പ്രണയത്തെ മാത്രമല്ല , തന്റെ പ്രണയഭാജനത്തെ കൂടി ,പല കവികളും പലരീതിയില്‍ നിര്‍വ്വചിച്ചിട്ടുണ്ട് .പൂവായും പുസ്പമായും മഞ്ഞയും കാറ്റായും തണുപ്പായും കരിവണ്ടായും എന്തിന് ഏറെ പറയുന്നു ; പ്രണയാതുരനായ ഒരു കവിക്ക് പ്രകൃതിയില്‍ കാണുന്നതെല്ലാം പ്രേമത്തിന്റെ ഭിന്ന ഭാവങ്ങളും രൂപങ്ങളുമായി തോന്നാറുണ്ട് എന്നാണ് കവി സങ്കല്‍പം ! എന്നാല്‍ വ്യത്യസ്തനാം ഒരു കവിയാം ആചാര്യനെ സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല ( ഡി .സി ബുക്സ് ഒഴികെ )എന്നതാണ് സത്യം .കവി തന്റെ ഉറക്കത്തിന്റെ നാലാം യാമത്തില്‍ ,വര്‍ഷങ്ങള്‍ക്ക് മുന്‍പ് എപ്പോഴോ നഷ്ടപ്പെട്ട് പോയ പ്രണയ കഞ്ചുകത്തെ അക്കല്‍ദാമ എക്സ്പ്രസ്സ് ട്രെയിനില്‍ കണ്ടു മുട്ടുന്നു ഒരിടത്ത് .ഉറക്കത്തില്‍ കിടന്ന് "ചെയിന്‍ വലിയടാ ശരണേ" എന്ന് വിളിച്ചു കൂവുന്നുണ്ട് എങ്കിലും ,ശരണ്‍, ചെയിന് പകരം നീല കരകളുള്ള നീളന്‍ അണ്ടര്‍ വെയറില്‍ പിടിച്ച് വലിച്ചു എന്ന പിന്നാമ്പുറ കഥകളില്‍ നമ്മള്‍ വിശ്വസിക്കേണ്ട കാര്യമില്ല .
എന്നാല്‍ ഏറെ കാലത്തെ മൗനത്തിന് ശേഷം ,വീണ്ടും മറ്റൊരു പ്രണയാര്‍ദ്ര കവിതയുമായി ബ്ലോഗ് മണ്ഡലത്തില്‍ തിളങ്ങുകയാണ് മഹാനായ ആ കവി !ഇന്നലെ പുറത്തിറങ്ങിയ " തേട്ടം " എന്ന കവിതയെ കുറിച്ച് നിരൂപണം നടത്തിയില്ലെങ്കില്‍ , ഞാനൊരു നിരൂപകന്‍ എന്ന് പറഞ്ഞു നടക്കുന്നതില്‍ കാര്യമില്ല എന്ന ആത്മ ലജ്ജ കാരണമാണ് ഈ നിരൂപണ പരാക്രമം . ഞാന്‍ പ്രണയത്തെ കാണുന്നത് കഠാര മുള്ള് പോലെയാണ് ! നമ്മള്‍ പിടി മുറുക്കുംമ്പോള്‍ കൂടുതല്‍ നമ്മുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കും എന്ന് മാത്രമല്ല ,മുറിവിന്റെ ആഴങ്ങളിലെ നീറ്റലുകള്‍ ഇടയ്ക്കിടെ കുത്തി നോവിക്കുകയും ചെയ്യും .ഇവിടെ കവിയും അത്തരം ഒരു മാനസികാവസ്ഥയില്‍ തന്നെയാണ് തന്റെ ആദ്യ വരികള്‍ കുറിക്കുന്നത് .അതോടൊപ്പം തന്നെ ആത്മ നിന്ദയും പ്രകടമാക്കുന്നുണ്ട് . ഒരുത്തിയെ കല്യാണം ചെയ്തെടുക്കുക എന്നാല്‍ കാലമാപിനിയുടെ മധ്യത്തില്‍ ഓട്ടയിടുക എന്നാണ്; ഇരുപതേ ഇരുപതിഞ്ച്, അത് ജീവിതത്തിന്‍റെ ഈറന്‍ സ്വപ്നമാണ്. തന്റെ പ്രായത്തെ കുറിച്ച് വ്യാകുല ചിത്തനായ കവി , താന്‍ ഇതുവരെ കല്യാണം കഴിക്കാത്തതിനെ കുറിച്ചും വ്യാകുലനാകുന്നു.