അന്തേവാസികള്‍

Monday, June 1, 2009

തിരികെ..., RKM 5-2

കഥാക്യത്തിന്റെ പേര് : അശോകന്‍

(സാങ്കല്പികമായ പേര്, ചരിത്രത്തിലെ രാജക്കന്മാരുടേതാവും ഈ റൌണ്ടില്‍ ഓരോ കഥാക്യത്തിനും നല്‍കുക. ലിംഗഭേദങ്ങള്‍ പോലും വെളിപെടുത്തുകയില്ല)


തിരികെ...,
------------------------


നീണ്ട ചൂളം വിളിയോടെ വണ്ടി ഓടിക്കൊണ്ടിരുന്നു... ഇനി ഒരു സ്റ്റേഷന്‍ കൂടി കഴിഞ്ഞാല്‍ രമേഷിനു ഇറങ്ങാനുള്ള സ്ഥലമാകും..ജനാലക്കടുത്തുള്ള സീറ്റില്‍ ഇരുന്നു കാലുകള്‍ മുന്‍പോട്ടു നീട്ടി വച്ച് രമേശ്‌ അല്പം ചാരിയിരുന്നു...മുന്‍പിലിരുന്ന മാന്യന്‍ രമേഷിന് കാലുകള്‍ നീട്ടിയിരിക്കാനുള്ള സൌകര്യത്തിനായി അലപം ഒതുങ്ങി ഇരുന്നുകൊടുത്തു...അയാളെ നോക്കി നന്ദി സൂചകമായി ഒന്ന് പുഞ്ചിരിച്ചിട്ട് കൈകള്‍ മാറത്തു കെട്ടി ചാരിയിരുന്നുകൊണ്ട് രമേശ്‌ വീണ്ടും ഓര്‍മകളില്‍ മുഴുകി...

ഒരിക്കലും നിനച്ചിരുന്നതല്ല ഈ തിരിച്ചു പോക്ക്...അല്ലെങ്കില്‍ തന്നെ ഇനി ഒരിക്കലും തിരച്ചു വരില്ല എന്ന് തീരുമാനിച്ചിരുന്നതല്ലേ? പിന്നെ എങ്ങനെ തനിക്കു തിരിച്ചു പോരാന്‍ തോന്നി...നന്ദനയുടെ ആ എഴുത്താണോ അതിനു കാരണം? അതോ അമ്മയുടെ പരിദേവനങ്ങള്‍ നിറഞ്ഞ വാക്കുകളോ? കഴിഞ്ഞ കാര്യങ്ങള്‍ അത്ര പെട്ടെന്ന് മറക്കാന്‍ നന്ദനയ്ക്ക് കഴിയുമായിരിക്കും പക്ഷെ തനിക്കതിനാകുമോ? ആകുമായിരുന്നെന്കില്‍ ഇത്രയും വര്‍ഷങ്ങള്‍ വേണ്ടി വരുമായിരുന്നില്ല ഈ തിരിച്ചു പോക്കിന്..
വണ്ടി "തൃശ്ശിവപേരൂര്‍" എന്ന ബോര്‍ഡ്‌ കടന്നു മുന്‍പോട്ടു പോയി... രമേശ്‌ തന്റെ ബാഗുകളും പെട്ടിയും എടുത്ത്‌ വാതിലിനടുത്തേക്ക് നടന്നു...പിന്നെ പ്ലാറ്റ്‌ ഫോമില്‍ ഇറങ്ങി നിന്ന് ചുറ്റും നോക്കി....

ഓര്‍മ്മകളുടെ ഒരു കവാടം വീണ്ടും രമേശിന്റെ മുന്നില്‍ തുറന്നു. എന്തെല്ലാമോ ചികഞ്ഞു പരതി പുറത്തെടുക്കാന്‍ തുടങ്ങുന്നതിനു മുന്നേ തന്നെ ഒരു ചോദ്യം വന്നു.

"ഓട്ടോ വേണോ സാറേ? എവിടെക്കാ പോകേണ്ടത്? "

"പെട്ടി എടുക്കണമോ സാറേ? പത്ത് രൂപ തന്നാല്‍ മതി."

ഒന്നും പറയാതെ രമേശ്‌ പെട്ടി എടുത്തു പുറത്തേക്കിറങ്ങി. ഓട്ടോക്കാരന്‍ എന്തായാലും വിടുന്ന ലക്ഷണം ഇല്ല. പിറകെ തന്നെ കൂടി ഒരു പെട്ടി കയ്യില്‍ എടുത്തു. അവന്റെ ഓട്ടോയില്‍ കയറി ഇരുന്നു രമേശ്‌ സ്ഥലം പറഞ്ഞു.

