അന്തേവാസികള്‍

Monday, July 26, 2010

ഓട്ടോക്കാശില്ല

ഓട്ടോ വിളിക്കണമെന്നും മൈക്ക് വെച്ച്‌ കെട്ടി നാട് നീളെ വിളിച്ച് പറയണം എന്നും എല്ലാവരെയും നേരില്‍ കണ്ട് വിളിക്കണം എന്നും ആഗ്രഹമുണ്ട് .പൊതുനിരത്തില്‍ പൊതുജനങ്ങള്‍ക്കു ദ്രോഹകരമായ പൊതുയോഗങ്ങള്‍ നടത്താന്‍ കോടതി അനുവദിക്കാത്തത് കൊണ്ടും , ഓട്ടോ വിളിക്കാന്‍ ഓട്ടോ കാശ് ഇല്ലാത്തത് കൊണ്ടും ബഹുമാന്യ മാന്യ മാന്യ ശ്രീ ബ്ലോഗര്‍മാര്‍ ഇതൊരു അറിയിപ്പായി സ്വീകരിച്ചു കൊണ്ട്‌ കഴിയുന്ന എല്ലാവരും പരിപാടിയില്‍ പങ്കെടുക്കണം .

എല്ലാവര്‍ക്കും സ്വാഗതം

ജയഹോ

Wednesday, July 21, 2010

ബസിനെ വെല്ലാന്‍ കാര്‍ !!

ഇതെങ്കിലും അമേരിക്കയുടെ അല്ല എന്ന് പറയല്ലേ !!.അല്ലെങ്കില്‍ തന്നെ മലയാളി ബ്ലോഗര്‍മാര്‍ കാരണം അമേരിക്കക്ക് തലപൊക്കി നടക്കാന്‍ വയ്യാത്ത സ്ഥിതിയാണ് .എന്ത് കൊടുത്താലും ചീത്തവിളികള്‍ക്ക് ഒരു കുറവുമില്ല .ഈ ചീത്തവിളികള്‍ കാരണം അമേരിക്കക്ക് കിടക്കപ്പൊറുതിയും ഇല്ല . ബ്ലോഗ്‌ വേണമെന്ന് പറഞ്ഞപ്പോള്‍ ബ്ലോഗ്‌ കൊടുത്തു ,അതില്‍ അസോസിയേഷന്‍, അസോസിയേഷന്റെ അസ്സോസിയെസ്സിന്‍ , ബ്ലോഗ്‌ മീറ്റ്‌ , യൂണിയന്‍ ഹമ്മോ ...വയ്യ .അതിന് ശേഷമാണ് കഷ്ടമല്ലിയോ എന്നോര്‍ത്ത് ബസ്‌ കൊടുത്തത് ,ബസ് കൊടുത്തപ്പോള്‍ അലവലാതി മലയാളി ബ്ലോഗര്‍മാര്‍ എല്ലാം ബ്ലോഗ്‌ വിട്ട് ബസില്‍ അടിഞ്ഞു കൂടി .വല്ലപ്പോഴും ട്വിറ്റിക്കൊണ്ടിരുന്നവരും ട്വിറ്റല്‍ നിര്‍ത്തി ബസില്‍ കൂടി .അങ്ങനെ ട്വിട്ടെരും ബസും തമ്മില്‍ അടിപിടി ലഹളയായി , മത്സരമായി .ഇപ്പോള്‍ ദാണ്ടേ കാറും നമ്മളെ കമെന്റ് അടിക്കാന്‍ തുടങ്ങി .

അമേരിക്കയില്‍ ‍ 2011 - ല്‍ പുറത്തിറങ്ങുന്ന ഫോര്‍ഡ് ഫിയെസ്റ്റ എന്ന കാറാണ് ഇനി മുതല്‍ ട്വിറ്റാന് തുടങ്ങുന്നത് .ഇപ്പോള്‍ തന്നെ ഫോര്‍ഡ് കാറില്‍ ഇന്റര്‍നെറ്റ്‌ ഉള്ളതുകൊണ്ട് ബ്ലോഗിങ് ബസ്‌ എന്നിവ മുടക്കം കൂടാതെ ചെയ്യുവാന്‍ സാധിക്കും .എന്നാല്‍ ഇനി മുതല്‍ " ബ്രേക്കില്‍ കാല് അമര്ത്തട " " മുന്‍പില്‍ പോകുന്ന സുന്ദരി കൊച്ചിനെ കണ്ടോട ചെക്കാ " എന്നെല്ലാം കാറും നമ്മളെ ട്വിട്റ്റ് ചെയ്തു കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയും മുന്നറിയിപ്പുകള്‍ തരികയും ഓരോരോ പുതിയ വാര്‍ത്തകള്‍ എത്തിച്ചു തരികയും ചെയ്യും .ആനന്ദ ലബ്ധിക്കിനി എന്താണ് വേണ്ടത് .

