അന്തേവാസികള്‍

Monday, April 5, 2010

ഉപേക്ഷിക്കപ്പെട്ട കഴുതയും കുരിശും ക്രിസ്തുവും

ഇന്ന് ലോകം മുഴുവനുമുള്ള ക്രൈസ്തവ ജനത ക്രിസ്തുവിന്റെ ഉയിര്‍പ്പ് മഹോത്സവം കൊണ്ടാടിയതിന്റെ ആലസ്യത്തില്‍ മതിമറന്ന് ഉറങ്ങുകയാണ് .തിന്മകള്‍ക്ക് മേലെ നന്മയുടെ ജയം ,മരണത്തിന്റെ കൊമ്പൊടിച്ച ധീരനായ യോദ്ധാവിന്റെ ജയം , ലോകപാപങ്ങള്‍ക്ക് വേണ്ടി യാഗമാക്കപ്പെട്ടവന്റെ പുനരുദ്ധാരണം എന്നീ നിലകളില്‍ എല്ലാം ഈ ദിവസത്തിന് പ്രാധാന്യമുണ്ട് .അതില്‍ ഉപരിയായി ക്രിസ്ത്യാനികളുടെ വലിയ പെരുനാള്‍ കൂടിയാണ് കടന്ന് പോയത് .

ഇന്ന് രാവിലെ ഗാല്‍ഗുത്താ മലമുകളിലെ കുരിശിലേക്കു ഞാന്‍ ഒരു യാത്ര നടത്തി .അതില്‍ കണ്ട ചില കാഴ്ചകള്‍ കുറിക്കുവാന്‍ വേണ്ടി ഞാന്‍ ആഗ്രഹിക്കുന്നു .ക്രിസ്തീയ ജീവിതത്തില്‍ ക്രൂശിന്റെ പ്രാധാന്യം എന്താണ് എന്ന് ചോദിച്ചാല്‍ ഒരു മാതിരി ആവതുള്ള ക്രിസ്ത്യാനികള്‍ എല്ലാം എന്നെ തല്ലാന്‍ വരും .ചിലര്‍ക്ക് കുരിശ് ഒരു പ്രതീകമാണ് .ജീവനുള്ള ക്രിസ്തു , ജീവനോടെ തന്നെ തൂക്കപ്പെട്ടത്‌ ആ മരത്തിന്റെ മുകളിലാണ് . ആ കുരിശ് ഏത് മരം കൊണ്ട്‌ നിര്‍മ്മിച്ചു എന്നതില്‍ പ്രാധാന്യം ആരും കല്പിക്കുന്നില്ല . പക്ഷേ അതൊരു മരക്കുരിശ് ആയിരുന്നു എന്നതില്‍ തര്‍ക്കമില്ല . ഇന്ന് പലര്ടെയും കഴുത്തിലും കാതിലും വാഹനത്തിലും ഭവനങ്ങളിലും പള്ളികളിലും കുരിശടികളിലും പലരീതിയിലുള്ള പല വലിപ്പത്തിലുള്ള പലതരം വസ്തുക്കള്‍ കൊണ്ട്‌ നിര്‍മ്മിച്ച കുരിശുകള്‍ കാണാം . എന്നാല്‍ കര്‍ത്താവായ യേശു ക്രിസ്തു , കാല്‍വരി മലമുകളിലേക്ക് വലിച്ചു കൊണ്ട്‌ പോയ , കര്‍ത്താവിന്റെ ഭാരം മൂന്നാണികളില്‍ താങ്ങി നിര്‍ത്തിയ , തിരു രക്തം ചീന്തിയ ,കൊടിയ വേദനയില്‍ ആയിരുന്നിട്ടും പില്‍ക്കാലത്ത് വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ട ഏഴു തിരുമൊഴികള്‍ കര്‍ത്താവ് പറഞ്ഞ ആ ഭാരമേറിയ കുരിശിനെ പറ്റി  അധികമാരും വ്യാകുലരല്ല .ആണിയില്‍ തൂങ്ങിയ ക്രിസ്തുവിനെ , കുരിശ് അടക്കം പടയാളികള്‍ ആഴത്തില്‍ ഉറപ്പിച്ചു .അതിന് ശേഷം അല്ലെങ്കില്‍ തിരുശരീരം മരത്തില്‍ നിന്നും എടുത്ത് മാറ്റിയതിനു ശേഷം ആ കുരിശിന് എന്ത് സംഭവിച്ചു ?അതും ആര്‍ക്കും അധികം അറിയില്ല .


