അന്തേവാസികള്‍

Sunday, November 30, 2008

പാമരന്റെ പകരുന്ന "പനി"

വളരെ നാളുകള്‍ കൊണ്ട്ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ആര്‍ക്കെങ്കിലും ഇട്ടൊരു പണി കൊടുക്കണം എന്നത് .ആരുടെയെങ്കിലും കൈയില്‍ ഇരിക്കുന്നത് വാങ്ങി കെട്ടിയലെ എനിക്കുറക്കം വരൂ എന്ന സ്ഥിതിയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍ .അജ്ജാതയായി ,അറിയപ്പെടുന്ന ഒരാളിന്റെ കൃതിയെടുത്ത് നിരൂവിക്കുക എന്നിട്ട് കിട്ടുന്നത് വാങ്ങി കൂട്ടുക എന്നത് ബൂലോകത്തിന്റെ ഒരവസ്ഥയായി മാറിയിരിക്കുന്നു .എന്നാല്‍ അതിനേക്കാള്‍ സുഖകരമായി എനിക്ക് തോന്നുന്നത് .അറിയാവുന്ന ഒരാളിനെ പിടിച്ച് ആ വ്യക്തിക്ക് പാര പണിയുക എന്നതാണ് .അങ്ങനെ കാത്തു കാത്ത് ഇരുന്നപ്പോള്‍ കൈയില്‍ അറിയാതെ വീണുകിട്ടിയ ഒരു കഥയാണ് പനി .

കഥാകൃത്തിനെ കുറിച്ച് ഒരു വാക്ക് .

മലയാള ഭാക്ഷയെ തന്റെ അര്‍ത്ഥ സമ്പൂഷ്ടമായ ചിന്താ ശകലങ്ങള്‍ കൊണ്ട് നിത്യവും പണ്ടാരമടക്കുന്ന ഒരു കവിയും ചിന്തകനും സര്‍വ്വോപരി നല്ലൊരു ആസ്വാദകനും കൂടിയാണ് പ്രസ്തുത കഥാകൃത്ത് .അദ്ധേഹത്തിന്റെ അടുത്ത കാലത്തിറങ്ങിയ പഴത്തൊലി: ഒരു ആസ്വാദനം നമ്മള്‍ ഏവരും നന്നായി ആസ്വദിച്ചു .കഥാകൃത്തിന്റെ തൂലികാ തുമ്പില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന ഓരോ വരികളും വളരെയേറെ ആലോചനാമൃതം ആണെന്നുള്ള വസ്തുത ഇത്തരുണത്തില്‍ നാം മറന്നു പോകരുത് .കഴിഞ്ഞ ബോംബെ സ്ഫോടനത്തിന്റെ അവസാന വേളയില്‍ ബ്ലോഗില്‍ കമെന്റായി പോലും പറഞ്ഞ ഒരു വാചകം വളരെയേറെ ചിന്തിക്കേണ്ടിയിരിക്കുന്നു ." ആഹാരം ചവച്ചു തീട്ടമായി തള്ളുന്ന യന്ത്രങ്ങളെ നിര്‍മ്മിക്കുന്ന രാഷ്ട്രമേ അനുഭവിക്ക് ".എത്രയേറെ ചിന്തിക്കേണ്ട ഒരു അഭിപ്രായമാണിത് .ആലോചിക്ക് ബുജികളെ .തികഞ്ഞ കമ്മ്യൂണിസ്റ്റ് ചിന്തകനായ ഈ കലാകാരന്‍ നാടിനോരഭിമാനമാണ് എന്നത് നമ്മള്‍ മറക്കരുത് .സ്വന്തം നാടിനെ ഓര്‍ത്ത് ദുഖിക്കുന്ന ഈയൊരു മനസോടെ വേണം നമ്മള്‍ പനി എന്ന കഥയെ സമീപിക്കാന്‍ .


ഇനി കഥയിലേക്ക് വരാം .പനി ഒരസുഖമല്ല .പല അസുഖങ്ങളുടെ ഒരു ലക്ഷണമാണ് .പനിക്ക് നമ്മള്‍ മരുന്ന് കഴിക്കേണ്ട ആവശ്യം ഇല്ല എന്നാണ് എന്റെ ഒരഭിപ്രായം .അതുകൊണ്ടാകാം ഇവിടെ കഥയിലെ നായകന്‍ പനി വന്നപ്പോള്‍ ചായ വേണ്ട ചുക്ക് കാപ്പിയും വേണ്ടാ പകരം മദ്യം ആകാം എന്ന് കരുതിയത്‌ .ഒരു അനുഭവസ്ഥന്‍ എന്ന എന്റെ കാഴ്ചപ്പാടില്‍ ഒരു വിധം പനിയൊക്കെ ബ്രണ്ടിയില്‍ അല്പം കുരുമുളക് പൊടി ഇട്ടു കഴിച്ചാല്‍ പോകുന്നതെ ഉള്ളൂ .ഇതുവരെ അങ്ങനെ ചെയ്യാത്തവര്‍ അങ്ങനെ ഇനിയും മുതല്‍ ചെയ്യണം എന്ന് സമൂഹത്തിലെ ചെറുപ്പക്കാരോട് ഉപദേശിക്കുകയാണ് കഥാകാരന്‍ .അമേരിക്കയിലും കാനഡയിലും ഭാര്യമാര്‍ ജോലിക്ക് പോയികഴിഞ്ഞാല്‍ കൂട്ടുകാരുടെ കൂടെ ബേസ് മെന്റില്‍ വെള്ളമടിച്ചു സമയം കളയുന്ന ഭര്‍ത്താക്കന്മാരുടെ നേര്‍ക്ക്‌ എയ്യുന്ന കഥാകൃത്തിന്റെ ഒരസ്ത്രമാണ് ഈ കഥയിലെ നായകന്‍ .കൂടാതെ ബെഡ് റൂമിലെ രഹസ്യങ്ങള്‍ വരെ ഈ കഥയിലൂടെ കഥാകൃത്ത് ചുരണ്ടി വെളിയില്‍ ഇടുന്നു .അടങ്ങാത്ത കാമാവേശം പിന്നീട് വരുന്ന ഭാഗങ്ങളില്‍ കാണുന്നു .വേലക്കാരിയുടെ മൃദുല ഭാഗങ്ങള്‍ കാണുമ്പോള്‍ തന്നെ അടക്കി വെച്ചിരിക്കുന്ന കഥാ നായകന്റെ കാമ വികാരങ്ങള്‍ നാവ് നീട്ടി പുറത്തു വരികയാണ് .ഇവിടെ കപട സദാചാരക്കാര്‍ക്ക് എതിരെയാണ് കഥാകൃത്ത്‌ തന്റെ തൂലിക ചലിപ്പിക്കുന്നത് .പക്ഷെ മറ്റൊരു മുഖം കൂടി നമുക്കിവിടെ കാണാം .വേലക്കാരിയുടെ വിയര്‍പ്പിന് ദുര്‍ഗന്ധമല്ല പകരം വാസനയാണ് എന്ന് കഥാകൃത്ത് ഇവിടെ പറയുന്നു .ഇവിടെയാണ്‌ കഥാകൃത്തിന്റെ വിപ്ലവകരമായ മനസ് കാണേണ്ടത് .നാട്ടില്‍ ഉണ്ടായ പല വിപ്ലവ സമരങ്ങളിലും ഒളിവില്‍ പാര്‍ത്ത ,ഒളി സങ്കേതങ്ങള്‍ ഒരുക്കിയ പലരെയും നമ്മളെ ഈ വേളയില്‍ കഥാകൃത്ത്‌ ഓര്‍മ്മിപ്പിക്കുന്നു .പക്ഷെ അവസാനം ഇങ്ങനെയൊക്കെ വഴിവിട്ടു പോയാലും കുടുംബ ഭദ്രതയുടെ താക്കോല്‍ ഭാര്യയുടെ കൈയില്‍ തന്നെയാണ് എന്ന് പറഞ്ഞ് കഥാകൃത്ത് കഥ അവസാനിപ്പിക്കുമ്പോള്‍ നമ്മളെ തന്നെ മറന്ന് ഒരു നിമിക്ഷം ഇരുന്നാല്‍ കഥ വിജയിച്ചു .സംഭവ ബഹുലമായ ദൈനംദിന ജീവിതം വളരെ ലളിതമായി ഈ കഥയിലൂടെ കഥാകാരന്‍ അവതരിപ്പിക്കുക വഴി ഒരു നല്ല കഥാകൃത്തിന്റെ നിരയിലേക്ക് മാറിയിരിക്കുന്നു ബഹുമാന്യനായ പാമരന്‍ .


സാമൂഹ്യപരമായ പല നന്മ തിന്മകള്‍ക്കെതിരെ കഥാകൃത്ത് ഉയര്‍ത്തുന്ന ഒരു പടവാള്‍ എന്ന നിലയില്‍ രണ്ടായിരത്തി എട്ടിലെ ഏറ്റവും നല്ല കഥക്കുള്ള തോന്ന്യശ്രമത്തിന്റെ അവാര്‍ഡ് പാമരന്റെ പനി എന്ന കഥക്ക് കൊടുത്തുകൊണ്ടുള്ള ഈ സമയത്ത് ബൂലോകരെയെല്ലാം ഞങ്ങള്‍ അഭിമാനപൂര്‍വ്വം ഈ വേദിയിലേക്ക് ക്ഷണിക്കുകയാണ് .

Saturday, November 29, 2008

പല്ലി പറഞ്ഞ കഥതോമസ് കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല .രാവിലെ വായിച്ച കഥയില്‍ തന്നെ മനസുടക്കി കിടക്കുന്നതുകൊണ്ടാകാം നിദ്രാദേവി ഇന്ന് കടാഷിക്കുന്ന യാതൊരു ലക്ഷണവും കാണുന്നില്ല .അകലെയെങ്ങോ കാലന്‍കോഴിയുടെ നീണ്ട കൂവല്‍ .മുറിയിലെ മങ്ങിയ വെളിച്ചത്തില്‍ കാണാം ക്ലോക്കിലെ നീളന്‍ കാലുകള്‍ രണ്ടിനെയും വലിച്ചുകൊണ്ട് മൂന്നിലെക്കോടുന്നു .ദൈവമേ കുറച്ചു നേരമെങ്കിലുംഉറങ്ങാന്‍ സഹായിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് കണ്ണുകള്‍ മുറുക്കെ അടച്ചു .പകലത്തെ അധ്വാനവും ഉറക്കമില്ലായ്മയും അവനെ നന്നേ അവശനാക്കി തീര്‍ത്തിരിക്കണം അവന്റെ കണ്ണും മനസും പതുക്കെ ഉറക്കത്തിലേക്ക്‌ വഴുതി വീണു .ചിലന്തി വലകെട്ടിയ ചുവരിന്റെ മൂലയില്‍ ഗൗളി ചിലച്ചു . അവന്റെ മനസ് ഭൂതകാലത്തിലേക്ക് പോയി .എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു പല്ലിചിലച്ചാല്‍ അമ്മ പറയുമായിരുന്നു." കണ്ടോ ,അത് സത്യമാണ് ".എന്തോ എനിക്കീ കാര്യത്തില്‍ ഒന്നും വലിയ വിശ്വാസം ഇല്ലായിരുന്നു .പല്ലിക്ക്‌ സൗകര്യം ഉള്ളപ്പോള്‍ ചിലക്കാം .അപ്പോള്‍ അതെല്ലാം സത്യം എന്നെങ്ങനെ ആകും .ഓരോ അന്ധ വിശ്വാസങ്ങള്‍ .