ട്വിറ്റെര്‍ കാറ്‌ ബസിന്റെ കാറ്റ് കുത്തിവിടുമോ എന്നത് മാത്രം ഇനി ഓര്‍ത്താല്‍ മതി .പിന്നൊരു കാര്യം ശ്രദ്ധിക്കുവാനുള്ളത് ,ട്വിറ്ററും ബസും കാറില്‍ തന്നെ ഇരുന്നു ചെയ്യുമ്പോള്‍ കാറും ബസും റോഡില്‍ കൂട്ടിമുട്ടരുത് എന്ന കാര്യം മാത്രമാണ് . യാത്ര സുഖകരം തന്നെയാകും എന്നതില്‍ സംശയം വേണ്ട .ഒരു സുഹൃത്തിനെപ്പോലെ നമ്മോടൊപ്പം ട്വിറ്ററും കാണും എങ്കിലും ഞാനീ കാറ്‌ വാങ്ങാന്‍ പോകുന്നില്ല . നാനോ കാറ്‌ ഇവിടെ കിട്ടുമോന്നു നോക്കട്ടെ .അതാണ്‌ സുഖം . ‍-

Sunday, July 18, 2010

സമാനമായി.. സമാധിയായി ..

അങ്ങനെ ആ കാര്യത്തില്‍ ഒരു തീരുമാനമായി .

പെണ്മക്കളെ ഉത്തരവാദിത്വമുള്ള  ആമ്പിള്ളാരുടെ കയ്യില്‍ പിടിച്ചേല്‍പ്പിച്ച് സ്വസ്ഥമായിട്ടിരിക്കുന്ന തന്തമാരുടെ മാനസികാവസ്ഥയിലാണ് ഞാനിപ്പോള്‍ . ഇനി വീട്ടുകാര്യങ്ങളും ആശ്രമകാര്യങ്ങളും ഒക്കെയായി ശിഷ്ടജീവിതം കഴിക്കണം എന്നൊരാഗ്രഹം മാത്രമേ ഉള്ളൂ .എന്‍റെ മാനസികാവസ്ഥ മനസിലാകണമെങ്കില്‍ നിങ്ങള്‍ പെണ്മക്കളുടെ തന്തമാരായി ജനിക്കണം   .

 ഒരു കുഞ്ഞുണ്ടായാല്‍ പ്രത്യേകിച്ചും പെണ്‍ കുട്ടിയായാല്‍ എന്തോരം കാര്യങ്ങള്‍ അവളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ നമ്മള്‍ ശ്രദ്ധിക്കണം . വഴിയേ പോകുന്ന വല്ലവന്മാരും കമെന്റ് അടിക്കുന്നുണ്ടോ എന്ന് നോക്കണം , പീഡനത്തിന്റെ കാലത്ത് ആരെങ്കിലും അവളെ പേടിപ്പിക്കുന്നുണ്ടോ പീഡിപ്പിക്കുന്നുണ്ടോ എന്ന് നോക്കണം . ഒടുവില്‍ വളര്ച്ചയെത്തിയാല്‍ കാണാന്‍ കൊള്ളാവുന്ന ആരോഗ്യമുള്ള ഒരുവിധം തരക്കേടില്ലാത്ത സൌകര്യങ്ങള്‍ എല്ലാം ഉള്ള ഒരുത്തന്റെ കയ്യില്‍ പിടിച്ചേല്‍പ്പിക്കണം . കഴിഞ്ഞു ..
 അവരായി അവരുടെ പാടായി .ഇനി സ്വസ്ഥമായി , മനസമാധാനത്തോടെ സമാധിയാകണം.