ക്രിസ്തുവിന്റെ ക്രൂശ് മരണം വരെ  കുരിശു മരണം എന്നത് സമൂഹത്തിലെ ഏറ്റവും ഹീനമായ മരണം ആയിരുന്നു എങ്കില്‍ ക്രിസ്തുവിനു ശേഷം കുരിശ് പരിശുദ്ധമാക്കപ്പെട്ടു എന്നത് നമുക്കറിയാം .കാരണം കുരിശിന്റെ കേന്ദ്രം ക്രിസ്തുവായിരുന്നു എങ്കില്‍ , ക്രിസ്ത്യാനിയുടെ കേന്ദ്രം മരത്തില്‍ തൂങ്ങിയ ക്രിസ്തുവായിരുന്നു . പക്ഷേ മലമുകളില്‍ ആഴത്തില്‍ ഉറപ്പിച്ച ആ മര ക്കുരിശിനു പിന്നീട് എന്ത് സംഭവിച്ചു എന്ന് വിശുദ്ധ ബൈബിളില്‍ അധികം വിശദീകരിക്കുന്നില്ല .

ചോദ്യങ്ങള്‍ ചോദിക്കുവാനും ,ശരിയായ ഉത്തരങ്ങള്‍ ലഭിക്കും എന്ന ബോധ്യം ഇല്ലാത്ത ഒരവസ്ഥയോ റബ്ബികളോ സമൂഹത്തിലോ സഭയിലോ ഇല്ലാതെ വരുന്ന അവസരത്തില്‍ സ്വയം ചോദ്യം ചെയ്യപ്പെടലിലൂടെയും ശോധനകളിലൂടെയും ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം .ക്രിസ്തീയ വിശ്വാസം ഒരിക്കലും അന്ധമായ വിശ്വാസം ആയിരിക്കരുത് .ഒരോ ദിവസവും വിശ്വാസത്തിന്റെ അളവും തോതും ശോധനകള്‍ ചെയ്യപ്പെടണം .

യേശുവിന്റെ ജീവിതം തന്നെ ഉപമകളാലും പ്രതീകങ്ങളാലും ചോദ്യങ്ങളില്‍ കൂടിയും സമൃദ്ധമാണ് . തന്റെ ജീവിതത്തിലെ ഒരോ സംഭവങ്ങളും കടന്ന് പോകുന്നത് ഉപമകളില്‍ കൂടിയാണ് .എന്നാല്‍ ഉപമകള്‍ ഇല്ലാതെ തന്നെ മൂന്ന് കാര്യങ്ങള്‍ ലോകത്തിന് കാട്ടിക്കൊടുത്തതും പിന്നീട് ലോകത്താല്‍ ഉപേക്ഷിക്കപ്പെട്ടതും ക്രിസ്തുവിന്റെ പീഡാനുഭവ കാലം തുടങ്ങുന്ന യെരുശലേം യാത്രയില്‍ നിന്നാണ് .ഒന്ന് യേശു യെരുശലേം ദേവാലയത്തിലേക്ക് കടന്ന് പോയപ്പോള്‍ ഉപയോഗിച്ച വാഹനമൃഗമായ കഴുത , മറ്റൊന്ന് മലമുകളില്‍ നാട്ടിയ കുരിശും മുള്‍ക്കിരീടവും , അടുത്തതാണ് കുരിശില്‍ തന്നെത്തന്നെ യാഗമാക്കപ്പെട്ട ക്രിസ്തു .

