴുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും മനസിലാകുന്നില്ല എന്നൊരു പോരായ്മ ഒഴിച്ചാല്‍ വളരെ നല്ല കവിതകളാണ് എല്ലാം !മറ്റൊരു വിഭാഗമാണ്‌ , പത്രത്താളുകളില്‍ നിറം ചാലിച്ചുകൊണ്ട് സ്വന്തമായ ഒരു നിറം ആ വാര്‍ത്തകളില്‍ പകര്‍ന്നു നല്‍കുന്ന പകര്‍ത്തെഴുത്തുകാര്‍ .മൂന്നാമത്തെ കൂട്ടരാണ് നര്‍മ്മത്തിന്റെ ഉസ്താദുകള്‍ , ഇവര്‍ എഴുതുന്ന നര്‍മ്മം വായിച്ചു പലപ്പോഴും ചിരിക്കണോ അതോ കരയണോ എന്ന ത്രിശങ്കു സ്വര്‍ഗത്തില്‍ ഞാന്‍ പലപ്പോഴും എത്താറുണ്ട് .പിന്നെ നാലാമത്തെ വിഭാഗമാണ്‌ പോട്ടം പിടുത്തക്കാര്‍.പോട്ടോ പിടിക്കാന്‍ അറിയാത്തത് കൊണ്ട്‌ ഇവര് കൊള്ളാം എന്നോ കൊള്ളില്ല എന്നോ പറയുവാന്‍ ഞാന്‍ ആളല്ല .
എന്നാല്‍ ഈയിടെയായി കവിതകള്‍ എഴുതുന്ന കവികള്‍ ബോധപൂര്‍വ്വമോ അല്ലാതെയോ "ഗവിത "
എന്നൊരു ലേബല്‍ കൂടി തങ്ങളുടെ സൃഷ്ടിയില്‍ പരക്കെ എഴുതി പിടിപ്പിക്കുന്നതായി എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് .അത്തരത്തിലുള്ള പ്രവണത എന്‍റെ അറിവോ സമ്മതമോ കൂടാതെ ഇനി ആവര്‍ത്തിക്കരുത് എന്ന്‌ പറയുവാനാണ് ഈ എഴുത്ത് .
മേല്പത്തൂര്‍ ഭാഗവതര്‍ പനി പിടിച്ച് കിടപ്പിലായത്‌ കൊണ്ട്‌ ഷാപ്പന്നൂര്‍ ചരിതം എഴുതുവാന്‍ താമസം ഉണ്ടാകും എന്ന ഓല വായിച്ചിരുന്നു .ഷാപ്പന്നൂര്‍ ചരിതത്തിന്റെ ആദ്യ ഭാഗത്ത് ഗവിത എന്ന സാഹിത്യശാഖയുടെ ആരംഭത്തെ കുറിച്ചും അതിന്റെ ഉപജ്ജാതാവിനെ കുറിച്ചും നേരിയ തോതില്‍ വിവരിക്കുന്നുണ്ട് .ഷാപ്പന്നൂരിന്റെ നല്ല നാളുകളില്‍ സൃഷ്ടി ,സ്ഥിതി സംഹാരകനായ മഹാകവി കാപ്പിലാന്‍ രൂപം കൊടുത്തതാണ് ഈ ശാഖ .അത് രൂപം കൊടുത്ത സമയത്ത് തന്നെ അദ്ദേഹം പറഞ്ഞിരുന്നു " ഗവിതകള്‍ കാപ്പിലാന് മാത്രം ഉപയോഗിക്കുവാന്‍ ഉള്ളതാണ് .അന്യ കവികള്‍ അത് ഉപയോഗിക്കുന്നതോ അറിഞ്ഞോ അറിയാതെയോ ഈ നാമം പറയുന്നതോ എഴുതുന്നതോ എനിക്കിഷ്ടമല്ല .നിങ്ങള്‍ കവികള്‍ കവിതകള്‍ എഴുതണം എന്നാണ് എന്‍റെ ആഗ്രഹം ". ഈ കുറിപ്പ് മൂലം ആ തെറ്റുകള്‍ ബ്ലോഗിലെ കവികള്‍ ആവര്‍ത്തിക്കില്ല എന്ന്‌ തന്നെ ഞാന്‍ വിശ്വസിക്കട്ടെ !മുന്‍കോപിയായ കാപ്പിലാന്‍ ഇനിയും ആ തെറ്റുകള്‍ ആവര്‍ത്തിക്കുന്നത് കണ്ടാല്‍ ,എന്താണ് സംഭവിക്കുക എന്ന്‌ മുന്‍കൂട്ടി പ്രവചിക്കുവാന്‍ ആവില്ല എന്ന്‌ മാത്രം ഈ സമയം ഓര്‍മ്മിപ്പിക്കട്ടെ !

ആശയമില്ലാത്ത തവളക്കുളത്തിന്റെ കരയില്‍ ഇരുന്ന് പോക്ക്രോം പോക്ക്രോം എന്ന്‌ മഴ ( മീറ്റ്‌ ) വരുമ്പോള്‍ തവളകള്‍ കിടന്ന് കരയുന്നത് പോലെ കരയാതെ ആശയ സമ്പുഷ്ടമായ ഒരു ബൂലോകം ഉണ്ടാക്കുവാന്‍ ശ്രമിക്കുക ..ആശംസകള്‍ .

Saturday, August 27, 2011

അമേരിക്കയില്‍ ഭീതി പടര്‍ത്തുന്ന മനോമോഹന്റെ ശാപം !

അമേരിക്ക നശിച്ചു പോയീന്ന് ബ്ലോഗില്‍ വായിച്ചപ്പോള്‍ ഇത്രയധികം നശിച്ചു പോകും എന്ന്‌ കരുതിയില്ല .കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത കാറ്റും പേമാരിയും കഴിഞ്ഞ പന്ത്രണ്ടു ദിവസമായി തുടരുന്ന അണ്ണാച്ചിയുടെ നിരാഹാരസമരത്തിന്റെ പരിണിത ഫലമാണ് എന്ന അഭിപ്രായമാണ് അമേരിക്കയിലെ കാലാവസ്ഥ നിരീക്ഷകര്‍ കരുതുന്നത് .കൂടാതെ മന്‍ മോഹന്‍ സാബിന്റെ മനമുരുകിയ ശാപവും ! കാരണം ഹസാര അണ്ണാച്ചിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്കയാണല്ലോ.റാം ലീലാ മൈതാനിയില്‍ നിന്നും ഉയരുന്ന പൊടി പടലങ്ങള്‍ ഡയറക്റ്റ് വണ്ടി പിടിച്ച് അമേരിക്കയുടെ തലസ്ഥാന നഗരികളില്‍ കിടന്ന് കറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത് .ഇങ്ങനെ പോയാല്‍ ബ്ലോഗില്‍ പ്രവചിച്ചത് പോലെ അമേരിക്കയുടെ പതനത്തിന് പത്തോ ഇരുപതോ വര്‍ഷം കാത്തിരിക്കേണ്ടി വരില്ല .ഉടനെ തന്നെ ടാസ്കി പിടിച്ച് വരുന്ന ലക്ഷണമാണ് .

ഹസാര പോയാലും കസേര പോകാതെ നോക്കേണ്ടത് നമ്മുടെ ആവശ്യമായതിനാല്‍ ,എല്ലാ ആവശ്യങ്ങളും ഉടനടി അംഗീകരിച്ചു കൊടുക്കണം എന്നാണ് എന്‍റെ അഭിപ്രായം .രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പോരാളി അന്നയ്ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം ,ഒരു വിയോജന കുറിപ്പ് കൂടിയുണ്ട് .ഹസാര അണ്ണന്‍ ഇപ്പോഴേ നിരാഹാരം നിര്‍ത്തരുത് എന്നാണ് എന്‍റെ അഭിപ്രായം .ഒരു വെടിക്ക് രണ്ടോ അതിലധികമോ പക്ഷികള്‍ എന്ന്‌ പറയുന്നത് പോലെ അമേരിക്കയുടെയും ഇന്ത്യയുടെയും പരിപ്പ് നമുക്കൊരു പോലെ എടുക്കാമായിരുന്നു .നിരാഹാരം വരുത്തുന്ന ഓരോരോ വിനകളേ..അമ്മായിയമ്മയോടു പിണങ്ങി പുതുമരുമകള്‍ ഭക്ഷണം കഴിക്കാതെ കിടന്നാല്‍ പണ്ടൊക്കെ പറയുമായിരുന്നു അവള്‍ ഭക്ഷണം കഴിക്കാതെ കിടന്നാല്‍ അവള്‍ക്ക്‌ പോയെന്ന്..ഇതങ്ങനെ വല്ലതുമാണോ ..ഈശ്വരന്മാരെ !
അഴിമതി വിമുക്ത ഭാരതം സ്വപ്നം കണ്ടുറങ്ങുന്ന ഒരു പ്രവാസി !Friday, August 26, 2011

മലയാളം പറഞ്ഞതിന്

മലയാളം പറഞ്ഞതിന് തൃശൂരിൽ ഒരു സ്കൂളിൽ കുട്ടികൾക്ക് ആയിരം രൂപ പിഴ ചുമത്തി।
മലയാളം പറയുന്നത് കുറച്ചിലായി കാണുന്ന ഒരു സമൂഹം ഇവിടെ വളർന്നു വരുന്നു. മലയാളം പറയുന്നത് അത്ര തെറ്റാണോ?।സമൂഹത്തിൽ സ്റ്റാറ്റസ് കാണിക്കണമെങ്കിൽ ഇംഗ്ലീഷ് പറഞ്ഞെ മതിയാകു.കാശുള്ള ആളുകൾ കൂടുന്ന സ്ഥലത്ത് പല മലയാളം വാക്കുകളും പ്രയോഗിക്കുന്നത് നാണക്കേടോ മാനക്കേടോ ആയി ചിലർ കാണുന്നു നമ്മുടെയെല്ലാം നിത്യജീവിതത്തിൽ നിന്നും അനുദിനം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന എത്രയെത്ര മലയാളം പദങ്ങളാണ് ഉള്ളത്. ഭാര്യ അല്ല്യേല് ഭർത്താവ് എന്ന വാക്ക് എന്നെ നമ്മളിൽ നിന്നും അപ്രത്യക്ഷമായി.ഇന്ന് വൈഫ് എന്നോ ഹസ്ബൻഡ് എന്നു പറയാൻ പോലും സമയമില്ല്ല ചിലർക്ക് അതുപോലും ലോപിച്ചു പോകുന്നു എന്റെ വൈ എന്നോ ഹസ് എന്നോ ആണ് ചിലർ പറയുന്നത്. ഫൂഡ് ബ്രേക്ക് ഫാസ്റ്റ് ലഞ്ച് ഡിന്നർ ,ഫ്രണ്ട് നിത്യേന ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങൾ നിരവധിയാണ്.