കല്യാണം കഴിക്കുന്നെങ്കില്‍ ഇരുപതിലോ ഇരുപത്തി അഞ്ചിലോ ആയിരിക്കണം എന്നും അല്ലെങ്കില്‍ ഈ പണിക്ക് നില്‍ക്കരുത് എന്ന് കൂടി വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു ." മധ്യത്തില്‍ ഓട്ടയടിക്കുക " എന്ന കല്പനയില്‍ കൂടി വായനക്കാരുടെ മനസിനെ മറ്റ് പല തലങ്ങളിലേക്കും പായിക്കുന്നുണ്ട് എങ്കിലും ആയുസിന്റെ മധ്യത്തില്‍ കല്യാണം കഴിക്കുക എന്നതാണ് കവി അര്‍ത്ഥമാക്കുന്നത് എന്ന് മനസിലാക്കുക ! അര്‍ത്ഥ ശങ്കകള്‍ക്ക് ഇട വേണ്ട .
പുകയുന്ന അടുപ്പുകള്‍ക്കിടയില്‍ ചെരിഞ്ഞ് വീഴുന്ന പുലര്‍ വെട്ടം കൊണ്ട് അവളുടെ മുടിയിഴകള്‍ക്ക് വെള്ളികെട്ടുകയാണ്. എന്നിട്ടും, അവളെ കാണാനില്ലവിടെയെങ്ങും. പുകയുന്ന അടുപ്പുകള്‍ക്കിടയില്‍ എന്ന വരി വായിക്കുമ്പോള്‍ മഹാകവി കാപ്പിലാന്‍ പ്രാചീന ഘട്ടത്തില്‍ എഴുതിയ " അടുപ്പിന്റെ രോദനം " എന്ന കവിതയെ ഓര്‍ത്തു പോകുകയാണ് .." മൂന്ന് കല്ലില്‍ പ്രതിഷ്ഠിച്ചു എത്രനാള്‍ നീ എന്നെ തിളപ്പിക്കും " എന്ന അടുപ്പിന്റെ ചോദ്യത്തിന് മുന്നില്‍ പതറിപ്പോകുന്ന ഒരു കവിയെയാണ് പ്രാചീന കവിതയില്‍ കണ്ടതെങ്കില്‍ ഇവിടെ സ്ഥിതി വ്യത്യസ്തമാണ് . .എങ്കിലും സ്ത്രീയെ അടുപ്പിന്റെ മൂട്ടില്‍ തളച്ചിടാന്‍ ആദി കാലം മുതല്‍ കവികള്‍ ശ്രദ്ധിച്ചിരുന്നു എന്ന് വേണം കരുതുവാന്‍.എന്നാല്‍ ഈ ആധുനിക കാലത്തും സ്ത്രീ സങ്കല്പങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ കവിതകള്‍ വരുത്തിയിട്ടില്ല എന്ന് ആചാര്യന്റെ കവിത വായിക്കുമ്പോള്‍ നമുക്ക് മനസിലാകും .യുവകവികളോട് ഫെമിനിസ്റ്റുകള്‍ ക്ഷമിക്കട്ടെ ! മാത്രമല്ല , ഒട്ടകപക്ഷിയെ പോലെ സ്വന്തം കുറ്റങ്ങളും കുറവുകളും മണലില്‍ പൂഴ്ത്തി വെച്ചുകൊണ്ട് സമൂഹത്തിലേക്ക് ചൂണ്ടു വിരല്‍ ഉയര്‍ത്തി കാണിക്കുന്ന കാലഘട്ടത്തിന്റെ നേര്കാഴ്ചയും കവി ഇവിടെ വരച്ചു വെയ്ക്കുന്നു .തന്റെ തലയില്‍ കയറി ആക്രമിക്കുന്ന നരയെ അല്പം പോലും സ്പര്‍ശിക്കാതെ , തന്റെ പ്രണയിനിയുടെ തലയില്‍ രാവിലത്തെ വെട്ടം വീണുണ്ടായ അല്പം വെള്ളിയില്‍ കവി ആകുലചിത്തനാണ് . തലയില്‍ ഇങ്ങനെയൊക്കെ നര വന്നു കയറിയിട്ടും , എനിക്കൊരു "അവള്‍" ഇതുവരെ വന്നില്ലല്ലോ എന്ന് കവി ഹൃദയം നേര്‍ത്ത് വിതുമ്പുന്ന കാഴ്ച വായനക്കാരുടെ കണ്ണുകളെ ഈറനണിയിക്കും എന്നതില്‍ തര്‍ക്കമില്ല .