യെരുശലേം ദേവാലയത്തിന്റെ വാതില്‍ പടികളില്‍ നിന്നും ഗാല്‍ഗുത്താ മലമുകളില്‍ കയറി ഇന്നത്തെ സഭകളില്‍ കൂടി ഒരു യാത്ര നടത്തിയാല്‍ ഈ മൂന്ന് കാര്യങ്ങളും ഉപേക്ഷിക്കപ്പെട്ട രീതിയില്‍ അവിടവിടെയായി ചിതറിക്കിടക്കുന്നത് കാണാം .

കുരുത്തോല പെരുന്നാളിന്റെ അന്ന് ക്രിസ്തു വാഹകനായി രാജകീയ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിയ കഴുതയെ പറ്റി ധാരാളം കഥകള്‍ പിന്നീട് വന്നിട്ടുണ്ട് .സ്വീകരണങ്ങളില്‍ സ്വയം മറന്നു പോയ കഴുത ,പിന്നീട് നാട്ടുകാരുടെ കയ്യില്‍ നിന്നും കുറുവടികള്‍ കൊണ്ടുള്ള പ്രഹരങ്ങളും കല്ലേറ് കളും കൊണ്ട്‌ യെരുശലേം പട്ടണത്തില്‍ നിന്നും ആട്ടിയോടിക്കുന്ന കഴുത .എന്നാല്‍ ഈ കഥ തിരുത്തുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് . യെരുശലേം ദേവാലയത്തില്‍ ക്രിസ്തുവിനെ കാത്ത്‌ നിന്ന കഴുത ,തന്റെ പുറത്തിരുന്ന സൌമ്യനായ യുവാവ് കയ്യില്‍ എന്തിയ ചാട്ടവാറ് കൊണ്ട്‌ ദേവാലയത്തിലെ കച്ചവടക്കാരെ പുറത്താക്കുന്ന കാഴ്ച കണ്ടു ഭയന്ന് നിലവിളിച്ചു .ദേവാലയത്തിന്റെ പുറത്തേക്ക് ഓടിപ്പോയ ആളുകളുടെ കൂടെ കഴുതയും നഗര മധ്യത്തില്‍ കൂടി നിലവിളിച്ചു കൊണ്ട്‌ ഓടി . പട്ടണ നടുവില്‍ പട്ടാപ്പകല്‍ കഴുതയെ കണ്ട ജനങ്ങള്‍ അതിനെ പട്ടണത്തില്‍ നിന്നും ഓടിച്ചു കളയുന്നു . കഴുതയ്ക്ക് തന്റെ തെറ്റ് കുറ്റങ്ങള്‍ മനസിലാകുകയും തിരികെ ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ അനുതാപ ഹൃദയത്തോടെ ദേവാലയത്തിലേക്ക് കടന്ന് ചെല്ലുകയും ചെയ്യുന്നുണ്ട് .എന്നാല്‍ ദേവാലയത്തില്‍ ക്രിസ്തുവിനെ കാണാതെ ഏറ്റവും ദുഖിച്ചു കൊണ്ട്‌ വീണ്ടും ഇരുളില്‍ മറയുന്നു .ഇന്നും ഈ ഇരുപതാം നൂറ്റാണ്ടിലും ഒരോ ദേവാലയത്തിന്റെ വാതില്‍ക്കലും ക്രിസ്തുവിനെ ഒരു നോക്ക് കാണുവാന്‍ , ക്രിസ്തുവിനെ തന്റെ യാത്രക്കാരന്‍ ആക്കുവാന്‍ കടന്ന് ചെല്ലുന്നുണ്ട് .എന്നാല്‍ അവിടെ എങ്ങും ക്രിസ്തുവിനെ കാണാതെ അതീവ ദുഖിതനായി മടങ്ങി പോകുന്ന കാഴ്ചയാണ് ഒരോ ദേവാലയത്തിന്റെ മുന്നിലും കാണുന്നത് .

