അന്തേവാസികള്‍

Tuesday, March 31, 2009

ഏപ്രില്‍ ഫൂള്‍എല്ലാ ബൂലോകര്‍ക്കും ആശ്രമത്തിന്റെ വിഡ്ഢി ദിനാശംസകള്‍

കാപ്പിലാനന്ത സ്വാമികളുടെ അറിയിപ്പ്.

തോന്ന്യാശ്രമത്തില്‍ നിന്നും കാപ്പിലാനന്ത സ്വാമികള്‍ അറിയിക്കുന്ന ചരമ അറിയിപ്പ്.ആശ്രമ വാസികളെ,

നമ്മുടെ കല്ലുവാതുക്കല്‍ തോന്ന്യാശ്രമത്തിലെ അന്തേവാസിയും ,ആശ്രമത്തിലെ അബ്കാരി വകുപ്പിന്റെ മുഖ്യ കര്‍മ്മിയുമായ, തിരു. കല്ലുവാതുക്കല്‍ അമറുന്നീസ്സ സ്വാമിനി തിരുവടിയായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. തിരു കാപ്പില്‍ സ്വാമികളും അങ്ങേ അറ്റം വ്യസനിച്ചു അട്ടഹസിച്ചു കരയുന്നു. അവര്‍ തോന്ന്യശ്രമത്തിനു നല്‍കിയ സംഭാവനകളെയോര്‍ത്തു സ്വാമികള്‍ അയവിറക്കുന്നതായും ആശ്രമത്തില്‍ നിന്നും അറിയിക്കുന്നു.


തിരുവടിയായ സ്വാമിനിയെ ക്കുറിച്ച് കാപ്പിലാനന്ത സ്വാമികള്‍ കോപ്പിയടിച്ചു തയ്യാറാക്കിയ ഓര്‍മ്മക്കുറിപ്പ്!സ്വാമിനിയെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ എനിക്ക് ദേഹമാകെ കൊരിത്തരിക്കുകയാണ്, തല പെരുക്കുകയാണ്, മൊത്തത്തില്‍ കിറുങ്ങുകയാണ്.നിങ്ങള്‍ക്കൊര്‍മ്മയില്ലേ നമ്മുടെ ആശ്രമത്തില്‍ നമ്മള്‍ പൂജക്കായി സ്വാമിനിയുടെ നേതൃത്വത്തില്‍ സൂക്ഷിച്ചു വെച്ച സോമപാനം, വെറും സ്പിരിറ്റാണെന്നു കള്ളക്കേസുണ്ടാക്കി സ്വാമിനിയെയും തിരു എന്നെയും പോലീസ് പൊക്കിയതും ഉരുട്ടിയതും, ഇന്നും സ്വാമികള്‍ സ്ഥിരം സ്വപ്നം കണ്ടു പേടിച്ചു എഴുന്നേല്‍ക്കുന്ന കാര്യം നിങ്ങള്‍ മറന്നിട്ടുണ്ടാകില്ല എന്ന് കരുതട്ടെ. പോലീസുകാര്‍ക്കെന്താ തോന്ന്യാശ്രമത്തില്‍ കാര്യം എന്ന് ഇടിയും ചവിട്ടും ദക്ഷിണയായി സ്വീകരിക്കുമ്പോഴും സ്വാമികള്‍ അലറിക്കരഞ്ഞു ചോദിച്ചില്ലേ? ഒരു ആശ്രമ വാസിയും അന്ന് സ്വാമികളുടെ തിരു മോങ്ങല്‍ കേട്ടില്ല!എന്നിട്ടും കാപ്പിലാന്ത സ്വാമികളായ നാം പിടിച്ചു നിന്നില്ലേ?


സത്യം പറഞ്ഞാല്‍ ഈ സ്വാമിനി ഇല്ലായിരുന്നെങ്കില്‍ നമുക്ക് ഇത്രയും ആശ്രമ വാസികളെ കിട്ടുമായിരുന്നോ? കാര്യം അന്ന് പൂജയ്ക്ക് ശേഷം സോമരസം നുകര്‍ന്ന ചില ആക്രാന്ത ഭക്തന്മാര്‍ തിരുവടികളായെങ്കിലും, ആര്യനും, പ്രയാനും,ഹരീഷും, രഘുനാഥനും പാവപ്പെട്ടവനുമൊക്കെയായ ആശ്രമവാസികള്‍ ഇപ്പോഴും ജീവിച്ചിരിപ്പില്ലേ? കാപ്പിലാന്റെ കണ്ണിന്റെ വോള്‍ട്ടെജു പോയതും അതിനു ശേഷം മങ്ങിയ കാഴ്ചകല്‍ കണ്ടു മടുത്ത കാപ്പിലാന്‍ കണ്ണടകള്‍ വെച്ചതും നോം മറക്കുന്നില്ല. അവരുടെ സേവനങ്ങളെ ഓര്‍ക്കുമ്പോള്‍ എന്ത് മാത്രം യുവ സന്യാസിമാരെയാണ് അവര്‍ ആശ്രമത്തിലേക്കു ആകര്‍ഷിച്ചതെന്ന് ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കട്ടെ! അവരുടെ പേരില്‍ മാത്രം മാര്‍ക്കെറ്റു ചെയ്യപ്പെട്ട് അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ച നമ്മുടെ കല്ലുവാതുക്കല്‍ തോന്ന്യാശ്രമത്തില്‍ വെച്ച് അവരുടെ സ്വര്‍ഗ്ഗാരോഹണത്തിനു വേണ്ടി പ്രത്യേക പൂജ നടത്തുന്നതായിരിക്കും എന്ന് എല്ലാ ആശ്രമാവാസികളെയും ഇതോടൊപ്പം അറിയിക്കുന്നു. പൂജാനന്തരം സോമപാനം സമൃദ്ധമായി ഉണ്ടാകുമെന്നും അറിയിക്കുന്നു. സ്വാമിനിയുടെ പേരില്‍ ഒരു റോളിംഗ് റോഫി ഏറ്റവും നല്ല കപ്പാസിറ്റിയുള്ള തിരുശ്രേഷ്ട്ട കുടിയന്‍ അശ്രമാവാസിക്ക് നല്‍കാനും കാപ്പിലാനന്ത സ്വാമികള്‍ തീരുമാനിച്ചതായും അറിയിക്കുന്നു.

ആശ്രമത്തില്‍ പുലിലോക സഭാ ഇലക്ഷന്‍ അനുബന്ധിച്ച് കേരളത്തില്‍ പുലി ഇറങ്ങിയതിന് തൊട്ടു പിന്നാലെ ബൂലോക തിരഞ്ഞെടുപ്പ് നടക്കുന്ന ആശ്രമത്തിലും പുലി ഇറങ്ങി . ആറരയടിയില്‍ കൂടുതല്‍ പൊക്കമുള്ള ഈ കൊടുംഭീകരനെ കണ്ടാല്‍ ഉടനെ വെടി വെയ്ക്കുവാന്‍ ഷാപ്പന്നൂര്‍ പോലീസ് ഉത്തരവിറക്കി .അധോലോക ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഈ പുലിയെ ആരെങ്കിലും കാണുന്നെങ്കില്‍ ദയവായി അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണം . ഇന്നലെ രാത്രി ഷാപ്പന്നൂര്‍ കവലയിലാണ് ഈ പുലിയെ കണ്ടത് . ഷാപ്പില്‍ നിറയെ കുടിയന്മാര്‍ ഉണ്ടായിരുന്നെങ്കിലും അവരെ തോക്ക് കാട്ടി ഭീക്ഷണിപ്പെടുത്തി അവിടെ നിന്നും രണ്ടരകുപ്പി മൂലവെട്ടിയും തട്ടി അടുത്തുള്ള കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു .

കാപ്പൂ എക്സ്പ്രസ് ഇന്ത്യയിലെ അതിര്‍ത്തിയില്‍ വന്നതിന് തൊട്ടു പിന്നാലെ ആശ്രമത്തില്‍ പ്രത്യഷപ്പെട്ട ഈ പുലിയില്‍ മറ്റു പല ദുരൂഹതകളും ആരോപിക്കപ്പെടുന്നു . കൂടുതല്‍ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുക .

Monday, March 30, 2009

തോന്ന്യാശ്രമത്തിലെ ഒരു പ്രഭാതം

ഉദയ സൂര്യന്റെ ശോഭയില്‍ കുളിച്ചു നില്‍ക്കുന്ന തോന്ന്യാശ്രമത്തിന്റെ പൂമുഖം.കോപ്പിലാനന്ദസ്വാമി പുലിത്തോലില്‍ ചമ്രംപടിഞ്ഞിരിക്കുന്നുമുന്നില്‍ പ്ലേറ്റില്‍ അട്ടിയായി ദോശ.കൂടെ ചാണക്യന്‍ അടിച്ചെടുത്ത വാഴക്കോടന്റെ തേങ്ങ കൊണ്ടരച്ച ചമ്മന്തി.
സ്വാമി: കാപ്പി‍ത്സാ.... തോന്ന്യാസിയെ ഒന്നൊണര്‍ത്തിയേ.ഉദയസൂര്യന്‍ ഉച്ചീലെത്തീട്ടും പോത്തുപോലെ ഒറങ്ങ്വാ... അശ്രീകരം.കാപ്പിലാന്‍ അമ്പും വില്ലും എടുത്ത് തോന്ന്യാസിയെ ഉന്നം വെച്ച് അമ്പ് വിടുന്നു. ഞെട്ടിയുണര്‍ന്ന തോന്ന്യാസി അമ്പ്കൊണ്ടയിടം ഒന്നു മാന്തിയിട്ട് തിരിഞ്ഞുകിടന്നുറങ്ങുന്നു.

 
ചാണക്യന്റെ കൊലച്ചിരി ..ഹി...ഹി..ഹീ.......

സ്വാമി: നാസ് മോളെവിടെ? നാസൂട്ടി ചൂലെടുത്ത് മുറ്റമൊന്നടിച്ചേ....ഉദയസൂര്യന്‍ വന്നത് കണ്ടില്ലേ.......നാസ് കറുത്ത മുഖവുമായി വന്ന് ചൂലെടുത്ത് പൊടി പറത്തുന്നു.
നാസ്: ഇതാരാ വള്ളിപൊട്ട്യ ചെരിപ്പ് ഇവിടെക്കൊണ്ടിട്ടിരിക്കണത്.....കാട്ടിലേക്ക് വലിച്ചെറിയുന്നു. ബോണ്‍സ് ഓടി വന്ന് 'എന്റെ ചിഹ്നം'എന്ന് പറഞ്ഞ് ചെരുപ്പ് ക്യാച്ച് ചെയ്യുന്നു.

 
സ്വാമി അകത്തേക്ക് നോക്കി :"ഒരു ദോശ കൂടി".....

"മാവ് കഴിഞ്ഞു" ഗീതാകിനിയുടെ ശബ്ദം.എല്ലാവരും ദയനീയമായി മുഖത്തൊട്മുഖം നോക്കി വിശക്കുന്ന വയര്‍ തലോടുന്നു.