വീടിനു മുന്നില്‍ ഓട്ടോ നിര്‍ത്തി രമേശ്‌ പണം കൊടുത്തു. ഓട്ടോയുടെ ശബ്ദം കേട്ട് അകത്തു നിന്ന് ആരോ ആകാംക്ഷയോടെ എത്തിനോക്കി. രമേഷിന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല. തന്റെ ഗിരിജേടത്തി! ഏട്ടത്തിയുടെ കുട്ടിയുടെ ഇരുപത്തിയെട്ടിനു ആണ് അവസാനം ആയി ഏട്ടത്തിയെ കണ്ടത്. ഏട്ടത്തിയുടെ കല്യാണത്തിന് ശേഷം ഏട്ടത്തിയെ ഇങ്ങനെ ഉള്ള സന്ദര്‍ഭങ്ങളില്‍ മാത്രമേ ഒരു നോക്ക് കാണുവാന്‍ സാധിച്ചിട്ടുള്ളൂ. ഏട്ടത്തിയുടെ കല്യാണ ശേഷം ആ കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്താന്‍ ശ്രീധരേട്ടന്‍ സമ്മതിച്ചിട്ടില്ല. അമ്മക്ക് അയച്ച കത്തുകളില്‍ ഒന്നും ഈ ഏട്ടത്തിയെ കുറിച്ച് താന്‍ അന്വേഷിച്ചതുമില്ല.


ഏട്ടത്തി പുറത്തേക്കു വന്നു

."തീവണ്ടി നാല് മണിക്കൂര്‍ വൈകിയല്ലേ? കാണാതായപ്പോള്‍ പരിഭ്രമം കാരണം സ്റ്റേഷനില്‍ വിളിച്ചന്വേഷിച്ചു. "

"ഇവിടെ ഫോണ്‍ ഉണ്ടോ?"

"ഇല്ല..അടുത്ത വീട്ടില്‍ പോയി വിളിച്ചു ചോദിച്ചു."

"ഏട്ടത്തി എപ്പോ വന്നു?"

"കുറെ ദിവസങ്ങളായി ഞാന്‍ ഇവിടെ ഉണ്ട്."

"കുട്ടികള്‍ എവിടെ?""വന്നില്ല..സ്കൂള്‍ മുടക്കേണ്ട എന്ന് കരുതി കൊണ്ട് വന്നില്ല."

"ശ്രീധരേട്ടന്‍?"

"സുഖമായിരിക്കുന്നു.."

"അമ്മ എവിടെ?"

"നീ അകത്തേക്ക് വാ."പെട്ടികള്‍ മുറിയില്‍ വച്ചിട്ട് അമ്മയെ അന്വേഷിച്ചു അടുക്കള വശത്തേക്ക്‌ നീങ്ങി.

"അമ്മ അടുക്കളയില്‍ ഇല്ല. മുറിയിലാണ്."

രമേശ്‌ തിരിച്ചു നടന്നു അമ്മയുടെ മുറിയിലേക്ക് പ്രവേശിച്ചു. അവിടെ ആകെ ഇരുട്ടായിരുന്നു. ഒരു ഞരക്കം കേള്‍ക്കുന്നുണ്ട്‌. രമേശ്‌ കട്ടിലിന്റെ അടുക്കലേക്കു ചെന്ന് അമ്മെ എന്ന് വിളിച്ചു. അതിനു മറുപടിയായി ഒരു മൂളല്‍ മാത്രം കേട്ടു. രമേശ്‌ മുറിയില്‍ വെളിച്ചം ഇല്ലാത്തത് കണ്ടു സ്വിച്ച് അമര്‍ത്തി. പക്ഷെ ലൈറ്റ് തെളിഞ്ഞില്ല.

"കുട്ടിയെ ലൈറ്റ് ഓണ്‍ ചെയ്യേണ്ട. അമ്മക്ക് വെളിച്ചം ഭയം ആണ്." ഏട്ടത്തി പിന്നില്‍ നിന്ന് പറഞ്ഞു. "അത് കൊണ്ട് ബള്‍ബ്‌ ഊരി മാറ്റി വച്ചിരിക്കുകയാ."

