അന്തേവാസികള്‍

Monday, June 30, 2008

മീറ്റ് ഈറ്റ് തിരോന്തരം

കാപ്പില്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും ജൂണ്‍ ഒന്നാം തീയതി രാവിലെ ചുവന്ന കോളിസ് പുറപ്പെട്ടത്‌ പല വിചാരങ്ങള്‍ മനസ്സില്‍ വെച്ചാണ് .വേണ്ടപ്പെട്ട ചില ആളുകളെ കാണുക ,അല്പം സംസാരിക്കുക അങ്ങനെ പലതും .സഞ്ചരിച്ച വാഹനത്തിനെ മുന്‍ചക്രം തിരോന്തരത്തിന്റെ മണ്ണില്‍ സ്പര്‍ശിച്ചപ്പോള്‍ ഒരു ചങ്കിടിപ്പ് മീറ്റില്‍ എന്താ പറയുക .മുട്ടിടിക്കുമോ ,മുള്ളുമോ കണ്‍ഫ്യൂഷന്‍ .പല വന്‍ കിട പുലികള്‍ പങ്കെടുക്കുന്നസ്ഥലമാണ് .

തിരോന്തരത്തെ വീട്ടില്‍ ചെന്നപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഞാന്‍ അറിയുന്നത് .മൂന്നു ദിവസമായി തിരോന്തരത്ത്‌ വെള്ളം കുടി മുട്ടിയിട്ട് .അപ്പിയിട്ടാല്‍ സായിപ്പിന്റെ ടിഷ്യൂ കള്‍ച്ചര്‍ പരിപാടി ആരംഭിക്കണം .അതുകൊണ്ട് അപ്പി മുട്ടിയിട്ട് കൂടി രാവിലെ ബ്ലോഗ് മീറ്റ് പൂരം കാണാന്‍ പോയി .

യോഗം പറഞ്ഞ സമയത്തു തന്നെ ആരംഭിച്ചു .പല ഉഗ്രന്‍ പുലികളും ഹാജര്‍ ആയിട്ടുണ്ട്‌ .ആരിവന്‍ ,അങ്കിള്‍ബന്‍ ,ചരിത്ര കാരന്‍ ,കേരളത്തിലെ കര്‍ഷകന്‍ ,ആകാശ വാണി ,ശിവന്‍ എന്ന് തുടങ്ങി പലരും .ഈശ്വര പ്രാര്‍ത്ഥനയോ മറ്റു പ്രാഥമിക കര്‍മ്മങ്ങള്‍ എന്നിവ കൂടാതെ തന്നെ പരിപാടിയിലേക്ക് കടന്നു .ഞങ്ങള്‍ അല്ലാതെ മറ്റു ദൈവങ്ങള്‍ നിങ്ങള്‍ക്കുണ്ടാകരുത് എന്നോ മറ്റോ ആയിരുന്നു എന്ന് തോന്നുന്നു മനസ്സില്‍ .
ബുഷ് പറഞ്ഞതു ശരിയാണ് എന്ന അര്‍ത്ഥത്തില്‍ ഓരോരുത്തരും മാറി മാറി മൈക്ക് ഭക്ഷിച്ചുകൊണ്ടിരുന്നു .വാതില്‍ക്കലെ പടിയില്‍ തന്റെ വലിയ ശരീരവും കുഞ്ഞു മനസുമായി കാര്‍ട്ടൂണിസ്റ്റ് സജീവന്‍ ഇതെല്ലാം കണ്ടുകൊണ്ടു ഹാ ഹാ ഹാ എന്ന് ചിരിച്ചു കൊണ്ടിരിക്കുന്നു . മുക്കാല്‍ മണിക്കൂര്‍ അവിടെ ഞാന്‍ ചിലവിട്ടു . ഇനിയും അവിടെ നിന്നാല്‍ ശരിയാകില്ല എന്ന് മനസ്സില്‍ ആക്കി എല്ലാവരോടും യാത്ര പറഞ്ഞു പിരിഞ്ഞു .
നാടകവേദിയെ കുറിച്ചു പറയണം എന്നതായിരുന്നു എന്റെ ആഗ്രഹം .നടന്നില്ല .അവിടെ മുഴുവന്‍ സമയവും നിന്നാല്‍ തന്നെ അതിന് ആരും അനുവദിക്കുകയും ഇല്ല .കാരണം അതിനേക്കാള്‍ വലിയ വലിയ കാര്യങ്ങള്‍ പറയുമ്പോള്‍ ഈ ചെറിയ കാര്യം ആര്‍ക്കു വേണം ? പുതിയ ബ്ലോഗര്‍ കുഞ്ഞുങ്ങളെ ആനയിക്കുകയും അവരോടും പറയുകയും വേണം ഞങ്ങള്‍ ആണ് ബൂലോകം .ബ്ലോഗ് മോഷണം പോലും ആരും പറയുന്നതായി കേട്ടില്ല .അതെല്ലാം പുതിയ .വായനാ മൂല്യം അല്പം പോലും ഇല്ലാത്തത് .