ഉപേക്ഷിക്കപ്പെട്ട മറ്റൊന്നാണ് കുരിശ് . ക്രിസ്തുവിന്റെ വിയര്‍പ്പിന്റെ മണവും, രക്തത്തിന്റെ പാടുകളും ഉള്ള മരക്കുരിശ് എവിടെയാണ് ഉള്ളതെന്ന് ആര്‍ക്കും അറിയില്ല . ഞാന്‍ ഇതേ പറ്റി എന്‍റെ ഒരു അടുത്ത സുഹൃത്തും പള്ളിയിലെ പ്രമാണിയുമായ ഒരാളിനോടു ചോദിച്ചു .എനിക്ക് ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു ," കാപ്പിലെ ,വിഡ്ഢിത്തം പറയാതെ !!. ആര്‍ക്ക് വേണം ആ കുരിശ് ? അതാരെങ്കിലും തീയില്‍ ഇട്ട് കാണണം അല്ലെങ്കില്‍ ഏതെങ്കിലും പുഴയില്‍ ഒഴുക്കിയിട്ടുണ്ടാകണം .അധികാരത്തിന്റെ ധണ്ടും കസേരയും അല്ലാതെ കുരിശുകള്‍ നോക്കുവാനും കാണുവാനും ആര്‍ക്ക് സമയം .ശരിയാണ് .സമയമില്ലാത്ത ഒരു ലോകത്തിലൂടെ പായുകയാണ് ലോകം . ഇവിടെ ഒരു തിരിഞ്ഞ് നോട്ടം ആവശ്യമല്ലേ ? അതിന് ശേഷമാണ് ഇന്റര്‍നെറ്റ്‌ എന്ന മഹാ മാന്ത്രിക വലയത്തില്‍ ആ പഴയ കുരിശിനെ തേടി ഞാന്‍ പോയത് .അവിടെയും ആ പഴയ കുരിശിനെ പറ്റിയുള്ള കഥകള്‍ അവ്യക്തതകള്‍ നിറഞ്ഞതാണ്‌ . ക്രിസ്തുവിന്റെ സ്വര്‍ഗാരോഹണത്തിനു ശേഷം മൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഹെലെന എന്ന രാജ്ഞി ആ മൂന്ന് കുരിശുകള്‍ കണ്ടെടുത്തയായി ഒരിടത്ത് പറയുമ്പോള്‍ , മറ്റൊരിടത്ത് ഈജിപ്റ്റിലെ ഒരു പിരമിഡിന്റെ രഹസ്യ അറയ്ക്കുള്ളില്‍ ക്രൂശും ക്രൂശികരണ ത്തിനുപയോഗിച്ച മറ്റ് സാധനങ്ങളും സൂക്ഷിച്ചിട്ടുണ്ട് എന്ന് പറയുന്നു . എന്നാല്‍ അതിലെക്കെത്താനുള്ള വഴി ആ രഹസ്യ സംഘടനക്കുള്ളില്‍ ഉള്ള ആളുകള്‍ അല്ലാതെ മറ്റാര്‍ക്കും അറിയില്ല .മറ്റൊരിടത്ത് ജര്‍മ്മനിയിലെ ഒരു കത്തീട്രലിന്റെ ഉള്ളില്‍ കുരിശിന്റെ അംശങ്ങള്‍ സൂക്ഷിച്ചിട്ടുള്ളതായി പറയുന്നു . ഈ കഥകള്‍ ഒന്നും തന്നെ വിശ്വാസ യോഗ്യമായി തീരുന്നില്ല . മൂന്ന് നൂറ്റാണ്ടുകളോളം ഗാല്‍ഗുത്താ മലമുകളില്‍ ക്രിസ്തുവിന്റെ കുരിശ് കേടുപാടുകള്‍ ഇല്ലാതെ ഇരിക്കുവാന്‍ ആ മരത്തിന് എന്തെങ്കിലും ദിവ്യത്വം ഉള്ളതായി അറിവില്ല . ക്രിസ്തുവിന്റെ ക്രൂശു മരണത്തിന് ശേഷവും അവിടെ ആളുകളെ കഴുവില്‍ ഏറ്റിയിട്ടുണ്ടാകും . പല പല കുരിശുകള്‍ ആ മലമുകളില്‍ വീണ്ടും ഉയര്‍ത്തിയിട്ടുണ്ടാകാം .അതില്‍ നിന്നും എങ്ങനെ ക്രിസ്തുവിന്റെ കുരിശ് വ്യത്യസ്തമായിരിക്കുന്നു ? എങ്ങനെ അത് തിരിച്ചറിയും .