ഈയടുത്ത് ഒരു കൂട്ടുകാരൻ വിളിച്ചപ്പോൾ അയ്യാൾ പറഞ്ഞത് ഹലോ എന്നതിനു പകരം നമസ്കാരം എന്നാണ്.എനിക്ക് അത്ഭുതം തോന്നി ഇങ്ങനെയും ചിലർ മനുഷ്യർ ഉണ്ടല്ലോ സമൂഹത്തിൽ
സസ്നേഹം.
അനൂപ് എസ് നായർ കോതനല്ലൂർ.


ദേവദാരുക്കളുടെ രണ്ടാം മരണം

'അവസാനത്തെ ബ്ലോഗത്തിന്‍റെ ഓര്‍മയുണ്ട്.' അന്ന്  കതിര്‍ ഊര്‍ന്ന് പോയ പാടത്തു നിന്ന് വന്ന കാറ്റിന് കോടയുടെ ഗന്ധമായിരുന്നു. പാടം താണ്ടി വരമ്പുകളിലെ തവളകളെയും ചേരപ്പാമ്പുകളെയും ചാടിക്കടന്ന്പോകുന്ന പോക്കിലാണ് ആ കൂക്ക് വിളി കാറ്റ് കൊണ്ട് വന്നത്. പാടം കടന്ന് പുഴയുടെ ഇടയില്‍ മരങ്ങളിലേക്ക് ആ കുക്ക് നീണ്ട് പോയി. അവിടെ ഇരുന്ന എല്ലാവരും ഒരേ മുഖമുള്ളവരായിരുന്നു. അവര്‍ ചിരിച്ചു. അവരുടെ വാക്കില്‍ കളിയും കള്ളും നുരഞ്ഞു. പെണ്ണുങ്ങള്‍ പോലും മദിച്ചു. ആരാമമേ, നിന്‍റെ പേരാണ് അതെന്ന് അന്നെനിക്കറിയില്ലായിരുന്നു. ബ്ലോഗങ്ങളുടെ ഉന്മത്തമായ ദിനരാത്രങ്ങള്‍. ജോലിയിലും ജോലിയില്ലായ്മയിലും വീട്ടിലും നാട്ടിലും ബ്ലോഗം മാത്രം ഉച്ചസ്ഥായിയായ്. അവസാനിക്കാത്ത ബ്ലോഗത്തിന്‍റെ നീണ്ട ഇടനാഴികളും ഇടവേളകളില്ലാത്ത കനത്ത നിശ്വാസങ്ങളും. പൊട്ടീച്ചിരികളും 'കള്ളു പുരണ്ട കലമ്പലുകളും' വേര്‍ തിരിച്ചെടുക്കുമ്പോള്‍ ഇതൊന്ന് തീരാതിരുന്നെങ്കില്‍ എന്നായിരുന്നു. ഏത് സൈരന്ധ്രിയുടെ ശാപമാണ്. നിലക്കാത്ത കുളമ്പടികളില്‍ ഒളിഞ്ഞിരുന്ന അപകടം. നീര്‍ വീഴ്ചയുടെ സ്വപ്നത്തില്‍ നനഞ്ഞ് ഉണരാന്‍ മറന്ന് പോകുന്നു. പുലരിയും അന്തിയും ഒന്നായിപ്പിണഞ്ഞ് കിടന്ന കോണുകള്‍. അവിടെ സൂര്യപ്രകാശത്തിന്‍റെ മുന കൊണ്ട് ഒരു കവിത എഴുതണമെന്ന് പറഞ്ഞവര്‍ക്ക് ഇന്ന് നിദ്ര. എല്ലാ ശവകുടീരങ്ങളുടെയും പ്രേതമായി രാവോട് രാവ് ഇടതൂര്‍ന്ന് കോമ്പല്ല് നുണഞ്ഞ് നടന്നു പോകുന്നു. " മുഖക്കണ്ണട മറന്ന് വെച്ച വയോവൃദ്ധന്മാര്‍ കാലത്തെ തിരയുന്നു. ". " സുരയടിച്ച് ചാകാമായിരുന്നു "  കൂര്‍ത്ത ഗദ്ഗദങ്ങള്‍. ബെര്‍ളിത്തോമ്മസിന്‍റെ വാഴ്ചയുടെ ആറാം ആണ്ടില്‍ ആകാശം പിളര്‍ന്നു. ആ വര്‍ഷം   നഗരപ്രാന്തങ്ങള്‍ക്ക് അവര്‍ ബ്ലൗണ്‍ ടൗണ്‍ എന്ന് പേര്‍ വിളിച്ചു.  സൂപ്പര്‍ ഹൈവേകളില്‍ നിന്ന് എക്സിറ്റ് എടുത്തവരുടെ തേര്‍ച്ചക്രങ്ങളില്‍ ചുറ്റിപ്പിണയുന്ന ചെടികള്‍ വന്ന് അലച്ചു. ബസ് ഓടിച്ച് നടന്ന് വായില്‍ തോന്നിയതെല്ലാം  റാപ്പ് പാടുന്നവര്‍ ഓട്ടോ റിക്ഷകളെപ്പോലെ ട്രാഫിക് പ്റോബ്ലം ഉണ്ടാക്കി. അല്ലലുകളില്ലാത്ത   അവര്‍ക്ക് ബ്ലോഗം അണ്ട്രയാര്‍ കായ്ക്കുന്ന മരമായിരുന്നു. പിന്നീടൊരിക്കലും അവര്‍ അവ ധരിച്ചതേയില്ല. അങ്ങനെ നൂല്‍ കമ്പനികളില്‍ റിസഷന്‍ ആഞ്ഞടിച്ചു. റിസഷന്‍ കാലത്ത് പ്രണയവുമായി ബെര്‍ളീത്തോമ്മസ് വന്ന് എല്ലാ പെണ്ണുങ്ങള്‍ടെയും ഉറക്കം കെടുത്തി. അന്നൊക്കെ ഒരു പ്രണയം ലക്ഷ്വറിയായിരുന്നു. നാല്‍ക്കവലകളില്‍ ലിപ്സ്റ്റിക്ക് പുരണ്ട് കറുത്തുപോയ വിളക്കു കാലുകള്‍ നിന്ന് പൊരിഞ്ഞു. അവയുടെ ചുവട്ടില്‍ ഇരുളിലെ അനക്കങ്ങള്‍ക്ക് നേരെ ചെവി വട്ടം പിടിച്ച് ഉഴപ്പന്‍ പൂച്ചകള്‍ കൂനിക്കൂടി. ബ്ലോഗത്തിന്‍റെ നാര്‍സിസിസം എന്ന മദാലസ യാമം അറിഞ്ഞവര്‍ പെണ്ണുങ്ങള്‍ടെ നൈറ്റിയും ലിപ്സ്റ്റിക്കും അണിഞ്ഞു കിടന്നുറങ്ങി. പെണ്ണുങ്ങള്‍ ആകട്ടെ   ഡിസൈനര്‍ ബൈക്കുകളില്‍ കയറി അംബരചുംബികളുടെ ഭിത്തിയില്‍ ലംബമായി ഓടിച്ചു പോയി. ആ രാത്രി മാഞ്ഞു  മാഞ്ഞുപോയി. മഞ്ഞ് വീഴുന്ന വെളുപ്പാന്‍ കാലത്ത് മുറ്റത്ത് ആളനക്കം കേള്‍ക്കുമ്പോള്‍ യാത്ര പോയവരുടെ ഷൂകളില്‍ നിന്ന് കൂറകളെ കാണരുതേയെന്ന് പ്രാര്‍ഥിച്ചതിനു നിന്നെ ഒരിക്കലും കുറ്റപ്പെടുത്തില്ല.

ബ്ലോഗനാട്ട് ജൂലിയുടെ ആണ്ട് പിറ !

ഷാപ്പിലാ‍ന്‍ രണ്ടാമന്‍ തന്തോന്നിയും തരവഴിയുമൊക്കെ ആയിരുന്നാലും ,അദ്ദേഹം തികഞ്ഞ ബ്ലോഗനാര്‍ക്കാവില്‍ മുത്തപ്പന്‍ ഭകതനായിരുന്നു...ഇദ്ദേഹം മുല്ലവള്ളിയാണെന്നു വിചാരിച്ചു ചെന്നു പിടിക്കുന്നതെല്ലാം “പുലിവാലുകളായിരുന്നു”.തോളിലേറ്റിയെതെല്ലാം ആകാശ കോടാലികളും,കൂടെ കിടത്തി ഉറക്കിയത്‌ വിഷ പാമ്പുകളെയുമായിരുന്നു . .!!.അതുകൊണ്ടുതന്നെ ഷാപ്പന്നൂരില്‍ ലഹകളകള്‍ സാധാരണമായിരുന്നു.ചെറുതും വലുതുമായ ആയിരക്കണക്കിനു ലഹളകള്‍ ഷാപ്പന്നൂരില്‍ അരങ്ങേറി.ഷാപ്പിലാന്‍ രണ്ടാമന്‍ ബ്ലോഗധോലോകവുമായി ബന്ധം പുലര്‍ത്തിയിരൂന്നു.