അവിടെ നിന്നും നേരെ പോയത് വീട്ടില്‍ .
ഭാര്യ ,കുട്ടികള്‍ എന്നിവരെ കൂട്ടി നേരെ പോയത് പ്ലാമൂടാനന്ദ സ്വാമിനി ഗീതാകിനിയുടെ ആശ്രമത്തില്‍ . വളരെ നല്ല സ്വീകരണമായിരുന്നു .തികച്ചും സ്വാതികയായ ഒരു സാധു സ്വാമിനി .കേരള മോഡല്‍ പച്ചക്കറി സദ്യ. അതും വാഴയിലയില്‍ .പച്ച കറികള്‍ മാത്രം ഭക്ഷിക്കുന്ന സ്വാമിനി ,പച്ചകറി മൂര്ധാബാദ് എന്ന് പറയുന്ന എന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മുട്ട ആമ്ലെറ്റ് ഉണ്ടാക്കാന്‍ കഷ്ടപ്പെട്ടൂ .
കൂട്ടത്തില്‍ ബ്ലോഗിണി കിറ്റി എന്ന പൂച്ചക്കുട്ടിയും .ക്യാമറയും തൂക്കി മകന്‍ പൂച്ചയുടെ പുറകെ ഓടുന്നത് രസമുള്ള കാഴ്ച ആയിരുന്നു .
ഒരു മണിക്കൂര്‍ മാത്രം അവിടെ ചിലവഴിച്ചുള്ളൂ എങ്കിലും ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത അത്ര സ്നേഹ നിര്‍ഭരം ആയിരുന്നു ആ കൂടി കാഴ്ച .കൃഷ്ണേട്ടന്‍ (ഭര്‍ത്താവ് ) രണ്ടു പെണ്‍കുട്ടികള്‍ ( മക്കള്‍ ) കുഞ്ഞു വാവ ( ചെറു മകന്‍ ) എല്ലാവരും എന്റെ ഓര്‍മ്മയില്‍ നില്ക്കുന്നു .നന്ദി ചേച്ചി

പിന്നിട് മൃഗ ശാല .
തിരോന്തരം വരെ പോയിട്ട് അവരെ കാണാതെ പോയാലോ .പണ്ടു കണ്ടതിനേക്കാള്‍ കൂടുതല്‍ മൃഗങ്ങള്‍ അവിടെ ഉണ്ട് .വളരെ നന്നായി അത് ചെയ്തിരിക്കുന്നു .

എല്ലാവരെയും കണ്ടും അറിഞ്ഞും തിരോന്തരത്തോട്‌ യാത്ര പറയുമ്പോള്‍ മനസ്സില്‍ അല്പം വിങ്ങല്സ് .
നന്ദി നന്ദി തലസ്ഥാന നഗരി .