രമേശ്‌ ദേഷ്യപെട്ടു അപ്പുറത്തെ മുറിയില്‍ നിന്നും ഒരു ലൈറ്റ് എടുത്തു കൊണ്ട് വന്നു അമ്മയുടെ മുറിയില്‍ ഇട്ടു. വെളിച്ചത്തു കണ്ട രൂപം ഒരു നോക്ക് കൂടി നോക്കാന്‍ കഴിയാതെ രമേശ്‌ മുഖം തിരിച്ചു.

" മോനെ, അമ്മക്ക് പോള്ളലേറ്റു. അരക്ക് താഴോട്ടു സ്വാധീനവും ഇല്ല. അഞ്ചാറു വര്‍ഷമായി ഇതേ കിടപ്പാണ്. ആളെ മനസ്സിലാകും പക്ഷെ സംസാരിക്കാറില്ല. വെളിച്ചം ഭയം ആണ്. ഒരു പക്ഷെ നിന്നെ കാണാന്‍ വേണ്ടിയായിരിക്കും വെളിച്ചം കണ്ടിട്ടും ബഹളം വെക്കാതെ ഇരുന്നത്."

മറുപടി പറയാതെ രമേശ്‌ പുറത്തിറങ്ങി.ഏട്ടത്തി ഒരു ഗ്ലാസ്‌ ചായ കൊണ്ട് വന്നു. രമേശ്‌ ചായ വാങ്ങി ചോദ്യ ഭാവത്തില്‍ ഏട്ടത്തിയെ നോക്കി.

"ആറു വര്ഷം മുന്‍പ് നീ ആരോടും ഒരു വാക്ക് പോലും പറയാതെ നാട് വിട്ടു. നിന്നെ അന്വേഷിച്ചു പലരും ഇവിടെ കയറി ഇറങ്ങി. നീ എങ്ങോട്ടാണ് പോയതെന്നോ ജീവനോടെ ഉണ്ടോ എന്നോ ഒന്നും അറിയാന്‍ വയ്യാതെ അമ്മ ഈ വീട്ടില്‍ കഴിഞ്ഞു. അതിനിടയില്‍ തിരുമേനി നന്ദനയുടെ കല്യാണം ഉറപ്പിച്ചു. മനസ്സില്ലാമനസ്സോടെ നിന്നെ എന്നും ജീവനോടെ കാണണം എന്ന ആഗ്രഹത്തോടെ ആ കുട്ടി കല്യാണത്തിന് സമ്മതിച്ചു. പക്ഷെ നീ പോയത് എങ്ങോട്ടാണെന്ന് ആര്‍ക്കും അറിയാതെ ഇരുന്ന സാഹചര്യത്തില്‍ ആരെല്ലാമോ ചേര്‍ന്ന് നിന്നെ കൊലപെടുത്തിയെന്നു അതിനെ വിശ്വസിപ്പിച്ചു. നാട് മുഴുവന്‍ വിളിച്ചുള്ള കല്യാണത്തിന് കല്യാണ പന്തലില്‍ വെച്ച് തനിക്കു ഈ വിവാഹം സമ്മതം അല്ലെന്നും ഇഷ്ടമില്ലാത്ത വിവാഹത്തിന് ആണ് തന്നെ അണിയിച്ചൊരുക്കി നിര്‍ത്തിയിരിക്കുന്നതെന്നും പറഞ്ഞു നന്ദന വിവാഹം മുടക്കാന്‍ ശ്രമിച്ചു."

രമേശ്‌ ചായ ഗ്ലാസ്സ്‌ താഴെ വച്ച്. ഏതോ ഒരു കഥ കേള്‍ക്കുന്ന ലാഘവത്തോടെ ഏട്ടത്തിയെ നോക്കി.

"എന്നിട്ട്?"