ഈ മാസം മുപ്പത്തി ഒന്നിനാണ് ആ മംഗളകര്‍മ്മം നടക്കുന്നത് . എല്ലാവരും വരണം . ഇനി നേരില്‍കണ്ടില്ല , വിളിച്ചില്ല എന്നുള്ള പരാതികള്‍ ഒന്നും വേണ്ടാ . എല്ലാവരും വന്ന് ഓരോഗ്ലാസ് നാരങ്ങാ വെള്ളമെങ്കിലും കുടിച്ചും വെച്ചേ പോകാവൂ .ബാക്കിയുള്ള കാര്യങ്ങള്‍ ഇവിടെ ഉണ്ട് .
പ്രകാശനം

Thursday, July 15, 2010

വലയില്‍ ചരിത്രം നെയ്യുന്നവര്‍

സന്മനസുള്ളവര്‍ക്ക്‌ ബൂലോകത്തും കേരളത്തിലും സമാധാനം !!


നല്ല മനസുകളില്‍ മാത്രമേ നല്ല ആശയങ്ങളും ചിന്തകളും പ്രവര്‍ത്തനങ്ങളും ഉണ്ടാകുകയുള്ളൂ .മുകളില്‍ പറഞ്ഞ കാര്യം ഞാന്‍ വെറുതെ പറഞ്ഞതാണ് . നിങ്ങള്‍ക്ക് വേണേല്‍ ചിന്തിക്കാം .നല്ല മനസുകള്‍ ഇല്ലാത്തവര്‍ സ്വയം മുരടിച്ചു പോകുന്നതല്ലാതെ ആയുസില്‍ അവര്‍ ഉന്നതങ്ങളില്‍ എത്തില്ല . കേരളത്തിലെ ഇപ്പോഴത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങളുമായി ചേര്‍ത്ത് വായിക്കുക . കേരളത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോള്‍ മനസ്സില്‍ ഭയമാണ് തോന്നുന്നത് . ചുറ്റും അരഷിതാവസ്ഥ മാത്രം .രക്ഷകര്‍ ശിക്ഷകരുടെ രൂപത്തില്‍ എത്തുക . ദൈവത്തെ രക്ഷിക്കുവാന്‍ വേണ്ടി മനുഷ്യന്‍ പെടുന്ന പാട് കണ്ടാല്‍ ദൈവത്തിന് പോലും ഇവരോട് സഹതാപം തോന്നും .അതവിടെ നില്‍ക്കട്ടെ . കേരളത്തെക്കുറിച്ച് ചിന്തിച്ചാല്‍ ഭ്രാന്ത് പിടിക്കും .അതുകൊണ്ട് നമുക്ക് ബൂലോകത്തെക്കുറിച്ചും ബ്ലോഗിനെ കുറിച്ചും ചിന്തിക്കാം .
 
2010 ജൂലൈ മാസം മലയാള ബ്ലോഗിന്റെ സുവര്‍ണ്ണ താളുകളില്‍ എഴുതപ്പെടുന്ന മാസമാണ് .പില്‍ക്കാലത്ത് എപ്പോഴെങ്കിലും മലയാള ബ്ലോഗിന്റെ ചരിത്രം ആര്‍ക്കെങ്കിലും എഴുതണം എന്ന് തോന്നുകയാണെങ്കില്‍ 2010 ജൂലൈ മാസവും ഒഴിവാക്കാന്‍ കഴിയുകയില്ല ,കാരണം അന്നാണ്  ഓണ്‍ലൈന്‍ പത്രമായ ബൂലോകം ഓണ്‍ലൈന്‍ പ്രിന്റ്‌ മീഡിയയിലേക്ക് എത്തുന്നത് . പല പ്രിന്റ്‌ മീഡിയകളും ഓണ്‍ലൈന്‍ ആയി കാണാം എങ്കിലും നേരെ തിരിച്ച് ചെല്ലുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടാണ് . ബ്ലോഗ്‌ എന്ന വട്ടത്തില്‍ കിടന്ന് കറങ്ങാതെ വിശാലമായ മേച്ചില്‍ പുറങ്ങളിലേക്ക് മലയാള ബ്ലോഗര്‍മാര്‍ എത്താന്‍ തുടങ്ങുന്നു .ഒരോ മലയാള ബ്ലോഗര്‍മാര്‍ക്കും ഇതില്‍ അഭിമാനിക്കാം .മലയാള ബ്ലോഗിന്റെ വളര്‍ച്ച രാജ്യത്തിന്റെ മറ്റ് ഭാഷയിലുള്ള ബ്ലോഗര്‍മാര്‍ക്ക് അസൂയയോടെ മാത്രമേ നോക്കിക്കാണുവാന്‍ കഴിയൂ !!.
 
