അന്തേവാസികള്‍

Saturday, June 4, 2011

വിഡ്ഢികളാക്കാന്‍ എത്രയോ സുന്ദര മാര്‍ഗങ്ങള്‍ !!!
അഴിമതിക്കെതിരെ, അഴിമതി വീരന്‍ ബാബാ രാംദേവ് എന്ന മരുന്ന് മാഫിയാ തലവന്‍, ഇന്ന് കോടികള്‍ മുടക്കി ഡല്‍ഹിയില്‍ നിരാഹാരം എന്ന ഗാന്ധി മാര്‍ഗ സമരമുറ ആരംഭിച്ചു .ഗാന്ധിജിയുടെയും നിരാഹാഹര സമരത്തിന്റെയും കൂടി മൂല്യം നഷ്ടപ്പെടുത്തുവാന്‍ ഇത്തരം 
അഭിനവ ഗാന്ധിമാര്‍ക്ക് കഴിയുന്നു എന്നതാണ് ഇന്ത്യയുടെ ശാപം !.ഇതിനു ചൂട്ടും വെളിച്ചവും കാണിക്കുവാന്‍ 
ഇന്ത്യയിലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നു എന്നതാണ് ഏറ്റവും വലിയ തമാശ .
അല്ലെങ്കില്‍ തന്നെ ഗാന്ധിസം എന്ന ലളിത ജീവിത ആദര്‍ശം സമൂഹത്തിലെ എല്ലാവരും സ്വാതന്ത്ര്യ ലബ്ധിയോടു കൂടി ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ എന്നേ അറബിക്കടലില്‍  കളഞ്ഞു 
എന്നതാണ് സത്യം .അണ്ണാ ഹസാരെയേ അഭിനവ ഗാന്ധിയായി എല്ലാവരും ഉയര്‍ത്തി കാണിച്ചു എങ്കിലും അതും ഒരു പൊയ്മുഖമായിരുന്നു
എന്ന് വളരെവേഗം ജനങ്ങള്‍ക്ക്‌ മനസിലായി . എല്ലാം ജനങ്ങളെ വിഡ്ഢികള്‍ ആക്കുന്നതിനുള്ള ഓരോരോ തന്ത്രങ്ങള്‍ മാത്രം  .
സാംസ്കാരിക തലത്തിലെ ഉന്നതര്‍ പലപ്പോഴും കഷ്ടപ്പെടുന്ന ജനങ്ങളെ ഓര്‍ത്ത്‌ പൊതുവേദിയില്‍ കരയുന്നതും മൂക്ക് ചീറ്റുന്നതും കാണാം .ഇവരുടെ സ്വകാര്യ ജീവിതങ്ങളിലെ സുഖ സൌകര്യങ്ങള്‍ ഒരല്പം പോലും നഷ്ടപ്പെടുവാന്‍ ഇവര്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം .രാഷ്ട്രീയ , മത നേതാക്കള്‍ ,സിനിമകളില്‍ അഴിമതിക്കെതിരെയും കഷ്ടപ്പെടുന്നവരെ ഓര്‍ത്തും മൂക്ക് ചീറ്റുകയും വാളെടുക്കുകയും ചെയ്യുന്ന നായിക നായകന്മാര്‍ , മറ്റ് സാംസ്കാരിക പ്രവര്‍ത്തകര്‍ എല്ലാവരും സുഖലോലുപന്മാര്‍ തന്നെയാണ് .ഇവരൊക്കെ പൊതുവേദികളില്‍ കാണിക്കുന്നതെല്ലാം ഓരോരോ നാടകങ്ങള്‍ മാത്രമാണ് എന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ? ഇവര്‍ക്ക് വേണ്ടി ജീവന്‍ കളയുവാന്‍ പോലും ആരാധകര്‍ ഉണ്ടെന്ന് നമ്മള്‍ മനസിലാക്കണം .

ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങള്‍ ഒരു നേരം ഭക്ഷണം ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം നമുക്കുമില്ലേ ?ഇവിടെയാണ്‌ പ്രതികരണ ശേഷി നഷ്ടപ്പെടാത്ത ,  അഭിനവ സാംസ്കാരിക നായകന്മാരായി നാളെ അറിയപ്പെടുന്ന, ബ്ലോഗര്‍മാരുടെ പ്രസക്തി .ബ്ലോഗര്‍മാര്‍ മറ്റുള്ള നേതാക്കള്‍ക്ക് മാതൃകയായി ലളിത ജീവിതം നയിക്കണം .വിലകൂടിയ കാറുകള്‍ സ്വന്തമായിട്ടുള്ളവര്‍ അത് വിറ്റ് ബൈക്കോ സൈക്കിളോ വാങ്ങണം .വസ്ത്രം ഖദര്‍ ആയിരുന്നാല്‍ ഏറെ നന്ന് ! വീടുകളിലെയും ഓഫിസുകളിലെയും  എ സി പരമാവധി ഒഴിവാക്കണം .ഭക്ഷണം മൂന്നോ  നാലോ നേരം എന്നുള്ളത് ഒരു തവണയാക്കണം. ഓരോ ബ്ലോഗര്‍മാരും ഓരോ മാതൃക സന്യാസിവര്യന്മാര്‍  ആകുന്ന  ഒരു കാലം !! അതാണ്‌ നമ്മുടെ സ്വപ്നം .നാളത്തെ നേതാക്കള്‍ ബ്ലോഗര്‍മാരെ കണ്ടു പഠിക്കട്ടെ ...

ആശംസകള്‍ !Thursday, June 2, 2011

ആശ്രമ 100 ദിന കര്‍മ്മ പരിപാടികള്‍

ബൂലോകം ഭരിക്കുവാന്‍ വളരെ നേരിയ ഭൂരിപക്ഷത്തില്‍ കാപ്പിലാന്‍ ഐക്യ മുന്നണിയെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നിങ്ങള്‍ വിജയിപ്പിച്ചു എങ്കിലും കാര്യമായ ചലനങ്ങള്‍ ,വികസനം , കരുതല്‍ എന്നിവ നടത്തുവാന്‍ കഴിഞ്ഞില്ല എന്ന് വ്യസനത്തോടെ എന്നാല്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഞാന്‍ എന്ന ആശ്രമാധിപതി സമ്മതിക്കുന്നു . ഭരണത്തില്‍ നിന്നും ഞാന്‍ മാറി നില്‍ക്കുകയായിരുന്നു എങ്കിലും എന്റെ കണ്ണുകള്‍ കൂടുതല്‍ ശ്രദ്ധയോട് കൂടി തന്നെ നിങ്ങളില്‍ പതിയുന്നുണ്ടായിരുന്നു എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം .ഇനിയും ആശ്രമം വരുന്ന നൂറു ദിവസം വികസനം , കരുതല്‍ എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളോട് കൂടി മുന്നോട്ട് പോകുവാനാണ് ശ്രമിക്കുന്നത് .എന്തെല്ലാമാണ് ആ കര്‍മ്മ പരിപാടികള്‍ എന്ന് താഴെ വളരെ വിശദമായി വിവരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .

അഴിമതി രഹിതമായ ഒരു ഭരണമാണ് എന്റെ മുന്നില്‍ ഉള്ളില്‍ ലക്‌ഷ്യം .പോസ്റ്റുകള്‍ കോപ്പി ചെയ്യുന്നതും പേസ്റ്റ് ചെയ്യുന്നതും ബൂലോകത്ത് നിന്നും കര്‍ശനമായി നിരോധിക്കും .കോപ്പി പേസ്റ്റ് ചെയ്യുന്ന ബ്ലോഗര്‍മാരെ ബൂലോക നാട്ടുകൂട്ടത്തിന്റെ  മുന്‍പില്‍ കൊണ്ടുവരികയും അവര്‍ക്ക് ബൂലോക നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുകയും ചെയ്യും . മുഖ പക്ഷമില്ലാതെയുള്ള ഒരു തീര്‍പ്പ് നിങ്ങള്ക്ക് പ്രതീക്ഷിക്കാം .