പതിനാറ് വര്‍ഷങ്ങള്‍ക്ക്‌ മുന്നേയുള്ള ആ ദിവസം ഇപ്പോഴും മനസ്സില്‍ മായാതെ നില്ക്കുന്നു .പത്താം ക്ലാസ് അവസാന പരീക്ഷകള്‍ നടക്കുന്ന സമയം .രാത്രികള്‍ പകലുകളാക്കി പഠിച്ച ദിവസങ്ങള്‍ .പഠന കാര്യങ്ങളില്‍ എന്തെങ്കിലും സംശയം ഉണ്ടാകുമ്പോള്‍ വിടിന്റെ തൊട്ടടുത്തുള്ള കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയായിരുന്നു സഹായിച്ചിരുന്നത് .സ്കൂളില്‍ പോകുന്ന വഴിയില്‍ സിസ്റെരിനെ കാണാം .മാത്രമല്ല വീടിന്റെ മുകളില്‍ പോയി നിന്നാല്‍ ആ കോണ്‍വെന്റ് മുഴുവന്‍ കാണാമായിരുന്നു .എന്നെ എപ്പോഴും സ്നേഹപൂര്‍വ്വം " കുട്ടാ " എന്നായിരുന്നു വിളിച്ചത് .അന്ന് വൈകുന്നേരവും ഞാന്‍ അമല സിസ്റെരിന്റെ കാണുകയും വീടിനു മുകള്‍ ഭാഗത്ത് നിന്നു കുറെ നേരം സംസാരിക്കുകയും ചെയ്തതാണ് .സന്ധ്യാ സമയത്ത് കാട്ടൂരാന്‍ അച്ഛന്‍ ബൈക്കില്‍ വരുന്നത് കണ്ടാണ്‌ സിസ്റ്റര്‍ അകത്തേക്ക് കയറിപ്പോയത് .പിന്നീട് രാത്രി ഞാന്‍ പഠിത്തം നിര്‍ത്തി പോകുവോളം ആ ബൈക്ക് അവിടെ തന്നെയുണ്ടായിരുന്നു .രാവിലെ കേട്ട വാര്‍ത്ത ഇപ്പോഴും വിശ്വസിക്കാന്‍ വയ്യ .അമല സിസ്റ്റര്‍ കിണറ്റില്‍ വീണു മരിച്ച വാര്‍ത്ത ഇപ്പോഴും ഒരു ഞെട്ടലോട് കൂടി മാത്രമെ ഓര്‍ക്കാറുള്ളൂ . അത്രയ്ക്ക് ഇഷ്ടമായിരുന്നു ആ ചേച്ചിയെ .

എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല " കുട്ടാ " എന്ന വിളികേട്ടാണ് കണ്ണ് തുറന്നത് .തോമസിന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല .അമലചേച്ചി കണ്‍ മുന്നില്‍ നില്ക്കുന്നു .അതെ രൂപം .അന്ന് കണ്ട അതെ ഭാവം .എന്താ ചേച്ചി ഇത്രയും നാള്‍ എന്നെ കാണാതെ ഇരുന്നത് ? എന്താണ് ചേച്ചിക്ക് സംഭവിച്ചത് ? പറയാം കുട്ടാ ..എല്ലാം പറയാം ..ചേച്ചിയുടെ സ്വരം പഴയ ആ സ്വരമല്ല .സ്വരത്തിന് വല്ലാത്ത മുഴക്കം .പണ്ടൊക്കെ മൃദുവായ പതിഞ്ഞ സ്വരമായിരുന്നു .അവന്‍ ആലോചിച്ചു .

ഞാന്‍ നിന്നോട് പറയുന്നത് ദൈവഹിതം ആയിരിക്കും എന്നെനിക്കറിയില്ല .പക്ഷേ ആരെങ്കിലും ഒക്കെ ഇതറിഞ്ഞിരിക്കുന്നത് നന്നെന്ന് തോന്നിയത് കൊണ്ടു മാത്രം നിന്നോട് പറയാം .കാരണം അത്രയധികം നിന്നെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു .ചേച്ചിയുടെ സ്വരം ഇടറിയോ ? ചേച്ചി തുടര്‍ന്നു .

കാട്ടൂരാന്‍ അച്ഛന്‍ ആയിരുന്നു ആ കോണ്‍വെന്റിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് .പലരും ആ കൈകളിലെ ചരടുകളില്‍ കെട്ടിയ പാവകള്‍ കണക്കെ ആയിരുന്നു .പല കാണാന്‍ പാടില്ലാത്ത കാഴ്ചകളും ഞാന്‍ അവിടെ കണ്ടു .എല്ലാ കാര്യങ്ങളും എന്റെ ഡയറിയില്‍ കുറിച്ചു വെച്ചിട്ടുണ്ടായിരുന്നു . ഞാന്‍ അവരെ പറ്റി അറിയുന്നുവെന്ന് അവര്‍ മനസിലാക്കിയോ എന്തോ ? ആ ദിവസം രാത്രി കുടിക്കാന്‍ വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോയ ഞാന്‍ സിസ്റ്റര്‍ സഫിയയുടെ മുറി തുറന്നു കിടക്കുന്നത് കൊണ്ടാണ് അവിടേക്ക് നോക്കിയത് .മുറിക്കുള്ളില്‍ അടക്കിപിടിച്ച സംസാരങ്ങള്‍ ,പൊട്ടിച്ചിരികള്‍ .ഒരു കന്യാസ്ത്രീയുടെ മുറിയില്‍ ഒരിക്കലും അത് പതിവില്ലാതതുകൊണ്ടാണ് തുറന്നു കിടന്ന ആ വാതിലിന്‍ വിടവിലൂടെ ഞാന്‍ നോക്കിയത് .
ജീസസ് .

സഫിയയുടെ കട്ടിലില്‍ നഗ്നരായ രണ്ടു രൂപങ്ങള്‍ .എന്‍റെ കൈകളില്‍ നിന്നും സ്റ്റീല്‍ ഗ്ലാസ് അറിയാതെ താഴെ വീണു. ഗ്ലാസ് താഴെ വീണ ശബ്ദം കേട്ടിട്ടാവണം റൂമില്‍ നിന്നും കാട്ടൂരച്ചന്‍ പുറത്തേക്കു വന്നു.പ്രാണരക്ഷാര്‍ഥം ഞാന്‍ അവിടം വിട്ടോടി പുറത്തേക്കു പോകാന്‍ ശ്രമിച്ചുവെങ്കിലും അടുക്കള ഭാഗത്തെ വാതിലില്‍ കാലു തട്ടി ഞാന്‍ വീണുപോയി .പിന്നീട് നടന്നതൊന്നും എനിക്കോര്‍മ്മയില്ല .കണ്ണു തുറന്നു നോക്കുമ്പോള്‍ രാക്ഷസരൂപം പൂണ്ട ചില ആളുകള്‍ എന്‍റെ ചുറ്റിനും കൂടി നില്‍പ്പുണ്ട്‌ .ഞാന്‍ നഗനയായിരുന്നു എന്നെനിക്കൊര്‍മ്മയുണ്ട് .വാ വിട്ടു കരയാന്‍ പോയ എന്‍റെ വായില്‍ അവര്‍ തുണികുത്തി തിരുകി .പിന്നെയെനിക്കൊന്നും ഓര്‍മ്മയില്ല .

ചേച്ചി എന്ന് വിളിച്ചുകൊണ്ടു തോമസ് കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു .
മുറിയുടെ ചുവരില്‍ അപ്പോഴും പല്ലി ചിലക്കുന്നുണ്ടായിരുന്നു .

Thursday, November 27, 2008

പ്രണാമം
ഇവിടുത്തെ കാറ്റിനുപോലുമിന്നൊരു
കദനത്തിന്‍ കഥ പറയുവാനുണ്ടാകും
ഉയര്‍ന്നു പറന്നൊരു ത്രിവര്‍ണ്ണ പതാക
പോലുമിന്നു ലജ്ജയാല്‍
തലപൂഴ്ത്തി നില്‍ക്കുമീ വേളയില്‍
എന്‍റെ ദേശമേ നിനക്കെന്റെ പ്രണാമം .

കഷ്ടപ്പാടിന്‍ കണ്ണീര്‍ ഇറ്റിറ്റു വീണു കുതിര്‍ന്നൊരു
മണ്ണില്‍ നന്മകള്‍ എന്നും പുലരുമെന്ന്
സ്വപനം കണ്ട ധീര നായകന്മാര്‍ ഉറങ്ങുമീ
നാട്ടില്‍ കേട്ടൊരു രോദനം
കാതില്‍ ,കണ്ണില്‍ മുഴങ്ങുമീ വേളയില്‍
ഭാരത നാടേ നിനക്കെന്റെ പ്രണാമം .

അവസാനതുള്ളി ചോരയും പൊഴിച്ച്
നാടിനെ കാത്തു രക്ഷിച്ച ധീര ജവാന്മാരെ
കറുത്ത രാത്രിയില്‍ കാട്ടാളന്മാര്‍ തെരുവില്‍
കശക്കി എറിഞ്ഞൊരു ജീവിതങ്ങളെ
നിങ്ങള്‍ക്കെന്റെ പ്രണാമം .

പറയുവാന്‍ ഇല്ലെനിക്കീ നാറുന്ന
ജാതി രാഷ്ട്രിയക്കാരോട് ഒരു വാക്കു പോലും
പറയുവാന്‍ ഉള്ളതെന്‍ പ്രിയരാം തോഴരോട് മാത്രം
മനസിലെ നന്മയെ വറ്റാതെ കാക്കുക
സാഹോദര്യം പുലരട്ടെ എന്നുമീ നാട്ടില്‍

Wednesday, November 26, 2008

ബ്ലോഗല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ്‌

ബ്ലോഗിലെ ജനകീയ നാടകങ്ങളുടെ ഉപജ്ഞാതാവായ കാപ്പിലാന്‍ നാടകവേദി അഭിമാന പുരസരം അണിയിച്ചൊരുക്കുന്ന മൂന്നാം നാടകം " ബ്ലോഗല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ്‌ ".

നാടകത്തെക്കുറിച്ച് ഒരു വാക്ക്.
ബ്ലോഗ് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ജീവിക്കുന്ന കുറെ കഥാപാത്രങ്ങളാണ് ഇതിന്റെ കഥ .

ഈ നാടകത്തിലെ കഥ ,കഥാപാത്രം ,രചയിതാക്കള്‍ എല്ലാം നമ്മള്‍ തന്നെ .ഈ നാടകത്തിന്റെ അരങ്ങിലും അണിയറയിലും നമ്മള്‍ ഓരോരുത്തരുമാകാം. മലയാള ബ്ലോഗില്‍ സ്ഥിരം കാണുന്ന കാഴ്ചകള്‍ ,കഥാ പാത്രങ്ങള്‍ ഒക്കെ ഇതില്‍ വിഷയീഭവിക്കും.
അനോണികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ നിങ്ങള്‍ക്ക് നാടകം എഴുതാം പക്ഷേ ആരെയും കരി വാരി തേക്കാന്‍ ഈ വേദിഉപയോഗിക്കല്ലേ എന്ന് താണ്‌ വീണ് നിലവിളിച്ച് അപേക്ഷിക്കുകയാണ് .


ആദ്യ കാല നാടകമായ ആരട വീര പോരിനു വാടാ എന്ന നാടകത്തിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം ആരംഭിച്ച കരളേ നീയാണ് കുളിര് എന്ന നാടകവും നല്ല നിലയില്‍ പോയെങ്കിലും രണ്ടാം നാടകത്തിന്റെ അവസാന ഭാഗത്ത് ചില സാങ്കേതിക കാരണങ്ങളാല്‍ തുടരുവാന്‍ ആയില്ല എന്നതില്‍ ഈ സമയം ഞാന്‍ ഖേദിക്കുന്നു .ഈ നാടകങ്ങളില്‍ ഒക്കെ പ്രവര്‍ത്തിച്ച ഓരോരുത്തരെയും ഞാന്‍ നന്ദിപൂര്‍വ്വം ഈ സമയം സ്മരിക്കുന്നു .പാമരനെ പോലെയുള്ളവരുടെ സര്‍ഗസൃഷ്ടിയുടെ വളര്‍ച്ചക്ക്‌ ഈ നാടകങ്ങള്‍ വഴിവെച്ചു എന്നതും ഞങ്ങള്‍ക്കെല്ലാവര്‍ക്കുമായി ഒരു കൂട്ടായ്മയും ഉണ്ടാക്കി എടുക്കാന്‍ കഴിഞ്ഞു എന്നതും മറക്കുവാന്‍ ആകാത്ത സംഗതികളാണ് .


ബ്ലോഗല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ്‌ എന്ന നാടകം തികച്ചും ഹാസ്യ ജനകീയ നാടകം ആയിരിക്കും .നിത്യേന ബ്ലോഗില്‍ കാണുന്ന സംഭവങ്ങള്‍ കമെന്റ് രൂപേണ നാടകമായി എഴുതണം എന്ന് അഭ്യര്‍ത്ഥിക്കുന്നു .

അടുത്ത ഒരു ബെല്ലോടു കൂടി ഈ നാടകം ഇവിടെ ആരംഭിക്കുന്നു .