സ്വാമി:പാമുവെ നീ ചൊറിം കുത്തിയിരിക്കാതെ ആശ്രമത്തിന് ചുറ്റുമുള്ള പൊന്തക്കാടൊക്കെ വാള്വെച്ച് വൃത്തിയാക്കിയേ..അതിനല്ലെ നിനക്ക് ഞാന്‍ വാള് തന്നത്."..... "മനുഷ്യന് ഇവിടെ വെശന്ന്ട്ട് വയ്യ" എന്നു പറഞ്ഞ് പാമു സ്ഥലം വിടുന്നു.
ഗീതാകിനി:കാപ്പിത്സാ...."ഉച്ചക്കലെക്ക് വല്ലതും തപ്പിക്കൊണ്ട് വാ. സ്വാമിക്കെന്തെങ്കിലും വെച്ച് കൊടുക്കണ്ടെ.......വല്ല കോഴിയോ കാക്കയോ..... "

രഘുനാഥന്‍ ഓടി വരുന്നു."സ്വാമിനി.....അങ്ങോര് അമ്പെയ്താ കൊള്ളില്ല .ഞാന്‍ വെടിവെച്ച് പിടിച്ച് തരാം."
സ്വാമിനി:"ശരി, പക്ഷെ ശബ്ദമില്ലാതെ വെടിവെക്കണം. മേനകാഗാന്ധി കേള്‍ക്കണ്ട എലക്ഷന്‍സമയാണ്. "

"സ്വാമീ..സ്വാമീ....."വാഴക്കോടന്‍ ഓടി വരുന്നു."എന്റെ കെട്ടി വെച്ച തേങ്ങാക്കൊലയില്‍ ഒരു തേങ്ങ മിസ്സിങ്...."സ്വാമി ചമ്മന്തി ഒളിപ്പിക്കുന്നു."അതാ പൊന്തക്കാട്ടിലേക്ക് ഉരുണ്ട് പോണത് കണ്ടു".
ചാണക്യന്റെ ചിരി...ഹി...ഹി...ഹി...

ഹരീഷ് ക്യാമറയും കൊണ്ട് വരുന്നു."സ്വാമി ഒരു പോട്ടം പിടിക്കണം ....മനോരമ ചോദിച്ചിട്ടാ.""കൊട്ക്കണ്ട സ്വ്വാമി.....അതവന് ബ്ലോഗിലിടാനാ"....കനലിന്റെ പാര. ഉറക്കത്തീന്ന് തോന്ന്യാസി . മനോരമേതാ...പുതിയ പീസാ....
പ്രയാന്‍ കടന്നു വരുന്നു."സ്വാമി എന്റെ ചിഹ്നം മാറ്റണം."

സ്വാമി:"അതിനൊക്കെ പണച്ചെലവാ ...നോട്ടിസടിച്ച് പോയി.എന്ത് ഭംഗ്യാ ഉദയസൂര്യന്‍..."
പ്രയാന്‍ ജയന്‍ സ്റ്റൈലില്‍......" ഒരുലക്ക കിട്ടിയിരുന്നെങ്കില്‍....."എന്നുപറഞ്ഞ് നടന്ന് പോകുന്നു.

സ്വാമി:"കാപ്പിത്സാ ബക്കറ്റ് പിരിവിന്റെ കണക്കെല്ലാം ആശ്രമത്തില്‍ ബോധിപ്പിച്ചില്ലെ?"
കാപ്പിലാന്‍ : "ബക്കറ്റ് ഓട്ടയായിരുന്നു സ്വാമി."

വീണ്ടും ചാണക്യന്റെ ചിരി ഹി..ഹി.കാപ്പിലാന്‍ കണ്ണു കാണിച്ച് നിര്‍ത്തുന്നു.
ഒരു പശുവിന്റെ അമറല്‍.ഗീതാകിനി:"ആരെങ്കിലും പയ്യിനിത്തിരി വൈക്കോല്‍ കൊടുത്തെ."കനല്‍:" വൈക്കോല്‍ കഴിഞ്ഞു."

സ്വാമി : ആചാര്യന്റെ തുറുവിന്നെടുത്ത് കൊടുക്ക്... ആരും അറിയാന്‍ പോണില്ല. അല്ലെങ്കിലെ അതോട്ടയാ...
പെട്ടന്ന് സ്വാമി വയര്‍ അമര്‍ത്തിപിടിച്ച് ങീ....ങീ...ന്ന് കരയുന്നു.എല്ലാവരും ഓടി വരുന്നു.

സ്വാമി: " ജെയിംസ് ഡോക്ടറെവിടെ... ഇലക്ഷന്‍ കമ്മിഷണറാന്ന് പറഞ്ഞ് ഒരു വയറ്വേദനയെടുത്താ മരുന്ന് തരാനാളില്ല. നാസൂട്ടി എവിടെ പോയി..."
ആരോ:"നാസ് രോഗികളെ നോക്കന്‍ പോയി"എല്ലാവരും ഡോക്ടരെ വിളിക്കാന്‍ ഓടുന്നു.

മാണിമുത്തശ്ശി വടിയും കുത്തി വരുന്നു."ഇങ്ങനെ തിന്നണ്ടാന്ന് പറഞ്ഞാ കേക്കില്ല.അനുഭവിച്ചൊ...അനുഭവിച്ചൊ....
ചാണക്യന്റെ ചിരി...

ആമ്പുലന്‍സിന്റെ കരച്ചില്‍.....
പശുവിന്റെ അമറല്‍.....

ഫെയ്ഡാവുന്ന വെളിച്ചം.......

Sunday, March 29, 2009

കാപ്പൂഎക്സ്പ്രസ് ഭാരതത്തിലേക്ക്

ബൂലോക തിരഞ്ഞെടുപ്പിനോട്  അനുബന്ധിച്ച് ,അമേരിക്കയിലെ തോന്ന്യാശ്രമത്തില്‍ നിന്നും പുറപ്പെട്ട കാപ്പിലാന്‍ മുന്നണിയുടെ പ്രചാരണ ജാഥ എതിരാളികളുടെ എതിര്‍പ്പുകളെ , മുടന്തന്‍ ന്യായങ്ങളെ വകവെയ്ക്കാതെ ഭൂഖണ്ഡങ്ങള്‍ പിന്നിട്ട്‌ഭാരതത്തിന്റെ   പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു  .
ഈ യാത്ര തുടങ്ങുമ്പോള്‍ പലരും ഞങ്ങളോട് ചോദിച്ചു " എങ്ങനെയാണ് ഒരു ട്രെയിനില്‍ രാജ്യങ്ങള്‍ പിന്നിടുക എന്ന് " . അതിനുള്ള ഉത്തരമായി ഇതാ ഞങ്ങള്‍ ഭാരതത്തിലേക്ക് കടക്കാന്‍ പോകുന്നു .
ഗള്‍ഫിന്റെ പ്രദേശങ്ങളില്‍ നിന്നും കിട്ടിയ ആവേശ്വോജ്വലമായ സ്വീകരണങ്ങള്‍ക്കുള്ള നന്ദി ഈ സമയം അറിയിക്കട്ടെ  . ഞങ്ങളോടൊപ്പം പലരും ഈ ട്രെയിനില്‍ അവിടെ നിന്നും കയറിക്കഴിഞ്ഞു .ഇനി ഭാരതത്തിന്റെ മണ്ണില്‍ പലരും ഞങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നു
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചുകൊണ്ട് ഒരു വന്‍ ജനാവലി തന്നെ ഞങ്ങളുടെ വരവിനായി അതിര്‍ത്തിയില്‍ കാത്ത് നിന്നത് ഞങ്ങളുടെ കണ്ണുകളെ ആനന്ദാശ്രുക്കള്‍ അണിയിച്ചു . ആവേശത്താല്‍ ഞങ്ങള്‍ ഒരുമിച്ചാര്‍ത്തു വിളിച്ചു " ഭാരത്‌ മാതാ കീ ജയ് ".
ഇപ്പോള്‍ ഭാരതമാകെ ലോക സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ലഹരിയിലാണ് .ഇതാ ഞങ്ങളും നിങ്ങള്‍ക്കൊപ്പം ചേരുകയായി.ഒന്നും കൂടി നമുക്കൊരുമിച്ചു വിളിക്കാം .

ഭാരത്‌ മാതാ കീ ജയ് ,
തോന്ന്യാശ്രമം കീ ജയ് ,
ബൂലോക തിരഞ്ഞെടുപ്പ് കീ ജയ് .

Saturday, March 28, 2009

വോട്ടര്‍മാരോട് വാഴക്കോടന്‍ നടത്തുന്ന അഭ്യര്‍ത്ഥന!

"തേങ്ങാക്കൊല" അടയാളത്തില്‍ മല്‍സരിക്കുന്ന വാഴക്കോടന്‍, ആശ്രമ വാസികള്‍ മുന്‍പാകെ വെക്കുന്ന അഭ്യര്‍ത്ഥന.


പ്രിയമുള്ള ആശ്രമ വാസികളെ,വോട്ടര്‍മാരെ!

"തേങ്ങാക്കൊല" ചിഹ്നത്തില്‍ തൃശ്ശൂര്‍ ലോക സഭാ മണ്ഡലത്തില്‍ നിന്നും വാഴക്കോടന്‍ എന്നാ ഞാന്‍ മത്സരിക്കുന്ന വിവരം, ഇതിനോടകം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ.വളരെ വൈകിയാണ് ഞാനീ തിരഞ്ഞെടുപ്പിന്റെ തീ ചൂളയിലേക്ക്‌ എടുത്തു ചാടിയത്‌. തിരഞ്ഞെടുപ്പില്‍ മറ്റുള്ളവരെല്ലാം അതിവേഗം ബഹുദൂരം മുന്നേറിയപ്പോള്‍, എന്ത് കൊണ്ട് എനിക്ക് മുന്നേറാന്‍ കഴിഞ്ഞില്ല എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. ഒരു സ്ഥാനാര്‍ത്തി എന്ന നിലയില്‍ അത് നിങ്ങളെ അറിയിക്കേണ്ട കടമ ഉള്ളത് കൊണ്ടും, എന്റെ ജീവിതം തുറന്നു വെച്ച ഒരു ബ്ലോഗ് പോലെ ആയതു കൊണ്ടും ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നു.

എനിക്കൊര്‍മ്മയുണ്ടോ എന്ന് നിങ്ങള്‍ക്കറിയില്ല എന്റെ പേരില്‍ നിരവധി കള്ളക്കേസുകള്‍ ഉണ്ടായിരുന്നതിന് ജാമ്യം എടുക്കാന്‍ സകലമാന കോടതികളിലും കയറിയിറങ്ങി ജാമ്യം എടുക്കുകയായിരുന്നു നിങ്ങളുടെ ഈ കണ്ണിലുണ്ണി.

നിങ്ങള്‍ക്കറിയാമോ മത്സര രംഗത്തുള്ള പല സ്ഥാനാര്‍ത്തികളും ഈ കേസുകളൊക്കെ ഒളിപ്പിച്ചു വെച്ചാണ് മത്സരിക്കുന്നതെന്ന ഒരു കടുത്ത ആരോപണം ഈ അവസരത്തില്‍ ഞാന്‍ ഉന്നയിക്കുകയാണ്. വോട്ടര്‍സ് ലിസ്റ്റില്‍ പേരില്ലാത്ത ഒരു സ്ഥാനാര്‍ത്തിയും മത്സരിക്കുന്നതായി എനിക്കറിയാം, ഇത് കമ്മീഷന്‍ വാങ്ങി മനപ്പൂര്‍വ്വം ഇലക്ഷന്‍ കമ്മീഷന്‍ മറച്ചു വെക്കുകയാണ് എന്നും ഞാന്‍ ആരോപിക്കുന്നു.