ഭരണം തികച്ചും സുതാര്യമായിരിക്കും . ബ്ലോഗര്‍മാരുടെ സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും അത് ബൂലോക വെബ്‌ സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തുകയും ചെയ്യും . ബ്ലോഗര്മാര്‍ക്കോ കുടുംബങ്ങള്‍ക്കോ ഉള്ള അനധികൃതമായ സ്വത്തുക്കള്‍ ഗൂഗിളിലേക്ക്‌ കണ്ടു കെട്ടുവാന്‍ നിയമം കൊണ്ടുവരും .ബ്ലോഗര്‍മാര്‍ പോസ്റ്റുകള്‍ എഴുതുന്ന സമയത്ത് വെബ്‌ ക്യാമറകള്‍ വഴി മറ്റുള്ള ബ്ലോഗര്‍മാര്‍ക്കും തത്സമയം കാണുവാന്‍ ഉള്ള സൌകര്യങ്ങള്‍ ഒരുക്കും .കഴിഞ്ഞ എന്റെ ഭരണകാലത്ത് ഞാന്‍ ബ്ലോഗ്‌ എഴുതുന്ന സമയം മറ്റുള്ളവരും എന്നെ കാണുവാന്‍ ഉള്ള സംവിധാനം ഒരുക്കിയിരുന്നു .എന്നാല്‍ ഇനി മുതല്‍ ആ സംവിധാനം മറ്റുള്ള ബ്ലോഗര്മാരിലെക്കും വ്യാപിപ്പിക്കുവാനുള്ള നടപടികള്‍ ഒരുക്കും .

കമെന്റുകള്‍ കുറഞ്ഞ ബ്ലോഗുകള്‍ , പൊതുവായി അറിയപ്പെടാത്ത ബ്ലോഗുകള്‍ എന്നിവയ്ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും കമെന്റുകള്‍ കുറഞ്ഞ ബ്ലോഗില്‍ കമെന്റുകള്‍ നല്‍കുവാന്‍ ബ്ലോഗര്‍മാരെ നിയമിക്കുകയും ചെയ്യും .സ്ത്രീ ബ്ലോഗര്‍മാര്‍ക്ക് കൂടുതല്‍ അനുയായികള്‍ ,കമെന്റുകള്‍ എന്നിവ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കും .സ്ത്രീ പുരുഷ അനുപാതം ബ്ലോഗില്‍ നില നിര്‍ത്തുവാന്‍ പരമാവധി ശ്രമിക്കും .

ആശ്രമത്തിലേക്ക് സ്ത്രീകളുടെ സഞ്ചാരം കൂടുതല്‍ സുഗമമാക്കും .ഐസ് ക്രീം കടകള്‍ ആശ്രമത്തിന്റെ മുന്നില്‍ നിന്നും നീക്കം ചെയ്യുകയും പകരം കൂടുതല്‍ ആരാമങ്ങള്‍ ആശ്രമത്തിന് മുന്‍പാകെ വെച്ച് പിടിപ്പിച്ചു ആശ്രമത്തിന് മോടി കൂട്ടുന്നതിനുള്ള ശ്രമം ആരംഭിക്കും .ബ്ലോഗ്‌ പ്രണയിതാക്കള്‍ക്ക് ആശ്രമത്തിന്റെ ആരാമത്തില്‍ നീരാടുന്നതിനുള്ള നീന്തല്‍ കുളം നിര്‍മ്മിക്കും .

ഓരോ ജില്ലയിലും ഓരോ ബ്ലോഗ്‌ മീറ്റ്‌ എന്ന നമ്മുടെ പ്രഖ്യാപിത ലക്‌ഷ്യം ഈ നൂറു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുവാന്‍ ശ്രമിക്കും .ബ്ലോഗില്‍ നിന്നും പ്രസിദ്ധികരിച്ച പുസ്തകങ്ങള്‍ വിദേശ വായനക്കാരെ കണ്ടെത്തി ചുരുങ്ങിയ വിലക്ക് കൂടുതല്‍ വിറ്റഴിക്കുവാന്‍ ശ്രമിക്കും . ബ്ലോഗില്‍ നിന്നും പ്രസിദ്ധികരിച്ച മികച്ച പുസ്തകം കണ്ടെത്തി ഈ വര്‍ഷമെങ്കിലും ഒരു ബുക്കര്‍ സമ്മാനം ബ്ലോഗില്‍ കൊണ്ടുവരാന്‍ ശ്രമിക്കും .

കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കി മുടങ്ങി കിടക്കുന്ന ബ്ലോഗ്‌ പത്രങ്ങളെ പുനര്ജീവിപ്പിക്കുവാന്‍ ശ്രമിക്കും .യാതൊരു തരത്തിലും വിവാദങ്ങളെ അമര്‍ച്ച ചെയ്യുന്ന പരാമര്‍ശങ്ങലോ വാക്കുകളോ ആശ്രമത്തില്‍ നിന്നും ഉണ്ടാകാതിരിക്കുവാന്‍ പരമാവധി ശ്രമിക്കും .