ബൂലോകത്ത് അക്കാലത്ത് ഒരു ചേറായിക്കാരി അപസരസ്സുണ്ടായിരുന്നു, അവളുടെ പേരാണ് “ബ്ലോഗനാട്ട് ജൂലി”അവളെഞങ്ങള്‍ക്കെല്ലാം വലിയകാര്യമായിരുന്നു....അവളുടെ മദാലസതയില്‍ മതിമയങ്ങി ഞങ്ങളെല്ലാം നിദ്രാവിഹീനന്മാരായി നടന്നകാലം..! ഒരിക്കള്‍ അവള്‍ ഞങ്ങളെയെല്ലാം അവളുടെ പിറന്നാളിനു ക്ഷണീച്ചു. അവളുടെ പിറന്നാളും കാത്ത്....ഞങ്ങള്‍ ഒരോ ദിവസങ്ങള്‍ കരിക്കട്ടവെച്ച് പിത്തിയേല്‍ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു... അന്നൊരു കറത്ത വാവു ദിവസം സന്ത്യക്ക് ചേറായിക്കടവത്ത് ജൂലി കുളിച്ചു കൊണ്ടിരുന്നപ്പോള്‍...ബ്ലോഗ് ബാലന്‍.കെ.നായരെന്നറിയപ്പെടുന്ന പാലാക്കാരന്‍ ബെര്‍ളിമാപ്ല അതുവഴി വന്നു.ഈ ബെര്‍ളിമാപ്ല ഒരു മഹാചട്ടമ്പിയായിരുന്നു,പോരാത്തതിനു പയങ്കര അഭ്യാസിയും,ഭൂമിക്കുമേളില്‍....ആകാശത്തിനു കീഴെ ഒരുത്തനേം വകവെക്കുന്നവനായിരുന്നില്ല. ഈറനുടുത്തുനിക്കുന്ന ജൂലിയെകണ്ടപ്പോള്‍ ബെര്‍ളിമാപ്ലക്ക് അവളോട് ഒരു ഇത്..!അവളോട് പ്രണയാഭ്യര്‍ഥനടത്തി...അവള്‍ ആഭ്യര്‍ഥനയെ നിരസിച്ചിട്ട് കടവത്തുനിന്നും കയറി ഓടാന്‍ തുടങ്ങി മാപ്ല അവളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു..അവള്‍ ചേറായി പൊഴയുടെ തീരത്തു കൂടി ജീവനും കൊണ്ടോടി...പുറകെ ബ്ലോഗ് ബാലന്‍.കെ.നായരും...!!. ആസമയത്ത് ചേറായി പൊഴയുടെ തീര്‍ത്തുള്ള ഒരു ചെത്തുതെങ്ങിന്റെ മണ്ടയിലിരുന്നു ഷാപ്പിലാന്‍ കാണുന്നത്,നമ്മടെ സ്നേഹിതന്‍ ബെര്‍ളിമാപ്ല ഒരു മാന്‍പേടയെ ഓടിച്ചിട്ടു പിടിക്കാന്‍ ശ്രമിക്കുന്നതാണ്.ഷാപ്പിലാനൊരു കുഴപ്പമുണ്ട്,തന്റെ സ്നേഹിതന്മാരോ...തന്നേ സ്നേഹിച്ചവരോ കഷ്ടപ്പൊടൂന്നതുകണ്ടാല്‍ അദ്ദേഹത്തിനു സഹിക്കില്ല ഉടനെ അവരെ സഹായിക്കാന്‍ ഗോദയില്‍ കുതിക്കും. "വയ്യാത്ത അമ്മാവനെ ഇട്ടോടിക്കാതെ നിക്കടീ അവിടെ " അതോരലര്‍ച്ച ആയിരുന്നു .തെങ്ങിന്റെ മണ്ടേല്‍ ഇരുന്ന് ഷാപ്പിലാന്‍ അമറി .പ്രാണ പരവേശത്താല്‍ ബ്ലോഗനാട്ട് ജൂലി ഓടി തന്റെ കുടിലില്‍ കയറി .അവിടെ നിന്നും തന്റെ നേര്‍ അങ്ങളമാര്‍ക്ക് എസ്.എം .എസ് അയച്ചു.അധോലോക ബന്ധമുള്ള ഷാപ്പിലാനുമായി നേരിട്ട് ചോദിക്കാന്‍ അങ്ങളമാര്‍ക്ക് ആയില്ല .ഷാപ്പന്നൂരിന്റെ അടുത്ത നാട്ടു രാജ്യത്തില്‍ നിന്നും കൂലിക്ക് പടയാളികളെയും കൂട്ടി ഷാപ്പിലാനോട് ചോദിക്കുവാന്‍ രാത്രിക്ക് രാത്രി അവര്‍ ഷാപ്പന്നൂരില്‍ എത്തി .

 പടക്കൂട്ടത്തെ കണ്ട ഷാപ്പിലാന്‍ ആദ്യം ഒന്ന് ഭയന്നെങ്കിലും , തന്റെ കുടുംബ പരദേവനായ കള്ളുംകുട മുത്തപ്പന്റെ മുന്നില്‍ കള്ളും കുടത്തില്‍ തൊട്ട് പ്രതിഞ്ജ ചെയ്തു .ഇന്നേക്ക് പതിനാറു നാള്‍ കഴിയുമ്പോള്‍ ബ്ലോഗനാട്ടു ജൂലിയുടെ ആണ്ട് പിറ നാളില്‍ ബെര്‍ളി അമ്മാവന്‍ ജൂലിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയിരിക്കും .ഇത് സത്യം! സത്യം!! സത്യം!! ഷാപ്പിലാന്‍ പ്രതിഞ്ജ എടുത്താല്‍ എടുത്തതാണ് .ജൂലിയുടെ നേര്‍ ആങ്ങളമാര്‍ ഭയന്ന് പരവശരായി .ഇനി എന്തും സംഭവിക്കാം ..ഇനി ഏറിയാല്‍ പതിനാറു നാള്‍ കൂടി .ഷാപ്പന്നൂരിന്റെ ആകാശങ്ങള്‍ക്ക് കരി നിറം ബാധിച്ചു .പുഴ നീന്തി കടന്ന് ഷാപ്പിലാനും സംഘവും ജൂലിയുടെ കുടിലില്‍ കയറുന്നത് തടയുവാന്‍ പുഴയുടെ തീരത്ത്‌ അവര്‍ കാത്തിരുന്നു . അങ്ങനെ ആ ദിനം എത്തി ..

 തുടരും .

Thursday, August 25, 2011

ഷാപ്പിലാന്‍ രണ്ടാമന്റെ പട്ടാഭിഷേകം!!

വണ്‍ ഡേ....ഒന്നാം ഷാപ്പിലാന്‍ പന്നിപ്പനിപിടിച്ച് കാലത്തിന്റെ കർട്ടനുപിന്നിൽ മറഞ്ഞു.അനന്തര അവകാശിയായ രണ്ടാം ഷാപ്പിലാന്‍ യുവരാജാവ് ഭരണം ഏറ്റു.ഒന്നാം ഷാപ്പിലാനെപ്പോലായിരുന്നില്ല രണ്ടാം ഷാപ്പിലാന്‍.മഹാപോക്രിയായിരുന്നു.ശത്രുരാജ്യത്തുനിന്നും വരുന്ന ഏതുതരം വെല്ലുവിളിയായിരുന്നാലും ഒരു റിസ്കുമില്ലാതെ നല്ല ഒണങ്ങിയ റെസ്ക് ചായയില്‍ മുക്കി തിന്നുന്ന ലാഘവത്തോടെ നേരിടുമായിരുന്നു .

(ഈ ചരിത്രം വായിക്കുന്ന വായനക്കാര്‍ക്ക് സ്വാഭാവികമായി ഒരു സംശയംതോന്നും,ഈ ഷാപ്പിലാന്‍ ഒന്നാമന്‍,ഷാപ്പിലാന്‍ രണ്ടാമന്‍, കാപ്പുചേകവന്‍,ഷാപ്പുമുതലാളി, ഇവരൊക്കെ ആരാണെന്ന്.! അങ്ങനാര്‍ക്കെങ്കിലും സംശയം തോന്നിയാള്‍,മഹാവിഷ്ണു വരാണെന്ന് ചിന്തിക്കുക,പിന്നെ കൃഷ്ണനാരാണെന്ന് ചിന്തിക്കുക,പിന്നെ ഗുരുവായൂരപ്പന്‍ ആരാണെന്ന് ചിന്തിക്കുക.ഇപ്പം പിടികിട്ടിയാ ഷാപ്പു ആരാണെന്ന്.?)

ഷാപ്പിലാന്‍ രണ്ടാമന്റെ ഭരണകാലത്തോടുകൂടിയാണ് ഷാപ്പന്നൂര്‍ ബൂലോക ശ്രദ്ധപിടിച്ചുപറ്റുന്നത്,ഷാപ്പിലാന്‍ രണ്ടാമനുമായി ശത്രു രാജ്യങ്ങള്‍ നിരന്തരമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു...ഷാപ്പിലാന്റെ പട കാപ്പില്‍കോട്ടയുടെ മണ്ടയില്‍നിന്നും കൈയ്യില്‍ കിട്ടിയ ചീഞ്ഞ മുട്ട,അളിഞ്ഞ തക്കാളി മുതലയവ വലിച്ചെറിഞ്ഞ് ശത്രുക്കളെ ഓടിക്കുമായിരുന്നു. ഷാപ്പിലാന്‍ രണ്ടാമന്റെ ഭരണകാലത്താണ് “തോന്ന്യാശ്രമം” സ്ഥാപിതമകുന്നത് ,ഷാപ്പിലാന്‍ ഒന്നാമന്‍ തോന്ന്യാശ്രമത്തിന്റെ പണി തുടങ്ങിയെങ്കിലും അദ്ദേഹത്തിന്‍ അത് മുഴുമിപ്പിക്കാന്‍ പറ്റിയില്ല.കാരണം പണിക്ക് അഡ്വാന്‍സ്സും വാങ്ങി കോണ്ട്രാകടര്‍ മേസ്തിരി, പണിക്കുവന്ന ഒരു പെണ്ണിനേംകൊണ്ട് മുങ്ങി.പിന്നീട് ഷാപ്പിലാന്‍ രണ്ടാമന്റെ വരവോടെ ആശ്രമത്തിന്റെ പണിതുടങ്ങി അദ്ദേഹത്തിന്റെ കാലത്തുതന്നെ പൂര്‍ത്തിയാക്കി....അദ്ദേഹത്തിന്റെ കാലത്തുതന്നെ അതുമുടിച്ചു മുണ്ടക്കോലുംവെച്ചു പണ്ടാരമടങ്ങി !!!