എന്താണ് നമ്മളീ തിരഞ്ഞെടുപ്പിലൂടെ ലക്‌ഷ്യം വെക്കുന്നത്? അഴിമതി രഹിതമായ ഒരു ആശ്രമ ഭരണം കാഴ്ച വെക്കാന്‍ കാപ്പിലാനന്ത സ്വാമികളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ബൂസ്ടും ഹോര്‍ലിക്സും കുടിച്ചത് കൊണ്ടായില്ല!നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ തന്നെ വേണം. എന്താണ് തോന്യാശ്രമത്തിലെ ഇന്നത്തെ അവസ്ഥ? അത് സുരക്ഷിതമാണോ? എന്ത് കൊണ്ട് ഒരു സുരക്ഷാ കരാറില്‍ ആരും ഒപ്പ് വെക്കുന്നില്ല! വോട്ടര്‍മാരായ നിങ്ങളൊന്നു ആലോചിച്ചു നോക്കൂ, നിങ്ങളുടെ മുമ്പിലുമില്ലേ നീറുന്ന പ്രശ്നങ്ങള്‍!

നിങ്ങള്‍ക്കിന്നു ജോലിസ്തലത്തിരുന്നു മാന്യമായി ബ്ലോഗ്ഗാന്‍ കഴിയുന്നുണ്ടോ?

സ്ത്രീ ബ്ലോഗ്ഗര്‍മാരെപ്പോലെ കമ്മന്റുകള്‍ പുരുഷ ബ്ലോഗ്ഗര്‍മാര്‍ക്ക് കിട്ടുന്നുണ്ടോ?
എവിടെയാണ് ഈ ധര്മ്മച്യുതി സംഭവിച്ചത്?
സ്ത്രീകള്‍ക്ക് മുന്നില്‍ മുഴച്ചു നില്ക്കുന്ന ബ്ലോഗ്ഗ് പ്രശ്നങ്ങള്‍ക്ക് ഇനിയും ഒരു പരിഹാരം വേണ്ടേ?

ബ്ലോഗ്ഗുകളില്‍ നിന്നും പോസ്റ്റുകള്‍ അടിച്ച് മാറ്റുന്ന എത്രയോ നികൃഷ്ട്ട ജീവികള്‍ ഈ ഭൂലോകത്ത് സസുഖം വിരാജിക്കുന്നു! അവരെ നമുക്കു പുതിയ ലെസ്സെന്‍സ് പടിപ്പിക്കെണ്ടേ, ചിന്തിക്കുക!.
 ഇതിനെല്ലാം ഒരു മാറ്റത്തിന് വേണ്ടി വാഴക്കൊടനെ "തേങ്ങാക്കൊല" അടയാളത്തില്‍ നിങ്ങള്‍ വോട്ടുകള്‍ ചെയ്തു വിജയിപ്പിക്കണം എന്ന് അളിയന്‍ കുവൈറ്റിന്നു വരാത്തത് കൊണ്ട് ഞാന്‍ തന്നെ അഭ്യര്‍ത്തിക്കുന്നു. നിങ്ങളുടെ ഓരോ വോട്ടും എനിക്ക് തന്നെ നല്‍കണമെന്നും, അളിയന്‍ കുവൈറ്റീന്ന് എത്തിയാലുടന്‍ എന്റെ പ്രകടന പത്രിക പ്രകാശനം ചെയ്യുന്നതാണ് എന്നും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.
എന്ന്,
സ്വ :സ്ഥാ:വാഴക്കോടന്‍.
നമ്മുടെ ചിഹ്നം: തേങ്ങാക്കൊല.ത്രിശ്ശൂക്കാര്‍ക്കുള്ള അഭ്യര്‍ത്ഥന!


മ്മള് ഈ എലെക്ഷനില് ഒരു സ്ഥാനാര്‍ഥിയായ വിവരം അപ്പന്ടനിയന്‍ പള്ളീല് പറെണത് കേട്ടിട്ടോണ്ടല്ലോ അല്ലെ! മ്മക്കിത് അടിച്ചു പൊളിക്കണം, സകല കിടാങ്ങളോടും മ്മടെ ചിഹ്നം കാണിച്ചു വോട്ടു വേടിക്കണം. മ്മക്കാ ബാറിന്നു മിനുങ്ങാള്ളത് കൊട്ടേഷന്‍ ടീമിന് കൊടുക്കാന്നു പറയെന്റിഷ്ടാ! പെട്ടി പോളിക്കുംബം മ്മള് പാസ്സാവണം. ഇല്ലെന്കി അപ്പനെ അടക്യോടുത്തു എന്നേം അടക്കേണ്ടി വരും. മ്മടെ ആ കാന്നാല്യോളോക്കെ എവിടെഷ്ട്ടാ? ആവശ്യം നേരത്ത് ഒരണ്ണം ഹാജരില്ല. ഒക്കെ എവിടക്ക് സ്കൂട്ടായോ എന്തോ. ടൌണിലെ പിശാശുക്കളെ ഒരു നാല് പൂശാ പൂശ്. നമ്മളും ഇവിടെ ഓസാനല്ല തിക്കും തെരക്കും ഉണ്ടാക്കണെന്ന് ആ മൂരികളൊന്നു അറിയട്ടെ. ഈ എലെക്ഷനില് മ്മള് പൂത്തിരി കത്തിച്ചില്ലെങ്കി ഇനി ഈ അടുത്ത പൂരത്തിനോന്നും മ്മള് ഗുണ്ട് പൊട്ടിക്കാന്‍ ആ വഴിക്ക് വരില്ലാട്ട ഗഡീ. മ്മാക്കിപ്പോ കാപ്പിലാന്‍ ഗടീടെ സപ്പോര്ട്ടുണ്ട് . അളിയന്‍ വന്നാ മ്മക്ക് പ്രകടന പത്രം ഒരു പൂശാ പൂശാ എന്താ? അപ്പൊ ഒക്കെ പറഞ്ഞ പോലെ, പിന്നെ വോട്ടു പിടിക്കുമ്പോ മ്മക്ക് പണ്ട് കൊല്ലും കൊലയുമൊക്കെ ഉള്ള തറവാട്ടീപ്പിറന്നതാന്നും ഇപ്പൊ കൊല്ലില്ലാന്നെയുള്ളൂ എന്ന് പ്രത്യേകം അങ്ങട് ചാമ്പിക്കോ മ്മക്കൊരു ഗമേങ്ങടാകട്ടെ! അപ്പൊ "തേങ്ങാക്കൊല" മ്മടെ ചിഹ്നം, മറക്കണ്ടാ. ന്തൂട്ടാ മനസ്സിലായെ!
മ്മടെ തൃശ്ശൂര്‍ ഗഡികളേ,

ഇതാ ഒരു തിരഞ്ഞെടുപ്പ് സംവാദം


മോഡറേറ്റര്‍: പ്രിയപ്പെട്ട ബ്ലോട്ടര്‍മാരെ ബൂലോക തരികിടകളെ ഇതാ നിങ്ങള്‍ക്ക് വേണ്ടി
(കൂടെ ജീവിക്കാന്‍ എനിക്കും) നാസ് ആന്‍റ് നാസ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജനപ്രിയ സംവാദം.. സംവാദത്തില്‍ പങ്കെടുക്കാനായി നമ്മുടെ അരികിലെത്തിയ സ്ഥാനാര്‍ത്തികളെ ഞാന്‍ പരിചയപ്പെടുത്താം....

1. ബൂലോകത്ത് ഇത്ര കാലം അരങ്ങു തകര്‍ത്ത ശ്രീമാന്‍ കാപ്പിലാന്‍

2. സ്ത്രീകളുടെ കണ്ണിലുണ്ണിയായ നിങ്ങളുടെ സ്വന്തം നാസ്

3. ആശൃമത്തില്‍ നിന്ന്‍ ഇപ്പോള്‍ വരാമെന്ന്‍ പറഞ്ഞ മുങ്ങിയ നിങ്ങളുടെ മാത്രം തോന്ന്യാസി

4 വക്കു പൊട്ടിയ ചെരിപ്പുമായി ബോന്‍സ്‌

5. ഉദയ സൂര്യനുമായി പ്രയാന്‍

6. ഇതാ നിങ്ങളുടെ ഇഷ്ട തോഴന്‍ ശ്രീ പാമരന്‍

7. പട്ടാളത്തിന്റെ വീറും വാശിയുമായി വന്ന്‍ സ്വാമിജിയുടെ കാലിന്നടിയില്‍ അഭയം കണ്ടെത്തിയ ജവാന്‍ രഘു നാഥ്

8. ക്യാമറക്കാരന്‍ ഹരീഷ് തൊടുപുഴ

9. വാഴക്കുലയുമായി സോറി തേങ്ങാ കുലയുമായി വാഴക്കോടന്‍

10. ലാസ്റ്റ് ബട്ട് നോട്ട് ദ ലീസ്റ്റ് ഒരു കൂട്ടം ചെറുപ്പക്കാരുടെ പിന്നണി

ഇനി നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കായി ചോദ്യങ്ങള്‍ ചോദിക്കാം ... സ്ഥാനാര്‍ത്തികള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമുണ്ടായിരിക്കുന്നതാണ്.... അപ്പൊ ആര് ആദ്യ ചോദ്യം ചോദിക്കും....????????? സ്ഥാനാര്‍തികള് ഉത്തരം പറയാന്‍ റെഡി ആയിരിക്കുക... അപ്പൊ തുടങ്ങുകയല്ലേ!!!!!!!!!!!!!!!!!!!!!!

ബൂലോക തെരഞ്ഞെടുപ്പ്
മാന്യരെ,

ബൂലോക തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന ഈ അവസരത്തില്‍ വീണ്ടും ഒരു വിജ്ഞാപനമോ എന്നു നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും. അതൊരിക്കലും ഞാനും കരുതിയിരുന്നതല്ല. തെരഞ്ഞെടുപ്പിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുവാനായി ഗള്‍ഫു മരുഭൂമികളിലൂടെ പെട്രോളും കുടിച്ചുകൊണ്ടു കടന്നുപോയപ്പോള്‍ നമ്മുടെ കാപ്പിലാന്റെ പ്രചരണ വാഹനത്തെ ഇടക്കൊന്നു കണ്ടുമുട്ടി. കാപ്പിലാനു പക്ഷേ എന്നെ മനസ്സിലായില്ല(ഞാന്‍ അറബി വേഷത്തിലായിരുന്നു).
അവിടൂന്നു പിരിച്ച കാശിന്റെ കണക്ക് അവതരിപ്പിക്കേണ്ടതാണ്(തെരഞ്ഞടുപ്പു കഴിഞ്ഞായാലും മതി). അതിനാല്‍ ബക്കറ്റു പിരിവുകാരെല്ലാം കമ്മിഷനെ കണക്കുകള്‍ ബോധിപ്പിക്കണം. തെരഞ്ഞെടുപ്പില്‍ അഴിമതി അനുവദനീയമല്ല എന്നത് എല്ലാവര്‍ക്കുമറിയാമല്ലോ!

മറ്റു സ്ഥാനാര്‍ത്ഥികളുടെ പ്രചരണവാഹനങ്ങളും ജാഥകളും കടന്നുവരാനുള്ള കാലതാമസത്തില്‍ ചെറിയ ആശങ്ക പൊതുവേ പ്രകടമാണ്. അതുപോലെതന്നെ മുദ്രാവാക്യങ്ങള്‍, ഗാനമേളകള്‍,തെരുവു നാടകങ്ങള്‍ തുടങ്ങിയ കലാ പരിപാടികളും പ്രചരണത്തിന്റെ ഭാഗമായി മാറുവാനുള്ള കാലതാമസം പൊതുജനങ്ങളില്‍ ഒരുതരം പിരിമുറുക്കം തന്നെ ഉണ്ടാക്കിയതായും കമ്മിഷന് ഈയിടെയായി കിട്ടിയ പരാതികള്‍ വ്യക്തമാക്കുന്നു.