ഭാവനാ ദരിദ്രമായ ബ്ലോഗര്‍മാര്‍ക്ക് ഉത്തേജനങ്ങള്‍ ലഭ്യമാകുന്നതിനുള്ള സംവിധാനം ഒരുക്കും .വേണ്ടി വന്നാല്‍ അവരെ വിദേശങ്ങളില്‍ അയച്ച് ചികിത്സ ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം ആശ്രമം നല്‍കും .

ഓണത്തിന് മലയാള ബ്ലോഗര്‍മാര്‍ക്കുള്ള സമ്മാനമായി ഒരു രൂപക്ക് നില്പന്‍ അടിച്ചു പോകാനുള്ള സൌകര്യങ്ങള്‍ ആശ്രമത്തില്‍ നിന്നും ഉണ്ടാകും . ഇതിനായി കൂടുതല്‍ തുക ആശ്രമത്തിലേക്ക് നല്‍കുവാന്‍ ഗൂഗിളില്‍ സമ്മര്‍ദ്ദം ചെലുത്തും .

ഇത്രയുമായാല്‍ ഏകദേശം സമത്വ സുന്ദര കോമള ബൂലോകം നമുക്ക് സ്വപനം കാണാന്‍ കഴിയും എന്നാണ് ആശ്രമാധിപന്‍ എന്ന നിലയില്‍ എന്റെ കാഴ്ചപ്പാട് .അതിനു ഭഗവാന്‍ സഹായിക്കട്ടെ .

ജയഹോ

Wednesday, June 1, 2011

കള്ളന്മാര്‍ക്ക് പായസം വെച്ച നമ്മുടെ സ്വന്തം ബൂലോകം 


ഫ്ലാറ്റുകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിനോട് എനിക്ക് തീരെ താല്പര്യമില്ലാത്തത് കൊണ്ടാണ് ഞാന്‍ ഫ്ലാറ്റുകള്‍ വാങ്ങാത്തത് .കേരളം എന്ന ഇട്ടാ വട്ട സ്ഥലത്ത് കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ഫ്ലാറ്റ് സംസ്കാരത്തില്‍ മണ്ണടിയുന്നത്‌ നമ്മുടെ പ്രകൃതിയും കൈവരുന്നത് മണ്ണില്‍ തൊടാതെയുള്ള ഒരു ജീവിതവുമാണ് എന്നത് മാത്രമല്ല കാരണം .ജനങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം പോലും ഇത് മൂലം നഷ്ടപ്പെടുന്നു എന്നതുമല്ല .കയ്യില്‍ കായില്ലാത്തത് കൊണ്ടാണ് ഫ്ലാറ്റ് എന്നത് എനിക്ക് വേണ്ട എന്ന് കരുതുന്നത് .എനിക്ക് ജീവിക്കാന്‍ കാപ്പിലും  ഇങ്ങേ കരയിലെ അമേരിക്കാവിലും ഓരോ കുഞ്ഞ് കുഞ്ഞ് വീടുകള്‍ ഉള്ളത് കൊണ്ടാണ് ഫ്ലാറ്റു ഞാന്‍ വാങ്ങാത്തതും  .

നാട്ടിലെ ജനങ്ങള്‍ വിദേശങ്ങളില്‍ പോയി ജോലി ചെയ്തു കാശുണ്ടാക്കുമ്പോള്‍ അവര്‍ക്ക് സ്വാഭാവികമായി തോന്നുന്ന ഒരു വികാരമാണ് , എന്റെ ഭാര്യയും കുട്ടികളും മണ്ണും പൊടിയും ചെളിയും പുരളാതെയും ജീവിക്കണം എന്നും ,മറ്റുള്ള " വൃത്തിയില്ലാത്ത" ജനങ്ങളുമായിട്ടുള്ള സംസര്‍ഗവും  മറ്റും വേണ്ടാ എന്ന് കൂടി കരുതിയിട്ടാകും ന്യൂകിയര്‍ ഫാമിലി എന്ന ഓമനപ്പേരിട്ട് ഫ്ലാറ്റുകളില്‍ ചുരുണ്ട്  കൂടുന്നത് . മുറ്റത്ത് ഒന്നിറങ്ങി നടക്കാനോ ഒരു ചെടി വെച്ച് പിടിപ്പിക്കാന്‍ കഴിയാതെയോ കുട്ടികളും മാതാപിതാക്കളുടെ സംസ്കാരങ്ങള്‍ക്ക്‌ പിന്നാലെ പോകുന്നു .എന്തുകൊണ്ടും ഫ്ലാറ്റുകള്‍ ശ്വാസം കിട്ടാതെയുള്ള ജീവിതമാണ് എന്ന് ചുരുക്കം .എന്നാല്‍ പുതു പണക്കാരുടെ ഈ വികാരങ്ങളെ മുതലെടുക്കുവാന്‍ നാട്ടില്‍ ഇഷ്ടം പോലെ റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍ മുളപൊട്ടി വരികയും ചെയ്യുന്നുണ്ട് .അതില്‍ പലതും തട്ടിപ്പ് വീരന്മാരാണ് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആപ്പിള്‍ റിയല്‍ എസ്റ്റേറ്റ്‌ തട്ടിപ്പ് .