ഒരു തിരിഞ്ഞു നോട്ടം .
http://kappilan-entesamrajyam.blogspot.com/2008/02/blog-post_27.ഹ്ത്മ്ല്‍ -"ആരട വീര പോരിനു വാടാ "
നീയാണ് കുളിര് .http://kappilan-entesamrajyam.blogspot.com/2008/03/blog-post_18.html

Monday, November 24, 2008

മലയാളികളുടെ മാറുന്ന വിവാഹ സങ്കല്‍പ്പങ്ങള്‍

അജ്ഞാത പറഞ്ഞു...
"മനുഷ്യരെ മനുഷ്യരാക്കുന്നത് മനുഷ്യത്വമാണ് ..എന്താ മനുഷ്യത്വം ..?സ്വന്തം ഇഷ്ടത്തിനും അഭിപ്രായത്തിനും തീ കൊളുത്തീ ചുട്ടിട്ട് - വല്ലവരും എന്തു പറയും എന്ന് കരുതി ഇഷ്ടമില്ലത്ത അവളെ [അവനെ ]മറ്റുള്ളവര്‍ക്ക് വേണ്ടി കെട്ടുക?രണ്ട് വിത്യസ്ത കാഴച്ചപ്പാട് രണ്ട് ധ്രുവത്തിന്റെ ഒരിക്കലും പൂരിതമാവില്ലന്ന് അറിഞ്ഞും .. ഒരു തരം നിസ്സംഗതയോടെ ..അതൊക്കെ പോകട്ടെ, പറഞ്ഞാല്‍ നീണ്ടുപോകും അതിലേയ്ക്ക് പിന്നെ വരാം...

സ്വവര്‍ഗ്ഗഅനുരാഗി : നിങ്ങളില്‍ ആരെങ്കിലൂം എന്നെങ്കിലും സ്വവര്‍ഗഅനുരാഗി ആയിരുന്നിട്ടൂണ്ടോ?നേരിട്ട് അനുഭവിച്ചിട്ടുണ്ടോ?അതോരിക്കലും ഒരു രതിയല്ല..അതിലെ പ്രധാന ആകര്‍ഷണം ഒരാള്‍ക്ക് മറ്റൊരാള്‍ കൊടുക്കുന്ന മാനസ്സീകമായ സപ്പൊറ്ട്ട് ആണ് ..ആ സ്പ്പൊറ്ട്ട് കൊണ്ട് ആത്മഹത്യയില്‍ നിന്ന് വിഷാദത്തില്‍ നിന്ന് ഒക്കെ കരകയറിയിട്ടുണ്ട്, എന്റെ തലയിലെ ചുമടിന്റെ ഭാരം എന്റെ ശരീര ബലവും ബലഹീനതയും എന്റെ കഴിവും കഴിവുകേടും ഉള്ള മറ്റൊരാ‍ള്‍ക്കേ മനസ്സില്ലാവു അല്ലത്തവര്‍ ‘ഓ അതാണൊ എത്ര നിസ്സാരം’ എന്ന് പറയുമ്പോള്‍ നുറുങ്ങുന്നത് മനസ്സാണ്-വ്യക്തിത്വമാണ്.
മക്കളെ കൊണ്ട് പോയി കോണ്‍വന്റ് ബോര്‍ഡിങ്ങ് ,ഊട്ടി റെസിഡെന്‍ഷ്യല്‍, ഒക്കെ നിര്‍ത്തുന്നത്,ഒരു പ്രസ്റ്റീജ് അയിട്ടാ പേരന്റ്സ് വിളമ്പുന്നത് .മക്കള്‍, ഏകാന്തയിലും വെറി പിടിച്ച വാര്‍‌ഡന്മാരുടേയും കീഴില്‍ വല്ലാത്ത മാനസീക സംഘര്‍‌ഷം ആണനുഭവിക്കുന്നത് .. ഒരു വശത്തു മാതാപിതാക്കളുടെ പ്രതീക്ഷക്ക് ഒത്ത് ഉയരാന്‍ ഉള്ള ശ്രമം , മറുവശത്ത് സ്വന്തം ഇഷ്ടാനുഷ്ടം എല്ലാം വിത്യസ്തം,
ഭക്ഷണം- ഉറക്കം -വസ്ത്രധാരണം -കൂട്ടുകാര്‍ - തുടങ്ങി എല്ലാം നഷ്ടപ്പെടുന്ന വ്യഥ .
എന്തിന്? അന്ന് വരെ പറയുന്ന ‌ഭാഷ പോലും മറ്റോരാളുടെ ചിട്ടക്കൊത്ത് മാറ്റണം. ചുരുക്കത്തില്‍ വ്യക്തിത്വ വളര്‍ച്ച അല്ല മോള്‍ഡിങ്ങ് ആണ്, മറ്റാരോ നിശ്ചയിച്ച ഷേപ്പില്‍ .. വല്ലാത്ത വീര്‍പ്പുമുട്ടല്‍ തന്നെയാണത്,ആ പ്രായത്തില്‍ 9 മണിയുടെ ‘മണി’ഡ്രസ്സ് മാറി ഉറങ്ങു . ഉറക്കം വന്നിട്ടല്ല. ലൈറ്റ് അണയുന്നു..അന്നു കാലത്തെ കിട്ടിയ പണിഷ്‌മെന്റ് മുതല്‍ ആ കിടപ്പില്‍ ഓര്‍മ്മ വരും .
ചിലപ്പോള്‍ അമ്മയേ/ അച്ഛനെ/ അമ്മുമ്മയെ / ഒക്കെ ഓര്‍ത്താവും തേങ്ങി കരയുന്നത്, അടുത്ത ബെഡിലേ കുട്ടി എണീറ്റ് വന്ന് ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഉപയോഗിക്കാന്‍ പറ്റില്ലാ .പിന്‍ഡ്രോപ്പ് സയലന്റ്സ് ആണ് .വാച്ചിങ് മോണിട്ടറ്മാരുണ്ട് .. എന്നാലും ഒരു മനസ്സു കാണും ആകെ ചെയ്യുന്നത് വന്ന കെട്ടി പിടിച്ച് കൂടെ ഇരിക്കുകയോ ഒന്നു തലോടുകയോ ആവാം ...ആ‍ ആശ്വാസം അതു വിവരിക്കാന്‍ ആവില്ല പിന്നെ മിണ്ടാന്‍ അനുവാദമുള്ള നേരത്താവും “എന്തിനാ കുട്ടി കരഞ്ഞത്?” എന്ന് ചോദിക്കുന്നത് .ഒരു പക്ഷെ ആദ്യമായി മനസ്സു തുറക്കും..ചിലപ്പോള്‍ ഒന്നും മിണ്ടാതെ പോകും .. വിണ്ടും ഇതു തുടരും .. പിന്നെ ആവും പയ്യെ പയ്യെ അടുക്കുക വിഷമിച്ചിരിക്കുമ്പോള്‍ ഒരു തലോടല്‍ ഒരു ആലിഗനം ഒരുമ്മ .അതിന്റെ ശക്തി ആശ്വാസം ആ ബലത്തില്‍ പിന്നെ മുന്നൊട്ട് .. അവിടെ മുന്‍‌തൂക്കം ലൈഗീകമല്ലാ എന്നാല്‍ പലപ്പൊഴും കെട്ടിപിടിക്കും ഉമ്മവയ്ക്കും സ്നേഹം പ്രകടിപ്പിക്കുന്നത് പിന്നെ എങ്ങനെയാ?സ്പീഡില്‍ നോട്ട് എണ്ണിക്കാണിച്ചിട്ടോ?ഏകാന്തത, ഉറ്റവരുടെ അടുക്കല്‍ നിന്ന് പറിച്ചെറിയല്‍ ,കുട്ടികള്‍ സ്കൂളില്‍ നിന്ന് വരുമ്പോള്‍ ശൂന്യമായ വീട്, വഴക്കിടുന്ന അച്ഛനമ്മമാര്‍ ... ഇതെന്റെ ഒക്കെ ബൈ പ്രോഡകറ്റാണ് സ്വവര്‍ഗത്തേ തേടി കണ്ടു പിടിക്കുന്നവര്‍...
അനുരാഗം പ്രണയം രതി എന്നു വേണ്ടാ സ്നേഹപ്രകടനത്തിനു ഏതോക്കെ മാര്‍ഗം ആവാം, അതൊക്കെ നിലവില്‍ വരും...പരസ്പരം എടുക്കുന്ന ഒരു പ്രതിഞ്ജയുണ്ട് --നിന്നെ ഒരിക്കലും ഞാന്‍ വേദനിപ്പിക്കില്ല എന്തും ഷെയര്‍ ചെയ്യാന്‍ എന്നും ഉണ്ടാവും നിന്റെ മുന്നില്‍ ഞാന്‍ നടക്കില്ല നിന്റെ പിന്നിലും ആവില്ല എന്നും ഒപ്പം ഉണ്ടാവും എന്ന് -- ‘ശരിയായ സപ്പോര്‍ട്ട് ഇതല്ലേ ?’ തെറ്റ് എന്ന് പറയാന്‍ മറ്റുള്ളവര്‍ക്ക് എന്തധികാരം.. ഇവിടെ രണ്ടില്‍ ഒരാള്‍ക്ക് ശക്തി തെളിയിക്കണ്ട. കാപ്പിലാന്‍ പാര്‍ക്കില്‍ കണ്ടതും കാണാത്തതും ... ഇനിയും ഉണ്ട്... .."

ലെസ്ബിയന്‍ -ത്രിഗുണന്‍ -കഥ
എന്ന എന്റെ കഥയിലെ ഒരു അനോണി കമെന്റ് ആണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത് .പേര് പറയാന്‍ താത്പര്യം ഇല്ലാത്ത ഒരജ്ഞാത എന്ന നിലയില്‍ തന്നെ ഈ കമെന്റ് നമ്മളില്‍ പലരുടെയും ആകാം .അവരുടെ ഉള്ളില്‍ പ്രതിഫലിക്കുന്ന വിഷാദത്തിന്റെ ഒരു മാറ്റൊലി . മലയാളികള്‍ താങ്കളുടെ പരമ്പരാഗതമായ വിവാഹ ആചാരങ്ങള്‍ക്ക് താല്പര്യമില്ലെ ?
വിവാഹ ജീവിതത്തില്‍ പലരും അസംതൃപ്തരാണോ ? മാറ്റങ്ങള്‍ക്കായി കൊതിക്കുന്ന മലയാളികള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകുന്നുണ്ടോ ? ചിന്തിക്കാം .

ഒബാമയും പ്രണയവും"
എന്ന കിഷോറിന്റെ പോസ്റ്റില്‍ ഞാന്‍ സ്വര്‍ഗാനുരാഗത്തെ എതിര്‍ത്ത് സംസാരിച്ചു . എന്റെ ഭാക്ഷ അല്പം കടുത്തതായി പോയി എന്ന് ഞാന്‍ മനസിലാക്കുന്നു .അങ്ങനെ എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് എന്റെ കുട്ടിക്കാലത്ത് ഞാന്‍ കണ്ട ചില കാഴ്ചകളാണ് .കല്യാണം കഴിച്ച് മൂന്നു കുട്ടികള്‍ ഉള്ള ഒരു പട്ടാളക്കാരന്‍ ഏതോ സംശയത്തിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പെടുത്തി .പിന്നീട് മരിക്കുന്ന കാലത്തോളം അയാള്‍ ഒറ്റയ്ക്ക് ഒരു കട മുറിയിലാണ് താമസിച്ചത് .ഈ സമയങ്ങളില്‍ നാട്ടില്‍ ഉള്ള പല ചെറു പിള്ളാരും ആ പട്ടാളക്കാരന്റെ അറപ്പ് മില്ലില്‍ തടികള്‍ ആയിട്ടുണ്ട്‌ എന്ന് കേട്ടിട്ടുണ്ട് . പലരും ഇവിടെ പറയുന്നതു കേട്ടൂ “സ്വര്‍ഗാനുരാഗം ഒരു മാനസിക വ്യതിയാനമാണെന്ന് ”
ഇതു ശരിയാകാം .തെറ്റാകാം .എനിക്ക് ഇതൊരു രോഗമായാണ് തോന്നിയിട്ടുള്ളത് .
ചികിത്സ അര്‍ഹിക്കുന്ന ഒരു രോഗം .ഇതെന്റെ അഭിപ്രായം .ഇതിലും കാണാം തെറ്റും ശരിയും .
നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി കാക്കുന്നു .


Sunday, November 23, 2008

റാം റഹിം

ഹേ റാം
ഹരേ റാം
രാമ രാമ
ഇതില്‍ ഇതായിരുന്നു വെടിയേറ്റു വീണ വേളയില്‍ ഗാന്ധിജി ഉരുവിട്ട പദം. ആറ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കൃത്യമായ ഒരു മറുപടി നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല .ഗാന്ധിജി അന്ത്യശ്വാസം വലിക്കുന്നതിന് മുന്‍പേഒന്നും തന്നെ പറഞ്ഞിട്ടില്ല എന്ന് മറ്റൊരു വിഭാഗം .ഗാന്ധിജിയുടെ ഘാതകന്‍ ഗോഡ്സേയുടെ സുഹൃത്ത് കോടതില്‍ പറഞ്ഞത് അവക്തമായ ഒരു വികൃത ശബ്ദം മാത്രമെ പുറപ്പെടുവിച്ചുള്ളൂ എന്നാണ് .