"എന്നിട്ടെന്താ? തിരുമേനിയുടെ സ്വത്ത് മാത്രം മോഹിച്ചു പെണ്ണ് കെട്ടാന്‍ വന്നതായിരുന്നു അവര്‍ . ഒരു നാടിന്റെ മുഴുവന്‍ മുന്നില്‍ വച്ച് തങ്ങളുടെ കുടുംബത്തെ തേജോവധം ചെയ്തു എന്ന കാരണം പറഞ്ഞു നഷ്ടപരിഹാരം നല്ലൊരു വക കൈക്കലാക്കി അവര്‍ പോയി. എല്ലാവരുടെയും മുന്നില്‍ ഒരു തെറ്റുകാരിയായി നന്ദന ഇന്നും ബാക്കി. തന്റെ കുടുംബത്തിനു ഇത്രയധികം അപമാനം വരുത്തിയ നിന്നെ തേടി അവര്‍ വീണ്ടും വന്നു. അമ്മയോട് നീ എവിടെയാണെന്ന് പലതവണ വന്നു ചോദിച്ചു. പിന്നീട് ഭീഷണികള്‍ ആയി. നീ എവിടെയാണെന്നു അറിയാതെ തീ തിന്നുന്ന അമ്മ എന്ത് മറുപടി പറയാന്‍. ഒരു ദിവസം കുറെ ആളുകള്‍ വന്നു അമ്മയെ തല്ലി നടുവൊടിച്ചു മണ്ണെണ്ണ ഒഴിച്ച് തീയിട്ടിട്ട് പോയി. ഈശ്വര കൃപ കൊണ്ട് കറണ്ടിന്റെ മീറ്റര്‍ നോക്കാന്‍ വന്ന ചെക്കന്‍ കണ്ടിട്ട് ആശുപത്രിയില്‍ എത്തിച്ചു. ഇങ്ങനെയെങ്കിലും അമ്മയെ കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല."


"അപ്പോള്‍ എനിക്ക് വന്ന കത്തുകള്‍ ? അമ്മ അയച്ചതല്ലേ?"
"ആ കത്തുകള്‍ എല്ലാം ഞാന്‍ അയച്ചതാണ്. "

"അപ്പോള്‍ ഏട്ടത്തി ഇവിടെ വന്നിട്ട് എത്ര നാളായി?"

"ആറു വര്‍ഷം."

"ശ്രീധരെട്ടനും കുട്ടികളും?"

"ശ്രീധരേട്ടന്റെ വീട്ടില്‍ ."

"ഏട്ടത്തി അവിടെ പോകാറില്ലേ?"

"ഒരിക്കല്‍ പോയി. പിന്നെ ഇല്ല. "

"ഏട്ടത്തി..എനിക്ക് ഒന്നും മനസില്ലാവുന്നില്ല."

"ശ്രീധരേട്ടന്‍ വേറെ വിവാഹം കഴിച്ചു. അതില്‍ ഒരു കുട്ടിയുമുണ്ട്. എന്റെ മക്കളെ ഞാന്‍ ചോദിച്ചു. അവര്‍ തന്നില്ല. അമ്മക്ക് വയ്യാതായപ്പോള്‍ ഒന്ന് കാണാന്‍ വന്നതിനുള്ള ശിക്ഷ. അത്രയേയുള്ളൂ."
"മക്കളെ കൊണ്ട് വരാന്‍ ഏട്ടത്തി നോക്കിയില്ല? "
"ശ്രമിക്കാതിരുന്നില്ല കുട്ടി. പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും ആകാമല്ലോ? "
"നന്ദന..അവള്‍ക്കു എന്റെ മേല്‍വിലാസം ആരു കൊടുത്തു?"
"ഞാനാ അത് കൊടുത്തത്. "
"എന്തിനു? "
"ഇപ്പോഴും നീ മരിച്ചു എന്ന് കരുതി ജീവിതം ഹോമിക്കുന്നത് കണ്ടു മടുത്തിട്ട് കൊടുത്തതാണ്. നീ ഇന്ന് ദീപാരാധന തൊഴാന്‍ അമ്പലത്തില്‍ പോകണം. ആ കുട്ടി വരും. എല്ലാം ഇട്ടെറിഞ്ഞു. നീ അവളെ കൂട്ടി ഇങ്ങോട്ട് വരണം. ആ പാവത്തിനെ ഇനിയും കണ്ണുനീര്‍ കുടിപ്പിക്കരുത്. "

"എന്താ ഏട്ടത്തി ഉദ്ദേശിക്കുന്നത്? "

"പറഞ്ഞത് ഇനി വ്യാഖ്യാനിക്കുന്നില്ല. അര്‍ഥം നീ തന്നെ മനസ്സിലാക്കുക."