കുരിശിന്റെ ചരിത്രത്തില്‍ കൂടി പോയാല്‍ ,ക്രിസ്തുവിനു ശേഷമുള്ള ആദ്യ നൂറ്റാണ്ട് മുതല്‍ , ഇങ്ങ് കേരളത്തിലെ തോമാശ്ലീഹ സ്ഥാപിച്ച നസ്രാണി ക്രിസ്ത്യാനികള്‍ വരെയുള്ളവര്‍ക്ക് വ്യത്യസ്തങ്ങളായ കുരിശുകള്‍ ഉള്ളതായി കാണാം .നൂറ്റാണ്ടുകളില്‍ കൂടി കയറി ഇറങ്ങി കുരിശുകള്‍ക്ക് രൂപ വ്യതിയാനങ്ങള് പലതും സംഭവിച്ചിട്ടുണ്ട് .നമ്മള്‍ ഇന്ന് കാണുന്ന കുരിശ്  ആയിരിക്കില്ല ക്രിസ്തുവിന്റെ കുരിശ് . ക്രിസ്തുവിന്റെ വസ്ത്രം ചീട്ടിട്ടു കീറി , വിഭാഗിച്ചു ഒരോ സഭാ നേതാക്കളും വിവിധ വര്‍ണ്ണങ്ങളിലുള്ള തിരുവസ്തങ്ങള്‍ ഉണ്ടാക്കി . കര്‍ത്താവിന്റെ മുള്‍ മുടികള്‍ക്കു പകരം രക്ത്ന ഖചിതങ്ങലായ തലപ്പാവുകള്‍ ധരിച്ച് ആടുകളെ മേയിക്കുന്ന കള്ള ആട്ടിടയര്‍ ഉണ്ടായി . ക്രിസ്തുവില്ലാത്ത, ക്രിസ്തുവിന്റെ അല്ലാത്ത കുരിശുകള്‍ , ദേവാലയങ്ങള്‍ പലസ്ഥലങ്ങളിലും നിര്‍മ്മിക്കപ്പെട്ടു .ക്രിസ്തുവിനെ തേടി , ഒരല്പം സമാധാനത്തിനു വേണ്ടി കഴുതകളായ ജനങ്ങള്‍ ദേവാലയങ്ങള്‍ തോറും അലയുന്നു . ഇതാണ് ഇന്നത്തെ ക്രൈസ്തവ സമൂഹം .

പെരുന്നാളുകളും ആഘോഷങ്ങളും ഒരോ വര്‍ഷവും മുടക്കം കൂടാതെ നടക്കുമ്പോഴും , ക്രിസ്ത്യാനികള്‍ സമൂഹത്തില്‍ പരിഹസിക്കപ്പെടുന്നതിനുള്ള , തിരസ്കരിക്കപ്പെടുന്നതിനുള്ള കാരണം മറ്റൊന്നുമല്ല , ഈ ആഘോഷങ്ങളിലോ ദേവാലയങ്ങളിലോ ക്രിസ്തുവിന്റെ സാമിപ്യം അല്പം പോലും ആര്‍ക്കും അനുഭവപ്പെടാതെ എല്ലാം പ്രഹസനങ്ങള്‍ ആയി മാറിയിരിക്കുന്നു . ക്രിസ്തുവിന്റെ പേരില്‍ നടത്തപ്പെടുന്ന ആചാരങ്ങളും അനുഷ്ടാനങ്ങളും വാണിജ്യവല്ക്കരിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ നാളുകള്‍ പോയാല്‍ അധികം താമസിക്കാതെ തന്നെ ക്രിസ്തുമതം തന്നെ ലോകത്തിന് മുന്നില്‍ അപഹാസ്യമായി മാറും .