സ്ഥാനാര്‍ത്ഥികള്‍ പുതിയതായി രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുന്നത് സ്വാഗതാര്‍ഹമായ ഒരു കാര്യം തന്നെയാണ്. ഇനിയും സീറ്റുകള്‍ ബാക്കിയുള്ളതിനാല്‍ ബാക്കി സ്ഥാനാര്‍ത്ഥികളും ഉടന്‍ തന്നെ മുന്നോട്ടു വരേണ്ടതാണ്.

ഇനിയും പല സ്ഥാനാര്‍ത്ഥികളും പ്രകടന പത്രികകള്‍ പുറത്തിറക്കാനുണ്ടെന്നും പത്രിക പുറത്തിറക്കിയവരില്‍ പലരും പ്രചരണത്തില്‍ പിന്നോക്കം പോയതായും ഇലക്ഷന്‍ വാച്ച് ഡോഗ് കമ്മിഷനെ ബോധിപ്പിച്ചു.എന്നാല്‍ ഇതുവരെയുള്ള ഇലക്ഷന്‍ പ്രകടനത്തെ ചില ഏജന്‍സികള്‍
ഇങ്ങിനെയും വിലയിരുത്തി.

ഇതാര്‍?
ഇതാരെന്ന് കണ്ട് പിടിക്കുക.
കുളു:ഒരു ബൂലോക സ്ഥാനാര്‍ഥിയാണ്.
ഉടനടി സമ്മാനം!!!

Friday, March 27, 2009

സ്വതന്ത്ര സ്ഥാനാര്‍ത്തിക്കുള്ള അപേക്ഷ: തൃശ്ശൂര്‍ ലോക സഭ!

ബഹുമാനപ്പെട്ട തോന്ന്യാശ്രമ മടാതിപതി മുന്‍പാകെ തൃശ്ശൂര്‍ ലോക സഭാമണ്ഡലത്തില്‍ നിന്നും സര്‍വ്വ സ്വതന്ത്രനായി മത്സരിക്കാനുള്ള അപേക്ഷ!എന്റെ കൊണകണങ്ങള്‍ വിവരിച്ചു കൊണ്ടുള്ള എന്റെ പരിപൂര്‍ണ്ണ പ്രൊഫൈല്‍ ആശ്രമ വരണാധികാരി മുന്‍പാകെ സമര്‍പ്പിക്കുന്നു! എനിക്ക് തീര്‍ച്ചയായും മത്സരിക്കാനുള്ള അവസരം നല്‍കുമെന്ന് പ്രതീക്ഷിച്ചു കൊള്ളുന്നു.


എന്നെക്കുറിച്ചുള്ള വിവരങ്ങള്‍:


തൃശൂര്‍ ജില്ലയില്‍ മുള്ളൂര്‍ക്കര പഞ്ചായത്തില്‍ വാഴക്കോട് ഗ്രാമത്തില്‍ ജനിച്ചു. തൃശ്ശൂര്‍ ലോക സഭാ മണ്ഡലത്തില്‍ അപരിചിതനും, ജില്ലയുടെ ഏതു മൂലയില്‍ വെച്ച് കണ്ടാലും ജനങ്ങള്‍ കൈവെക്കാതെ വിടാവുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വ്വം. ജില്ലയിലെ എല്ലാ പോലീസ് സ്റെഷനുകളിലും സുപരിചിതന്‍,പോലീസുകാരുടെ കണ്ണിലുണ്ണിയും പിടികൊടുക്കാതേ നടക്കുന്ന പ്രശസ്ഥനുമാണ് ഞാന്‍. സ്കൂള്‍ കോളെജ് വിദ്യാഭ്യാസം നേടാന്‍ ആഗ്രഹമുണ്ടായിരുന്നെന്കിലും, ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ "ലാസാഗു" കാണാത്തതിന്റെ പേരില്‍ ടീച്ചര്‍ സ്കൂളില്‍ നിന്നും ഇറക്കി വിട്ടു,പിന്നേ ആ വഴി പോയില്ല. ടീച്ചര്‍ക്ക് പോയി അല്ലാതെന്ത്? പിന്നീട് പാര്‍ട്ടി ഓഫീസ്സുകളില്‍ ഉറക്കം. മുദ്രാവാക്യം വിളി, പോസ്റ്റര്‍ ഒട്ടിക്കല്‍, ചുവരെഴുത്ത് തുടങ്ങി ജോബ് ഓറിയന്ടട് കോര്സുകള്‍ പാര്‍ട്ടി ഓഫീസില്‍ നിന്നും പഠിച്ചു.പിന്നീട് എതിര്‍ പാര്‍ട്ടിയിലെ ഒരാളെ കൊലപ്പെടുത്തി എന്നാ നിസ്സാര കേസിന് ജയില്‍വാസം അനുഭവിച്ചു. പിന്നീട് ഒളിവിലുള്ള ജീവിതമായിരുന്നു. ഒറ്റയ്ക്ക് ഒളിവില്‍ പോകേണ്ടെന്നു കരുതി ലോക്കല്‍ നേതാവിന്റെ ഭാര്യയെ കൂടെകൂട്ടിയത് ഒരു തെറ്റാണോ? അതോടെ പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അന്ന് തന്നെ പാര്‍ട്ടിക്കെതിരെ മുദ്രാവാക്യം മുഴക്കി പാര്‍ട്ടി ഓഫീസ്സില്‍ നിന്നും ഇറങ്ങിപ്പോന്നു. സ്വന്തമായ ഒരു പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ചെങ്കിലും വര്‍ധിച്ച ജന പിന്തുണ മാനിച്ച് കാപ്പിലാന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന് നാട് ഉദ്ധരിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അപേക്ഷ സമര്‍പ്പിക്കുന്നത്. എന്റെ അപേക്ഷ മാനിച്ച് എനിക്ക് തൃശ്ശൂര്‍ ലോക സഭാ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ യോഗ്യത കല്‍പ്പിക്കണമെന്ന് അപേക്ഷിക്കുന്നു.


എന്റെ സ്വത്ത് വിവരങ്ങള്‍ ഇതോടൊപ്പം വെക്കുന്നു:


ബാങ്ക് നിക്ഷേപം : ഡല്‍ഹി പിന്കോട് പോലെ ശൂന്യ് ശൂന്യ് ശൂന്യ്


സ്വര്‍ണ്ണം : ഭാര്യയുടെ താലിയിലുള്ള ആകെയുള്ള രണ്ടു ഗ്രാം പണയത്തിലാണേ !


മറ്റു സമ്പാദ്യങ്ങള്‍: അപ്പന്റെ പേരില്‍ ഒരു മെമ്മോറിയല്‍ ബസ് സ്റൊപ്പും ഒരു പൊതു കക്കൂസും.


കിടപ്പാടം: അങ്ങിനെ സ്ഥിരമായി ഒരു പാടത്തും കിടക്കാറില്ല.മിക്കവാറും ഷാപ്പിന്റെ മുന്നിലെ പാടത്ത്‌ തന്നെ കിടത്തം!ഷാപ്പിലെ പറ്റ് മുന്നൂറു രൂപ.


സാക്ഷ്യപത്രം


വാഴക്കോടന്‍ എന്ന ഞാന്‍ മേല്‍ പറഞ്ഞുള്ള കാര്യങ്ങള്‍ തികച്ചും സത്യസന്ധവും, ശരിയുമാകുന്നു. എന്നെക്കുറിച്ചു പൊക്കിപ്പറയാന്‍ എനിക്കറിയില്ലെന്കിലും ആത്മപ്രശംസ ഇഷ്ടമല്ലാത്തത് കൊണ്ടും പറയാന്‍ ഒരു പാട് കാര്യങ്ങള്‍ വിട്ടുപോയിട്ടുന്ടെന്കിലും ഇല്ലാത്ത കാര്യം ഒന്നും എഴുത്തിയിട്ടില്ലെന്നു സ്വന്തം പേരിലും അളിയന്റെ പേരിലും ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു.


എന്ന് വിധേയന്‍


വാഴക്കോടന്‍


(ഒപ്പ്)


ഈ അപേക്ഷ സ്വീകരിച്ച്‌ എനിക്ക് "തേങ്ങാക്കൊല" ചിഹ്നം അനുവദിച്ചു തരണമെന്ന് ഇതിനാല്‍ വീണ്ടും അഭ്യര്‍ത്തിക്കുന്നു. ഇത് സ്വീകരിച്ചാല്‍ എന്റെ പ്രകടന പത്രിക ഉടന്‍ പുരത്തിരക്കുന്നതാണ്.എന്ന് വീണ്ടും, വാഴക്കോടന്‍!


പ്രത്യേക ശ്രദ്ധക്ക്: ബക്കറ്റ് പിരിവു സ്വന്തം പേരില്‍ നടത്താനുള്ള അനുവാദവും ഇതോടൊപ്പം നല്‍കണമെന്ന് അറിയിക്കുന്നു.

ബക്കറ്റ് പിരിവ്

പ്രിയപ്പെട്ട സഖാക്കളെ , സുഹൃത്തുക്കളെ ,


കഴിഞ്ഞ രണ്ടാഴ്ചയായി ബൂലോക തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗങ്ങളും മറ്റും ഈ ആശ്രമ പരിസരത്ത് നടന്നു വരുന്നത് നിങ്ങള്‍ക്കറിയാവുന്ന കാര്യമാണല്ലോ . കാപ്പിലാന്റെ ജനദ്രോഹപരമായ പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതികരിക്കുവാന്‍ ശക്തരായ ഒരു കൂട്ടം സ്ഥാനാര്‍ഥികള്‍ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഈ ആശ്രമത്തില്‍ ഒന്നിച്ചതും നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതും ആശ്രമ രഹസ്യമല്ല മറിച്ച് അങ്ങാടിയില്‍ പരസ്യമായ വസ്തുതയാണ് .

രാജ്യം നശിക്കുമ്പോള്‍ ഏതൊരുഏകാധിപതിയും ചെയ്യാറുള്ളത് പോലെ ,പ്രതിപഷ ബഹുമാനം ഇല്ലാതെ ,കണ്ണില്‍ ചോരയില്ലാതെ , ചാണക്യന്‍ എന്ന നാരദന്റെ ഒറ്റ വാക്കിനു പുറത്ത് രാജ്യം വിട്ടുപോയിരിക്കുന്നു.ആശ്രമത്തിലെ അന്തേവാസികളെയും ആശ്രമവാസികളെയും കുറിച്ച് ചിന്തയില്ലാതെ നടക്കുന്ന സുഖ ലോലുപനായ ഈ കള്ളസ്വാമിയെ നിങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ തോപ്പിക്കും എന്നറിയാം . അതിനായി ഞങ്ങളുടെ കരങ്ങള്‍ക്ക് നിങ്ങള്‍ ശക്തി പകരൂ നാട്ടുകാരെ . ആശ്രമ ഫണ്ട് ഉപയോഗിച്ച് എല്ലാവിധ സൌകര്യങ്ങളും ഉള്ള ട്രെയിന്‍ വാങ്ങിച്ചു സുഖവാസ യാത്ര പോയിരിക്കുന്നു കോപ്പിലാനന്ദ സ്വാമികള്‍ .നിങ്ങള്‍ ഒന്ന് മനസിലാക്കണം ,ഹിറ്റാച്ചി കമ്പനി ,വിജയ് മല്യ ഇവരൊക്കെ കാപ്പിലെ മൂപ്പിലിന്റെ ആരാണ് ?.