 അദ്ദേഹത്തിന്റെ കാലത്ത് പ്രധാന ഭരണപരിഷ്കാരങ്ങള്‍ ഒരുപാടുനടത്തി....അതില്‍ പ്രധാനമായിരുന്നു ‘കാപ്പില്‍ കോട്ടയില്‍‘4000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള അത്യാധുനീക സജ്ജീകരണങ്ങളോടു കൂടിയ ഒരു അന്തപ്പുരം സ്ഥാപിച്ചു,അതില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കി സ്വയം പര്യാപ്തമാക്കി..!ഷാപ്പന്നൂരില്‍ ജനാധിപത്യ മുറയില്‍ തിരഞ്ഞെടുപ്പ് നടത്തിയതും അദ്ദേഹത്തിന്റെ ഭരണ നേട്ടമായി കരുതുന്നു.ഈ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാന്‍ വേണ്ടി ശത്രുക്കള്‍ ചാവേറുകളെ അയച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഷാപ്പന്നൂരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നും ഷാപ്പന്നൂര്‍ രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പു നല്‍കിയിരുന്നു ,അതൊന്നും വകവെക്കാതെ ഇലക്ഷന്‍ നിശ്ചയിച്ച തീയതിയില്‍ തന്നെ നടത്തുമെന്ന് പിടിവാദം പിടിച്ച ഷാപ്പിലാന് കണക്കു കൂട്ടലുകള്‍ തെറ്റി.... ഒരു സന്ത്യക്ക് ആശ്രമത്തില്‍ എല്ലാവരും പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുമ്പോള്‍ ഒരു ഭീകരന്‍ സഞ്ചിയില്‍ മലവുമായെത്തി. ആശ്രമത്തിനുള്ളില്‍ പ്രവേശിച്ച് ഫാ നില്‍ കെട്ടി തൂക്കിയിട്ട് കറക്കാന്‍ ശ്രമിച്ചു....ഭകതജനങ്ങള്‍ അലറിക്കൊണ്ട് പുറത്തുചാടിയതു കാരണം വലിയൊരുദുരന്തം ഒഴിവായി...!!ഹോ....എന്റെ ബ്ലോഗനാര്‍ക്കാവില്‍ മുത്തപ്പാ!!! പിന്നീട് ദേവപ്രശ്നവും ശുദ്ധികലശവും നടത്തിയതിന് ശേഷമാണ് ആശ്രമത്തിന് പഴയ പ്രൌഡി തിരികെ ലഭിച്ചത് .അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചങ്ക് കിടുങ്ങുന്നു .
ഈ തെരഞ്ഞെടുപ്പോടുകൂടിയാണ് വിഘടനവാദികള്‍ പൂര്‍വ്വാധികം ശക്തിപ്രാപിക്കുന്നത്.

 അദ്ദേഹത്തിന്റെ കാലത്ത് കലാ ,സാഹിത്യം,കായികം മുതലായവക്ക് വളരെപ്രാധാന്യം നല്‍കിയിരുന്നു.ഓണ്‍ലൈനില്‍കൂടി എങ്ങനെ ക്രിക്കറ്റ് കളിക്കാമെന്ന് ലോകത്തിനെ ആദ്യം പഠിപ്പിച്ചത് ഇദ്ദേഹമാണ് ഓണ്‍ലൈനില്‍ കഥാരചനാമത്സരം,ഓണാഘോഷ പരുപാടികള്‍ ഇവയൊക്കെ ലോകത്താദ്യമായി നടത്തിയത് ഇദ്ദേഹമ്മണ്. ഓണത്തിടയിലെ പൂട്ട്‌ കച്ചവടം പോലെ ഓണത്തിടയില്‍ ആളുകളെ വലിപ്പിച്ചതും ( ആദ്യത്തെ ഓണ്‍ലൈന്‍ വടം വലി മത്സരം )പുതുകവികള്‍ ഇന്ന് പരക്കെ ഉപയോഗിക്കുന്ന ഗവിതാ പ്രസ്ഥാനം രൂപം കൊള്ളുന്നതും ഷാപ്പിലാന്‍ രണ്ടാമന്റെ ഭരണകാലത്താണ് .

ഇദ്ദേഹത്തിന്റെ നാടകകമ്പം വളരെപ്രസിദ്ധമാണ്, അതിനായി കാപ്പിലാന്‍ നാടകവേദിയെന്നൊരു നാടകകമ്പനിതന്നെ അദ്ദേഹം രൂപം നല്‍കി...കാപ്പിലാന്‍ നാടകവേദിയുടെ നാടകങ്ങള്‍ ബൂലോക പ്രസിദ്ധമാണ്. ആ നാടകങ്ങള്‍ കാണാന്‍ ദൂരെ ദേശത്തു നിന്നുപോലും ആളുകള്‍ ,കാല്‍നടയായും,കാളവണ്ടിയിലും എത്തിയിരുന്നു..ഇദ്ദേഹം അറിയപ്പെടുന്ന കവിതാനിരൂപകങ്കൂടിയായിരുന്നു,ഇദ്ദേഹം ഒരു കവിത നിരൂപിച്ചാ‍ൽ മതി ആ കവിയുടെ കാര്യത്തിൽ ഒരു തീരുമനമാകൻ..ഈ അടുത്തകലത്ത് ബ്ലോഗിപ്പുഴയിനിന്നും കിട്ടിയ ചില അസ്തികൂടങ്ങൾ ,കവിതാനിരൂപണത്തിൽ മനംനൊന്ത് പുഴയിൽ ചാടിച്ചത്ത കവികളൂടേതാണെന്ന് അനുമാനിക്കുന്നു.

(തുടരും)
Wednesday, August 24, 2011

ഷാപ്പിലാന്‍ ഒന്നാമന്റെ ഭരണകാലം !!

ഷാപ്പിലാന്‍ ഒന്നാമന്റെ ഭരണകാലം എന്നു പറയുന്നത് ഷപ്പന്നൂരിന്റെ സുവര്‍ണ്ണകാലമായിരുന്നു .അന്ന് ഷാപ്പന്നൂരില്‍ ജനിച്ചു വീണവര്‍ ഭാഗ്യവാന്മാര്‍..!! അവരൊക്കെ വായില്‍ വെള്ളിക്കരണ്ടിയും,ചന്തിക്ക് സ്വര്‍ണ്ണകുരണ്ടിയുമായി ജനിച്ചിരുന്നതായി ഐതീഹ്യം.! ആ കാലങ്ങളില്‍ മഹാബലിതമ്പ്രാന്‍ ഓണത്തിന് നാട്ടില്‍വന്നാല്‍ ഷപ്പനൂരിന് ചുറ്റുവട്ടാര ഗ്രാമങ്ങളിലെ ‘ബെഗ്ഗര്‍ പീപ്പീള്‍സിന്റെ കുടിലുകളില്‍ ചെന്ന് സര്‍ക്കാരു റേഷന്‍‌കടയിലൂടെ സൌജന്യമായി കൊടുക്കുന്ന രണ്ടു രൂപ അരിയുടെ ചോറും,പാണ്ടീക്കാര് എന്റോസള്‍ഫാനടിച്ചു വളര്‍ത്തിയ പച്ചക്കറിയുടെ അവിയലുമൊക്കെ മൂക്കുമുട്ടെ അടിച്ച് പെരുക്കിയിട്ട്,സ്വന്തം ഓലക്കുടയില്‍നിന്നും ഒരീര്‍ക്കിലുമൊടിച്ച് മോണക്കുകുത്തി ,നീട്ടിയൊരേമ്പക്കവും വിട്ട് കുടവയറും തടവി ഗമയിലങ്ങനെ പോകുമ്പോള്‍ ഷാപ്പന്നൂരിന്റെ അതിരേക്കൂടെങ്ങാനും പോകേണ്ടിവന്നാല്‍.....പുള്ളിക്കാരന്‍ ഓലക്കുടകൊണ്ട് മുഖം മറച്ചായിരുന്നു ഇതുവഴി പോയിരുന്നതെന്ന് പഴമക്കാരായ ചില പാണന്മാര്‍ ഇപ്പോഴും പാടി നടക്കാറുണ്ട്!കാരണം ഷാപ്പിലാന്റെ ഭരണവുമായി തട്ടിച്ചു നോക്കുമ്പോള്‍ മഹാബലി തമ്പുരാന്റെ ഭരണം ഒന്നുമായിരുന്നില്ല.