ലോകത്തിലാദ്യമായി ബ്ലോഗ്‌ പത്രം പ്രിന്റ്‌ ചെയ്യുന്നത് , ജോഷ്വ കാര്‍പ്പ് എന്ന ചിക്കാഗോക്കാരന്റെ ദി പ്രിന്റെഡ്‌ ബ്ലോഗ്‌ എന്ന സൈറ്റില്‍ വന്ന ബ്ലോഗ്‌ പോസ്റ്റുകള്‍ ആണ് . ഈ പോസ്റ്റുകള്‍ 2008 ജൂണ്‍ മാസം പ്രിന്റ്‌ ചെയ്ത് അമേരിക്കയിലെ സിറ്റികളില്‍ കൊടുക്കുകയുണ്ടായി . അതിന് ശേഷം ലണ്ടനിലും ഇങ്ങനെ ചെയ്യുകയുണ്ടായി .ഇത് രണ്ടുമല്ലാതെ ലോകത്തില്‍ വേറെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം . ഒരു പക്ഷേ ലോകത്തിലെ മൂന്നാമത്തെ പ്രിന്റെഡ്‌ ബ്ലോഗ്‌ പത്രമാണ്‌ ബൂലോകം ഓണ്‍ലൈന്‍ പത്രം .
 
മലയാളിക്ക്‌ ഒന്ന് കൂടി അഭിമാനിക്കാം കാരണം , അമേരിക്കയിലും ലണ്ടനിലും പ്രിന്റ്‌ ചെയ്ത ബ്ലോഗ്‌ പത്രത്തിനേക്കാള്‍ കൂടുതല്‍ ആകര്‍ഷകമായി ഗുണനിലവാരം കൂടിയ പേപ്പറിലാണ് ബൂലോകം ഓണ്‍ലൈന്‍ പത്രം പ്രിന്റ്‌ ചെയ്യുന്നത് . ഇതിന്റെ ചുക്കാന്‍ പിടിച്ച ബൂലോകം ഓണ്‍ലൈന്‍ ക്രിയേറ്റിവ് എഡിറ്റര്‍ സുനില്‍ പണിക്കര്‍ക്ക് ഈ കാര്യത്തില്‍ തീര്‍ച്ചയായും അഭിമാനിക്കാം .ഇതിന്റെ പിന്നില്‍ വളരെയധികം സാമ്പത്തിക ചിലവുകളും അധ്വാനങ്ങളും ഉണ്ട് . ആദ്യ ഘട്ടം എന്ന നിലയില്‍ ഒരോ മാസവും ഒരോ പതിപ്പുകള്‍ വീതം ഇറക്കണം എന്നാണ് ഡയറക്ടര്‍ ബോര്‍ഡ്‌ തീരുമാനം . പിന്നീട് ആഴ്ചകള്‍ തോറും ഓരോന്ന് വീതം . ഈ കാര്യങ്ങള്‍ എല്ലാം തന്നെ പത്രത്തില്‍ വരുന്ന പരസ്യങ്ങളും വിതരണ രീതിയും അടിസ്ഥാനപ്പെടുത്തിയാണ് .ഇതിനെല്ലാം മലയാള ബ്ലോഗര്‍മാരുടെ നിസ്വാര്‍ഥമായ സഹകരണങ്ങള്‍ കൂടിയേ കഴിയൂ .പരസ്യങ്ങള്‍ തരുവാന്‍ വേണ്ടി കേരളത്തിലെയും ലണ്ടന്‍ അമേരിക്ക എന്നീ ഭാഗങ്ങളിലെയും കമ്പനികള്‍ മുന്നോട്ട് വന്നിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്‌ .എങ്കിലും ആദ്യ പതിപ്പ് , പരസ്യങ്ങള്‍ കൂടാതെയാണ് പ്രസിദ്ധികരിക്കുന്നത്.
 