രമേശ്‌ കുളിച്ചു അമ്പലത്തിലേക്ക് നടന്നു.ദൂരെ നിന്ന് തന്നെ ആല്‍് തറയുടെ സമീപം നില്‍കുന്ന നന്ദനയെ രമേശ്‌ തിരിച്ചറിഞ്ഞു. അവളെ ശ്രദ്ധിക്കാതെ നേരെ അമ്പലത്തില്‍ കടന്നു തൊഴുതു തിരിച്ചു വന്നു. അവള്‍ അവിടെ തന്നെ ഉണ്ടായിരുന്നു.
"വരൂ." രമേശ്‌ അവളെ വിളിച്ചിട്ട് മുന്നില്‍ നടന്നു. ഒന്നും മിണ്ടാതെ അവള്‍ പിറകെ ചെന്നു. പോകുന്ന വഴിയില്‍ രണ്ടു പേരും സംസാരിച്ചില്ല.ഇടയ്ക്കെപ്പോഴോ രമേശ്‌ നന്ദനയെ തിരിഞ്ഞു നോക്കി. കണ്ണീരില്‍ കുതിര്‍ന്ന മിഴികളുമായി അവള്‍ തന്റെ പിറകില്‍ തന്നെ ഉണ്ട്.

"നന്ദന എന്നെ മറന്നു എന്നാണു ഞാന്‍ കരുതിയത്‌. വിവാഹം ഒക്കെ കഴിഞ്ഞു കുട്ടികളുമായി ഒരു കെട്ടിലമ്മ ഒക്കെയായി സുഖ ജീവിതം നയിക്കുന്നു എന്ന്. "
അവള്‍ മറുപടി പറഞ്ഞില്ല.

"സന്ധ്യയായി. ഇല്ലത്ത് അന്വേഷിക്കില്ലെ തന്നെ? "

"ഇല്ല..മടങ്ങി വരവില്ല എന്ന് അറിയിച്ചാണ് ഞാന്‍ ഇറങ്ങിയത്‌."

"താന്‍ എവിടെ പോകുന്നു?"

"അത് രമേശ്‌ തീരുമാനിക്കണം."
രമേശ്‌ നന്ദനയെ ചോദ്യഭാവത്തില്‍ നോക്കി. പിന്നെ ഒന്നും സംസാരിക്കാതെ രണ്ടു പേരും നടന്നു രമേഷിന്റെ വീട്ടില്‍ എത്തി. ഏട്ടത്തി ഇവരുടെ വരവ് പ്രതീക്ഷിച്ചു എന്നവണ്ണം നിലവിളക്കുമായി അവരെ സ്വീകരിച്ചു. രമേശ്‌ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി. നേരെ അമ്മയുടെ മുറിയില്‍ ചെന്നു. നന്ദന പിറകെ കടന്നു ചെന്നു.
രമേശ്‌ നന്ദനയോടായി പറഞ്ഞു.
"ഇതെന്റെ അമ്മ. നമ്മുടെ സ്നേഹബന്ധത്തിന്റെ ഒന്നാമത്തെ രക്തസാക്ഷി."പിന്നെ പെങ്ങളെ ചൂണ്ടി." ഇതെന്റെ ഏട്ടത്തി, രണ്ടാമത്തെ രക്തസാക്ഷി. ഈ രണ്ടു ജീവിതങ്ങളും പഴയ പോലെയാക്കുവാന്‍ നന്ദനക്ക് സാധിക്കുമോ? നഷ്ടപ്പെട്ട് പോയ ബന്ധങ്ങള്‍ കൂട്ടി യോജിപ്പിക്കുമ്പോള്‍ ഈ വിള്ളലുകള്‍ അടയുമോ? ഇത് അടക്കുവാന്‍ നമുക്ക് സാധിക്കുമോ? അങ്ങനെ സാധിക്കുമെങ്കില്‍ നന്ദനക്ക് എന്റെ കൂടെ ജീവിക്കാം അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഞാന്‍ തിരിച്ചു കൊണ്ടാക്കാം തന്റെ ഇല്ലത്തേക്ക്. "