‘മാവേലിയാപോലും ....മാവേലി!,ഷാപ്പനൂരിലെ ഒരൊ സാധാരണക്കാരനും ഒരു മാവേലിക്ക് സമമായിരുന്നു.മവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നു പോലെ,കള്ളവുമില്ല ചതിവുമില്ല,എള്ളോളമില്ല പൊളിവചനം..!ഒക്കെ നേരാ...! എന്നാല്‍ ഒന്നു പുറം ചൊറിഞ്ഞാല്‍ ചോറിഞ്ഞു വിടാന്‍ ആരേലുമുണ്ടാരുന്നോ മാവേലി..?ഇല്ല.! എന്നാല്‍ ഷാപ്പിലാന്റെ ഭരണകാലത്ത് അതിനായി ഒരു വിഭാഗം പിന്നോക്കാവിഭാഗത്തേതന്നെ ഷാപ്പന്നൂരിന്റെ പുറമ്പോക്കുകളില്‍ കുടില്‍കെട്ടി പാര്‍പ്പിച്ചിരുന്നു.
കോഴികള്‍ക്കുപോലും തോണ്ണൂറ്റെട്ടുരൂപയുടെ ബാസ്മതി ബിരിയാണിയരിയായിരുന്നു കൊടുത്തിരുന്നത്.രണ്ടുരൂപയുടെ അരി റോഡില്‍ കിടന്നാല്‍ കാക്കക്കുപോലും വേണ്ടായിരുന്നു അവരെല്ലാം ഭയങ്കര റിച്ച്ഫെലോസ്സായിരുന്നു(ഇവിടുത്തെ കാക്കകളേ..!!!) ഇവിടുത്തേ കാക്കക്കും കോഴിക്കുമൊക്കെ അഹങ്കാരം ഇങ്ങനാണേല്‍.....പിന്നെ ഇവിടുത്തെ മനുഷ്യന്റെ കാര്യം പറയാനുണ്ടോ..?!! ഇവിടുത്തെ മനുഷേമ്മാരുടെ റിച്ചിനേപ്പറ്റിപറയുവാണേല്‍.....അതിശയോക്തി പറയുവാണെന്നൊ,പുളുവടിക്കുവാണെന്നൊ മറ്റുനാട്ടുകാരുകരുതും.!
വണ്‍ഡേ...(ഒരുദിവസം)ഇവിടുത്തെ ചെരുപ്പുകുത്തിയായയൊരുത്തന്‍ ബെന്‍സ്സ് കാറൊക്കെ വിക്കുന്ന പീടികയുടെ മുന്‍പില്‍കൂടി നടന്നുപോകുവാരുന്നു..... സഡണ്‍ലി(പെട്ടന്ന്) അവനൊരു കാറുവാങ്ങണമെന്ന് മോഹംതോന്നി..! അവന്‍ ഉടനെ പീടികയില്‍കയറിചെന്ന് എനിക്ക് ഇതേലൊരു കാറുവേണം,ഒരേണ്ണത്തിന് എന്നാ വിലയാ? എന്നു ചോദിച്ചു അപ്പോള്‍ അവിടെ കാറൊക്കെ എടുത്തു കൊടുക്കാന്‍ നിന്ന സപ്ലെയര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.എന്നാലും സപ്ലയര്‍ മറുപടി പറഞ്ഞു.പത്തറുപത്തഞ്ച് ലക്ഷമാവും..’ രണ്ടെണ്ണം എടുത്താല്‍ ഒരെണ്ണം ഫ്രീ വല്ലതുമുണ്ടോ ?,ചെരുപ്പുകുത്തിയുടെ ഈചോദ്യം സപ്ലെയര്‍ക്ക് തീരെ സുഖിച്ചില്ല.റെയില്‍വേസ്റ്റേഷന്‍ പരിസരത്തിരുന്ന് ഷൂപോളീഷു ചെയ്യുന്ന ഇങ്ങാരെവിടുന്നാ ഈ ബെന്‍സ് കാര്‍ വാങ്ങാന്‍പോകുന്നതെന്ന് വിചാരിച്ച് സപ്ലെയര്‍ ചെരുപ്പുകുത്തിയെ കുത്തിനു പിടിച്ച് പുറത്തുതള്ളി!! അപമാനിതനായ ചെരുപ്പുകുത്തി വീണ്ടും പീടികയില്‍ കയറിച്ചെന്ന് പീടികയുടെ മുതലാളിയോടുചോദിച്ചു ഈ പീടികക്ക്‌ എന്നാവിലയാ? ബെന്‍സ്സ്പീടികയുടെ മുതലാളി ഒന്നു ഞെട്ടിയെങ്കിലും...ഞെട്ടല്‍ മുഖത്ത് പ്രകടമാക്കാതെ ഉത്തരം പറഞ്ഞു.”നൂറുകോടി..!
സഡണ്‍ലി(പെട്ടന്ന്) ചെരുപ്പുകുത്തി തന്റെ മടക്കിക്കുത്തിയിരുന്ന പ്രീമിയര്‍ ഡബിള്‍ മുണ്ട് അങ്ങോട്ട് പൊക്കിപ്പിടിച്ച് വരയന്‍ അണ്ട്രയാറിന്റെ പോക്കറ്റില്‍നിന്നും നൂറുകോടി രൂപയെടുത്ത് ഒരുകെട്ടെടുത്ത് മേശപ്പുറത്തോട്ട് വേച്ചിട്ട്...അവടെകിടന്ന മുന്തിയ ഇനം ബെന്‍സ്സ് കാറൊന്ന് തനിയേ ഓടിച്ചു പോയി.ഓണ്‍ ദ വേയില്‍ സഡണ്‍ലി കാറിന്റെ പെട്രോളങ്ങു തീര്‍ന്നു.ഉടന്‍‌തന്നെ ചെരുപ്പുകുത്തി കാറില്‍നിന്നിറങ്ങി ,നാലു പാടും കണ്ണോടിച്ചു.അപ്പോഴാണ് അതുവഴി ഒരു അവലുകച്ചോടക്കാരന്‍ പയ്യന്‍ പോകുന്നത് ചെരുപ്പുകുത്തിയുടെ കണ്ണില്‍പെട്ടത്‌..ഉടനെ അവനെ അരികില്‍വിളിച്ച് ബെന്‍സ്സിന്റെ കീ അവന്റെ കൈയ്യില്‍ കൊടുത്തിട്ട് ഒരു ഓട്ടോപിടിച്ച് വീ‍ട്ടില്‍‌പോയി..!!“ഒരുചെരുപ്പുകുത്തിക്കിത്രേം അഹങ്കാരാമാ‍ണെങ്കില്‍.....ഇവിടുത്തെ പ്രമാണിമാരേക്കുറിച്ച് ഞാന്‍ പ്രത്യേകിച്ചൊന്നും പറയണ്ടാല്ലൊ.?!!
ഷാപ്പന്നൂരില്‍ ഇത്രക്ക്‌ സാമ്പത്തീക വളര്‍ച്ചക്ക് കാരണം ഇവിടെ സര്‍വ്വത്ര കള്ളായിരുന്നു,ഷാപ്പന്നൂരിലെ തെങ്ങില്‍ നിന്നുമാത്രമല്ല,കൌങ്ങില്‍നിന്നും,പ്ലാവില്‍നിന്നും,........എന്നുവേണ്ട ഒരു കിണറുകുഴിച്ചാല്‍ പോലും അതിനകത്തുനിന്നു വരെ കള്ളായിരുന്നു കോരിയെടുത്തിരുന്നത്.ആ കൊളോണീയല്‍ കാലത്ത് ഷാപ്പന്നൂരിന്റെ പൈതൃകങ്ങളും,ഖര,ദ്രാവക അസംസകൃതവസ്തുക്കളും നാടുകടത്തിയ നാട്ടു പ്രമാണിമാര്‍. തനിനാട്ടുരാജ്യങ്ങളായി...ചിലര്‍ സൂപ്പര്‍പവര്‍ “കണ്ട്രി“കളായി....ഇന്നു പലരാജാക്കന്മാരുടേയും കിരീടത്തില്‍ തൂങ്ങിക്കിടക്കുന്ന വൈരക്കല്ലുകളും മറ്റും “ഷാപ്പന്നൂര്‍ കോട്ടയില്‍“ നിന്നും അടിച്ചുമാറ്റിയ ഷാപ്പന്നൂര്‍ രത്നങ്ങളാണെന്ന് കരുതുന്നു.
(തുടരും)Tuesday, August 23, 2011