1948 januvary 30 വൈകുന്നേരം അഞ്ചുമണിക്ക് പൌത്രി മനുവിനോടും മരുമകള്‍ ആദയുടെയും തോളില്‍ കൈകളൂന്നി പ്രാര്‍ത്ഥന സ്ഥലത്തേക്ക് പോയ ഗാന്ധിജിയുടെ പാദസ്പര്‍ശനതിനെന്ന മട്ടില്‍ മുന്നോട്ടു കടന്നു വന്ന പൂനയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലെ അംഗം ആയിരുന്നു നാഥ്‌ റാം വിനായക് ഗോട്സെ .അയാളുടെ വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച കൈതോക്കെടുത്തു മൂന്നു തവണ ഗാന്ധിജിയുടെ നേര്‍ക്ക്‌ നിറയൊഴിച്ചു .ഉടനെ കൈ കൂപ്പി " ഹേ റാം " എന്ന് മന്ത്രിച്ച് മഹാത്മാവ് നിലം പതിച്ചു .ഇങ്ങനെയാണ് കഥ .

ഗാന്ധിജിയുടെ തന്നെ പത്രമായ ഹരിജന്‍ ഈ വിഷയത്തില്‍ തന്റെ പൌത്രിയെ ഉദ്ധരിച്ചു ഇങ്ങനെയാണ് പറയുന്നത് .ഗാന്ധിജി അവസാനമായി പറഞ്ഞ വാക്കുകള്‍ "രാമ രാമ " എന്നായിരുന്നു എന്നാണ് .

അന്ത്യസമയത്ത് ഗാന്ധിജി പറയാന്‍ കരുതിയിരുന്ന ഈശര നാമം ഏതായിരുന്നു ?
ആ വാക്കുകള്‍ അദേഹത്തിന്റെ മരണത്തിനും ഒന്‍പതു മാസം മുന്പ് തന്നെ ഗാന്ധിജി പറഞ്ഞിരുന്നു .
" ഞാന്‍ വധിക്കപ്പെടുകയാണെങ്കില്‍ റാം റഹിം എന്ന് തന്നെയാകും ഉച്ചരിക്കുക .റാം എന്നും റഹീം എന്നും പറയുന്നതു എന്നെ സംബന്ധിച്ചിടത്തോളം ഒരേ ദൈവമാണ് .ചുണ്ടില്‍ ആ നാമങ്ങളും ആയിട്ടായിരിക്കും ഞാന്‍ മരിക്കുക "

"ഞാന്‍ ഉരുവിടുന്ന രാമന്‍ വാല്മീകിയുടെ രാമനല്ല ,തുളസീ ദാസിന്റെ രാമനല്ല ,അതുമല്ലെങ്കില്‍ ദശരഥന്റെ പുത്രനായ രാമനോ ,സീതയുടെ ഭര്‍ത്താവായ രാമനോ അല്ല .സത്യത്തില്‍ ഈ രാമന്‍ ശരീര രൂപമാര്‍ന്ന ഒന്നുമല്ല .ഏതെങ്കിലും ഒരു വര്‍ഷത്തിലെ ചൈത്രമാസത്തില്‍ ജന്മം എടുത്ത രാമനുമല്ല .അദ്ദേഹം ഈ ഭൂമിയില്‍ ജനിച്ചു വീഴാത്ത ,സൃഷ്ടാവായ പ്രപഞ്ചത്തിന്റെ അധിപനാണ് "(1928 ഹരിജന്‍ പത്രത്തില്‍ ഗാന്ധിജി എഴുതിയത് )

ഒരു വര്‍ഷം കൂടി കഴിഞ്ഞു യംഗ് ഇന്ത്യ എന്ന മാസികയില്‍ ഗാന്ധിജി ഇങ്ങനെ വിശദികരിച്ചു "ഞാന്‍ രാമരാജ്യം എന്നുച്ചരിക്കുമ്പോള്‍ എന്നെ തെറ്റിധരിക്കരുത് എന്ന് എന്റെ മുസ്ലിം സഹോദരങ്ങളോട് അപേക്ഷിക്കുകയാണ് .എന്റെ രാമരാജ്യം എന്നത് ഒരു ഹിന്ദു രാജ്യമല്ല .അതൊരു ദൈവീക ഭരണമാണ് .ഈശ്വരന്റെ രാജ്യമാണ് .രാമനെന്നും റഹീം എന്നും പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരേ ദൈവത്വമാണ് .സത്യവും ധര്‍മ്മവും ഇല്ലാത്ത ഒരു ഈശ്വരനെയും ഞാന്‍ അംഗീകരിക്കുന്നില്ല "

തന്റെ രാമനാമ ജപത്തെ വിശ്വസിക്കാത്ത വിമര്‍ശനം നടത്തുന്ന മുസ്ലിം നേതാക്കളെക്കുറിച്ച് ഗാന്ധിജി എഴുതിയത് " പ്രവാചകനായ മുഹമ്മദ്നബി ഇന്ത്യയില്‍ വരികയാണെങ്കില്‍ തന്റെ അനുയായികള്‍ എന്ന് പറയപ്പെടുന്ന മിക്കവാറും പേരെ കൈ ഒഴിയുകയും എന്നെ യഥാര്‍ത്ഥ മുസ്ലിം ആയി അംഗീകരിക്കുകയും ചെയ്യും ".
ഗാന്ധിജിയുടെ ഘാതകനായ ഗോട്സെ അദ്ദേഹത്തിന് വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്പ് ഡല്‍ഹിയിലെ സ്പെഷ്യല്‍ കോടതി മുന്‍പാകെ നടത്തിയ പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെയാണ്

"രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം വിഭജനത്തിനു എതിരായിരുന്നു .എന്നാല്‍ ഗാന്ധിജി കള്ളക്കളിയിലൂടെ രാജ്യം പകുത്തു മുസ്ലിമുകള്‍ക്ക്‌ നല്കി .അദ്ദേഹം പാക്കിസ്ഥാന്റെ പിതാവാണ് .ഈ കാരണത്താലാണ് ഭാരതമാതാവിന്റെ പുത്രനെന്ന നിലയില്‍ ഞാന്‍ ഈ രാഷ്ട്ര പിതാവിന്റെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് ".

അന്യമതക്കാരെ അതിരുകടന്നു സ്നേഹിച്ചു എന്നതായിരുന്നു ഗോഡ്സേയുടെ കണ്ണില്‍ ഗാന്ധിജി ചെയ്ത തെറ്റ് .അന്യ മതക്കാരെ സ്നേഹിച്ചതില്‍ വധിക്കപ്പെട്ട ലോകത്തിലെ ഏക നേതാവും ഗാന്ധിജി തന്നെയായിരുന്നു .


അവലംബം -അമേരിക്കയില്‍ നിന്നും ഇറങ്ങുന്ന മലയാളം മാസികയായ ജനനിയില്‍ കെ .എം .റോയി എഴുതിയ "അന്ത്യ വാക്കുകള്‍ " എന്ന ലേഖനത്തെ അടിസ്ഥാനമാക്കി ചില ചിന്തകള്‍ .

Thursday, November 20, 2008

രക്ത നിലം
കുറ്റമില്ലാത്തൊരു രക്തത്തെ ഒറ്റിക്കൊടുത്ത
രകതത്തിന്‍ കറ പുരണ്ടൊരു മുപ്പതു വെള്ളിക്കാശിനാല്‍
രാജപുരോഹിത വര്‍ഗ്ഗം വാങ്ങിയോരീ നിലം
പാപത്തിന്‍ കറ ചാര്‍ത്തി നില്‍പ്പൂ ഇന്നും
മാലോകര്‍ക്കൊരു ചോദ്യ ചിഹ്നമായ്
ചരിത്രത്തിന്‍ ചിതലെടുക്കാ താളുകളില്‍
ചീന്തി ചുടു ചോരക്കറകള്‍ നീളെ
അഭയം തേടിയലഞ്ഞവര്‍ തന്‍
ആശകള്‍ തല്ലിക്കെടുത്തി ഇന്നും വസിപ്പൂ
രക്തരഷസുകള്‍ രമ്യഹര്‍മ്മങ്ങളില്‍
അഗതിക്ക്‌ രക്ഷയും ആശാദീപവും
അന്ധന് കാഴ്ചയും നേര്‍ വഴി നടപ്പാന്‍
പാതയുമൊരുക്കിയൊരു ഗുരുവിനെ
കഴുമരത്തില്‍ കയറ്റി ഈ കള്ള കഴുവേറിമക്കള്‍
ഇനി ഒരിക്കലും ഉയരുകയില്ലൊരു കുരിശും
മലമുകളിലൊരു കള്ളനെപ്പോലെയും കിടക്കില്ല
വരുമൊരുനാള്‍ രാജനെപ്പോലവന്‍
കൈകളില്‍ ചാട്ടവാറും ഏന്തി
അന്ന് പുറത്താക്കുമീ കള്ള പരിഷകളെ
താതന്റെ ശുദ്ധമാം ആലയങ്ങള്‍ ഇവരുടെ
പാപ രക്തത്താല്‍ കഴുകിടും
ഒഴുകും കണ്ണീര്‍ പുഴകളീ ഭൂമിയില്‍ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍

Wednesday, November 19, 2008

പുതു ഗവിതൈ

കൊള്ളികളില്‍ പുതു ഗവിതൈ .മതങ്ങള്‍ വായിക്കാം .എന്നിട്ട് നിങ്ങള്‍ എല്ലാവരും എന്നെ തലയില്‍ കൈ വെച്ച് അനുഗ്രഹിക്കണം .

നന്നായി വാ മകാനേ ..എന്ന് പറഞ്ഞ്‌ .അപ്പോള്‍ ശരി കാണാം .

Tuesday, November 18, 2008

കവിതയുടെ മരണം -ഒരു ഫ്ലാഷ് ബാക്ക്


കവിതയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്

മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് മരിച്ച കവിതയുടെ മരണം ആത്മഹത്യയായിരുന്നോ അതോ കൊലപാതമായിരുന്നോ എന്നതിന്റെ അന്വഷണ കമ്മീഷന്‍ തിരക്കിട്ട് ആശ്രമത്തില്‍ വിളിച്ചുകൂട്ടുന്ന സമയത്തായിരുന്നു ചന്ദ്രനില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ ഇടിച്ചിറങ്ങി എന്ന് മാധ്യമങ്ങള്‍ ഘോഷിച്ചതുപോലെ മിസ്സൈലുകള്‍ ഒന്നിന് പിറകില്‍ ഒന്നായി ആശ്രമത്തില്‍ ഇടിച്ചിറങ്ങിയത്.ആശ്രമത്തില്‍ തീയും പുകയും ഉയരുന്നത് കണ്ട ചില തെരുവ് നായക്കള്‍ അകന്ന് മാറി നിന്ന് തെറിപാട്ടുകള്‍ കൊണ്ട് ഓരിയിട്ട് ആനന്ദ നൃത്തമാടി .


ആശ്രമത്തിലെ ഭീകരാക്രമണം


സെപ്റ്റംബര്‍ 11 നെ ഓര്‍മ്മപ്പെടുത്തുന്ന രീതിയിലായിരുന്നു ഇന്നലെ രാത്രിയില്‍ ആശ്രമത്തില്‍ ഉണ്ടായ ഭീകരാക്രമണം .പിതൃ രഹിതരായ ചില ചാരന്മാര്‍‌ ആശ്രമത്തിലേക്ക് കമെന്റുകള്‍ ഇടിച്ചിറക്കി .ആശ്രമത്തിലെ കൂറ്റന്‍ ഇരുമ്പ് ഗോപുരങ്ങള്‍ തീപ്പെട്ടി കൊള്ളികള്‍ പോലെ എരിഞ്ഞിറങ്ങി .ആശ്രമത്തിലെ അന്തേവാസികള്‍ ജീവനും കൊണ്ട് ഓടിയിറങ്ങിയെങ്കിലും പലരും ആ തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റു എന്നാണ് അവസാന റിപ്പോര്‍ട്ട് .