"ഒരു വിവാഹ ജീവിതം സ്വപ്നം കണ്ടു കൊണ്ടല്ല ഞാന്‍ ഇറങ്ങി തിരിച്ചത്. രമേശിന്റെ ഭാര്യ ആകുവാന്‍ ആഗ്രഹിച്ച ആ കാലം എന്റെ ജീവിതത്തില്‍ നിന്ന് മാഞ്ഞു പോയി. ആറു വര്‍ഷം ഞാന്‍ ഒരു വിധവയായി ജീവിക്കുകയായിരുന്നു. കഴിഞ്ഞ മാസം രമേശ്‌ ജീവനോടെ ഉണ്ടെന്നു ഏട്ടത്തി പറയുന്നത് വരെ. എനിക്കെന്നും രമേശിന്റെ നിഴലായി ജീവിക്കുവാന്‍ ആണിഷ്ടം. ഈ വീട്ടില്‍ രമേശ്‌ ഉള്ളപ്പോള്‍ രമേശിന്റെ കൂടെ വലതുകാല്‍ വച്ച് കയറി ഈ കുടുംബത്തില്‍ ഒരംഗം ആകുവാന്‍ വേണ്ടി മാത്രം ആണ് രമേശിനെ ഇവിടെ വരുത്തിയതു. അമ്മയുടെയും എട്ടത്തിയുടെയും കൂടെ എനിക്ക് ഈ വീട്ടില്‍ ജീവിക്കണം. ആ ഒരു അവകാശം രമേശിലൂടെ മാത്രമേ എനിക്ക് ലഭിക്കു. ഇല്ലത്തേക്ക് ഒരു മടക്കം ഇനി ഇല്ല. നമ്മുടെ ജീവിതം കൊണ്ട് നഷ്ടം ആയതു തിരികെ നല്‍കാന്‍ എനിക്കാവില്ല. അതെനിക്ക് ബോധ്യം ഉണ്ട്. പക്ഷെ ഒരു താങ്ങായി ഇവരുടെ കൂടെ ഞാന്‍ എന്നും ഉണ്ടാകും."

ആരുടേയും മറുപടി കേള്‍ക്കാന്‍ നില്‍കാതെ ഏട്ടത്തി രണ്ടു പേരോടുമായി പറഞ്ഞു.

"നഷ്ടങ്ങളുടെ കണക്കു പറയാന്‍ നിങ്ങള്ക്ക് എന്തര്‍ഹത? നഷ്ടങ്ങളുടെ കണക്കു നോക്കേണ്ടത് ഇപ്പോള്‍ അല്ല, ജാതിയും സ്ഥാനമാനവും നോക്കാതെ എല്ലാത്തിനെയും വെല്ലുവിളിച്ചു നിങ്ങള്‍ സ്നേഹിച്ചു. അന്ന് നിങ്ങള്‍ ഒരു നിമിഷം എങ്കിലും ഈ അമ്മയെ പറ്റിയോ പെങ്ങളെ പറ്റിയോ ഓര്‍ത്തിരുന്നോ? സ്നേഹത്തിന്റെ പേരില്‍ എല്ലാം വലിച്ചെറിയാന്‍ നിങ്ങള്‍ തയ്യാര്‍ ആയി നടന്നു. ഒരു ഭീഷണി വന്നപ്പോള്‍ എല്ലാം മറന്നു നാട് വിട്ടു. ഒന്ന് തിരിഞ്ഞു നോക്കാനുള്ള ധൈര്യം കാട്ടാതെ എല്ലാം ഇട്ടെറിഞ്ഞു പോയി. നഷ്ടങ്ങള്‍ വന്നത് നിങ്ങള്‍ മൂലം ആണ്. അത് നികത്താന്‍ എന്തായാലും നിങ്ങള്ക്ക് സാധിക്കില്ല. ഇത്രയും നാള്‍ കത്തെഴുതിയ അമ്മയെ കാണുവാന്‍ ആറു കൊല്ലം നിനക്ക് സമയം ലഭിച്ചില്ല. ഇവളുടെ ഒരൊറ്റ കത്ത് നിന്നെ തിരികെ വരുത്തി. ഇപ്പോഴും വറ്റാതെ നിങ്ങളില്‍ ഉള്ള സ്നേഹം ഇനിയും കണ്ടില്ല എന്ന് നടിച്ചു അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി വീണ്ടും ഇല്ലാതാക്കരുത്. ഈശ്വരനായിട്ടു നിങ്ങളെ തിരിച്ചു അടുപ്പിച്ചതാണ്. ഒരുമിച്ചു ജീവിക്കുക."

ഏട്ടത്തി പറഞ്ഞ വാക്കുകളുടെ അര്‍ഥം ഗ്രഹിച്ചു നന്ദന രമേശിനോടൊപ്പം ജീവിതം തുടങ്ങി.ആരെയും ഭയക്കാനുള്ള മനസ് ഇല്ലാതെ. നിസ്വാര്‍ത്ഥമായ സ്നേഹത്തോടെ.

18 comments:

ആചാര്യന്‍... said...

വളരെ വേഗം അവസാനിക്കുന്നുവെങ്കിലും നന്നായിട്ടുണ്ട് ഇക്കഥ. മാര്‍ക്ക് 19/25

രഘുനാഥന്‍ said...