റോമാ നഗരം കത്തി എരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെ മാറി നിന്ന് ഞങ്ങളെ നോക്കി പരിഹസിക്കുന്നത് നിങ്ങള്‍ കണ്ടില്ലേ കൂട്ടുകാരെ .പ്രതികരണ ശേഷി നശിച്ചിട്ടില്ലാത്ത ഈ നാട്ടിലെ ബ്ലോഗര്‍മാര്‍ ആശ്രമവാസികളുടെ വിഷമങ്ങള്‍ അറിയാത്ത ഈ കാപ്പിലിനെ ഒരു പാഠം പഠിപ്പിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കട്ടെ .

ഇപ്പോള്‍ ഈ ആശ്രമ ഫണ്ടില്‍ ഒരൊറ്റ കുഞ്ഞന്‍ പൈസാ എടുക്കാന്‍ ഇല്ല .തിരഞ്ഞെടുപ്പില്‍ പ്രകടന പത്രിക സമര്‍പ്പിച്ചിട്ട്‌ ഞങ്ങള്‍ സ്ഥാനാര്‍ഥികള്‍ മുകളിലേക്കും നോക്കിയിരിക്കുകയാണ് . പച്ചവെള്ളം കുടിച്ചിട്ട് രണ്ടു ദിവസമായി .ഞങ്ങളുടെ പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകുവാന്‍ കയ്യില്‍ കായില്ല .


ഞങ്ങള്‍ ആശ്രമ സ്ഥാനാര്‍ഥി യൂണിയന്‍ ( ASU ) സംയുക്തമായി ഈ ആശ്രമത്തില്‍ ബക്കറ്റ് പിരിവ് നടത്തുന്ന ഈ വേളയില്‍ , നിങ്ങളുടെ ഉദാരമായ സംഭാവനകള്‍ ഈ ബക്കറ്റില്‍ നിക്ഷേപിച്ച്‌, കാപ്പിലാനെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ശക്തി തരണം എന്ന് വിനീതമായി അപേക്ഷിക്കുന്നു .
ASU സിന്ദാബാദ് .

എന്റെ സാഹസങ്ങൾ..!!!!!!

എന്റെ കുട്ടികാലത്ത് ഞാൻ എന്റെ വീട്ടീൽ അറിയപെടുന്ന ഒരു ചെറിയ കളളനായിരുന്നു. ആദ്യമൊന്നും എനിക്ക് മൊഷ്ടിക്കാൻ കഴിയുമായിരുന്നില്ല. പിന്നീട് അവൾ എന്നേട് അതു ചെയ്യിചു.അവൾ..!!!! അവൾ ഒരു സുന്ദരി കൊതതന്നെ ആയിരുന്നു.ഒരു സംമ്പന്ന കുടുംബത്തിലെ അംഗം.അവളൊടു എനിക്കു പ്രണയമൊ അനുരാഗമൊ ആയിരുന്നില്ല.ഒരു തരം ആരധനയായിരുന്നു.


ദേവിയെ ആരങ്കിലും പ്രണയിക്കുമൊ?എങ്കിലും അവൾ എനിക്കു ഒരു ഹരമായിരുന്നു.സാധാരണകാരനായ എനിക്കു അവളൊട് പിടിചുനിൽക്കനങ്കിൽ കയ്യിൽ കാശ് അത്യാവശ്യമായിരുന്നു.മൊഷണമല്ലാതെ മറ്റരു വഴിയും ഞാൻ കണ്ടില്ല.ആദ്യമാദ്യം ചെറിയ ചെറിയ മൊഷണതൊടായിരുന്നു താല്പര്യം.എങ്കിലും ഞാൻ പലപ്പൊഴും പിടിക്കപെട്ടു. അന്നും ഇന്നും ചെയ്യുന്ന തൊഴിലിൽ യാതരു പ്രൊഫഷണിലിസവും എന്നിൽ ഉണ്ടായിരുന്നില്ല. ആദ്യമാദ്യം എന്റെ മൊഷണത്തിനു ഇരയായതു ഉമ്മാന്റെ പേഴ്സ് ആണു. എങ്കിലും മാന്യനായ കള്ളനാണു ഞാൻ.50 രൂപക്ക് മുകളിൽ ഞാൻ മൊഷ്ടിചിട്ടില്ല. ഒരിക്കൽ ഒരു 30 രൂപ മൊഷ്ടിച്ച് ഞാൻ പിടിക്കപെട്ടു.തക്കതാക്കീതുടെ വിട്ടയച്ചു. ഞാൻ കളം മാറ്റി ചവിട്ടി. പടിച്ച് പണി മറക്കരുതല്ലൊ?.എന്റെ കണ്ണ് വല്ല്യുമ്മാന്റെ വെറ്റില പെട്ടിയിലേക്ക് പൊയതു സ്വാഭാവികം.വലുതല്ലങ്കിലും ദൈനംദിന ചെലവിനുള്ളതു വകുപ്പ് അതിൽ നിന്നുകിട്ടു മായിരുന്നു.അതും പിടിക്കപെട്ടതൊടെ എന്റെ അന്നവും മുട്ടി.ഒരഴ്ച കയ്യിൽ കാശില്ലാതെ നടന്നു. കൂട്ടുകാർ വഴിമാറി നടക്കാൻ തുടങ്ങി.അങ്ങനെ ജേഷ്ടന്റെ വെസ്റ്റാർ വാച് എന്നെ നൊക്കി ഇളിച്ചുകാണിക്കാൻ തുടങ്ങി.പതുക്കെ അവനെ അങ്ങ് പൊക്കി സൈതാലിക്കയുടെ വാച്ചുകടയിൽ കൊടുത്തു.കിട്ടിയതു 75 രൂപയാണക്കിലും കിട്ടിയ അടിയുടെ എണ്ണം 80-നുമുകളിൽ ആയിരുന്നു.പിന്നെയും ദാരിദ്രത്തിന്റെ നാളുകൾ….അടുത്ത ഇരക്കായി എന്റെ കണ്ണുകൾ അലയുകയാരുന്നു.ഒരു വാഴക്കുല ഇളംകാറ്റിൽ ആടുന്നതു ഞാൻ കണ്ടു.അന്നു രാത്രി ക്യത്യം എട്ടു മണിക്കു അവനെ ഞാൻ അങ്ങ് വെട്ടി വെറുകുപുരയിൽ താഴ്ത്തി. പിറ്റെന്ന് അവന്റെ ആട്ടം രവിയേട്ടന്റെ ചായ പീടികയിലായിരുന്നു. കുറച്ചു അധ്വാനമുള്ള ജൊലിയായതിനാൽ വാഴക്കുല എമർജൻസി പൈസക്കായി യൂസ് ചെയ്തു. വരവു കുറവും ചിലവു കൂടുതലും ആയതിനാൽ തേങ്ങ പഴയ മൊട്ടൊർ പംബ്ബ് എല്ലാം കാണതായി.


പെട്ടന്നാണു ഞാൻ ആവാർത്ത കേൾക്കുന്നതു. അവൾ മറ്റരുവനുമായി പ്രണയതിലായത്രെ. എന്നിലെ കാമുക ഹ്രദയം വിലപിച്ച്ങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു.അതൊടെ എന്നിലെ മൊഷ്ടാവും മരിചുപൊയി. പിന്നെ ചേട്ടന്റെ ജീൻസും ടീഷർട്ടും അവനുതന്നെ തിരിചുകൊടുത്തു.. അങ്ങനെ ഞാൻ 10 കഷ്ടിച്ചു പാസ്സായി. +1 ന് ഞാൻ ഒന്നും മൊഷ്ടിചിട്ടില്ല. ഞാൻ +2 വിന് പടിക്കുന്നകാലം ഞങ്ങൾ ആറുപേരാണു കൂട്ട്കാർ. രാജു,ഞാൻ, മുസ്തഫ ,അലി,സെയ്തു,മനൊഹരൻ,( മനൊഹരനെ പ്രസവിച്ച്പ്പൊൾ അവന്റെ അമ്മ അവന്റെ മുഖത്ത് നൊക്കാതെയാണു പേരിട്ടതു) ഞങ്ങളിൽ ഗുരുത്വകേടിന്റെ എസൻസ് എന്ന് അറിയപെടുന്ന സെയ്തു വിനാണു ഒരു കുബുദ്ദി തൊന്നിയത്.ഞങ്ങൾ ഇരിക്കുന്ന സ്തലത്ത് ഒരു വൈദ്യുതി പൊസ്റ്റ് ഉണ്ടായിരുന്നു.ഇന്നു രാത്രി നമുക്ക് ഒരു പണിയുണ്ടന്ന് അവൻ പർഞ്ഞു. എല്ലാവരും രാത്രി ഒത്തുകൂടി.ആ പഴയ വൈദ്യുത പൊസ്റ്റിന്റെ കൊൺക്ടീറ്റ് പൊളിചുമാറ്റി. കമ്പികൾ ഊരിമാറ്റാൻ തുടങ്ങി.പിറ്റെന്ന് അതു അടുത്തുളള ആക്രികടയിൽ കൊടുത്തു.വയറ് നിറച്ച് ബീഫും പൊറാട്ടയും തിന്ന് പിറ്റേന്ന് ഒരു സിനിമയും കണ്ട് …അതു നാട്ടിൽ അറിഞ്ഞു ഒരു വലിയ കേസായി….അവസാനം വീട്ട്കാർ ആകടും കൈചെയ്തു. അങ്ങനെ അവർ എന്നെ എണ്ണപാടത്തേക്ക് നാട് കടത്തി………*************************************************************************************************************ഇപ്പൊൾ ഞാൻ ഒരു പ്രവാസി… മധുരിക്കുന്ന കൊറേ ഒർമകളുമായി…ഇന്നു ജീവിക്കുന്നു…

Thursday, March 26, 2009

ശശി തരൂറിന് എതിര്‍ സ്ഥാനാര്‍ഥി

സുഹൃത്തുക്കളെ ,ബൂലോക തിരഞ്ഞെടുപ്പില്‍ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഞാന്‍ , വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി അങ്കം കുറിച്ച വിവരം ഇതിനാല്‍ അറിയിക്കട്ടെ .

തിരുവനന്തപുരത്ത് നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശ്രീ ശശി തരൂറിന് എതിരെയാണ് ഞാന്‍ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത് . ഇപ്പോള്‍ ദുബായില്‍ പര്യടനത്തിലായിരിക്കുന്ന ഞാന്‍ അവിടെയുള്ള ചില സുഹൃത്തുക്കളുടെ പ്രേരണ നിമിത്തമാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയിട്ടുള്ളത് . എന്‍റെ തിരഞ്ഞെടുപ്പ് ചിലവുകള്‍ മുഴുവന്‍ ദുബായിലെ ചില ബിസിനസ് സുഹൃത്തുക്കള്‍ നല്‍കാം എന്നറിയിച്ചിട്ടുണ്ട്.ബൂലോക തിരഞ്ഞെടുപ്പില്‍ എന്‍റെ ഉപദേശകനായ ശ്രീ ചാണക്യന്‍ തന്നെയാകും തിരുവനന്തപുരത്തും എന്‍റെ തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിക്കുന്നത്‌ . മാത്രമല്ല മറ്റൊരു സന്തോഷ വാര്‍ത്ത കൂടിയുണ്ട് കേരളത്തിലെ ഓരോ ലോകസഭാ മണ്ഡലങ്ങളിലും ഓരോ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തുവാന്‍ ആശ്രമ കാര്യ സമിതി തീരുമാനിച്ചിട്ടുണ്ട് .കഴിവുള്ളവര്‍ അവരവരുടെ യോഗ്യതാ പത്രവുമായി എന്നെയോ ആശ്രമ കമ്മറ്റിയെയോ സമീപിക്കണം .എന്‍റെ ചിഹ്നമായി ഞാന്‍ തീരുമാനിച്ചിട്ടുള്ളത് ബൂലോക തിരഞ്ഞെടുപ്പില്‍ എന്‍റെ ഭാഗ്യ ചിഹ്നമായ അമ്പും വില്ലും തന്നെയാണ് . കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് സംസാരിക്കാം .
Wednesday, March 25, 2009

കാപ്പൂ എക്സ്പ്രസ്സ് ഗള്‍ഫിലേക്ക്......