കേരളത്തിലെ എല്ലാ ജില്ലകളിലും , ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും മിഡില്‍ ഈസ്റ്റ്‌ , അമേരിക്കയിലെ ചില ഭാഗങ്ങള്‍ . ലണ്ടന്‍ എന്നീ സ്ഥലങ്ങളില്‍ വിതരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു . ബാക്കിയുള്ളവര്‍ക്ക് പ്രകാശനത്തിന് ശേഷം ബൂലോകം ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യാന്‍ തക്ക വിധത്തില്‍ പീ ഡി എഫ് ഫയലുകള്‍ ആക്കുന്നതാണ് .


കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ ലോകത്തിലെ പലഭാഗങ്ങളിലെ സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന ഇരുന്നൂറോളം ബ്ലോഗര്‍മാര്‍ അതില്‍ എഴുതുന്നുണ്ട് . കൂടുതല്‍ അംഗങ്ങള്‍ അതില്‍ ചേരുകയും ഒത്തൊരുമിച്ച് മുന്നോട്ട് പോകുകയും ചെയ്യണം . അങ്ങനെയെങ്കില്‍ തീര്‍ച്ചയായും മലയാള ഭാഷയിലും സമൂഹത്തിലും വിപ്ലവങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും എന്നതില്‍ സംശയമില്ല .ബ്ലോഗ്‌ എന്ന മാദ്ധ്യമം , അതിലെ എഴുത്തുകാര്‍ പുറം ലോകത്തേക്കും എത്തപ്പെടുകയും സമൂഹത്തില്‍ അവരുടെ ചിന്തകളും എഴുത്തുകളും ചര്‍ച്ചകള്‍ ആകുകയും ചെയ്യുന്ന കാലം അധികം വിദൂരമല്ല . ബ്ലോഗ്‌ എഴുത്തുകാര്‍ക്ക് അതിന് കഴിയട്ടെ എന്നാശംസിക്കുന്നു .

പ്രിവ്യു

Wednesday, July 7, 2010

ബ്ലോഗേര്‍സ് സമ്മേളനം

 ഭാരത്‌ ബന്ദും ജൂലൈ നാലും ഒരേ മാസം അടുപ്പിച്ചടുപ്പിച്ച് വന്നതുകൊണ്ട് ഒരു അന്താരാഷ്ട്രാ പൗര ബ്ലോഗര്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല .തീര്‍ച്ചയായും ഇങ്ങനെയുള്ള ദിവസങ്ങളില്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി കഴിയരുത്‌ .ഭാരത്‌ ബന്ദ്‌ പോലുള്ള ദിവസങ്ങള്‍ വിദേശങ്ങളില്‍ പാര്‍ക്കുന്ന ഭാരതീയ പൌരന്മാര്‍ക്കും ആഘോഷിക്കുവാന്‍ ഉള്ള അവസരങ്ങളായി ഉപയോഗിക്കണം എന്നതിന്റെ വിദൂര വീക്ഷണത്തിന്റെ അനന്തരഫലമായാണ് ആഫ്രിക്കന്‍ സഫാരിക്ക്‌ പിള്ള തള്ള പരിവാരങ്ങളുമായി ഇറങ്ങി പുറപ്പെട്ടത്‌ .

ആഫ്രിക്കന്‍ സഫാരി തന്നെ തിരഞ്ഞെടുക്കുവാന്‍ കാരണം , തങ്കമ്മയെയും കാണാം താളിയും ഒടിക്കാം എന്ന് മനസ്സില്‍ കരുതിക്കൊണ്ടാണ് .സൌത്ത് ആഫ്രിക്കയില്‍ ക്രിക്കെറ്റ് കളി ( അങ്ങനെതന്നെയല്ലേ അതിന്റെ പേര് ) നടക്കുന്നത് കൊണ്ട്‌ മിക്ക ബ്ലോഗര്‍മാരും ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ കുറ്റീം അടിച്ച് കിടപ്പുണ്ടാകും എന്നും അങ്ങനെയെങ്കില്‍ കളീം കാണാം കുറെ ബ്ലോഗര്‍മാരെയും ആ കൂട്ടത്തില്‍ കാണാം എന്ന് മനസ്സില്‍ കണ്ടുകൊണ്ടാണ് . എന്തായാലും പ്രതീക്ഷകള്‍ തെറ്റിയില്ല .പല ബ്ലോഗര്‍മാരെയും ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ വെച്ചു കണ്ടു മുട്ടി .