ഇത് രണ്ടാം തവണയാണ് ആശ്രമത്തിലെ ഈ മിസൈല്‍ അക്രമണം .മാസങ്ങള്‍ക്ക് മുന്നേ ആശ്രമത്തിന്റെ
ഇന്റലിജന്‍സ് വൃത്തങ്ങള്‍ വീണ്ടും ഇത്തരം ഒരാക്രമണത്തിനുള്ള സാധ്യത പറഞ്ഞെങ്കിലും ആശ്രമ മഠാധിപതി അത്തരമൊരു സാധ്യതയെ നിഷ്കരുണം തള്ളികളഞ്ഞു എന്നാണ് ആശ്രമത്തിലെ അടുത്ത വൃത്തങ്ങള്‍ പറയുന്നത് .
ഒരു ടൈറ്റാനിക്‍ കപ്പല്‍ മുങ്ങിയതുപോലെ ആശ്രമത്തിലെ ഇരുമ്പ് തൂണുകളെ തകര്‍ക്കുവാന്‍ സാധിക്കുകയില്ല എന്ന് അദ്ദേഹം ഒരിക്കല്‍ വാര്‍ത്താ മാധ്യമങ്ങളോട് പറയുകയുണ്ടായി .സംസ്കാരം ഇല്ലാത്ത ,നല്ല തന്തക്ക് പിറക്കാത്ത ഏതൊരു അനോണി വിചാരിച്ചാലും ആശ്രമത്തിലെ ഒരു അന്തേവാസിയുടെ എങ്കിലും രോമത്തെ പോലും തൊടാന്‍ കഴിയുകയില്ല എന്ന് അല്പ നേരം മുന്‍പേ CNN കൊടുത്ത വാര്‍ത്തയില്‍ പറയുന്നു . ഈ സംഭവത്തില്‍ ലോകരാഷ്ട്ര തലവന്മാര്‍ അപലപിച്ചു .ഇത്രയും നീചവും പൈശാചികവുമായ മിസൈല്‍ പ്രയോഗങ്ങള്‍ കേരളത്തിന്റെ സംസ്കാരത്തെ വിളിച്ചറിയിക്കുന്നു എന്ന് മുക്കാട്ടു പുരയിലെ നാലാം പഞ്ചായത്ത് വാര്‍ഡ്‌ മെമ്പര്‍ ശ്രീ കുഞ്ഞാണ്ടി ,ആശ്രമ മഠാധിപതിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ അറിയിച്ചു .ഈ കേസിന്റെ ഉന്നത തല അന്വഷണത്തിനായി അഞ്ചംഗ കമ്മിഷനെ ഉടനെ തന്നെ കേരളത്തിന്റെ വനാന്തര്‍ പ്രദേശങ്ങളായ വയനാടന്‍ ചുരങ്ങളിലേക്ക് അയക്കുന്നതായിരിക്കും എന്നും വാര്‍ത്ത സമ്മേളനത്തില്‍ സ്വാമി അറിയിക്കുകയുണ്ടായി .ബ്ലോഗായനം വാര്‍ത്തകള്‍ കഴിഞ്ഞു .


Monday, November 17, 2008

കവിത അന്തരിച്ചു

കവിത അന്തരിച്ചു

ഇത് കുറെ നാള്‍ മുന്നേ പോസ്ടിയതാണ് .ഇപ്പോള്‍ ബൂലോകത്ത് വീണ്ടും ഇതുപോലെ ഒരു ചര്‍ച്ച വന്നപ്പോള്‍ ഒരു തമാശ .തോന്ന്യാസിയുടെ ബൂലോക കവിതയിലെ കുട്ടി സ്രാങ്കുകള്‍ എന്നപോസ്റ്റ് കണ്ടപ്പോള്‍ വികാരാവേശം.ബൂലോകരില്‍ ആരും എന്നെ അടിക്കല്ലേ :)

Saturday, November 15, 2008

പട്ടി

ഇവിടെ വായിക്കാം
ശുനകന്‍മാര്‍

Friday, November 14, 2008

ജെസിബിയുടെ ഉപയോഗങ്ങള്‍

വിവാഹം സ്വര്‍ഗത്തിലോ ,ഭൂമിയിലോ ,ജെസിബിയിലോ .

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയില്‍ ഈ മാസം പതിനൊന്നാം തീയതി കൊടുത്ത വാര്‍ത്ത.വിപ്ലവ നേതാക്കളുടെ മക്കളുടെ വിവാഹങ്ങള്‍ ആഘോഷപൂര്‍വ്വം നക്ഷത്ര ഹോട്ടലുകളിലും മറ്റും വെച്ചു നടത്തുമ്പോള്‍ ഇതാ ഒരു പുതിയ മാര്‍ഗം . തിങ്കളാഴ്ച വിവാഹിതരായ കോഴിക്കോട് കുണ്ട് പറമ്പില്‍ കൂനിയില്‍ ധനേഷും ,വധു മാന്നാടിക്കല്‍ സ്വദേശിനി പ്രസീലക്കുമാണ് സുഹൃത്തുക്കള്‍ ഒരുക്കിയ ജെസിബി വിവാഹ രഥം ആയത് .

ജെസിബിയുടെ ഉപയോഗം മണ്ണ് മാന്തല്‍ മാത്രമല്ല എന്ന് മനസിലായില്ലേ .

Thursday, November 13, 2008

ചന്ദ്രയാന്‍

ഇന്ത്യയിലും അമേരിക്കയിലും ഒരേ ചന്ദ്രനാണോ ?
ഒബാമ അധികാരത്തില്‍ വന്നതില്‍ പിന്നെ അമേരിക്കയില്‍ രാത്രിക്ക് പോലും കറുപ്പ് :)

കറുപ്പിന് ഏഴഴക് .


Tuesday, November 11, 2008

വിഡ്ഢികളുടെ പ്രാര്‍ത്ഥന

അരമനയിലെ അത്താഴ വിരുന്നു സല്‍ക്കാരം കഴിഞ്ഞു
വിളിക്കപ്പെട്ടവര്‍ ഏമ്പക്കം വിട്ടു വിശ്രമിക്കും വേളയില്‍
തിരുമനസിന്‍ മനസ്സില്‍ ഉടലെടുത്തൊരു കുസൃതി
തിരുമേനി ഉറക്കെ ആജ്ഞാപിച്ചു

വിഡ്ഢികളെ മുട്ടുകുത്തുക
നമുക്ക് പ്രാര്‍ഥിക്കാം .

തിരുസഭയിലെ വിദുഷകന്‍ മണികള്‍ കിലുക്കി
ശിരോവസ്ത്രം ധരിച്ച് ,സഭയില്‍ എഴുന്നേറ്റു നിന്നു

വന്നവര്‍ വന്നവര്‍ തിരു സഭയില്‍ മുട്ടുകുത്തി
വര്‍ണ്ണ വസ്ത്രത്തിന്‍ പിന്നിലെ
വരണ്ട ചിരികള്‍ വന്നവര്‍ ആരും കണ്ടതില്ല .
വിദുഷകന്‍ തല കുനിച്ച്‌ മുട്ടുമടക്കി
തിരുമനസിന്റെ അധികാരദണ്ടിന്‍ നേരെ നോക്കി
ശബ്ദമുയര്‍ത്തി
" പ്രഭോ ,വിഡ്ഢികളാം ഞങ്ങളോട് കരുണയുണ്ടാകണം"
ദയവുണ്ടാകണം പ്രഭോ
രകതാംബരം പോലാകും ഞങ്ങളിന്‍ പാപങ്ങള്‍ നീക്കി
തൂവെള്ള വസ്ത്രം പോലാക്കുവാന്‍ ദയവുണ്ടാകണം

സത്യവും നീതിയും ഭൂമിയില്‍ നിന്നും ഒഴുകിപ്പോയത്
ഞങ്ങളിന്‍ തെറ്റുകള്‍ കൊണ്ടല്ല പ്രഭോ
ഭൂമിയില്‍ നിന്നും സ്വര്‍ഗത്തെ മാറ്റി നിര്‍ത്തുവാന്‍ ഞങ്ങള്‍
വിശ്വാസകോട്ടകള്‍ തീര്‍ത്തതു കൊണ്ടാണ് പ്രഭോ

അങ്ങയുടെ പാദങ്ങള്‍ എന്നുമീ ഭൂമിയില്‍ നില നിര്‍ത്തുവാന്‍
പോകുക ,ചവുട്ടി അരക്കുക
ഞെട്ടില്‍ നിന്നും പറിച്ചു മാറ്റുക പുഷ്പങ്ങളെ
ഞങ്ങള്‍ വഹിക്കുമീ കരങ്ങള്‍ നിത്യവും
അങ്ങയെ വാഴ്ത്തി വണങ്ങിടാം ,പുകഴ്ത്തിടാം ,പോകുക
അനന്തമാം കാലത്തോളം ഞങ്ങളാല്‍ അറിയുന്ന സത്യങ്ങള്‍
മൂര്‍ച്ചയേറിയ ,കൂര്‍ത്ത മുനയുള്ള സത്യങ്ങള്‍ ഞങ്ങള്‍ മറച്ചിടാം
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ ,അര്‍ത്ഥശങ്ക ഭയക്കാതെ
ചൊല്ലി നിത്യവും അങ്ങയെ ഭജിച്ചിടാം, പോകുക

ഞങ്ങളിന്‍ പാപങ്ങള്‍ ഒരിക്കലും ഞങ്ങളോട്
കണക്ക് ചോദിക്കില്ല കാരണം
ഞങ്ങളുടെ ബാങ്കുകള്‍,ധാന്യപ്പുരകള്‍ നിറഞ്ഞു കവിയുന്നു
നമുക്ക് തിന്നുകയും ,കുടിക്കുകയും ,ആനന്ദിക്കുകയും ചെയ്യാം .

ജനങ്ങള്‍ ,അധികാരികള്‍ ,രാജാക്കന്മാര്‍ ,മന്ത്രികള്‍
ആരും തെറ്റുകള്‍ ചെയ്തിട്ടില്ല പ്രഭോ ,എങ്കിലും
അങ്ങ് ഞങ്ങളോട് കരുണ കാണിക്കേണം .
ഞങ്ങളെ എല്ലാം അനുഗ്രഹിക്കേണം .

തിരുസഭ നിശബ്ദമായി
മഞ്ഞില്‍ കുതിര്‍ന്നൊരു നിശാ പുഷ്പമായ് സഭ നിന്നു.
തിരുമേനിയും പരിവാരങ്ങളും സഭവിട്ടിറങ്ങി
അപ്പോഴും തിരുമനസ് മനസ്സില്‍ പറഞ്ഞു
"എന്നോട് ദയവുണ്ടാകണം ,വിഡ്ഢി "

ഒരുശിശിരത്തിന്റെ ഓര്‍മ്മക്ക്

ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി...
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി....

ഏതങ്കിലും ഒരു ശിശിരകാലത്തിന്റെ ഓര്‍മ്മയില്‍, നിഗൂഡമായ ഒരു മന്ദഹാസം, അല്ലങ്കില്‍ ഒരു നെടുവീര്‍പ്പ് അതുമല്ലങ്കില്‍ ഒരു നഷ്ടപ്പെടലിന്റെ വേദന മനസ്സില്‍ സൂക്ഷിക്കാത്ത ആരാണുള്ളത്?. പലപ്പോഴും നഷ്ടപ്പെടലുകളുടെ ഓര്‍മ്മപ്പെടുത്തലായാണ് എനിക്ക് ശിശിരകാലത്തെ തോന്നുക. നിറയെ പച്ച ഇലകളുമായ് നില്‍ക്കുന്ന മരങ്ങളെല്ലാം ഇലപഴുത്ത് പൊഴിച്ചുതുടങ്ങുന്നു. സമ്യദ്ധി‌ഇല്ലാതാകുന്ന അല്ലങ്കില്‍ യുവത്വം നഷ്ടപ്പെടുന്ന ഒരുനാളിന്റെ ഓര്‍മ്മ പെടുത്തലായ്. ആദ്യം അണയാന്‍പോകും മുന്‍പുള്ള ആളികത്തല്‍‌പോലെ തീ മഞ്ഞയായി അല്ലങ്കില്‍ കത്തിയമരാന്‍പോകുന്ന കനലിന്റെ ചുവപ്പായി പക്യതിയെ വര്‍ണ്ണം വാരിപൂശുന്നു. പിന്നെ ഒരു മഴയുടെ അകമ്പടിയോടെ ഇലപൊഴിച്ചുതുടങ്ങും. ഒരുപക്ഷേ ആ മഴ നഷ്ടപ്പെടലിനെ ഓര്‍ത്തുള്ള പ്രക്യതിയുടെ കണ്ണീരാവം. അവസാനയിലയും കൊഴിഞ്ഞുകഴിയുമ്പോഴേക്കും പ്രക്യതിയുടെ മനസ്സ് തണുത്തുമരവിക്കയായി. പഞ്ഞികെട്ടുകള്‍പോലെ മഞ്ഞുപൊഴിച്ച് ഒരു വര്‍ഷംകൂടി വിടവാങ്ങുകയായി. അതാണ് ശിശിരത്തിന്റെ നിയോഗം.