അശോകാ.....നല്ല കഥ....ഒട്ടും അസംഭാവ്യം എന്ന് തോന്നാത്ത രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു...അല്പം കൂടി വൈകാരികത എഴുത്തില്‍ വരുത്താമായിരുന്നു.......എന്റെ മാര്‍ക്ക് 24/25..

രഘുനാഥന്‍ said...

ആചാര്യാ... കണ്ടിട്ട് പേടിയാകുന്നു...എവിടുന്നു കിട്ടി ഈ ഫോട്ടോ?

Rare Rose said...

കൊള്ളാം..വല്യ തെറ്റില്ലാതെ വിശ്വാസ്യമായ രീതിയില്‍ തന്നെ കഥാകൃത്തിനു കഥ മുന്നോട്ട് നയിക്കുവാന്‍ കഴിയുന്നുണ്ടു...ആശംസകള്‍....എന്റെ മാര്‍ക്ക് 19/25..

കാപ്പിലാന്‍ said...

സമയം കിട്ടാതിരുന്നതുകൊണ്ട് കഴിഞ്ഞ കഥകള്‍ നോക്കാന്‍ കഴിഞ്ഞിരുന്നില്ല .ഷമിക്കുമല്ലോ .പിന്നെ ഈ കഥ വായിച്ചു മനസ്സില്‍ അല്പം നൊമ്പരമുണര്‍ത്തി .നന്ദനക്ക് പുതിയൊരു ജീവിതം കൊടുക്കാന്‍ സാധിച്ചല്ലോ .നന്നായി . എന്‍റെ മാര്‍ക്ക്‌ 20/25. വലിയൊരു വിലയിരുത്തല്‍ ഈ കഥക്ക് വേണമെന്ന് എനിക്ക് തോന്നുന്നില്ല .അത്രയ്ക്ക് നന്നായി എഴുതിയിരിക്കുന്നു .ബാക്കി ഉള്ള കഥകളും ഉടനെ തന്നെ നോക്കാം .കഥകള്‍ അയക്കുന്ന എല്ലാവര്‍ക്കും നന്ദി .കൂടെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കനലിനും കൂട്ടുകാര്‍ക്കും . എനിക്കറിയാന്‍ വയ്യാത്ത ഒരു കാര്യം .ഈ ആശ്രമ വാസികല്‍ക്കെല്ലാം എന്ത് സംഭവിച്ചു എന്നാണ് .ആരെയും കാണുന്നില്ല .

വാഴക്കോടന്‍ ‍// vazhakodan said...

കഥ കൊള്ളാം, എങ്കിലും സംഗതികളൊന്നും ഇല്ലാത്ത പോലെ ഒരു ഫീലിംഗ്സ് വരുന്നു. ഒന്ന് കൂടി ശ്രദ്ധിക്കാമായിരുന്നു. വൈകാരികമായ സന്ദര്‍ഭങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ഒന്ന് കൂടി കൊഴുപ്പിക്കാമായിരുന്നു. എന്റെ മാര്‍ക്ക്‌ 16/25

ബോണ്‍സ് said...

കഥ കൊള്ളാം. നല്ല ഒഴുക്കില്‍ പറഞ്ഞു പോയി. അവസാനം പെട്ടന്ന് നിര്‍ത്തി എന്ന് തോന്നീ എങ്കിലും മൊത്തത്തില്‍ നല്ല ഭാഷാ, ആശയങ്ങള്‍, നല്ല ശൈലി മാര്‍ക്ക്‌ 23/25

ചാണക്യന്‍ said...

കനലെ,
ഇത്തരമൊരു നവ സംരംഭം ഇവിടെ സംഘടിപ്പിച്ച താങ്കളെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു...

ഈ മത്സരത്തിന്റെ തുടക്കം മുതല്‍ പലരുടേയും കഥകള്‍ വായിച്ച് മാര്‍ക്കിടാനോ അഭിപ്രായം പറയാനോ കഴിഞ്ഞിട്ടില്ല...ഇടക്ക് കയറുന്നത് ശരിയുമല്ലല്ലോ....

ഇതില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കുന്നു എന്ന് കരുതരുത്...

എന്റെ പ്രിയപെട്ടവര്‍ ഇവിടെ എഴുതുന്ന കഥകള്‍ ഓരോന്നും വായിച്ച് വരികയാണ്..