ആചാര്യന്റെ തുറുവും നാസിന്റെ ചൂലും കൊണ്ട് തടഞ്ഞ ട്രെയിന്‍
കാനഡ, അമേരിക്ക, സൌത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ സ്നേഹോഷ്മളമായ സ്വീകരണങ്ങള്‍ക്ക് ശേഷം ശ്രീ.ശ്രീ.ശ്രീ. കാപ്പിലാനന്ദ സ്വാമികളുടെ പ്രചരണ രഥം ഗള്‍‌ഫ് മേഖലയിലേക്ക് കടക്കുകയാണ്. ശത്രുക്കളുടെ അപവാദ പ്രചാരണങ്ങളുടെ മുനയൊടിച്ചു കൊണ്ടു മുന്നേറുന്ന കാപ്പൂ എക്സ്പ്രസ്സ് ഇപ്പോള്‍ തന്നെ സ്വാമി ശിഷ്യരുടെ ബാഹുല്യം നിമിത്തം സീറ്റിംഗ് കപ്പാസിറ്റി കഴിഞ്ഞിരിക്കുന്നു. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഗള്‍ഫ് മേഖലയില്‍ പ്രവേശിക്കുന്നതിനു മുന്‍പായി കുറച്ച് ബോഗികള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ ഈ സൂപ്പര്‍ എക്സ്പ്രസ്സിന്റെ നിര്‍മ്മാതാക്കളായ ജപ്പാനിലെ ഹിറ്റാച്ചി കമ്പനിക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞു. ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും അവയെ കുറിച്ച് ഒന്നും അറിയാത്ത ചില കൂപമണ്ഡൂകങ്ങള്‍ അനാവശ്യ സംശയങ്ങളുമായി ഈ പ്രചരണ ജാഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് തികച്ചും ലജ്ജാവഹം എന്നു തന്നെ പറയട്ടെ.

 കാപ്പൂ എക്സ്പ്രസ്സ് എങ്ങനെ കടലുചാടുമെന്നാണ് ചില ആചാര്യന്മാരുടെ സംശയം..!!! എന്താ പറയാന്‍ ചുക്കും ചുണ്ണാമ്പും തിരിച്ചറിയാന്‍ കഴിയാത്ത ഇവരാണോ തോന്ന്യാശ്രമത്തെ നയിക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നത്. കാപ്പൂ എക്സ്പ്രസ്സിനു കടന്നു പോകാന്‍ കടലിനടിയിലൂടെ ടണല്‍ നിര്‍മ്മിച്ച കാര്യം ലോകത്തെ പത്രമാധ്യമങ്ങള്‍ എക്സ്ക്ലൂസീവായി റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇവര്‍ കണ്ടില്ലാന്നു തോന്നുന്നു. എന്താ പറയാന്‍ പത്രം വായിക്കുന്ന പരിപാടിയൊന്നും ഇവര്‍ക്കില്ലാന്നു തോന്നുന്നു. ആചാര്യതമാശ അവിടം കൊണ്ടും തീരുന്നില്ല, പാളത്തില്‍ വയ്ക്കോല്‍ തുറു വിരിച്ച് സൂപ്പര്‍ എക്സ്പ്രസ്സിനെ അട്ടിമറിക്കുമത്രേ. ഹിഹിഹിഹിഹിഹിഹിഹിഹി, എന്ത് പറയാന്‍, കഷ്ടം.....എങ്കില്‍ അതൊരു ചരിത്ര സംഭവം തന്നെയായിരിക്കും. ആചാര്യരെ അതൊക്കെ അതിമോഹമാണ് അതിമോഹം.....കച്ചിതുരുമ്പ് കൊണ്ട് ട്രെയിന്‍ മറിക്കാമെന്നത് അതിമോഹം മാത്രം! വേണമെങ്കില്‍ വല്ല ഓല മടലോ വള്ളിപൊട്ടിയ ചെരുപ്പോ പാളത്തിലിട്ട് പരീക്ഷിക്ക് ചിലപ്പോള്‍ മറിഞ്ഞേക്കും.


ഗള്‍ഫ് മേഖലയില്‍ വിപുലമായ സ്വീകരണ ചടങ്ങുകളാണ് സ്വാമിക്കായി ഒരുക്കിയിരിക്കുന്നത്. ഓരോ സ്വീകരണ പോയിന്റും കടന്നു പോകാന്‍ മണിക്കൂറുകള്‍ എടുത്തേക്കും. അക്ഷമരായ ശിഷ്യരെ തെല്ലും നിരാശപ്പെടുത്താതെ എല്ലാ സ്വീകരണ സ്ഥലങ്ങളിലും സ്വാമി തിരുവടികള്‍ പ്രത്യേക സന്ദേശങ്ങള്‍ നല്‍കിയായിരിക്കും സ്വീകരണങ്ങള്‍ക്ക് നന്ദി പറയുക.


ഗള്‍ഫ് മേഖലയില്‍ ഇതിനോടകം സ്വീകരണം നല്‍കാന്‍ മുന്‍‌കൂര്‍ അനുവാദം വാങ്ങിയ ശിഷ്യ ഗണങ്ങളുടെ പട്ടിക ചുവടെ.

ദുബായ്- കനല്‍, ഏറനാടന്‍, കുറുമാന്‍, പകല്‍ക്കിനാവന്‍, രാമചന്ദ്രന്‍ വെട്ടിക്കാട്, കുഴൂര്‍ വിത്സന്‍, രണ്‍ജിത് ചെമ്മാട്, ശരത് എം. ചന്ദ്രന്‍.


ബഹറൈന്‍- ബാജി ഓടം വേലി, നട്ടപ്രാന്തന്‍, കുഞ്ഞന്‍സ്, അജിത് നായര്‍.


മസ്കറ്റ്- ആഗ്നേയ, ജയകൃഷ്ണന്‍ കാവാലം.

സൌദി അറേബ്യ- പ്രയാസി,ദോഹ- എ ആര്‍. നജീം, മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.


ഈ ലിസ്റ്റില്‍ ആരേയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ ഉടന്‍ പ്രചരണ ജാഥാ കണ്‍‌വീനറുമായി ബന്ധപ്പെടേണ്ടതാണ്. ഇനിയും ആര്‍ക്കെങ്കിലും സ്വീകരണ ചടങ്ങുകള്‍ സംഘടിപ്പിക്കണം എന്നുണ്ടെങ്കില്‍ എത്രയും വേഗം അധികൃതരുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങിക്കേണ്ടതാണ്. മുന്‍‌കൂട്ടി അനുവാദം ലഭിച്ചിട്ടില്ലാത്ത ഒരിടത്തും കാപ്പൂ എക്സ്പ്രസ്സ് സ്വീകരണത്തിനായി നിര്‍ത്തുന്നതല്ല. സ്വാമികള്‍ക്ക് ഏറെ ശത്രുക്കള്‍ ഉള്ള ഗള്‍ഫ് മേഖലയിലെ യാത്ര പൂര്‍ണ്ണമായും സി ഐ എ, സ്കോട്ട്‌ലന്റ് യാര്‍ഡ് തുടങ്ങിയ ഏജന്‍സികളുടെ നിയന്ത്രണത്തിലായിരിക്കും. അനധികൃതമായി ട്രെയിനില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നവരെ ഉടന്‍ വെടിവയ്ക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ തീരുമാനം.

അങ്ങനെ കാപ്പൂ എക്സ്പ്രസ്സ് ഇതാ ഗള്‍ഫ് മേഖലയിലേക്ക്......

ട്രെയിന്‍ ചാടിയപ്പോള്‍

കാപ്പ് എക്സ്പ്രസ് ഒരു കച്ചിത്തുറുവില്‍ തട്ടി നിലം പതിച്ചതായി വാര്‍ത്ത. ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് ട്രെയിന്‍ ചാടിച്ച് കളിക്കുകയായിരുന്ന കാപ്പിലാന്‍ ബൂലോകപിന്നണി ഇട്ടിരുന്ന ഒരു കച്ചിത്തുറുവിനു മീതെ ട്രെയിന്‍ ചാടിച്ചപ്പോളാണ് സംഭവം. ഇതോടെ കാപ്പിലാന്‍ ബൂലോക ഇലക്ഷനില്‍ തോല്‍ക്കുമെന്ന് ഉറപ്പായി.

Tuesday, March 24, 2009

കാപ്പൂ എക്സ്പ്രസ്സ്

സുഹൃത്തുക്കളെ,


ബഹുമാന്യ ശ്രീ ശ്രീ ശ്രീ. കാപ്പിലാനന്ദ സ്വാമികളുടെ ഇലക്ഷന്‍ പ്രചരണവുമായി ബന്ധപ്പെട്ട് എല്ലാ മണ്ഡലങ്ങളിലും ചുറ്റിക്കറങ്ങി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ സ്വാമികള്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിലേക്കായി ജപ്പാനിലെ ഒരു സംഘം അനുയായികള്‍ അത്യാധുനിക സജ്ജീകരണങ്ങളോടും സൌകര്യങ്ങളോടും കൂടിയ ഒരു സൂപ്പര്‍ ഇലക്ട്രിക് ട്രെയിന്‍ സംഭാവനയായി നല്‍കിയിരിക്കുകയാണ്. എ സി കോച്ചുകള്‍ മാത്രം ഘടിപ്പിച്ച ഈ പാളത്തിലോടുന്ന കൊട്ടാരം ഏതാനും നിമിഷങ്ങള്‍ക്കകം നമ്മുടെ ആശ്രമ സെന്റ്രല്‍ റെയില്‍‌വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും യാത്രതിരിക്കുകയാണ്.