ചില്ലു ജാലകത്തില്‍ മഴപൊഴിച്ച് ഇലകൊഴിഞ്ഞുതുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ കാനോണ്‍ ‌IXUS 8015 എടുത്ത് ഇറങ്ങി. പാതിപാടാതെപോയ പാട്ടിന്റെ ശീലുമായ് പതിക്കാന്‍ മടിച്ച് വര്‍ണ്ണം വിതച്ചുനില്‍ക്കുന്ന എന്റെ യൂണിവേഴ്‌സിറ്റി കാമ്പസിലെ കുറെ മരങ്ങളുടെ ചിത്രമെടുക്കാന്‍.

എന്റെ ആഫീസ് ബ്ലോക്കുകളുടെ ഇടയില്‍ വര്‍ണ്ണപ്രപഞ്ചം തീര്‍ത്ത് ഇലകൊഴിക്കാന്‍
തയ്യാറായി നില്‍ക്കുന്ന മരങ്ങള്‍. ആഫീസ് കെട്ടിടത്തിന് മുകളില്‍നിന്നുള്ള ദ്യശ്യം.

നിര നിരയായി ഇലകൊഴിച്ചുനില്‍ക്കുന്ന മരങ്ങള്‍. ഇലകൊഴിച്ചുതുടങ്ങിയാല്‍
രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് എല്ലാ ഇലകളും കൊഴിഞ്ഞുതീരും.
ഇഷ്‌ടികയുടെ നിറത്തിലുള്ള ഇലകളുമായ് നില്‍ക്കുന്ന മരവും കെട്ടിടവും
ഒരേപോലെ. നയനാന്ദകരമായ ഒരു കഴ്‌ച.
ഒരു പ്രത്യേക ആക്യതിയിലുള്ള ചെറിയ ഇലകളുമായ് നില്‍ക്കുന്ന ഈ മരത്തിന്റെ കുറെ
അടുത്തുചെന്നാലും നമ്മുടെ കര്‍ണ്ണികാരം പൂത്തുലഞ്ഞു നില്‍ക്കയാണന്നേ തോന്നൂ

ബാസ്‌ക്കറ്റ് ബോള്‍ ഗ്രൗണ്ടിന്റെ വശങ്ങളില്‍ നില്‍ക്കുന്ന ഓഖ്‌മരങ്ങള്‍.

ഒരു പ്രത്യേക ആക്യതിയിലുള്ള ചെറിയ ഇലകളുമായ് നില്‍ക്കുന്ന ഈ മരത്തിന്റെ
കുറെ അടുത്തുചെന്നാലും നമ്മുടെ കര്‍ണ്ണികാരം പൂത്തുലഞ്ഞു നില്‍ക്കയാണന്നേ തോന്നൂ
എന്റെ അപ്പാര്‍ട്ട്മെന്റിലേക്കുള്ള വഴി. മഞ്ഞഇലകളുള്ള മരങ്ങളെല്ലാം
ഇലകൊഴിച്ച് ഒരാഴ്‌ചകൂടി കഴിഞ്ഞേ ഈ മരങ്ങള്‍ ഇലകൊഴിച്ചുതുടങ്ങൂ.

യൂണിവേഴ്സിറ്റിയുടെ പ്രധാനകവാടത്തിലേക്ക് നീളുന്ന വഴി.
ഇലകള്‍ കുറേഅധികം കൊഴിഞ്ഞുകഴിഞ്ഞിരിക്കുന്നു.

മനോഹരമായ ഒരു കവിതപോലെ....പ്രധാന കവാടം കടന്നു‌വരുമ്പോള്‍
ഇടതുവശത്തഅയുള്ള പാര്‍ക്കിന്റെ സൈഡില്‍ നിന്നുമുള്ള ഒരു ദ്യശ്യം.

വീണിതല്ലോ കിടക്കുന്നു ധരണിയില്‍...യൗവ്വനകാലത്തിന്റെ
ഓര്‍മ്മകളുമായ് പൂമെത്തതീര്‍ത്ത് കൊഴിഞ്ഞുകിടക്കുന്ന ഇലകള്‍.

ഇന്നുഞാന്‍ നാളെ നീ എന്ന് ഓര്‍മ്മപ്പെടുത്തലുമായ് ഇലകൊഴിച്ചുനില്‍ക്കുന്ന
ഒരു വ്യക്ഷത്തിന്റെ ചുവട്. ദൂരെനിന്നാല്‍ പൂക്കള്‍ കൊഴിഞ്ഞുകിടക്കായാണന്നേ തോന്നൂ.

എന്റെ ആഫീസ് കെട്ടിടത്തിന്റെ മുന്‍‌വശത്തുനിന്നുമുള്ള ദ്യശ്യം.
ഇതില്‍ അഞ്ചാം നിലയിലാണ് എന്റെ ക്യാബിന്‍.തീമഞ്ഞനിറത്തിലുള്ള ഇലകളുമായ് ഡിജിറ്റല്‍ ലൈബ്രറിയുടെ
അടുത്തു നില്‍ക്കുന്ന മരത്തിന്റെ ചില്ലക‌ള്‍.

ദൂരെ നിന്നു നോക്കിയാല്‍ ഓറഞ്ചാണന്നുതോന്നുമങ്കിലും നമ്മുടെ
സപ്പോര്‍ട്ടപോലെയുള്ള ഒരുതരം പഴമാണിത്. കൊറിയയില്‍ ഈ ചെടി
സുലഭമായ് കാണാം നമ്മുടെ പേരയുടെ അത്ര വലിപ്പമേ ഈ ചെടിക്കുണ്ടാകൂ.

ആര്‍ക്കുവേണമങ്കിലും ഈ പഴം പറിച്ചുകഴിക്കാം. ആരും ഒന്നും പറയില്ല.
പക്ഷേ പറിച്ച് സഞ്ചിയിലാക്കി വീട്ടില്‍ കൊണ്ടുപോകാമന്ന് ആരും കരുതണ്ട.
പഴുത്തുപാകമായ് കഴിയുമ്പോള്‍ ഇത് കീറി ഉണക്കി സൂക്ഷിക്കും.
പിന്നീട് അത് എന്തുചെയ്യുന്നു എന്ന് അറിഞ്ഞുകൂടാ.

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

ഇന്ന് കൂട്ടായിരിക്കുവാന്‍ എനിക്ക് ഒരു ശിശിരമുണ്ട്. കണ്ണുനീരുപോലെ മഴതുള്ളിയാല്‍ കുതിര്‍ന്ന്, അവസാന ഇലയും എന്റെ ചില്ലുജാലകത്തില്‍ പതിക്കുമ്പോള്‍, നിലാവ് വഴിയിട്ട, വിജനമായ എന്റെ വഴിയിലൂടെ ഊഷ്‌മളതയുടെ തലോടലുമായ് എനിക്കുവേണ്ടി ശിശിരം ഇനിയും വരുമന്ന പ്രതീക്ഷയോടെ ഞാനിവിടെ തനിച്ചിരിക്കാം. നഷ്‌ടപ്പെടാന്‍ പോകുന്ന വര്‍ഷത്തിന്റെ നഷ്‌ടങ്ങളുമായി.

Monday, November 10, 2008

ബ്ലോഗറും കമെന്റുകളും

സമ ദൂരങ്ങളില്‍ സഞ്ചരിക്കുന്നവര്‍


ആദ്യമേ തന്നെ ഈ കാര്‍ഡ് എനിക്കയച്ചു തന്ന ബ്ലോഗര്‍ കൂടിയായ ശ്രീ റഹ്മാന്‍ ബേക്കലിന് നന്ദി അറിയിക്കട്ടെ .
ഈ കാര്‍ഡ് കണ്ടപ്പോള്‍ ഞാന്‍ വളരെയധികം ചിരിച്ചു .പിന്നീട് ഇതിനെ കുറിച്ച് ചിന്തിച്ചു .എന്റെ മനസ്സില്‍ കൂടി പോയ ചില ചിന്തകളാണ് ഞാന്‍ ഇവിടെ പകര്‍ത്താന്‍ ശ്രമിക്കുന്നത് .

ഇന്നത്തെ ബൂലോകവുമായി ഈ കാര്‍ഡിന് അഭേദ്യമായ ബന്ധം ഇല്ലേ എന്ന് ഞാന്‍ ഊന്നി ഊന്നി ചോദിക്കട്ടെ ബ്ലോഗര്‍മാരെ :).ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇരിക്കുന്ന ബ്ലോഗര്‍മാര്‍ ,കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡില്‍ എന്തെല്ലാമോ കാട്ടി കൂട്ടുന്നു .ഗതയായും ,ഗവിതയായും ,ലേഗനമായും എഴുതുന്നു .അത് വായിക്കുന്ന മറ്റൊരു ബ്ലോഗര്‍ ചിലപ്പോള്‍ സ്നേഹത്തോടെ ഒന്ന് തൊടും അല്ലെങ്കില്‍ ചിലപ്പോള്‍ അതില്‍ ഒന്ന് പിടിച്ചു വലിക്കും .എഴുതിയ ആള്‍ ഒന്ന് തിരിഞ്ഞു വരുമ്പോഴേക്കും മറ്റെയാള്‍ ഓടി മറയും .ഇതല്ലേ ബൂലോകത്ത് നടക്കുന്നത് .
ഇന്നത്തെ ചിന്ത ഇങ്ങനെ .നിങ്ങള്‍ക്ക് വേണമെങ്കില്‍ ചിരിക്കാം ,അല്ലെങ്കില്‍ എന്നെ തല്ലാം .അല്ലെങ്കില്‍ ചിന്തിക്കാം .
ഇതിനെല്ലാം അപ്പുറമായി ബ്ലോഗിനെ എങ്ങനെ മാറ്റാം .പല നല്ല ടോപിക്കുകളും ബൂലോഗത്തില്‍ അവതരിപ്പിച്ച്‌ഒന്നും ആകാതെ ഇങ്ങനെ കറങ്ങി നില്‍ക്കുകയല്ലേ ? ഇതുകൊണ്ടൊക്കെ സമൂഹത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടോ ?

Sunday, November 9, 2008

ബൂലോകത്ത് നിന്നും ഒരു വിവാഹം കൂടി

**
പ്രയാസി

പ്രയാസിനി

പ്രശസ്തനായ ഒരെഴുത്തുകാരന്റെ മരണാനന്തര ചടങ്ങുകളില്‍ വന്നെത്തിയതായിരുന്നു ആ രണ്ട് ഇണക്കുരുവികള്‍ . കഥകള്‍ പറയുന്ന അവളുടെ കണ്ണുകള്‍ അവനെ വല്ലാതെ ആകര്‍ഷിച്ചു .ജന്മാന്തരങ്ങളായി താന്‍ തേടിക്കൊണ്ടിരിക്കുന്ന ആ കണ്ണുകള്‍ അല്ലേ ഇത്. അവന്‍ അടുത്തുവന്നു .ആ കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു .വിറയാര്‍ന്ന സ്വരത്തില്‍ അവന്‍ ചോദിച്ചു .എന്താ കുട്ടിയുടെ പേര് ? നാണത്തില്‍ മുങ്ങിയൊരു നവ കന്യകയെ പോലെ മണ്ണില്‍ കാല്‍ നഖം കൊണ്ടു കളം വരച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു .പ്രയാസിനി .ആശ്ചര്യം കൊണ്ടു അവന്റെ ഉണ്ട കണ്ണുകള്‍ പുറത്തേക്ക് ഗമിച്ചു .എന്തൊരു ചേര്‍ച്ച ,നമ്മുടെ പേരുകള്‍ പോലും ദൈവം അറിഞ്ഞിട്ടതായിരിക്കണം .അവന്‍ പറഞ്ഞു . എന്താ ചേട്ടന്റെ പേര് " പ്രയാസി ".
അതൊരു തുടക്കമായിരുന്നു .അകലെക്കാണുന്ന ഒരു തണല്‍ മരത്തെ ചൂണ്ടി അവന്‍ പറഞ്ഞു " വരൂ ആ കാണുന്ന തണല്‍ മരത്തിനടിയില്‍ പോയി നമുക്കല്‍പ്പം കാര്യങ്ങള്‍ പറയാം " അതൊരു ജീവിതത്തിന്റെ തുടക്കം .