അടുത്ത വരികളില്‍ കൂടി കവി , തന്റെ ബാല്യകാല സ്മരണകളിലേക്ക് മുങ്ങാം കുഴികള്‍ ഇടുന്ന കാഴ്ചകളാണ് കാണുന്നത് . സ്വപ്നം തട്ടിമറിച്ച് പാഞ്ഞ് പോയ ഒരു വികൃതി. എല്ലാ വൈകുന്നേരങ്ങളിലും വേളിക്കായലില്‍ പോകാന്‍ തോന്നുന്നു, അവിടെ വെച്ചാണ് അവള്‍ ആദ്യമായി ഒന്നുമോര്‍ക്കാതെ സ്പര്‍ശിച്ചത്; അവളുടെ കാവ്യകേളികളില്‍ മൗനം ബിംബമായും മോഹം കല്പ്പനയായും ചലനമേറ്റി നിന്നത്. ഇവിടെ രതി ചേച്ചിയും അപ്പുവും അല്ലെങ്കില്‍ ഷക്കീലയുടെ കുളി വായനകാരന്റെ കണ്ണിന്റെ മുന്നില്‍ കൂടി കടന്ന് പോകുന്നത് കാണുവാന്‍ കഴിയും .അത് ഇന്നത്തെ സാംസ്കാരിക തലം യുവാക്കളുടെ പ്രണയത്തില്‍ ഏല്‍പിച്ച പരുക്കന്‍ അടി മൂലമാണ് എന്ന് പറയേണ്ടി വരും .പ്രണയ സങ്കല്‍പ്പങ്ങള്‍ ആകെ തകിടം മറിഞ്ഞ് പോയി ..ഹ ..കഷ്ടം .. കവി വളരെ ലോല തരളിത ഹൃദയത്തോട് കൂടിയാണ് തന്റെ പ്രണയിനിയുമായി ജലക്രീഡകളില്‍ ഏര്‍പ്പെടുന്നത് എന്ന് വരികള്‍ക്കിടയില്‍ കൂടി നമുക്ക് ദര്‍ശിക്കാം .കവി തന്റെ കളിക്കൂട്ടുകാരിയെ സ്പര്‍ശിച്ചത് ഒന്നും ഓര്‍ക്കാതെയായിരുന്നു .അതായത് പയ്യന് പ്രായമായിട്ടില്ല എന്ന് വ്യംഗ്യം .എന്നാല്‍ അതൊരു തുടക്കമായിരുന്നു .ഇവിടെ കവി തന്റെ പ്രായം കുറച്ച് കാണിക്കുവാന്‍ വേണ്ടിയുള്ള ഒരു പാഴ് ശ്രമമല്ലേ നടത്തിയത് എന്ന്
സംശയിക്കേണ്ടിയിരിക്കുന്നു .