മത്സരം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ട് പോകട്ടെ എല്ലാ വിധ പിന്തുണയും ഉണ്ടായിരിക്കും....

ചാര്‍ളി[ Cha R Li ] said...

കൊള്ളാം..കഥ നടക്കുന്ന കാലഘട്ടം ഇത്തിരി പുറകിലാണല്ലേ..
ഇപ്പോഴെവിടെയാ ജന്മിയായ നമ്പൂതിരി..!!!
എന്തായാലും എന്റെ മാര്‍ക്ക് 17/25

ഏകാന്തപഥികന്‍ said...

:)

ധൃഷ്ടദ്യുമ്നൻ said...

യാന്ത്രികമായി പറഞ്ഞതുപോലെ തോന്നി..മൊത്തത്തിലൊരു പൊലിപ്പനുഭവപെട്ടില്ല..എങ്കിലും കഥ മനസ്സിൽ കണ്ട്‌ എഴുതിയ പോലുണ്ട്‌..എന്റെ മാർക്ക്‌ 17/25

വാഴക്കോടന്‍ ‍// vazhakodan said...

ഏകാന്തന്‍ കുറെ നാളായിട്ട് സ്ഥലത്തില്ലായിരുന്നോ? സുഖമല്ലേ എകാന്തോ? ചുമ്മാ കഥയ്ക്ക്‌ മാര്‍ക്കിട്ടു പോകൂ ന്നേ. മത്സരം ഒന്ന് swing swing aakatte... ...

ഏകാന്തപഥികന്‍ said...

:)...ഞാന്‍ കഴിഞ്ഞ 3 ആഴ്ച്ചയായി ഏകാ‍ന്തവാസത്തിലായിരുന്നു,..നാട്ടില്‍,വീട്ടില്‍..

രാത്രിയിലെ ഇമെയില്‍ ചെക്കിങ്ങ് ഒഴിച്ചാല്‍, നെറ്റുമായി ബന്ധമില്ലാത്ത ദിവസങ്ങള്‍...

ഇനി വീണ്ടും പഴയപോലെ ബ്ലോഗന തുടങ്ങണം..

കനല്‍ said...

റിയാലിറ്റി കഥാമത്സരത്തില്‍ വിമര്‍ശനം കലര്‍ന്ന കമന്റുകള്‍ കുറയുന്നു എന്ന് പരാതിയുണ്ട്.

വിമര്‍ശനങ്ങള്‍ക്ക് ആവുവോളം സ്കോപ്പുള്ള കഥകള്‍ കഴിഞ്ഞിടെയായി പബ്ലിഷ് ചെയ്തിട്ടുണ്ട്. എന്നിട്ടും നമ്മുടെ നിരൂപകര്‍ ആ വഴിക്ക് വന്നില്ല.

നിങ്ങളുടെ നിരൂപണങ്ങളെ അജ്ഞാതരായി നിന്ന് സ്വീകരിക്കാനാണ് പല മത്സരാര്‍ത്ഥികളും കഥകള്‍ അയച്ചു തരുന്നതെന്ന് മനസിലാക്കുക.

നീര്‍വിളാകന്‍ said...

വൈകാരികതയുടെ തീവ്രത അനുഭവപ്പെടുന്നില്ല... എങ്കിലും നല്ല കഥ....എനിക്ക് മാര്‍ക്കിടാന്‍ അവകാശമുണ്ടെങ്കില്‍ എന്റെ വക 20/25

ഗീത said...

കഥ നന്ന്. പക്ഷേ ക്ലൈമാക്സ് രംഗം അവതരിപ്പിച്ചതിന് ഇത്തിരി സ്പീഡ് കൂടിപ്പോയില്ലേ എന്നൊരു സംശയം. വികാരതീവ്രത മുറ്റി നില്‍ക്കുന്ന നിമിഷങ്ങള്‍ കഥയില്‍ ധാരാളം. പക്ഷേ അത് ചോര്‍ന്നുപോകാതെ അവതരിപ്പിക്കാന്‍ അത്രതന്നെ പറ്റിയിട്ടില്ല കഥാകാരന്. എന്നാലും എഴുതി തെളിയും എന്നു തന്നെ തോന്നുന്നു.
മാര്‍ക്ക് 19/25.

ഹരീഷ് തൊടുപുഴ said...

21/25

തെച്ചിക്കോടന്‍ said...

കഥ കൊള്ളാം,
വൈകിയാണെങ്കിലും എന്റെ മാര്‍ക്ക്‌ 19/25

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.