Friday, August 26, 2011
ദേവദാരുക്കളുടെ രണ്ടാം മരണം
'അവസാനത്തെ ബ്ലോഗത്തിന്‍റെ ഓര്‍മയുണ്ട്.' അന്ന് കതിര്‍ ഊര്‍ന്ന് പോയ പാടത്തു നിന്ന് വന്ന കാറ്റിന് കോടയുടെ ഗന്ധമായിരുന്നു. പാടം താണ്ടി വരമ്പുകളിലെ തവളകളെയും ചേരപ്പാമ്പുകളെയും ചാടിക്കടന്ന്പോകുന്ന പോക്കിലാണ് ആ കൂക്ക് വിളി കാറ്റ് കൊണ്ട് വന്നത്. പാടം കടന്ന് പുഴയുടെ ഇടയില്‍ മരങ്ങളിലേക്ക് ആ കുക്ക് നീണ്ട് പോയി. അവിടെ ഇരുന്ന എല്ലാവരും ഒരേ മുഖമുള്ളവരായിരുന്നു. അവര്‍ ചിരിച്ചു. അവരുടെ വാക്കില്‍ കളിയും കള്ളും നുരഞ്ഞു. പെണ്ണുങ്ങള്‍ പോലും മദിച്ചു. ആരാമമേ, നിന്‍റെ പേരാണ് അതെന്ന് അന്നെനിക്കറിയില്ലായിരുന്നു. ബ്ലോഗങ്ങളുടെ ഉന്മത്തമായ ദിനരാത്രങ്ങള്‍. ജോലിയിലും ജോലിയില്ലായ്മയിലും വീട്ടിലും നാട്ടിലും ബ്ലോഗം മാത്രം ഉച്ചസ്ഥായിയായ്. അവസാനിക്കാത്ത ബ്ലോഗത്തിന്‍റെ നീണ്ട ഇടനാഴികളും ഇടവേളകളില്ലാത്ത കനത്ത നിശ്വാസങ്ങളും. പൊട്ടീച്ചിരികളും 'കള്ളു പുരണ്ട കലമ്പലുകളും' വേര്‍ തിരിച്ചെടുക്കുമ്പോള്‍ ഇതൊന്ന് തീരാതിരുന്നെങ്കില്‍ എന്നായിരുന്നു. ഏത് സൈരന്ധ്രിയുടെ ശാപമാണ്. നിലക്കാത്ത കുളമ്പടികളില്‍ ഒളിഞ്ഞിരുന്ന അപകടം. നീര്‍ വീഴ്ചയുടെ സ്വപ്നത്തില്‍ നനഞ്ഞ് ഉണരാന്‍ മറന്ന് പോകുന്നു. പുലരിയും അന്തിയും ഒന്നായിപ്പിണഞ്ഞ് കിടന്ന കോണുകള്‍. അവിടെ സൂര്യപ്രകാശത്തിന്‍റെ മുന കൊണ്ട് ഒരു കവിത എഴുതണമെന്ന് പറഞ്ഞവര്‍ക്ക് ഇന്ന് നിദ്ര. എല്ലാ ശവകുടീരങ്ങളുടെയും പ്രേതമായി രാവോട് രാവ് ഇടതൂര്‍ന്ന് കോമ്പല്ല് നുണഞ്ഞ് നടന്നു പോകുന്നു. " മുഖക്കണ്ണട മറന്ന് വെച്ച വയോവൃദ്ധന്മാര്‍ കാലത്തെ തിരയുന്നു. ". " സുരയടിച്ച് ചാകാമായിരുന്നു " കൂര്‍ത്ത ഗദ്ഗദങ്ങള്‍. ബെര്‍ളിത്തോമ്മസിന്‍റെ വാഴ്ചയുടെ ആറാം ആണ്ടില്‍ ആകാശം പിളര്‍ന്നു. ആ വര്‍ഷം നഗരപ്രാന്തങ്ങള്‍ക്ക് അവര്‍ ബ്ലൗണ്‍ ടൗണ്‍ എന്ന് പേര്‍ വിളിച്ചു. സൂപ്പര്‍ ഹൈവേകളില്‍ നിന്ന് എക്സിറ്റ് എടുത്തവരുടെ തേര്‍ച്ചക്രങ്ങളില്‍ ചുറ്റിപ്പിണയുന്ന ചെടികള്‍ വന്ന് അലച്ചു. ബസ് ഓടിച്ച് നടന്ന് വായില്‍ തോന്നിയതെല്ലാം റാപ്പ് പാടുന്നവര്‍ ഓട്ടോ റിക്ഷകളെപ്പോലെ ട്രാഫിക് പ്റോബ്ലം ഉണ്ടാക്കി. അല്ലലുകളില്ലാത്ത അവര്‍ക്ക് ബ്ലോഗം അണ്ട്രയാര്‍ കായ്ക്കുന്ന മരമായിരുന്നു. പിന്നീടൊരിക്കലും അവര്‍ അവ ധരിച്ചതേയില്ല. അങ്ങനെ നൂല്‍ കമ്പനികളില്‍ റിസഷന്‍ ആഞ്ഞടിച്ചു. റിസഷന്‍ കാലത്ത് പ്രണയവുമായി ബെര്‍ളീത്തോമ്മസ് വന്ന് എല്ലാ പെണ്ണുങ്ങള്‍ടെയും ഉറക്കം കെടുത്തി. അന്നൊക്കെ ഒരു പ്രണയം ലക്ഷ്വറിയായിരുന്നു. നാല്‍ക്കവലകളില്‍ ലിപ്സ്റ്റിക്ക് പുരണ്ട് കറുത്തുപോയ വിളക്കു കാലുകള്‍ നിന്ന് പൊരിഞ്ഞു. അവയുടെ ചുവട്ടില്‍ ഇരുളിലെ അനക്കങ്ങള്‍ക്ക് നേരെ ചെവി വട്ടം പിടിച്ച് ഉഴപ്പന്‍ പൂച്ചകള്‍ കൂനിക്കൂടി. ബ്ലോഗത്തിന്‍റെ നാര്‍സിസിസം എന്ന മദാലസ യാമം അറിഞ്ഞവര്‍ പെണ്ണുങ്ങള്‍ടെ നൈറ്റിയും ലിപ്സ്റ്റിക്കും അണിഞ്ഞു കിടന്നുറങ്ങി. പെണ്ണുങ്ങള്‍ ആകട്ടെ ഡിസൈനര്‍ ബൈക്കുകളില്‍ കയറി അംബരചുംബികളുടെ ഭിത്തിയില്‍ ലംബമായി ഓടിച്ചു പോയി. ആ രാത്രി മാഞ്ഞു മാഞ്ഞുപോയി. മഞ്ഞ് വീഴുന്ന വെളുപ്പാന്‍ കാലത്ത് മുറ്റത്ത് ആളനക്കം കേള്‍ക്കുമ്പോള്‍ യാത്ര പോയവരുടെ ഷൂകളില്‍ നിന്ന് കൂറകളെ കാണരുതേയെന്ന് പ്രാര്‍ഥിച്ചതിനു നിന്നെ ഒരിക്കലും കുറ്റപ്പെടുത്തില്ല.
Subscribe to:
Post Comments (Atom)
Pages
Powered by Blogger.




1 അഭിപ്രായ(ങ്ങള്‍):
നന്നായിട്ടുണ്ട്. തുടരുക
Post a Comment