ബഹുമാന്യരായ ബൂലോകരെ ,
നിങ്ങളുടെ മഹനീയ സാന്നിധ്യം ധന്യമായ അവരുടെ ജീവിത മുതൂര്‍ത്ത്തിലേക്ക് സാദരം ഷണിച്ചു കൊള്ളുന്നു .വധു :പ്രയാസിനി
സ്ഥലം -റബാല്‍ ഖാലി മരുഭൂമി ഒട്ടകപ്പുര
സമയം -ഈ വരുന്ന വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന്ശേഷം .
പങ്കെടുക്കുന്നവര്‍ക്ക് ഒട്ടകബിരിയാണിയും വട്ടിനിട്ട് കൊട്ടും .ബിര്യാണി റെഡീ..
ഒപ്പന തുടങ്ങുവല്ലേ?

Friday, November 7, 2008

മലയാളം വേണോ വേണ്ടയോ?

എല്ലാം കുട്ടികളും ഇംഗ്ല്ലീഷ് മീഡിയത്തിൽ പഠിക്കുന്നു .ഞാനെന്റെ കുട്ടിയെ മാത്രം എന്തിനു മലയാളം മീഡിയത്തിൽ ചേർക്കണം.മലയാളം മരിക്കുന്നു എന്നു പറയുമ്പോഴും നാട്ടിൽ ഇംഗ്ലീഷ് മീഡിയങ്ങളുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുകയാണ്.
മലയാളം പറയുന്നതും പഠിക്കുന്നതും കുറച്ചിലായി കാണുന്ന ഒരു സമൂഹം ഇവിടെ വളർന്നു വരുന്നു.
മലയാളിക്ക് മലയാളം വേണ്ടെങ്കിൽ പിന്നെ ആർക്ക് മലയാളം വേണം?.
ഇംഗ്ലീഷ് ക്ലാസ്സിൽ മലയാളം പറഞ്ഞതിന്റെ പേരിൽ തലമൊട്ടയടിച്ച സംഭവം വരെ നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്.
ഒരു മലയാളി മലയാളി ആകുന്നത് അവൻ തെറ്റില്ലാതെ മലയാളം സംസാരിക്കുമ്പോഴാണ്.
നാം ഒരു മലയാളി ആണ് എന്നതിൽ നമുക്ക് അഭിമാനിക്കാം കാരണം ലോകത്തെ തന്നെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിൽ ഒന്ന് കേരളമാണ്.
ഒന്നെങ്കിൽ മലയാളം സംസാരിക്കുക.അല്ലേൽ ഇംഗ്ലിഷ് സംസാരിക്കുക.മലയാളത്തിന് ഇടയിൽ ഇംഗ്ലിഷ് തിരുകി കയറ്റി അതിനെ വികൃതമാക്കാതെ ഇരിക്കുക.
മലയാളം മലയാളിക്ക് അമ്മ അമ്മ തന്നെയാണ്.

Thursday, November 6, 2008

മരണത്തിനും അപ്പുറമുള്ള ജീവിതത്തിലേക്ക് ഒരു യാത്ര

പ്രിയപ്പെട്ട എന്‍റെ ആത്മാവേ
പരിധികളില്ലാത്ത ലോകത്തേക്ക് എന്നോടൊപ്പം നടക്കുക


അളക്കുവാന്‍ ഭൂമിയോ ,നടക്കുവാന്‍ പാതകളോ
വളഞ്ഞ വരകള്‍ കൂടിച്ചേരുന്ന ഭൂഖണ്ടങ്ങളോ
നേര്‍വഴി നടത്താന്‍ വന്ന കള്ള പ്രവാചകരോ
കാത് തുളക്കുന്ന രോദനങ്ങളോ ,
മനുഷ്യ കരങ്ങളോ
വെട്ടിതിളങ്ങുന്ന മാംസ തിളപ്പുള്ള
രക്തമില്ലാത്ത മുഖങ്ങളോ
ചുണ്ടുകളോ ,
രക്തം കിനിയുന്ന കണ്ണുകളോ
ഇല്ലാത്ത സ്ഥലത്തേക്ക് നീ എന്നെ കൂട്ടി പൊയ്ക്കോളുക.

എന്‍റെ ആത്മാവേ
നിനക്കെല്ലാം മായയാണെന്നറിയാം
സ്വപനങ്ങള്‍ ഇല്ലാത്താ
ദുഃഖങ്ങള്‍ ഇല്ലാത്താ നാട്ടിലേക്ക്
എന്നെ വേഗം കൂട്ടി പോകുക .

ഇഹത്തിലെ കെട്ടുകള്‍ പൊട്ടിച്ചെന്നെ
പര ലോകത്തില്‍ പൂട്ടിയിടുക

സമയങ്ങള്‍ ഇല്ലാത്ത ലോകത്ത് ഞാന്‍ ഒന്ന് പറക്കട്ടെ
ആ ലോകത്തിന്‍ ആഴിയിലെ ഓളപ്പരപ്പില്‍
ഒരു പൊങ്ങു തടിപോലെ ഞാന്‍ ഒന്ന് പൊങ്ങികിടക്കട്ടെ
ഇരുട്ട് ,ഭൂബലം ,അറിവ് ,ഇവ ഒന്നും ഇല്ലാത്ത
ലോകത്തേക്ക് എന്നെ കടത്തി വിടുക .


പരമമായ സ്വാതന്ത്ര്യം ,ഒന്ന് പോലെന്ന ബോധം
എല്ലാം എന്നില്‍ നിറയട്ടെ

എന്‍റെ ആത്മാവേ
നീ എന്നെ ആ ലോകത്തിലേക്ക്‌ കടത്തിവിടുക
.

തോന്ന്യാശ്രമം: മലയാളം മരിക്കുകയാണോ ?

തോന്ന്യാശ്രമം:
മലയാളം മരിക്കുകയാണോ ?

Monday, November 3, 2008

നാട്ടില്‍നാട്ടിലെ വായനശാലയിലെ സിക്രട്ടറിയായിരുന്നു അച്ഛന്‍, കുറേക്കാലം. ഒരിക്കല്‍ പൊതുജനത്തിനെ വായനാശീലരാക്കാന്‍ ഒരു പരിപാടിയുമായി തുനിഞ്ഞിറങ്ങി (അമ്മ പറയുമ്പോലെ, കുടുംബം നോക്കാതെ നാടു നന്നാക്കാന്‍!). ഒരു പരിഷത്‌ സഞ്ചിയില്‍ (തോളില്‍ തൂക്കുന്ന തുണി സഞ്ചി) നിറയെ പുസ്തകങ്ങളുമായി എല്ലാ ശനിയും ഞായറും വീടുവീടാന്തരം കയറിയിറങ്ങും. വായിച്ചു കഴിഞ്ഞവ തിരിച്ചു വാങ്ങിക്കും, പുതിയതു കൊടുക്കും.

അധ്യാപകനായിരുന്നതുകൊണ്ട്‌ എല്ലാ വീട്ടിലും കാണും അച്ഛന്‍ പഠിപ്പിച്ച കുട്ടികള്‍. ചിലര്‍ പുസ്തകങ്ങളുമായി അച്ഛന്‍ വരുന്നതു കാത്തു നില്‍ക്കും. മറ്റുചിലര്‍ അച്ഛന്‍ ഇറങ്ങിയിട്ടുണ്ടെന്നു കണ്ടാല്‍ സ്ഥലം കാലിയാക്കും.

കിലോമീറ്ററുകളോളം നീണ്ട നടപ്പ്‌. പൊരി വെയില്‌. മാഷ്‌ അത്രേം അദ്ധ്വാനിക്കണ്ടാ എന്നും പറഞ്ഞ്‌ വായനശാലയിലെ ഏമാന്മാര്‍ അച്ഛനെ ഇറക്കി വിടുന്നതുവരെ, എന്നുവച്ചാല്‍ 3-4 കൊല്ലത്തോളം ഈ പരിപാടി തുടര്‍ന്നു. പൊതുജനം വായനാശീലരായോ എന്നു അറിയില്ല. പക്ഷേ എനിക്കു ഗുണമുണ്ടായി. അന്ന്‌ മൂന്നിലോ നാലിലോ ഒക്കെ പഠിക്കുകയായിരുന്ന ഞാന്‍ അച്ഛന്‍റെ കയ്യും പിടിച്ച്‌ ഇറങ്ങും. കാലത്തു തുടങ്ങുന്ന നടപ്പ്‌. വൈകിട്ടു വീട്ടില്‍ വന്നു കയറുന്നതു വരെ.

ഇടക്ക്‌ കാണുന്ന ചായക്കടയില്‍ നിന്ന്‌ ഒരു ചായ, പാലുംവെള്ളം. എനിക്കൊരു പഴംപൊരിയോ നേന്ത്രപ്പഴമോ. ഉച്ചയ്ക്ക്‌ ഞാനും ഉള്ളതുകൊണ്ട്‌ അമ്മ പൊതിഞ്ഞു തന്നു വിടുന്ന ഊണ്‌.

അതൊന്നുമല്ലായിരുന്നു എന്‍റെ ആകര്‍ഷണം. കഥകള്‍. അച്ഛന്‍ പോയിതിരിച്ചെത്തുന്നതു വരെ എന്നോടു സംസാരിച്ചുകൊണ്ടിരിക്കും. കവികള്‍, നോവലിസ്റ്റുകള്‍, ലോക ക്ളാസ്സിക്കുകള്‍, ലോകസംഭവങ്ങള്‍, വാര്‍ത്തകള്‍, വ്യക്തിത്വങ്ങള്‍, കണക്ക്‌, സയന്‍സ്‌.. അങ്ങനെയങ്ങനെ, ആകാശത്തിനടിയിലുള്ള എന്തും. സുവര്‍ണ്ണകാലമായിരുന്നു അത്‌. അച്ഛന്‍റെ ആമുഖങ്ങളിലൂടെ പുസ്തകങ്ങളുടെ ലോകത്ത്‌ ചെന്നു കയറി. ഒമ്പതാം ക്ളാസ്സിലെത്തിയപ്പോഴേയ്ക്കും നാട്ടിലെ വായനശാലയിലെ പുസ്തകങ്ങളൊക്കെ വായിച്ചു തീര്‍ത്തു. പത്രങ്ങളെല്ലാം കാര്‍ന്നുതിന്നാന്‍ ശീലിച്ചു.

അച്ഛന്‍ പറഞ്ഞു മനസ്സില്‍ പതിഞ്ഞുപോയ പല സംഭവങ്ങളും വ്യക്തി വിവരണങ്ങളും പിന്നീട്‌ ഉപകാരപ്പെട്ടിട്ടുണ്ട്‌. ആ അറിവേ എനിക്കുള്ളോ എന്നു പലപ്പോഴും സംശയിച്ചിട്ടുണ്ട്‌. അച്ഛന്‍ പറഞ്ഞുതന്നതിനപ്പുറമൊന്നും സമ്പാദിക്കാന്‍ ആയില്ലെന്ന്‌ പലപ്പോഴും കുറ്റബോധം തോന്നിയിട്ടുമുണ്ട്‌. പത്താം ക്ളാസിലെത്തിയതോടെ വായന പാഠപുസ്തകങ്ങളിലേയ്ക്കു ചുരുങ്ങി. പിന്നെ പതിയെ ഇല്ലാതായി.

പ്രവാസിയായതില്‍ പിന്നെയാണ്‌ വായന പുനരാരംഭിച്ചത്‌. നാട്ടില്‍ നിന്നു സുഹൃത്തുക്കള്‍ കൊണ്ടുവരുന്ന പുസ്തകങ്ങള്‍. അടുത്തകാലത്തായി ബ്ളോഗുകളും.

അപ്പോള്‍ പറഞ്ഞു വന്നത്‌ നാട്ടില്‍ പോയ കാര്യം. വീട്ടിലുണ്ടായിരുന്ന എല്ലാ ദിവസവും കാലത്തെ നടക്കാന്‍ പോയി. പണ്ടു നടന്ന വഴികളിലൂടെ. ഇടവഴികളും വരമ്പുകളുമൊക്കെ റോഡുകളായിരിക്കുന്നു. പെട്ടിക്കടകളുണ്ടായിരുന്നിടങ്ങളില്‍ കോണ്‍ക്രീറ്റു ബില്‍ഡിംഗുകള്‍. ചായക്കടകളില്ല. ഹോട്ടലുകളേയുള്ളൂ.

പുതിയ തലമുറയൊന്നും എന്നെ തിരിച്ചറിയുന്നില്ല. എന്‍റെ പ്രായക്കാരാകട്ടെ ഒരു മങ്ങിയ കാഴ്ചപോലെ മാത്രം എന്നെ ഓര്‍ക്കുന്നു. പ്രായമുള്ളവര്‍ മാത്രം ഒന്നമര്‍ത്തി നോക്കിയതിനു ശേഷം ചിരിക്കുന്നു. "മാഷ്ടെ മോനല്ലേ? മാഷിന്‍റെ കയ്യും പിടിച്ച്‌ ഇതിലേയൊക്കെ വന്നിരുന്നത്‌ ഓര്‍മ്മയുണ്ടോ?"