അവസാനമായി കവി കടന്ന് ചെല്ലുന്നത് ഓണ്‍ ലൈന്‍ പ്രണയങ്ങളിലേക്കാണോ എന്ന് നിരൂപകനായ ഞാന്‍ സംശയിക്കുന്നു .ട്രെയിനില്‍ വെച്ച് മിസ്സ് ആയ ആ പ്രണയിനി മിസ്സിസ് ആയി മാറി എന്ന സത്യം ഫേസ് ബുക്ക് വഴിയായിരിക്കണം കവി മനസിലാക്കുന്നത് . എല്ലാ തെരുക്കളിലും പരിഭ്രാന്തിയോടെ തിരഞ്ഞിട്ടും അവളുടെ കാല്പ്പാദങ്ങള്‍ മാത്രം കാണാനില്ല; അവളുടെ കുട, നട, പുടവ, ഒന്നുമൊന്നുമില്ല; അവള്‍ എഴുതിയ മാസികകള്‍ എവിടെയും തൂങ്ങുന്നില്ല. അവളെ കല്യാണം ചെയ്തിരിക്കുന്നത് ഞാനല്ല. അവളുടെ മുടി നരച്ചാലും പല്ല് കൊഴിഞ്ഞാലും , അഴുക്ക് ചാലിന്റെ ഓടയില്‍ കൂടി കടന്ന് പോകുന്ന മാണിക്യം പോലെ തിളക്കങ്ങള്‍ നഷ്ടപ്പെട്ട ആ പ്രണയിനിയെ തെരുവുകളിലും റെയില്‍വേ സ്റെഷനിലും ,ബസ് സ്റ്റോപ്പിലും എല്ലാം അന്വഷിച്ചിട്ടും കാണാതെ വിവശനായ കവി ഒടുവില്‍ ആ സത്യം മനസിലാക്കുന്നു . അവള്‍ മറ്റൊരാളിന്റെ ഭാര്യയാണ് എന്നും ബ്ലോഗ് എഴുത്തുകാരിയാണ് എന്നും മാത്രം കവി മനസിലാക്കുന്നതോട് കൂടി നിറഞ്ഞ വേദനയോടു കൂടി കവിത അവസാനിപ്പിക്കുകയാണ് ..
തേടി തേടി കാലിലെ ചപ്പല്‍ തേഞ്ഞ ഈ കവിക്ക് ഒട്ടേറെ വേദനയോടു കൂടി ഈ നിരൂപണം ഞാന്‍ സമര്‍പ്പിക്കട്ടെ ..ഇനിയും ഇത്തരത്തില്‍ ഉള്ള കവിതകള്‍ എഴുതി നിരൂപകന്മാര്‍ക്ക് പണിയുണ്ടാക്കണം എന്ന ആശംസകള്‍ മാത്രം ഈ സമയം നല്‍കുന്നു .. ആശംസകള്‍ കവിത പൂര്‍ണ്ണമായി ഇവിടെയുണ്ട് .




5 അഭിപ്രായ(ങ്ങള്‍):
ആശാൻ പണ്ടേ ഇങ്ങനാ ഒരു കവിതകണ്ടാൽ മതി...ഗ്രഹണിപിടിച്ച പിള്ളേര് ചക്കക്കൂട്ടാൻ കണ്ടപോലുള്ള ആക്രാന്തമാ...!! പറഞ്ഞിട്ടു കാര്യമില്ല.പണ്ടാരോ കവിതയിൽ കൈവിഷം ചെയ്തതാ....പലപ്രാവശ്യം കൂടോത്രം ചെയ്തു നോക്കി ഒരു രക്ഷയും ഇല്ല.ഇനി ഒരു വഴിയേയുള്ളു.നല്ലൊരു മുക്കാലി സങ്കടിപ്പിക്കണം...ഒരു മുരിക്കുംപത്തലും അപ്പേഴെ ഈ ബാധയൊഴിയു..:)))))
:)
ഹ ഹ ഹ
വളരെ രസകരമായ ഒരു പോസ്റ്റ്.
കവിതയും നിരൂപണവും വായിച്ചു. നിരൂപണം ബോധിച്ചു
Post a Comment