പാവം പിടിച്ച പ്രവാസികളുടെ കയ്യില്‍ നിന്നും കോടിക്കണക്കിന് രൂപ വെട്ടിച്ച ആപ്പിള്‍ പ്രോപെര്ടിയെ പറ്റി നമുക്കറിയാം. അതുകൊണ്ട് തന്നെ അതിനെ പറ്റി വിശദമാക്കണ്ട എന്ന് തോന്നുന്നു .എന്നാല്‍ അതിനെ കുറിച്ച് ഒരക്ഷരം പോലും പറയുവാന്‍ ബൂലോകത്തെ കുറ്റാന്വഷണ സംഘം ( സിയാബ് ഫെയിം )തയ്യാറാകുന്നില്ല എന്ന് പറയുമ്പോള്‍ അവര്‍ തമ്മിലുള്ള ബാന്ധവം വളരെ വ്യക്തമായി നമ്മുടെ മുന്‍പില്‍ തെളിയുകയാണ് .ഒരുവര്‍ഷം മുന്‍പേ മുള പൊട്ടിയ ആപ്പിള്‍ കൊള്ള സംഘത്തെ ആപ്പിള്‍ തുടങ്ങിയ സമയത്ത് തന്നെ , ഏറ്റവും കൂടുതല്‍ പ്രവാസികള്‍ വായിക്കുന്ന ബ്ലോഗില്‍ കൂടി പരിചയപ്പെടുത്തുക വഴി ഈ വെട്ടിപ്പിന് ഇവരും കൂട്ട് നില്‍ക്കുകയായിരുന്നോ എന്ന് ഞാന്‍ സംശയിക്കുന്നു .കൊള്ള സംഘത്തിന് പ്രവാസികള്‍ക്കിടയില്‍ വേര് പിടിപ്പിക്കുവാന്‍ ഫോട്ടോ മത്സരം എന്ന പുകമറ സൃഷ്ടിച്ചു കൊണ്ട് പായസ ചോറ് വെച്ച് കൊടുക്കുകയാണ് ഇവര്‍ ചെയ്തിരിക്കുന്നത് . ഈ വകയിലെ കമ്മീഷന്‍ വഴി എത്ര ലക്ഷം രൂപ ഇവരുടെ പോക്കറ്റില്‍ എത്തി എന്ന് കൂടി അന്വഷിക്കേണ്ട അവസരമാണ് ഇപ്പോള്‍ .ബ്ലോഗര്‍മാരില്‍ എത്ര പേരുടെ കാശ് ആപ്പിള്‍ എന്ന ഫ്ലാറ്റ് മാഫിയ കൊണ്ട് പോയി എന്ന് കൂടി അന്വഷിക്കണം .സിയാബ് എന്ന വ്യക്തി ഒരാളില്‍ നിന്നും പണം പറ്റിയെങ്കില്‍ ഇത് ബ്ലോഗര്‍മാരില്‍ മുഴുവന്‍ വിശ്വാസ വഞ്ചനക്ക് ഇടവരുത്തിയിരിക്കുകയാണ് .

കാശ് പോയവര്‍ ഓരോ ആപ്പിള്‍ കഴിക്കുക . വെറുതെ ആ കാശും കൂടി ഡോക്ടര്‍മാരുടെ അടുക്കല്‍ കൊണ്ട് കളയാതെ സൂക്ഷിക്കുക ... നാളേം വേണ്ടേ ഈ ആരോഗ്യവും കാശും ..

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.