വേറെ അധികമൊന്നുമില്ല ഓര്‍മ്മിക്കാന്‍, എന്നു ഞാന്‍ പറഞ്ഞില്ല.

എല്ലാ ദിവസവും രാവിലെ എന്‍റെ മകന്‍ അച്ചാച്ചന്‍റെ കയ്യും പിടിച്ച്‌ നാടുകാണാന്‍ പോയി. തിരിച്ചു വരുന്നത്‌ കൈനിറച്ചും കളിപ്പാട്ടങ്ങളുമായി. തലേന്നു വാങ്ങിയ അതേ കളിപ്പാട്ടം തന്നെ പിറ്റേന്നും വാങ്ങിക്കും. അവനു മടുക്കുന്നില്ല. അച്ഛനും. പഴയതുപോലെ അവനു കഥകള്‍ പറഞ്ഞു കൊടുക്കുന്നുണ്ടോ? കൊറസോണ്‍ അക്വീനോയെപ്പറ്റി? എം എന്‍ റോയിയെപ്പറ്റി? ഇമെല്‍ഡ മാര്‍ക്കോസിനെപ്പറ്റി? ബ്രെഹ്തോള്‍ദ്‌ ബ്രെഹ്ത്‌? വിക്റ്റര്‍ യൂഗോ? മൊബിഡിക്‌?

അച്ഛന്‍ ചിരിച്ചു. മോന്‍റെ തലയില്‍ തലോടി. അവനാകട്ടെ മൂന്നു ദിവസങ്ങളിലായി വാങ്ങിച്ച ഒരേ പോലത്തെ മൂന്നു ജേസീബികള്‍ നിരത്തിവച്ചു തമ്മില്‍ സ്റ്റണ്ടു നടത്തിക്കുന്നു. ജേസീബിയുടെ വാര്‍ത്താ മൂല്യത്തെക്കുറിച്ച്‌ അച്ഛന്‍ പറഞ്ഞു കൊടുത്തോ?

* * * * * * * * * *


നെല്ലിയാമ്പതിയിലൊന്നു പോയി. ഒരു 'ബോയ്സ്‌ ഡേ ഔട്ട്‌'. പഴയ സുഹൃത്തുക്കള്‍. ഒരു ദിവസം ബാച്ചിലറായി. ഒരു രാത്രി കാടിനു നടുവിലൊരു റിസോട്ടില്‍ അന്തിയുറങ്ങി. കള്ളുകുടിച്ചു. പാട്ടുപാടി.നെല്ലിയാമ്പതിയുടെ അനാഘ്രാത സൌന്ദര്യം മനസ്സില്‍ കുത്തി നിറച്ചു. പിന്നെ യാഥാര്‍ത്ഥ്യത്തിലേക്ക്‌ മടങ്ങി.


പിന്നെ അരിയില്‍ അമ്പലത്തില്‍. മോനെ കൊണ്ടുപോകാമെന്ന്‌ പ്രോമിസ്‌ ചെയ്തിട്ടുണ്ടായിരുന്നു. പണ്ട്‌ അമ്മയുടെ കൂടെ പോകാറുണ്ടായിരുന്നു. അമ്പലക്കുളത്തില്‍ നീന്താന്‍. കമ്യൂണിസ്റ്റായതുകൊണ്ട്‌ അച്ഛന്‌ അമ്പലം നിഷിദ്ധമായിരുന്നു.നിറയെ ഏട്ടകളുണ്ട്‌ (മല്‍സ്യം) അമ്പലക്കുളത്തില്‍. ശരി പേരെന്താണെന്നൊന്നും അറിഞ്ഞു കൂടാ. അമ്പലക്കുളമായതുകൊണ്ട്‌ അവറ്റകളെ ആരും തൊടില്ല. പണ്ടാരോ പിടിച്ചു കൊണ്ടുപോയ ഏട്ടകള്‍ കറിക്കലത്തില്‍ നിന്നും ദേഹമാസകലം മുളകുപുരട്ടാന്‍ വരഞ്ഞ അവസ്ഥയില്‍ തിരിച്ചു കുളത്തിലെത്തിയിട്ടുണ്ടെന്നും പിടിച്ചുകൊണ്ടുപോയവന്‍റെ ശരീരം മുഴുവന്‍ വടുക്കളുണ്ടായെന്നുമൊക്കെ കഥകള്‍. അതിശയം അതല്ല. ഒരു പിടി അരി വെള്ളത്തിലേക്കെറിഞ്ഞ്‌ വായ്‌ കൊണ്ട്‌ ഒരു പ്രത്യേക ശബ്ദമുണ്ടാക്കിയാല്‍ അസഖ്യം ഏട്ടകള്‍ വെള്ളത്തിനു മുകളില്‍ വന്നു പുളയ്ക്കും. നൂറെണ്ണമെങ്കിലും. പക്ഷേ ഇപ്പോഴത്രയൊന്നുമില്ല. പത്തു പന്ത്രണ്ടെണ്ണം വന്നു. നാട്ടില്‍ കമ്യൂണിസ്റ്റുകാര്‍ കൂടിയതു കൊണ്ടാവും. വീഡിയോ ക്യാമറ നീട്ടിപ്പിടിച്ചിരുന്നു. റെക്കോഡു ബട്ടന്‍ ഞെക്കിയില്ല. അടുത്ത തവണ ചെല്ലുമ്പോള്‍ ഒന്നെങ്കിലും ബാക്കിയുണ്ടാവുമോ?

Sunday, November 2, 2008

എന്റെ ചില സംശയങ്ങള്‍

തികച്ചും അര്‍ത്ഥ ശൂന്യമായ സംശയങ്ങളില്‍ ഒന്നാണ് എന്റേത് .അറിവുള്ളവര്‍ പറഞ്ഞു തരും എന്ന പ്രതീക്ഷയിലാണ് ഇത് എഴുതുന്നത് .എന്തും എഴുതാനുള്ളതാണ് ബ്ലോഗ് എന്ന് ചില ബ്ലോഗ് പണ്ഡിതര്‍ പറഞ്ഞതു കൊണ്ടു കൂടിയാണ് എന്റെ സംശയം നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാം എന്ന് കരുതുന്നത് .

ഇപ്പോള്‍ ബൂലോകത്ത് നിന്നും ബുസ്തകങ്ങളുടെ ചാകരയാണല്ലോ ? വിര്‍ച്വല്‍ മാധ്യമത്തില്‍ നിന്നും അച്ചടി മാധ്യമത്തിലേക്കുള്ള ബ്ലോഗിന്റെ കുതിച്ചു ചാട്ടം .കൂടുതല്‍ കൂടുതല്‍ ആളുകള്‍ ബ്ലോഗിലേക്ക് കടന്നു വരുന്നു .അതിന് വേണ്ടിയുള്ള ക്ലാസ്സുകളും ശില്പശാലകളും നടക്കുന്നു .കഴിവുള്ള ആളുകള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നു . വളരെ നല്ല മുന്നേറ്റം .കഴിവുള്ളവരുടെ കരുത്താര്‍ന്ന സൃഷ്ടികള്‍ ബുസ്തക
രൂപേണ ബ്ലോഗിന്റെ പുറത്തുള്ള ആളുകളിലേക്ക്‌ എത്തി ചേരുന്നു .

അടുത്ത ഒരു മാസം കൂടി കഴിയുമ്പോള്‍ ഞാന്‍ ഈ ബൂലോകത്ത് "കാപ്പിലാന്‍ " എന്ന പേരില്‍ രംഗ
പ്രവേശനം നടത്തിയിട്ട് ഒരു വര്‍ഷം ആകും .എന്തല്ലാമോ പൊട്ടത്തരങ്ങളും എഴുതി അതെല്ലാം നിങ്ങള്‍ സഹിച്ചു. എന്നെ ഇങ്ങനെ സഹിക്കുന്നതില്‍ നിങ്ങളെ സമ്മതിക്കണം . ഇത് വരെ മനുഷ്യര്‍ക്ക്‌ ഗുണമുണ്ടാകുന്ന ഒരു സംഭവം പോലും എഴുതിയിട്ടില്ല എന്നറിയാം .ഇന്നലെ നിങ്ങളുടെ ഭാഗ്യക്കെടിന് എന്റെ
" കൊള്ളികള്‍ "എന്ന ബ്ലോഗില്‍ സെഞ്ചുറി തികച്ചു .

കഴിഞ്ഞ കുറെ മാസങ്ങള്‍ക്ക് മുന്‍പ് ഒരു വെളിപാട് പോലെ മനസ്സില്‍ ആരോ വന്നു പറഞ്ഞു
" എടാ കാപ്പിലാനെ , നീ എന്താണ് ഇങ്ങനെ കഴിയുന്നത്‌ ? നിനക്കും ഇറക്കണ്ടേ ഒരു ഗവിതാ സംഹാരമോ ,കതാ സംഹാരമോ മറ്റോ ?" അങ്ങനെ കൊള്ളികളില്‍ കിടന്ന ചില സാധനങ്ങള്‍ ചുരുട്ടി കൂട്ടി ഒരാളിനെ ഏല്പിച്ചു .കഴിഞ്ഞ ദിവസം വിളിച്ചു പറഞ്ഞു ഏകദേശം ശരിയായി അതിന്റെ എഡിറ്റിംഗ് കഴിഞ്ഞു .ബാക്കിയുള്ള കാര്യങ്ങള്‍ നീക്കണമെങ്കില്‍ ഇനി കാശ് കൊടുക്കണം .ഏകദേശം $500/- ആകും .അതിന്റെ അഡ്വാന്‍സ്‌ കൊടുക്കണം എന്ന് .
ഇപ്പോള്‍ എന്നെ അലട്ടുന്ന പ്രശനം കാശിന്റെതല്ല .

കാശ് കൊടുത്തു അടിപ്പിച്ചാല്‍ ഇതാരെങ്കിലും വാങ്ങുമോ ?
അതോ എന്റെ കാശ് പോയി കിട്ടുമോ ?
അമേരിക്ക ഇപ്പോഴേ സാമ്പത്തിക മാന്ദ്യത്തിലാണ് ഓടുന്നത് .ഈ പൈസാ എന്നെ കൂടുതല്‍ മാന്ദ്യത്തിലേക്ക് കടത്തി വിടില്ലേ ?
എല്ലാ ബൂലോകരും ഇങ്ങനെയാണോ ബുസ്തകം ഇറക്കുന്നത്‌ ?
എങ്ങനെയാണ് ഈ ബുസ്തകങ്ങള്‍ മാര്‍ക്കറ്റ്ചെയ്യുന്നത് ?
ആരാണ് ഈ ബുസ്തകങ്ങള്‍ക്ക് വില നിര്‍ണയിക്കുന്നത് ?
എങ്ങനെ ഈ ബുസ്തകങ്ങള്‍ ജനങ്ങളില്‍ എത്തിക്കും ?


ഇങ്ങനെയുള്ള ചില ചോദ്യങ്ങള്‍ എന്നെ വല്ലാതെ അലട്ടുന്നു .

നിങ്ങളില്‍ നിന്നും നല്ല മറുപടി കിട്ടിയാല്‍ ഡിസംബര്‍ ആദ്യം എന്റെ ആദ്യ കവിതാ സംഹാരം ഇറക്കണം എന്നാഗ്രഹിക്കുന്നു .

അല്ലെങ്കില്‍ നിങ്ങള്‍ ഇങ്ങനെ പറയണം " ഈ ചെരപ്പ് നിര്‍ത്തിയിട്ട്‌ പോടാ കോപ്പിലാനെ " എന്ന് .രണ്ടു വിധത്തിലും ഉള്ള മറുപടി പ്രതീക്ഷിച്ചുകൊണ്ട് ഈ ചോദ്യങ്ങളെ നിങ്ങളിലേക്ക് ഇറക്കി വിടുന്നു .
എന്റെ അറിവില്ലായ്മകളെ നിങ്ങള്‍ സഹിക്കുകയും പൊറുക്കുകയും ചെയ്യും എന്ന പ്രതീക്ഷയില്‍ .
സ്നേഹപൂര്‍വ്വം
കാപ്പിലാന്‍

Saturday, November 1, 2008

വേരുകള്‍ ദ്രവിക്കുന്ന മരം

ഒരു ചുമ്മാ പോസ്റ്റ് ...ഇതുവഴി പോകുക .

വേരുകള്‍ ദ്രവിക്കുന്ന മരം

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.