മലമുകളില് ഉപേക്ഷിക്കപ്പെട്ട ക്രിസ്തു യാതനകള്‍ അനുഭവിക്കുമ്പോള്‍ , താഴെ താഴ്വാരങ്ങളില്‍
അധികാരത്തിന്റെ , സുഖലോലുപതയുടെ മടിത്തട്ടില്‍ ഉറങ്ങുകയാണ് ഇന്നത്തെ ക്രൈസ്തവര്‍. പള്ളിയിലെ കണക്കന്‍ മുതല്‍ മുകള്‍ത്തട്ടിലെ മെത്രാന്മാര്‍ വരെ ഇവക്കു രണ്ടിലും പിന്നാലെ ഓടുന്ന കാഴ്ചയാണ് അന്നും ഇന്നും കാണാവുന്ന കാഴ്ച . ഇവയ്ക്കൊരു പരിഹാരം എന്താണ് ? ഉപേക്ഷിക്കപ്പെട്ട കഴുതകളായ ക്രിസ്തുവില്ലാത്ത ഇന്നത്തെ ആരാധനാലയങ്ങളും , കുരിശുകളും വിട്ട് കാല്‍വറി മലമുകളിലേക്ക് ഒരിക്കല്‍ കൂടി കടന്ന് ചെല്ലാം , ക്രിസ്തുവിന്റെ യഥാര്‍ത്ഥ കുരിശും , മുള്‍ക്കിരീടവും ആ മലമുകളില്‍ ഇന്നും നമുക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും എന്നാണ് എന്‍റെ മനസ് പറയുന്നത് . ക്രിസ്തുവിന്റെ യഥാര്‍ത്ഥ കുരിശു കണ്ടെത്തുന്ന അന്വഷകരാകാം . ആ ക്രൂശിന്റെ വാഹകരായി നമുക്ക് മലമുകളില്‍ നിന്നും താഴേക്ക് വരാം . ഉപേക്ഷിക്കപ്പെട്ട കൃസ്തുവിനെയും കുരിശിനെയും ഒരിക്കല്‍ക്കൂടി നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കാം അതിന് ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ .

4 അഭിപ്രായ(ങ്ങള്‍):

കൊട്ടോട്ടിക്കാരന്‍... said...

ഈസ്റ്റര്‍ ആശംസകള്‍...

Sapna Anu B.George said...

Happy Easter

RENNI'S VISION said...

കാപ്പിലാന്‍ മാഷേ ,
ഒരു നല്ല ചിന്ത ആണ് തന്നത് . 41 വര്ഷം ഞാന്‍ പ്രസംഗങ്ങള്‍ കേട്ടിട്ടും, പ്രസങ്ങിച്ചിട്ടും ഇങ്ങനെ ഒരു ചിന്ത വന്നില്ല എന്നത് സത്യം തന്നെ.
എന്തായാലും ഒന്ന് ചിന്തിക്കേണ്ടത് തന്നെ ആണ്..ആ കുരിശെവിടെ?????

പാവപ്പെട്ടവന്‍ said...

പെരുന്നാളുകളും ആഘോഷങ്ങളും ഒരോ വര്‍ഷവും മുടക്കം കൂടാതെ നടക്കുമ്പോഴും , ക്രിസ്ത്യാനികള്‍ സമൂഹത്തില്‍ പരിഹസിക്കപ്പെടുന്നതിനുള്ള , തിരസ്കരിക്കപ്പെടുന്നതിനുള്ള കാരണം മറ്റൊന്നുമല്ല , ഈ ആഘോഷങ്ങളിലോ ദേവാലയങ്ങളിലോ ക്രിസ്തുവിന്റെ സാമിപ്യം അല്പം പോലും ആര്‍ക്കും അനുഭവപ്പെടാതെ എല്ലാം പ്രഹസനങ്ങള്‍ ആയി മാറിയിരിക്കുന്നു
പ്രിയപ്പെട്ട ദൈവമേ.... ഈ കുഞ്ഞാടിനോടു പൊറുക്കണമേ ...
കാപ്പു വളരെ ഒചിതമായ ഒരു പോസ്റ്റു
ഈസ്റ്റര്‍ ആശംസകള്‍

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Loading...
Powered by Blogger.