അമേരിക്ക, കാനഡ, സൌത്ത് ആഫ്രിക്ക,ഗള്‍ഫ് മേഖല, കോഴിക്കോട്, മലപ്പുറം, തൊടുപുഴ, തിരോന്തരം, ആണ്ടിപ്പെട്ടി, ഹരിയാന വഴി തിരിച്ച് ആശ്രമ സെന്റ്രലില്‍ എത്തിച്ചേരും പ്രകാരമാണ് ഈ പ്രചരണയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഇതിലെ യാത്രക്കാര്‍ക്ക്, അതായത് സ്വാമികളുടെ പ്രചരണവുമായി ബന്ധപ്പെട്ടവര്‍ക്ക്(പാരകള്‍ക്കല്ല) ബൂലോകം ചുറ്റിക്കാണാനുള്ള ഒരു അവസരമാണ് സ്വാമികള്‍ ഒരുക്കിയിരിക്കുന്നത്. ഇന്‍ഡ്യന്‍, കോണ്ടിനെന്റല്‍, ചൈനീസ് ഫുഡുകള്‍ ഫ്രീയായി വിതരണം ചെയ്യുന്ന കാറ്ററിംഗ് സര്‍വ്വീസ് പ്രവര്‍ത്തന സജ്ജമാണ്. മുംബായ് ടാജ് ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും ഭക്ഷണം ഒരുക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബാറിനു വേണ്ടി ഒരു കോച്ച് കേരളാ ബിവറേജസ് എം ഡിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ സജ്ജീകരിച്ച് ഘടിപ്പിച്ചു കഴിഞ്ഞു. ഈ സഞ്ചരിക്കുന്ന ഫൈവ് സ്റ്റാര്‍ ബാറിലെ സ്കോച്ച് വിസ്കികളടക്കമുള്ള പാനീയങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് സ്വാമികളുടെ അരുമ ശിഷ്യനായ വിജയ് മല്യ ആണ്. അത്യാധുനിക ഡോള്‍ബി ഡിജിറ്റല്‍ ശബ്ദസൌകുമാര്യത്തോടെ അന്താരാഷ്ട്ര നിലവാരമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു തിയേറ്ററും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹോളിവുഡിലെ വമ്പന്മാരായ യൂണിവേഴ്സല്‍ ഗ്രൂപ്പാണ് ഈ തിയേറ്റര്‍ രൂപകല്‍പ്പന ചെയ്തു സമര്‍പ്പിച്ചിരിക്കുന്നത്. അഭിലാഷ, സില്‍ക്ക് സ്മിത, ഷക്കീല തുടങ്ങിയവരുടെ ക്ലാസിക് ചിത്രങ്ങളുടെ പ്രിന്റുകള്‍ കൈവശമുള്ളവര്‍ തിയേറ്റര്‍ ടെക്നീഷ്യന്മാരെ ഏല്‍പ്പിച്ചാല്‍ അവര്‍ തരം പോലെ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.


വനിതാ പ്രതിനിധികള്‍ക്ക് തിരുവാതിരകളിക്കാന്‍ നാലുകെട്ടും പൂമുഖവും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനാണ് സ്വാമികളുടെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ചത്. കൂടാതെ നീന്തല്‍കുളം, ടെന്നീസ് കോര്‍ട്ട്, ഷട്ടില്‍ കോര്‍ട്ട് തുടങ്ങിയവയും അത്യാധുനീക യന്ത്രസാമഗ്രികള്‍ ഉള്ള ഒരു ജിംനേഷ്യവും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.


ഈ യാത്ര പുറപ്പെടുന്നതിനു മുന്‍പ് ഒരു സന്തോഷ വാര്‍ത്ത കൂടി അറിയിക്കട്ടെ, വനിതാ പ്രതിനിധികളുടെ ലീഡറായി ഗീതാകിനി സ്വാമിനികളെ തിരഞ്ഞെടുത്തിരിക്കുകയാണ്. ആശ്രമ വനിതകള്‍ ഗീതാകിനി സ്വാമികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.


സ്വാമികളുടെ ഈ യാത്രക്ക് മറ്റൊരു ഉദ്ദേശം കൂടിയുണ്ട്. തുടക്കത്തില്‍ വന്‍ അവകാശവാദങ്ങളുമായി വന്ന പലരും തോല്‍‌വി മുന്നില്‍ കണ്ട് കൂറുമാറാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. അവരെ സ്വാമിയുടെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യാനും ലക്ഷ്യമുണ്ട്. നല്ല വൃത്തിയായി കെട്ടിയൊതുക്കിയ ചൂലുമായി സ്വാമിക്കെതിരെ മത്സരിക്കാനിറങ്ങിയ നാസിനു പാളയത്തില്‍ പടകണ്ടുള്ള പതര്‍ച്ച മാറിയിട്ടില്ല. നാസിനെ മുന്നില്‍ നിര്‍ത്തി കളിച്ച പലരും ചൂലിന്റെ കെട്ടറുത്ത്, അടുക്കും ചിട്ടയും നശിപ്പിച്ച് നാസിനെ നിലയില്ലാ വെള്ളത്തില്‍ തള്ളിവിട്ടിരിക്കുകയാണ്. വനിതകളുടെ അനിഷേധ്യ നേതാവായി പലരും പിന്നില്‍ നിന്ന് താങ്ങിയിട്ട് നിഷ്കരുണം ഒറ്റപ്പെടുത്തുകയാണുണ്ടായത്. തുടക്കത്തിലെ നാസിന്റെ വര്‍ദ്ധിച്ച ജനപിന്തുണ കണ്ട് അസൂയപ്പെട്ട ചില വനിതകള്‍ തന്നെയാണ് നാസിനു പാര വലിച്ചത്. കോഴിക്കോട് മിഠായി തെരുവിലൂടെ ചൂലുമായി നടന്നു നീങ്ങുന്ന ഒരു സ്ത്രീയെ കണ്ടതായി സ്ഥീരികരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.


മലപ്പുറം കത്തിയുമായി കരുണാനിധിയുടെ സ്വന്തം ആളെന്നു പറഞ്ഞു ആശ്രമവാസികളെ ഒന്നടങ്കം പറ്റിക്കാന്‍ ശ്രമിച്ച തോന്ന്യാസി സ്വാമികളുടെ ക്യാമ്പിലേക്ക് കൂടുമാറിക്കഴിഞ്ഞു. വടിവാളുമായി രംഗപ്രവേശം ചെയ്ത മൂന്നാം മുന്നണി നേതാവ് ഡബിള്‍ ശ്രീ പാമരനെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. വനിതാ സ്വതന്ത്രയായി ഉദയസൂര്യനുമായി രംഗത്തുവന്ന, പ്രയാന്‍ മത്സരരംഗത്തു നിന്നും പിന്‍‌വാങ്ങിയ ലക്ഷണമാണ്. സ്വാമികളോട് അങ്കം വെട്ടുന്നതിനേക്കാള്‍ നല്ലത് കടലിലെ തിര എണ്ണുന്നതാണ് ബുദ്ധിയെന്നു കരുതി ഹരിയാന കടപ്പുറത്ത് ലാന്‍ഡ് ചെയ്തതായാണ് അടുത്തിടെ കിട്ടിയ റിപ്പോര്‍ട്ട്. വള്ളിച്ചെരുപ്പുമായി സഹതാപം പിടിച്ചു പറ്റിയ ബോണ്‍സ് മത്സരരംഗം വിട്ട് ഇനിയുള്ള കാലം സ്വാമികളുടെ മെതിയടികളെ പൂജിച്ച് കാലം കഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞതായി ഒരു ചാനല്‍ ഫ്ലാഷ് ന്യൂസ് അടിക്കുന്നുണ്ട്.

പട്ടാളക്കാരുടെ പ്രതിനിധിയായി സ്വയം അവരോധിച്ച് തോക്കുമായി തെരെഞ്ഞെടുപ്പ് യുദ്ധത്തിനിറങ്ങിയ രഘുനാഥ്, തന്റെ ബുദ്ധിശൂന്യമായ തീരുമാനത്തില്‍ ഖിന്നനാണ്. വനിതകളെ മയക്കാന്‍ സോപ്പ്, ചീപ്പ് ,കണ്ണാടി, കണ്മഷി, കരിവള തുടങ്ങിയവ ഫ്രീയായി കൊടുക്കും എന്ന് പറഞ്ഞു പ്രചരണത്തിനിറങ്ങിയ ഗ്യാമറ ചിഹ്നധാരി തൊടുപുഴക്കാരന്‍ ഹരീഷിനെ പ്രചരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വനിതകള്‍ ഒതുക്കികൂട്ടി കളത്തിനു പുറത്താക്കി. ഇടയ്ക്കിടെ കൈതപ്പൂവെന്നു വിളിച്ചു കൂകി വന്ന ജയകൃഷ്ണന്‍ കാവാലം അണ്ടിയോടടുക്കുമ്പോള്‍ മാങ്ങാ പുളിപ്പാണെന്ന് കാലേക്കൂട്ടി മനസിലാക്കി രംഗം കാലിയാക്കി. വയ്ക്കോല്‍ തുറുമായി തുടക്കത്തിലേ പിന്നിലായ മുന്നണിയെ വിറ്റ് കാശാക്കാന്‍ ആചാര്യന്‍ തലയില്‍ മുണ്ടിട്ട് പലപ്രാവശ്യം ആശ്രമപരിസരത്ത് കറങ്ങിയതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ഇതൊക്കെ സംഭവിച്ചതിനു പിന്നിലുള്ള പരസ്യമായ രഹസ്യം - സ്വാമികളുടെ വര്‍ദ്ധിച്ച ജനപിന്തുണയാണെന്നതിനു സംശയം വേണ്ട. നിലവിലെ സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഈ പ്രചരണ യാത്ര ബൂലോകം ചുറ്റി തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ എല്ലാം സമരസപ്പെട്ട് ഈ ‘കാപ്പൂ എക്സ്പ്രസിലെ‘ യാത്രക്കാരായി മാറാനാണു സാധ്യത. അങ്ങനെ സ്വാമികള്‍ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെടും എന്നു തന്നെയാണ് രാക്ഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.


സുഹൃത്തുക്കളെ ശ്രീ ശ്രീ ശ്രീ. കാപ്പിലാനന്ദ സ്വാമികളുടെ ഈ പ്രചരണ യാത്ര ഫ്ലാഗ് ഓഫ് ചെയ്യാന്‍ എത്തിയിരിക്കുന്നത് സ്വാമികളുടെ ഏറ്റവും അടുത്ത ശിഷ്യനായ ഒബാമയാണ്......


ഇതാ ഫ്ലാഗ് ഓഫ് നടന്നുകഴിഞ്ഞു.....


കാപ്പൂ എക്സ്പ്രസ് യാത്ര തിരിച്ചു കഴിഞ്ഞു....

Monday, March 23, 2009

ഒരു സ്ഥാനാര്‍ഥിയുടെ വീര ഗാഥ

പ്രിയ തോന്ന്യാശ്രമവാസികളെ.....................

ആസന്നമായ തോന്ന്യാശ്രമ പൊതു തെരെഞ്ഞെടുപ്പില്‍ ഞാനും ഒരു സ്ഥാനാര്‍ഥിയാണെന്ന വിവരം നിങ്ങളെല്ലാം അറിഞ്ഞിട്ടുണ്ടാകുമല്ലോ? നിങ്ങള്‍ക്കെല്ലാം സുപരിചിതവും ഈ നാട്ടിലെ കൊച്ചു കുഞ്ഞുങ്ങള്‍ക്കുപോലും ഉപയോഗിക്കാന്‍ അറിയാവുന്നതുമായ പരിപാവനമായ "തോക്ക്" ചിന്ഹമാണ് എനിക്ക്. നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം തോക്ക് ചിഹ്നത്തില്‍ രേഖപ്പെടുത്തി ഈയുള്ളവനെ വിജയശ്രീ (സിനിമ നടിയല്ല) ലാളിതനാക്കണമെന്നു വിനീതനായി അപേക്ഷിച്ച് കൊള്ളുന്നു.

ഈ തെരെഞ്ഞെടുപ്പില്‍ ഞാന്‍ വിജയിച്ചാല്‍ തോന്ന്യശ്രമത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പുരോഗമന പദ്ധതികളുടെ ഒരു രൂപ രേഖ നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുവാന്‍ ഈയവസരം ഞാന്‍ വിനിയോഗിക്കുകയാണ്‌.