പ്രണയത്തിന്റെ ഭിന്ന ഭാവങ്ങള്‍ !

പ്രണയത്തെ മാത്രമല്ല , തന്റെ പ്രണയഭാജനത്തെ കൂടി ,പല കവികളും പലരീതിയില്‍ നിര്‍വ്വചിച്ചിട്ടുണ്ട് .പൂവായും പുസ്പമായും മഞ്ഞയും കാറ്റായും തണുപ്പായും കരിവണ്ടായും എന്തിന് ഏറെ പറയുന്നു ; പ്രണയാതുരനായ ഒരു കവിക്ക്‌ പ്രകൃതിയില്‍ കാണുന്നതെല്ലാം പ്രേമത്തിന്റെ ഭിന്ന ഭാവങ്ങളും രൂപങ്ങളുമായി തോന്നാറുണ്ട് എന്നാണ് കവി സങ്കല്‍പം ! എന്നാല്‍ വ്യത്യസ്തനാം ഒരു കവിയാം ആചാര്യനെ സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല ( ഡി .സി ബുക്സ് ഒഴികെ )എന്നതാണ് സത്യം .കവി തന്റെ ഉറക്കത്തിന്റെ നാലാം യാമത്തില്‍ ,വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് എപ്പോഴോ നഷ്ടപ്പെട്ട് പോയ പ്രണയ കഞ്ചുകത്തെ അക്കല്‍ദാമ എക്സ്പ്രസ്സ് ട്രെയിനില്‍‍ കണ്ടു മുട്ടുന്നു ഒരിടത്ത് .ഉറക്കത്തില്‍ കിടന്ന് "ചെയിന്‍ വലിയടാ ശരണേ" എന്ന്‌ വിളിച്ചു കൂവുന്നുണ്ട് എങ്കിലും ,ശരണ്‍, ചെയിന് പകരം നീല കരകളുള്ള നീളന്‍ അണ്ടര്‍ വെയറില്‍ പിടിച്ച് വലിച്ചു എന്ന പിന്നാമ്പുറ കഥകളില്‍ നമ്മള്‍ വിശ്വസിക്കേണ്ട കാര്യമില്ല .
എന്നാല്‍ ഏറെ കാലത്തെ മൗനത്തിന് ശേഷം ,വീണ്ടും മറ്റൊരു പ്രണയാര്‍ദ്ര കവിതയുമായി ബ്ലോഗ്‌ മണ്ഡലത്തില്‍ തിളങ്ങുകയാണ് മഹാനായ ആ കവി !ഇന്നലെ പുറത്തിറങ്ങിയ " തേട്ടം " എന്ന കവിതയെ കുറിച്ച് നിരൂപണം നടത്തിയില്ലെങ്കില്‍ , ഞാനൊരു നിരൂപകന്‍ എന്ന്‌ പറഞ്ഞു നടക്കുന്നതില്‍ കാര്യമില്ല എന്ന ആത്മ ലജ്ജ കാരണമാണ് ഈ നിരൂപണ പരാക്രമം . ഞാന്‍ പ്രണയത്തെ കാണുന്നത് കഠാര മുള്ള് പോലെയാണ് ! നമ്മള്‍ പിടി മുറുക്കുംമ്പോള്‍ കൂടുതല്‍ നമ്മുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കും എന്ന്‌ മാത്രമല്ല ,മുറിവിന്റെ ആഴങ്ങളിലെ നീറ്റലുകള്‍ ഇടയ്ക്കിടെ കുത്തി നോവിക്കുകയും ചെയ്യും .ഇവിടെ കവിയും അത്തരം ഒരു മാനസികാവസ്ഥയില്‍ തന്നെയാണ് തന്റെ ആദ്യ വരികള്‍ കുറിക്കുന്നത് .അതോടൊപ്പം തന്നെ ആത്മ നിന്ദയും പ്രകടമാക്കുന്നുണ്ട് . ഒരുത്തിയെ കല്യാണം ചെയ്തെടുക്കുക എന്നാല്‍ കാലമാപിനിയുടെ മധ്യത്തില്‍ ഓട്ടയിടുക എന്നാണ്; ഇരുപതേ ഇരുപതിഞ്ച്, അത് ജീവിതത്തിന്‍റെ ഈറന്‍ സ്വപ്നമാണ്. തന്റെ പ്രായത്തെ കുറിച്ച് വ്യാകുല ചിത്തനായ കവി , താന്‍ ഇതുവരെ കല്യാണം കഴിക്കാത്തതിനെ കുറിച്ചും വ്യാകുലനാകുന്നു.കല്യാണം കഴിക്കുന്നെങ്കില്‍ ഇരുപതിലോ ഇരുപത്തി അഞ്ചിലോ ആയിരിക്കണം എന്നും അല്ലെങ്കില്‍ ഈ പണിക്ക് നില്‍ക്കരുത് എന്ന്‌ കൂടി വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു ." മധ്യത്തില്‍ ഓട്ടയടിക്കുക " എന്ന കല്പനയില്‍ കൂടി വായനക്കാരുടെ മനസിനെ മറ്റ് പല തലങ്ങളിലേക്കും പായിക്കുന്നുണ്ട് എങ്കിലും ആയുസിന്റെ മധ്യത്തില്‍ കല്യാണം കഴിക്കുക എന്നതാണ് കവി അര്‍ത്ഥമാക്കുന്നത് എന്ന്‌ മനസിലാക്കുക ! അര്‍ത്ഥ ശങ്കകള്‍ക്ക് ഇട വേണ്ട .
പുകയുന്ന അടുപ്പുകള്‍ക്കിടയില്‍ ചെരിഞ്ഞ് വീഴുന്ന പുലര്‍ വെട്ടം കൊണ്ട് അവളുടെ മുടിയിഴകള്‍ക്ക് വെള്ളികെട്ടുകയാണ്. എന്നിട്ടും, അവളെ കാണാനില്ലവിടെയെങ്ങും. പുകയുന്ന അടുപ്പുകള്‍ക്കിടയില്‍ എന്ന വരി വായിക്കുമ്പോള്‍ മഹാകവി കാപ്പിലാന്‍ പ്രാചീന ഘട്ടത്തില്‍ എഴുതിയ " അടുപ്പിന്റെ രോദനം " എന്ന കവിതയെ ഓര്‍ത്തു പോകുകയാണ് .." മൂന്ന് കല്ലില്‍ പ്രതിഷ്ഠിച്ചു എത്രനാള്‍ നീ എന്നെ തിളപ്പിക്കും " എന്ന അടുപ്പിന്റെ ചോദ്യത്തിന് മുന്നില്‍ പതറിപ്പോകുന്ന ഒരു കവിയെയാണ്‌ പ്രാചീന കവിതയില്‍ കണ്ടതെങ്കില്‍ ഇവിടെ സ്ഥിതി വ്യത്യസ്തമാണ് . .എങ്കിലും സ്ത്രീയെ അടുപ്പിന്റെ മൂട്ടില്‍ തളച്ചിടാന്‍ ആദി കാലം മുതല്‍ കവികള്‍ ശ്രദ്ധിച്ചിരുന്നു എന്ന്‌ വേണം കരുതുവാന്‍.എന്നാല്‍ ഈ ആധുനിക കാലത്തും സ്ത്രീ സങ്കല്പങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ കവിതകള്‍ വരുത്തിയിട്ടില്ല എന്ന്‌ ആചാര്യന്റെ കവിത വായിക്കുമ്പോള്‍ നമുക്ക് മനസിലാകും .യുവകവികളോട് ഫെമിനിസ്റ്റുകള്‍ ക്ഷമിക്കട്ടെ ! മാത്രമല്ല , ഒട്ടകപക്ഷിയെ പോലെ സ്വന്തം കുറ്റങ്ങളും കുറവുകളും മണലില്‍ പൂഴ്ത്തി വെച്ചുകൊണ്ട് സമൂഹത്തിലേക്ക് ചൂണ്ടു വിരല്‍ ഉയര്‍ത്തി കാണിക്കുന്ന കാലഘട്ടത്തിന്റെ നേര്കാഴ്ചയും കവി ഇവിടെ വരച്ചു വെയ്ക്കുന്നു .തന്റെ തലയില്‍ കയറി ആക്രമിക്കുന്ന നരയെ അല്പം പോലും സ്പര്‍ശിക്കാതെ , തന്റെ പ്രണയിനിയുടെ തലയില്‍ രാവിലത്തെ വെട്ടം വീണുണ്ടായ അല്പം വെള്ളിയില്‍ കവി ആകുലചിത്തനാണ് . തലയില്‍ ഇങ്ങനെയൊക്കെ നര വന്നു കയറിയിട്ടും , എനിക്കൊരു "അവള്‍" ഇതുവരെ വന്നില്ലല്ലോ എന്ന്‌ കവി ഹൃദയം നേര്‍ത്ത് വിതുമ്പുന്ന കാഴ്ച വായനക്കാരുടെ കണ്ണുകളെ ഈറനണിയിക്കും എന്നതില്‍ തര്‍ക്കമില്ല .
അടുത്ത വരികളില്‍ കൂടി കവി , തന്റെ ബാല്യകാല സ്മരണകളിലേക്ക് മുങ്ങാം കുഴികള്‍ ഇടുന്ന കാഴ്ചകളാണ് കാണുന്നത് . സ്വപ്നം തട്ടിമറിച്ച് പാഞ്ഞ് പോയ ഒരു വികൃതി. എല്ലാ വൈകുന്നേരങ്ങളിലും വേളിക്കായലില്‍ പോകാന്‍ തോന്നുന്നു, അവിടെ വെച്ചാണ് അവള്‍ ആദ്യമായി ഒന്നുമോര്‍ക്കാതെ സ്പര്‍ശിച്ചത്; അവളുടെ കാവ്യകേളികളില്‍ മൗനം ബിംബമായും മോഹം കല്പ്പനയായും ചലനമേറ്റി നിന്നത്. ഇവിടെ രതി ചേച്ചിയും അപ്പുവും അല്ലെങ്കില്‍ ഷക്കീലയുടെ കുളി വായനകാരന്റെ കണ്ണിന്റെ മുന്നില്‍ കൂടി കടന്ന് പോകുന്നത് കാണുവാന്‍ കഴിയും .അത് ഇന്നത്തെ സാംസ്കാരിക തലം യുവാക്കളുടെ പ്രണയത്തില്‍ ഏല്‍പിച്ച പരുക്കന്‍ അടി മൂലമാണ് എന്ന്‌ പറയേണ്ടി വരും .പ്രണയ സങ്കല്‍പ്പങ്ങള്‍ ആകെ തകിടം മറിഞ്ഞ് പോയി ..ഹ ..കഷ്ടം .. കവി വളരെ ലോല തരളിത ഹൃദയത്തോട് കൂടിയാണ് തന്റെ പ്രണയിനിയുമായി ജലക്രീഡകളില്‍ ഏര്‍പ്പെടുന്നത് എന്ന്‌ വരികള്‍ക്കിടയില്‍ കൂടി നമുക്ക് ദര്‍ശിക്കാം .കവി തന്റെ കളിക്കൂട്ടുകാരിയെ സ്പര്‍ശിച്ചത് ഒന്നും ഓര്‍ക്കാതെയായിരുന്നു .അതായത് പയ്യന് പ്രായമായിട്ടില്ല എന്ന്‌ വ്യംഗ്യം .എന്നാല്‍ അതൊരു തുടക്കമായിരുന്നു .ഇവിടെ കവി തന്റെ പ്രായം കുറച്ച് കാണിക്കുവാന്‍ വേണ്ടിയുള്ള ഒരു പാഴ് ശ്രമമല്ലേ നടത്തിയത് എന്ന്‌
 സംശയിക്കേണ്ടിയിരിക്കുന്നു .
അവസാനമായി കവി കടന്ന് ചെല്ലുന്നത് ഓണ്‍ ലൈന്‍ പ്രണയങ്ങളിലേക്കാണോ എന്ന്‌ നിരൂപകനായ ഞാന്‍ സംശയിക്കുന്നു .ട്രെയിനില്‍ വെച്ച്‌ മിസ്സ്‌ ആയ ആ പ്രണയിനി മിസ്സിസ് ആയി മാറി എന്ന സത്യം ഫേസ് ബുക്ക്‌ വഴിയായിരിക്കണം കവി മനസിലാക്കുന്നത്‌ . എല്ലാ തെരുക്കളിലും പരിഭ്രാന്തിയോടെ തിരഞ്ഞിട്ടും അവളുടെ കാല്പ്പാദങ്ങള്‍ മാത്രം കാണാനില്ല; അവളുടെ കുട, നട, പുടവ, ഒന്നുമൊന്നുമില്ല; അവള്‍ എഴുതിയ മാസികകള്‍ എവിടെയും തൂങ്ങുന്നില്ല. അവളെ കല്യാണം ചെയ്തിരിക്കുന്നത് ഞാനല്ല. അവളുടെ മുടി നരച്ചാലും പല്ല് കൊഴിഞ്ഞാലും , അഴുക്ക് ചാലിന്റെ ഓടയില്‍ കൂടി കടന്ന് പോകുന്ന മാണിക്യം പോലെ തിളക്കങ്ങള്‍ നഷ്ടപ്പെട്ട ആ പ്രണയിനിയെ തെരുവുകളിലും റെയില്‍വേ സ്റെഷനിലും ,ബസ്‌ സ്റ്റോപ്പിലും എല്ലാം അന്വഷിച്ചിട്ടും കാണാതെ വിവശനായ കവി ഒടുവില്‍ ആ സത്യം മനസിലാക്കുന്നു . അവള്‍ മറ്റൊരാളിന്റെ ഭാര്യയാണ് എന്നും ബ്ലോഗ്‌ എഴുത്തുകാരിയാണ് എന്നും മാത്രം കവി മനസിലാക്കുന്നതോട് കൂടി നിറഞ്ഞ വേദനയോടു കൂടി കവിത അവസാനിപ്പിക്കുകയാണ് ..
തേടി തേടി കാലിലെ ചപ്പല്‍ തേഞ്ഞ ഈ കവിക്ക്‌ ഒട്ടേറെ വേദനയോടു കൂടി ഈ നിരൂപണം ഞാന്‍ സമര്‍പ്പിക്കട്ടെ ..ഇനിയും ഇത്തരത്തില്‍ ഉള്ള കവിതകള്‍ എഴുതി നിരൂപകന്മാര്‍ക്ക് പണിയുണ്ടാക്കണം എന്ന ആശംസകള്‍ മാത്രം ഈ സമയം നല്‍കുന്നു .. ആശംസകള്‍ കവിത പൂര്‍ണ്ണമായി ഇവിടെയുണ്ട് .

ആശ്രമത്തിലെ രാവുകള്‍
ആശ്രമത്തിന്‍റെ ഉപസ്ഥാപനമായ കോളജില്‍ പൊറോട്ടയടിച്ച് കിടന്നിരുന്ന നുമ്മന്‍ ഇപ്പെവിടെത്തീന്ന്. ആശ്രമം വഹ കോളജീന്ന് പൊറോട്ടയടിയില്‍ ബിരുദാനന്തര ബിരുദവും ഉമി കൂടുതലുള്ള കോതമ്പു കൊണ്ടു രുജികരമാം പൊറോട്ട എന്ന പ്രോജക്റ്റും കഴിഞ്ഞ് വണ്ടി കേറുമ്പം ഓര്‍ത്തില്ല ഒന്നും. പൊറാട്ട് നാടകത്തില്‍ എന്‍റെ ഗുരു, ബോസ്, ചീഫ്, അണ്ണ ഇങ്ങനെയെല്ലാമുള്ള പകലണ്ണനെ ജീവിതത്തില്‍ ആദ്യമായും അവസാനമായും കാണുക എന്ന ലക്ഷ്യത്തിലേക്ക് ഇനി ഏതാനും വാര മാത്രം. അണ്ണന്‍റെ കേമ്മറ പേടിച്ച് ഒളിവില്‍ കവിത വായിച്ച് കഴിഞ്ഞു കൂടുകയാണ്. ആശ്രമത്തിലെ രാവുകള്‍ ഞങ്ങള്‍ക്ക് എത്രയോ നാള്‍ നിദ്രാവിഹീനങ്ങളായിരുന്നു, ഒരു മാതിരി അവളുടെ രാവുകള്ള്...തെന്നെ.