പ്രതീക്ഷ തെറ്റിയില്ല . കുറച്ചകലെയായി കുറെ ബ്ലോഗര്‍മാര്‍ സമ്മേളനം നടത്തുന്നുണ്ടായിരുന്നു . എന്നെ കണ്ടു കൊണ്ട്‌ പരിചയം പുതുക്കുവാന്‍ വേണ്ടി പലരും എന്‍റെ അടുക്കലേക്ക്‌ ഓടി എത്തി . നമ്മള്‍ പലപ്പോഴും പറയാറില്ലേ , വയല്‍ക്കുരു ,ധാന്യം എന്നൊക്കെ ..ഈ ബ്ലോഗ്‌ സമ്മേളനത്തിന്റെയും ഓടി വരവിന്റെയും പ്രധാന ലക്‌ഷ്യം വയല്‍ക്കുരു തന്നെയായിരുന്നു . പലപ്പോഴായി ഞാന്‍ സമ്പാദിച്ചു കൂട്ടിയ വയല്ക്കുരുക്കള്‍ മുഴുവനും ഞാന്‍ അവര്‍ക്ക് കൊടുത്തു.

ചെറിയ ചെറിയ ബ്ലോഗര്‍മാര്‍ വയല്‍ക്കുരു തിന്നുന്നത് കണ്ട് , ചില അനോണി ബ്ലോഗര്‍മാരും ,കൊമ്പന്മാരും അടുത്തു കൂടിയെങ്കിലും ഭയത്തോടു കൂടി ഞാന്‍ ദൂരെ മാറി .അല്ലെങ്കിലും പണ്ട് മുതലേ എനിക്കിവരെയൊക്കെ ഭയമാണ് എന്ന് നിങ്ങള്‍ക്ക്രിയാമല്ലോ

സമ്മേളന സ്ഥലത്ത് എത്താന്‍ കഴിയാതിരുന്ന ബ്ലോഗര്‍മാര്‍ ,ദൂര ദര്‍ശിനി കുഴലില്‍ കൂടി സമ്മേളന നഗരിയിലേക്ക് എത്തി നോക്കി സമ്മേളന വിവരങ്ങള്‍ ലൈവായി കണ്ടുകൊണ്ടിരുന്നു .

പടമായി പോയ ധ്രുവ കരടികളുടെ കട്ട്‌ ഔട്ടുകള്‍ സമ്മേളന നഗരിയില്‍ പ്രദര്‍ശിപ്പിച്ചു . പല പുലികളും ഇപ്പോള്‍ ഉറക്കത്തിലാണ് എന്ന കാര്യം സംഭവ സ്ഥലത്ത് എത്തിയതിനു ശേഷം മാത്രമാണ് എനിക്ക് ബോധ്യമായത് .
ബ്ലോഗ്‌ സമ്മേളന നഗരിയുടെ ഉള്‍ഭാഗങ്ങളില്‍ അപ്പോഴും ഉറക്കമില്ലാതെ അല്‍പ ജീവന്‍ ബാക്കിയുള്ള കാട്ടാനകളും കരടികളും അലസമായി വിഹരിക്കുന്നുണ്ടായിരുന്നു .


ഒടുവില്‍ , സമ്മേളന സ്ഥലത്ത് നിന്നും യാത്ര പറഞ്ഞ് പിരിയുമ്പോള്‍ ബാര്‍ബിഖ്യൂവിന്റെ മസാല കൂടിയിട്ടോ എന്തോ നാവ് വല്ലാതെ എരിക്കുന്നുണ്ടായിരുന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു സൌഹൃദാന്തരീക്ഷമാണ് അവിടെ കാണുവാന്‍ കഴിഞ്ഞത് .
ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.