തിരഞ്ഞെടുപ്പ് ആസന്നമായ ഈ മുഹൂര്‍ത്തത്തില്‍ ശാന്തസുന്ദരമായിരുന്ന തോന്ന്യാശ്രമമിപ്പോള്‍ ഒരു യുദ്ധക്കളമായിരിക്കുകയാണ്. തോന്ന്യാശ്രമത്തിന്റെ പല ഭാഗങ്ങളിലും എനിക്കെതിരായി നില്‍ക്കുന്ന സ്ഥാനാ സ്ഥാനാര്‍ഥികളും അവരുടെ ശിങ്കിടികളും ചേര്‍ന്ന് ഒരു വര്‍ഗീയ കലാപത്തിനുള്ള കോപ്പ് കൂട്ടുകയാണ്. തോന്ന്യാശ്രമത്തിന്റെ ഇപ്പോഴത്തെ ചീഫ്സ്വാമിജി കൂതറശ്രീ കാപ്പിലാനന്ദ അവബോധാനന്ദ തിരുവടികളെ അദ്ദേഹത്തിന്‍റെ പരിശുദ്ധമായ 'വടി' സഹിതം തട്ടികൊണ്ട്‌ പോകാന്‍ തത്പര കക്ഷികള്‍ നടത്തിയ ശ്രമത്തെ എതിര്‍ക്കാന്‍ കക്ഷി രാഷ്ട്രീയം മറന്നു ഞാന്‍ കരസേനയുടെ സഹായത്തോടെ നടത്തിയ നടപടികളെ കൂതറശ്രീ കാപ്പിലാനന്ദ അവബോധാനന്ദ തിരുവടികള്‍ തന്നെ അദ്ദേഹത്തിന്റെ മുഖ പത്രമായ "ഷാപ്പന്നൂര്‍ ടൈംസില്‍ " പ്രസംസിച്ചിട്ടുണ്ട്. അതിനു പ്രതുപകാരമായി തന്റെ സ്ഥാനാര്‍ത്തിത്ത്തം തന്നെ പിന്‍വലിക്കാം എന്നദ്ദേഹം ‌വാക്ക് തന്നിട്ടുള്ള വിവരം ഞാന്‍ നിങ്ങളെ ഈയവസരത്തില്‍ അറിയിക്കുകയാണ്.

കൂടാതെ ആദിവാസി സാന്നിധ്യം കൂടുതലുള്ള ഷാപ്പന്നൂരിന്റെ തെക്ക് കിഴക്കന്‍ മേഖലയുടെ തീര പ്രദേശങ്ങളില്‍ മോഷണവും പിടിച്ചുപറിയും ഒരു നിത്യ സംഭവമായിരിക്കുകയാണ്. ഇക്കഴിഞ്ഞ രാത്രിയില്‍ അവിടെ ഉണ്ടായിരുന്ന ആയിരത്തിലധികം തെങ്ങുകളിലെ കള്ള് കലം സഹിതം മോഷണം പോയത് ഷാപ്പന്നൂര്‍ ടൈംസിലെ ഇന്നത്തെ മുഖ്യ വാര്‍ത്തയാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്‌ കുപ്പിയും ഗ്ലാസ്സും ചിഹ്നമായി സ്വീകരിച്ചിരിക്കുന്ന ഒരു സ്ഥാനാര്‍ഥിയുടെ കറുത്ത കൈകളാണോ എന്നും ഷാപ്പന്നൂര്‍ ടൈംസ്‌ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ അവസ്ഥയിലാണ് ഒരു ഭീകരമായ ആഭ്യന്തര കലാപത്തിനുള്ള സാധ്യതകള്‍ നമ്മള്‍ തിരിച്ചറിയേണ്ടത്. ഇതില്‍ നിന്നും രക്ഷ നേടാന്‍ നമ്മുടെ മുന്‍ഗാമികള്‍ ടൈം പാസ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന അമ്പും വില്ലും മതിയാകുമോ എന്ന് പ്രബുദ്ധരായ നിങ്ങള്‍ തീരുമാനിക്കണം.

എന്റെ ബഹുമാന്യനായ എതിര്‍ സ്ഥാനാര്‍ഥി ശ്രീ തോന്ന്യാസിയെ എനിക്ക് നന്നയി അറിയാം. ആദ്യകാലങ്ങളില്‍ ഞാന്‍ ആശ്രമത്തില്‍ ചെല്ലുമ്പോള്‍ മുറുക്കാന്‍ ചെല്ലവുമായി എന്റെ അടുത്ത്‌ വരാറുള്ള ശ്രീ തോന്ന്യാസിയെ ഞാന്‍ അന്നേ നോട്ടു ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ കയ്യിലുള്ള ഒരു ചെറിയ കത്തി എന്നെ കാണിച്ചിട്ട് അത് തന്‍റെ അപ്പൂപ്പന്റെ വല്യച്ചന്‍ മരിക്കാന്‍ കിടക്കുമ്പോള്‍ തന്നെ സൂക്ഷിക്കാനായി എല്പിച്ചതാണ് എന്നും ഇപ്പോഴിത് താന്‍ പാക്ക് വെട്ടാനായി മാത്രമേ ഉപയോഗിക്കൂ എന്നും പറഞ്ഞ കാര്യം ബഹുമാന്യനായ ശ്രീ കാപ്പിലാന്‍സ് ഓര്‍ക്കുമോ എന്നുഞാന്‍ ഊന്നി ചോദിക്കുകയാണ്. അനങനെയുള്ള ഒരു കത്തിയുമായി മത്സര രംഗത്തുള്ള ശ്രീ കാപ്പിലാനെ ഒരു മൂലക്കിരുത്തെണ്ട ചുമതല ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുകയാണ്.

അടുത്ത സ്ഥാനാര്‍ഥി ശ്രീ പാമാരനെയും എനിക്ക് നന്നായറിയാം. ഡ്രാമ സ്കോപ്പ് നാടകമായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥിരം തട്ടകം. അതില്‍ രാജാവിന്റെ വേഷമാണ് അദ്ദേഹത്തിന്‌ ഏറെ പ്രിയം. പക്ഷെ അദ്ദേഹത്തെ രാജാവാക്കിയാല്‍ നാടകം കണ്ടുകൊണ്ടിരിക്കുന്ന പ്രജകള്‍ ചെരുപ്പ് കല്ല്‌ ചീമുട്ട മുതലായ സാധങ്ങള്‍ സ്റ്റെജിലേക്ക് വലിച്ചെറിയും എന്നത് കൊണ്ട് സംവിധായകന്‍ അദ്ദേഹത്തെ നാടക ട്രൂപില്‍ നിന് തന്നെ പിരിച്ചു വിടുകയും അതില്‍ കുപിതനായ ശ്രീ പാമരന്‍ വീട്ടിലെത്തി വീടിന്റെ ഉത്തരം ഇളക്കിയെടുത്ത തടികൊണ്ട് ഒരു വാള്‍ നിര്‍മിക്കുകയും കണ്ടാല്‍ ഒറിജിനല്‍ വാളാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ സ്റ്റീല്‍ പെയിന്റ് അടിച്ചു, അതിനൊരു ഉറയും ഉണ്ടാക്കി സദാ അരയില്‍ തൂക്കി നടക്കുകയും ചെയ്തിരുന്ന ആളാണ്‌ ശ്രീ പാമാരനെന്നു ഈ ബൂലോകത്തിലെ എത്ര പേര്‍ക്കറിയാം.???

എല്ലാ സ്ഥാനാര്‍ഥികളെയും നിങ്ങളെ പരിചയപ്പെടുത്തേണ്ട കാര്യമൊന്നും എനിക്കില്ല. ഞാന്‍ ചില ഉദാഹരണങ്ങള്‍ പറഞ്ഞു എന്ന് മാത്രം. നിങ്ങളുടെ വിലയേറിയ സമയം ഞാന്‍ പാഴാക്കുന്നില്ല. അതുകൊണ്ട് ഈ ആശ്രമത്തില്‍ ഞാന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട ചില പുരോഗമന നടപടികളെക്കുറിച്ച് കൂടി പറഞ്ഞിട്ട് ഞാന്‍ ഉപസംഹരിക്കാം

ഈ ആശ്രമത്തിന്റെ നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കുകയാണ് എന്റെ ആദ്യ ലക്‌ഷ്യം. അതിനായി ആശ്രമത്തിന്റെ ചുറ്റുമുള്ള മതില്‍ ഇടിച്ചു നിരപ്പാക്കി അവിടെ മുള്ളുവേലി പിടിപ്പിക്കും. ആശ്രമത്തിന്റെ മെയിന്‍ ഗേറ്റിന്റെ അടുത്തുകൂടി തെക്കോട്ട്‌ പോകുന്ന എല്‍. ഓ. സി (ലൈന്‍ ഓഫ് കണ്ട്രോള്‍ ) പുനര്‍നിര്‍വ്വചിക്കും. ആശ്രമത്തിലുള്ള എല്ലാ സ്വാമിമാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തും. അതില്‍ അവരുടെ യഥാര്‍ഥ വയസും സന്യാസം സ്വീകരിച്ച തീയതിയും രേഖപ്പെടുത്തും. അടിച്ചു പൊളിച്ചു നടന്നവന്‍ പെട്ടെന്നൊരു ദിവസം കേറി സ്വാമിയാകാനും പുത്രകാമേഷ്ടി പോലെയുള്ള ക്രിയകള്‍ ചെയ്യാതിരിക്കാനും വേണ്ടിയാണ് ഈ പരിഷ്കാരം നടപ്പാക്കുന്നത്. ആശ്രമത്തിന്റെ പുറമ്പോക്ക് നിലങ്ങളില്‍ കണ്ചാവ് ചെടികള്‍ വച്ച് പിടിപ്പിച്ചു അടുക്കളത്തോട്ട നിര്‍മാണത്തില്‍ അന്തേവാസികള്‍ക്ക് പരിശീലനം നല്‍കും. പതിനെട്ടു മുതല്‍ മുപ്പതു വയസ്സുവരെയുള്ള സ്വാമിനിമാര്‍ക്ക് ഒരു "ടാലെന്റ്റ് ഹണ്ട്" നടത്തും. അതില്‍ വിജയിക്കുന്ന ഇരുപതു സ്വാമിനികളെ എന്റെ പേര്‍സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തും. അമ്പതു കഴിഞ്ഞ എല്ലാ സ്വാമിമാരെയും പുത്ര കാമേഷ്ടിയാഗത്തില്‍ നിന്നും മാറ്റി നിര്‍ത്തും. പ്രായാധികത്യം മൂലം അവര്‍ ചെയ്യുന്ന പൂജകള്‍ക്ക് ഫലപ്രാപ്തി കുറയുന്നു എന്ന പരാതി ഇത് മൂലം പരിഹരിക്കപ്പെടും. സ്ഥിരമായി കഞ്ചാവ് അടിക്കുന്ന സ്വാമിമാര്‍ക്ക് ഒരു ചേഞ്ച്‌ എന്ന നിലയില്‍ മിലിട്ടറി റം കൊടുക്കും.

ഞാന്‍ കൂടുതല്‍ നീട്ടുന്നില്ല. ഒരിക്കല്‍ കൂടി നിങ്ങളുടെ സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് നിര്‍ത്തട്ടെ..... ജയ് ജവാന്‍...ജയ് തോന്ന്യാശ്രമം. ....ജയ് തോക്ക് ചിഹ്നം...

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.