പിന്നെ രാമേന്ദ്രനെയും ആദി ഗുരു കാപ്പിലാനെയും ഫോണ്‍ വിളിക്കാന്ന് വാഗ്ദത്തം കൊടുത്തിട്ടുണ്ട്. ഹരീഷ് തൊടുപൊഴേ ഒളിച്ചിരുന്നു കാണാനും  (റീസണ്‍ കേമ്മറ പുട്ട് കുറ്റി!) ഡോക്ടറെ തപ്പി ലണ്ടനു പോകാനും രഹസ്യ അജണ്ട ഒണ്ട്. ഖത്തറ് ലോകകപ്പിനാണ് രാമേന്ദ്രനും സൂത്രനും ദര്‍ശനം അരുളാന്‍ പ്ലേന്‍.  ബ്രസീലീന്ന് തിരിച്ചെത്തിയിട്ടുള്ള ബോണ്‍സിന്‍റെ ശിഷ്യനായി പരിശീലനമുണ്ടാവും.  ബ്ലോഗീന്നു മുങ്ങി ബസില്‍ മാത്രം കേറിയിരിക്കുന്നവരെ വയറ് നെറച്ച് കള്ള് കുടിച്ചിട്ട് കോട്ടേത്ത് പോയി തെറി വിളിക്കണം. എല്ലാം സ്വപ്നം കണ്ട് ഒറങ്ങണം, പറ്റിയാല്‍ ഒരു പാടത്തിന്‍റെ കരയില്‍ തെങ്ങിന്‍ ചോട്ടില്‍ കിടന്ന്. അങ്ങനെ ഒറങ്ങീട്ടൊണ്ടോ, ഇല്ലേല്‍ ജീവിതം പാതി പോയി. ബുഹഹ..

കാണാന്‍ ഇനിയുള്ളത് വൈദ്യരെയാണ്. വൈദ്യര്‍ക്ക് ഒരിക്കലും നുമ്മനെ പിടികിട്ടാന്‍ നുമ്മന്‍ പോയി കേര്‍ട്ടൂണിസ്റ്റിനു മോഡലായിട്ടില്ല. ബ്ലോഗ് മീറ്റ് എന്ന സുന്ദര മോഹന കളബേര സ്വപ്നം നിര്‍ത്തി വെച്ചു. അനോണിയായി പിറന്ന് അനോണിയായി ബ്ലോഗി, അനോണിയായി ചാകണം, ഈ വെര്‍ജിനിറ്റിയില്‍, നിതാന്ത നീലിമയില്‍. നുമ്മന്റെ മഹാകൃതിയായ പിതാമഹം ബാക്കി ബാഗങ്ങള്‍ റെഡിയാക്കി ആശ്രമത്തില്‍ പൂശിയേക്കും. കുറെ ഓ വീ വീജയന്‍ ടൈപ്പ് സാദനങ്ങളാ, ഓര്‍മകള്‍ ഉണ്ടായിരിക്കണമല്ലോ. വായിക്കുന്നോര്‍ അങ്ങനെ ചത്ത് മലച്ച് കെടക്കണം. മ്യേഹഹ..

ആശ്രമമോഹങ്ങള്‍ നുമ്മനെ ദരിദ്രനാക്കിയിരിക്കുന്നു. ആള്‍ക്കാരുടെ സ്വപ്നങ്ങള്‍ക്ക് നൊണ ചേര്‍ത്ത് ഉപ്പുമാവാക്കിക്കൊടുക്കുന്നതിനിടയില്‍ എല്ലാം മറന്ന് പോയി; കടലും കടലാവണക്കും പോലും. മൂന്നാം റെസഷന്‍ എന്നേ തൊടങ്ങീ..

എന്നാലും വാകപ്പൂമരം ചൂടും കേട്ടപ്പോള്‍ പണ്ട ഇതെവിടെയോ കേട്ടത് ആശ്രമത്തിലല്ലേന്ന് തോന്നി, വന്നു, കണ്ടു. മേല്പത്തൂരാന്‍ കിടന്നത് കണ്ട് വാതം പിടിച്ചു. നാലു പാടും നോക്കി ഇരുന്ന് പോയി. ആശ്രമം വിശ്രമമെടുക്കാത്ത എത്രയോ കത്തിനിന്ന സൂര്യപകലുകള്‍. ചാന്ദ്രരാവുകള്‍. നല്ല ഒന്നാന്തരം അവള്‍ടെ രാവുകള്ള് തെന്നെ...

Friday, August 19, 2011

ഷാപ്പന്നൂരിലെ ഇടവഴികള്‍....

“ഷാപ്പന്നൂരിന്റെ ചരിത്രമുഹൂര്‍ത്തങ്ങള്‍ “ബൂലോകസഞ്ചാരിയായിരുന്ന മേല്‍പ്പത്തൂര്‍. കാശിയില്‍ നിന്നും എഴുതുന്ന പരമ്പര ആരംഭംഷാപ്പന്നൂരെ ഇടവഴികളിലൂടെ തുള്ളിത്തിരിഞ്ഞ സുവര്‍ണ്ണകാലങ്ങള്‍ !!!... ഓര്‍മ്മയുടെ പഴയ ചിതലരിച്ച താളിയോലകള്‍ക്കിടയിനിന്നും ചിതലരിക്കാത്ത ഭാഗങ്ങള്‍ തിരഞ്ഞെടുത്ത് മണ്ണണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തുവെച്ച് വായിച്ചുനോക്കിയാല്‍.പ്രതാപംനഷ്ടപ്പെട്ട ഒരു സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ കഴിയും ഒന്നും രണ്ടും ബ്ലോഗമഹായുദ്ധങ്ങള്‍ വിതച്ച നാശക്കെടുതിയില്‍നിന്ന് ഇന്നും കരകയറാത്ത ഷാപ്പന്നൂര്‍..!

രണ്ടാം ബ്ലോഗുമഹായുദ്ധത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഷാപ്പന്നൂരിന്റെ സുവര്‍ണ്ണകാലത്തേക്കുറിച്ചുള്ള ചില ഏടുകള്‍ ചികഞ്ഞെടുക്കാന്‍ കഴിയും.അവിടെ നിന്നും ലഭിച്ച ചില ഫോസ്സിലുകള്‍, തലയോട്ടികള്‍....പഴയൊരു “പിങ്ക് ജഡി“,ഷാപ്പിലുപയോഗിച്ചു എന്ന് സംശയിക്കുന്ന ഫുള്‍ബോട്ടിലുകള്‍,തോന്ന്യശ്രമാങ്കണത്തില്‍ നിന്നുലഭിച്ച പഴയ അലുമിനിയം നാണയങ്ങള്‍, മലീമസമായ ഒരു സഞ്ചി...ഇവയെല്ലാം ഇഴകീറി പരിശോധിച്ചുകൊണ്ട് രണ്ട് ബ്ലോഗ് മഹായുദ്ധങ്ങള്‍ നാശം വിതച്ച ഷാപ്പന്നുരിന്റെ ഇടവഴിയിലൂടെ ഒരു രസകരമായ യാത്ര!!!


ഷാപ്പന്നൂരിന്റെ ഇടവഴിയില്‍ കൂടി സഞ്ചരിച്ച് ബൂലോകചരിത്രത്തിലേക്ക് കടന്നുപോയ ഓരോ മഹാരഥന്മാരും ,ഷാപ്പന്നൂര്‍ കളരിയില്‍നിന്നും അങ്കംകുറിച്ച ചേകവന്മാരും പയറ്റിത്തെളിഞ്ഞപ്പോള്‍,‘കളരി ഗുരുക്കളായ “കാപ്പു ചേകവന്റെ“ ആറാം‌മാലിക്ക് ചുരികകയറ്റി കൊല്ലാന്‍ ശ്രമിച്ചു,!!നടന്നില്ല.കാപ്പുച്ചേകവന്‍ ചത്തില്ല.ഒറ്റനോട്ടത്തില്‍ ഒരു ധിക്കാരിയും,ചട്ടമ്പിയും,തോന്ന്യാസിയുമായി തോന്നുമെങ്കിലും കാപ്പുച്ചേകവന്‍ നല്ലവനായിരുന്നു.
തോന്നിയാശ്രമത്തില്‍ ഭജനമിരുന്നവര്‍,അതിനുചുറ്റും ശയനപ്രദക്ഷിണം വെച്ചു ശരീരത്തിലെ തൊലികളഞ്ഞവര്‍,ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ ചെയ്യാന്‍ മറന്നുപോയി ജന്മാന്തരദോഷികളായി ബൂലോകത്തിന്റെ ഇരുളടഞ്ഞ ഇടനാഴിയില്‍,ചിത്തഭ്രമം പിടിച്ച് പിച്ചുമ്പേയും പറഞ്ഞ്,കര്യസാധനത്തിനായി തിരുവോടും എടുത്തുനടക്കുന്നത്‌ കാണാം,ഇതിനെല്ലാം കാരണം ബ്ലോഗനാര്‍ക്കാവിലമ്മയുടെ ശപമാണെന്ന് പണ്ട് തോന്ന്യാശ്രമം സന്ദര്ശിച്ച മേല്‍പ്പത്തൂര് കപടിനിരത്തി പറഞ്ഞിട്ടുണ്ട്,പക്ഷേ ചെവിക്കൊണ്ടില്ല.അതിന്റെ പരിണിതഫലം ഇന്നും ബൂലോകത്തും പരിസരപ്രദേശത്തും ജനിച്ചു വീഴുന്നവര്‍,ചട്ടുകാലനായും,ഊമയായും,ബധിരനായും,സര്‍വ്വോപരി പ്രതികരണശേഷി നഷ്ടപ്പെട്ടവരായും ജനിക്കുന്നു.


“ഷപ്പന്നൂരിന്റെ ഇടവഴിയിലൂടെ അന്തിക്കള്ളും മോന്തി കയ്യാലക്ക് വീതിയുംകൂട്ടി സഞ്ചരിച്ചിരുന്നവര്‍,ഷാപ്പിന്റെ നടത്തിപ്പുകാര്‍,അവിടുത്തെ വിളമ്പുകാര്‍,ഷപ്പിന്റെ മൊതലാളി എല്ലാം വെറും ഓര്‍മ്മകള്‍മാത്രമായി!,ചിലന്തിവലപിടിച്ച ഷാപ്പും, അതിന്റെ ചെറ്റപൊക്കി അകത്തുചെന്നാല്‍.....‘ചിതലരിച്ചു വീഴാറായ കഴുക്കോലില്‍ കാലത്തിന്റെ തിരുശേഷിപ്പായി....എല്ലാ ചരിത്ര മുഹൂര്‍ത്തത്തിനും മൂകസാക്ഷിയായിരുന്ന ഫ്യൂസ്സായിപ്പോയ ഫിലിപ്സ് ബള്‍ബ്ചിലന്തിവല പിടിച്ച് തൂങ്ങിയാടുന്നു! ഒരുകാലത്ത് ഷാപ്പന്നൂരിലെ കുടിയന്മാര്‍ കമഴ്ന്ന്കിടന്ന് വാളുവെച്ചിരുന്ന ഷാപ്പിലെ ഡെസ്ക്കിനിന്ന് ഒരു പ്ലേറ്റ് മത്തിക്കറി താങ്ങാനുള്ള ശേഷിയില്ല.കാലുകള്‍ ദ്രവിച്ചുപോയിരിക്കുന്നു.“കള്ള്നുരഞ്ഞ് പൊങ്ങിയിരുന്ന കന്നാസ്സുകള്‍ പൊട്ടിപ്പറിഞ്ഞ് മൂലക്ക് കിടക്കുന്നു,കള്ളുകുടിക്കാ‍നുപയോഗിച്ചിരുന്ന കുപ്പിഗ്ലാസ്സുകള്‍ പൊട്ടിച്ചിതറി പാചകപ്പുരയുടെ മൂലക്ക് കിടക്കുന്നു...പാചകപ്പുരയിലെ ഉറിയില്‍ തൂക്കിയിട്ടിരിക്കുന്ന ചട്ടിയില്‍ നിന്നും ഒരു എലിപുറത്തേക്ക് ചാടി അവിടെ തളംകെട്ടിനിന്നിരുന്ന നിശബ്ദതക്ക് ഭംഗംവരുത്തി,കപ്പപുഴുങ്ങാനുപയോഗിച്ചിരുന്ന പഴയ അലുമിനിയചരുവവും തെള്ളിമറിച്ചിട്ട് ചെറ്റക്കിടയിലെ...പൊനത്തില്‍കൂടി പുറത്തേക്കോടി...ഷാപ്പന്നൂരിന്റെ ചരിത്രത്തിലെ വിവാദപരമായ ആ കരിപിടിച്ച് കൊഴപറിഞ്ഞ ചീനച്ചട്ടി തുരുമ്പെടുത്തു കിടക്കുന്നു..!! മലയാള ബ്ബ്ലോഗിംങ്ങിലെ സൂര്യനസ്തമിക്കാത്ത കാപ്പിലാന്റെ സാമ്രാജ്യത്തില്‍ പവ്വര്‍കട്ട്...!!!(തുടരും)

Wednesday, August 10, 2011

സഖാവേ , നീയും വിട്ടു പിരിയുകയോ ??


ജനലില്‍ കൂടി നോക്കിയാല്‍ കാണാം, മരത്തേ ചുഴറ്റി എറിയുന്നത് പോലെ കാറ്റ് മരത്തേ ചുറ്റി വരിയുകയാണ് .കഴിഞ്ഞ രണ്ട് ദിവസമായി ഒടുക്കത്തെ മഴയും ! പുറത്തേക്ക് ഇറങ്ങാന്‍ കൂടി കഴിയുന്നില്ല .പതുക്കെ പതുക്കെ പ്രകൃതി തണുപ്പിന്റെ കമ്പളത്തിലേക്ക് ഭൂമിയെ വലിച്ചു കയറ്റുകയാണ് . ഇനി കുറെ നാള്‍ കൂടി കഴിയുമ്പോള്‍ മഞ്ഞ് പെയ്യാന്‍ തുടങ്ങും .പിന്നെ ഇവിടെമാകെ മഞ്ഞ് മലകള്‍ കൊണ്ട്‌ മൂടപ്പെടും !
മനുഷ്യര്‍ ഒരിക്കലും ഒന്നിനും തൃപ്തരാകില്ല എന്ന്‌ ഇടയ്ക്കിടെ പ്രകൃതിയെയും മനുഷ്യരുടെ സ്വഭാവങ്ങളെയും കാണുമ്പോള്‍ തോന്നാറുണ്ട് .തണുപ്പ് കാലത്ത് എങ്ങനെയെങ്കിലും ചൂട് കാലം വന്നിരുന്നെങ്കില്‍ എന്നാശിക്കും.ചൂട് കാലം വന്നാലോ എത്രയും വേഗം തണുപ്പ് വരണം .അല്ലെങ്കില്‍ ദുബായിലെ മണല്‍പരപ്പില്‍ തഴച്ചു വളര്‍ന്ന ഞാന്‍ ഈ അമേരിക്കന്‍ മണ്ണില്‍ വീണ്ടും പുല്ലുകള്‍ വെച്ച്‌ പിടിപ്പിക്കേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ ?ദുബായില്‍ ഉള്ള കാലത്ത് എങ്ങനെയെങ്കിലും അമേരിക്കയില്‍ വന്നാല്‍ മതിയെന്നായിരുന്നു .ഇപ്പോള്‍ അവിടേക്ക് തന്നെ തിരിച്ചു പോകണം എന്നും ആഗ്രഹം .പുവര്‍ ഫെലോ അമേരിക്ക !! ഇപ്പോള്‍ റേറ്റിങ്ങും കുറച്ചിരിക്കുന്നു .അമേരിക്കന്‍ പൌരത്വമുള്ള എനിക്കിനി പിച്ച ചട്ടിയുമെടുത്ത് ദുബായിലെക്കോ മാതൃ രാജ്യത്തെക്കോ പോകണ്ട അവസ്ഥ ഓര്‍ക്കുമ്പോള്‍ തന്നെ ഒരു ചങ്കിടിപ്പാണ് !
സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാല്‍ ആപത്തു കാലത്ത് കാ പത്ത് തിന്നാം എന്ന പഴയ കഥയുടെ ആത്മ ബലത്തിലാണ് , ആറ് മാസം പച്ചക്കറി വാങ്ങാനുള്ള കാശ് കൊടുത്ത് മണ്ണും വളവും വിത്തും വാങ്ങി പച്ചക്കറി കൃഷി തുടങ്ങിയത് . വെണ്ടയും പടവലവും ചീരയും മത്തനും പയറും എന്ന്‌ വേണ്ട ആക്രാന്തം മൂത്ത് കണ്ണില്‍ കണ്ടതെല്ലാം നട്ട് പിടിപ്പിച്ചു .കാര്യമായ ഫലങ്ങള്‍ ഉണ്ടായില്ല എന്ന്‌ മാത്രമല്ല , കൈയില്‍ കിടന്നതും പോയി എന്ന്‌ പറഞ്ഞാല്‍ മതിയല്ലോ ! അമേരിക്കയില്‍ വീട് വാങ്ങിയ നാള്‍ മുതല്‍ തുടങ്ങിയതാണ്‌ പെണ്ണുംമ്പിള്ളയുടെ പരാതി " അച്ചായ നിങ്ങള്‍ക്കൊരു നാല് വിത്തെടുത്തു കൃഷി ചെയ്തൂടെ എന്ന്‌ "!വഴക്കിനും ബഹളത്തിനുമിടയില്‍ അതിങ്ങനെയുമായി .
ഇനി ഇപ്പോള്‍ തണുപ്പുകാലം വന്നാല്‍ , ഈ കണ്ട കൃഷി എല്ലാം നശിക്കും ..കഷ്ടപ്പെട്ട് കുഴിയും തടവും എടുത്തിടങ്ങളില്‍ മഞ്ഞ് വീഴും ..സങ്കടമുണ്ട് ..പറഞ്ഞിട്ടെന്താ ..എങ്കിലും ഇപ്പോഴേ തണുപ്പ് വരേണ്ടാ എന്ന്‌ വല്ലാതെ ആഗ്രഹിക്കുന്നുണ്ട് .ആരോ ഈയിടെ പറയുന്നത് കേട്ടു " അമേരിക്കയില്‍ താമസിക്കുന്ന മലയാളി യുവാക്കള്‍ കണ്‍ഫ്യൂഷനില്‍ ആണ് " പോലും ..നാട്ടിലെ ഗുണവും ഇല്ല ...അമേരിക്കന്‍ മണ്ണില്‍ ചേരാനും പറ്റുന്നില്ല ...ഈ കന്‍ഫ്യൂഷന്‍ എന്നാണാവോ ഒന്ന് തീരുക ...
പുറത്തെ കാറ്റ് ശമിച്ചു എന്ന്‌ തോന്നുന്നു .രണ്ട് മൂന്ന് മരച്ചില്ലകള്‍ താഴെ വീണു കിടപ്പുണ്ട് .മരത്തിന്റെ ഒരു കമ്പ് കുറെ നാളായി വീടിനു മുകളിലേക്കാണ് കിടക്കുന്നത് .. ഈയിടെ ഒരുത്തനോട്‌ ആ കമ്പ് മുറിക്കാന്‍ ചോദിച്ചപ്പോള്‍ $ 120 വേണം പോലും . തികച്ച് അരമണിക്കൂര്‍ പണിയില്ല .എന്നിട്ടും അവന്‌ 120 തന്നെ വേണം .അവര്‍ക്ക് അമേരിക്കയിലെ മാന്ദ്യം ഈ കണക്കിന് പോയാല്‍ ബാധിക്കില്ല എന്ന്‌ തോന്നുന്നു . നാട്ടില്‍ നിന്നും പണ്ട് തന്നെ സ്ഥലം വിട്ടത് കൊണ്ട്‌ മരം കയറാനും പഠിച്ചില്ല .ഇനി എല്ലാം ആദ്യം മുതല്‍ പഠിക്കണം ..ഈ മാന്ദ്യകാലത്ത് പിടിച്ച് നില്‍ക്കണ്ടേ ??

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.