Sunday, June 8, 2008

Wednesday, June 4, 2008

ആല്‍ത്തറ - വിശേഷങ്ങള്‍ -

ആല്‍ത്തറ ചിത്രം കടപ്പാട് കൃഷ്
സ്ഥലം: ആല്‍ത്തറ
നടന്നു വരുന്ന ഗോപന്‍, ആല്‍തറയില്‍ ഇരിക്കുന്ന മാണിക്യം.
ഗോപന്‍ :മാണിക്യ ചേച്ചിയേ, എന്താ പറയുന്നേ?
മാണിക്യം : ഓ എന്തോ പറയാനാ, ഇങ്ങനെ പോവുന്നു. ഇന്നു തറേല് ആരേം കാണ്ടില്ലല്ലോ ?
ഗോപന്‍ : അത് നമ്മുടെ പാമരനും അനൂപും ചേര്‍ന്നു ഗോസിപ്പ് പറഞ്ഞു നടക്കല്ലേ. അത് കേള്‍ക്കാനാ ഇപ്പൊ ആളുകള്‍ക്ക് പൂതി. നല്ലോരു കഥയായിരുന്നു ..മാണിക്യെച്ചി, പാവം രമണിയേടത്തി
മാണിക്യം : ങ്ഹാ! അവിടെ പഞ്ചാര ബൂത്തില്‍ പാമരന്‍ കഥ പറയുകയാണോ, നിനക്ക് കേക്കണൊ എനിക്ക് പണ്ട് പറ്റിയ ഒരക്കിടി!
ഗോപന്‍ : ഹ് ഹ് ഹാ അക്കിടിയോ പറ ചേച്ചി പറ കേക്കട്ടെ
മാണിക്യം :മ്‌ പറയാം, പണ്ട് എന്നു വച്ചാ ഞാന്‍ അന്ന് സ്കൂളില്‍ പഠിക്കുന്ന കാലം, അന്ന് ഇന്നത്തെ പോലെ വീടുകളില്‍ റ്റിവിയും ഒന്നുമില്ല. ചിലയിടത്ത് റേഡിയൊ ഉണ്ട് അത്ര തന്നെ. വല്ലപ്പോഴും ആണ്ടില് രണ്ടോ അല്ലേ മൂന്നോ സിനിമാ കണ്ടാലായി, അതു കൊണ്ട് സിനിമാ കാണുന്നവര്, കണ്ടിട്ട് സ്കൂളില്‍ വന്ന് വിസ്തരിച്ചു കഥ പറഞ്ഞു തരും...
ഗോപന്‍ : അതു കൊള്ളാല്ലൊ പടം കണ്ടില്ലെലും കഥ കേക്കാം അല്ലെ?
മാണിക്യം : അതേ, നല്ല സ്റ്റൈലാ ഈ കഥ പറച്ചില് കയ്യും കലാശവും കാണിച്ചു കരഞ്ഞും ചിരിച്ചും രണ്ടു മൂന്ന് ദിവസം കൊണ്ടാ കഥ തീരുന്നെ ..
ഗോപന്‍ : അപ്പൊ അങ്ങനാ ഈ സീരിയല് തൊടക്കം അല്ലേ ചേച്ചി,
മാണിക്യം :മ്, ഞാനും ഉച്ചക്കത്തെ ഇന്റ്ര്‌വെല്ലിന്‍ കുത്തിയിരുന്ന് സിനിമാ കഥ മുടങ്ങാതെ കേട്ടിട്ടുണ്ട്, അന്നു ആ കഥ പറയുന്നാ ആളിന്റെ വെയിറ്റ് ഒന്ന് വേറെ തന്നെ. ശ്വാസം വിടാതെ ഈ കഥ പറയുന്ന ആളിന്റെ മുന്നില്‍ പഞ്ചപുഛമടക്കിയുള്ള ആ ഇരിപ്പ് !
ഗോപന്‍ : ദേ ഇപ്പൊ ഞാനിരിക്കണ പോലെ (ചിരിക്കുന്നു)
മാണിക്യം :എനിക്ക് ആണെങ്കില്‍ എന്നും കൊതിയാരുന്നു അതുപോലെ ഇരുന്ന് ഒന്ന് കഥ പറയാന്‍. പക്ഷെ എനിക്ക് ഒരിക്കലും ഒരു സിനിമാ കഥ സ്കൂളില്‍ ചെന്നു പറയാന്‍ പറ്റീല്ല. ഞാന്‍ ഒരു സിനിമാ കണ്ടു വരുമ്പോ അതെല്ലാരും കണ്ടു കഴിഞ്ഞിരിക്കും, എന്നാ സിനിമാ കഥാ പറയണം എന്ന ആശ ദിവസത്തിനു ദിവസം കൂടിം വന്നു.
ഗോപന്‍ : മ്‌ഹും എന്നിട്ട്....
മാണിക്യം :അങ്ങനെ ഇരുന്നപ്പോ അതു ബഹിര്‍‌ഗമിപ്പിക്കാന്‍ ഞാന്‍ ഒരാളെ കണ്ടെത്തി വീട്ടിലെ ജോലിക്കാരി ഞാന്‍ അവളുടെ പുറകെ നടന്നു കഥ പറഞ്ഞു അവള്‍ എല്ലാം മൂളികേട്ടു .
അവിടുന്നാ കുട്ടാ പിന്നെ എന്റെ പെരുന്നാള് തൊടങ്ങുന്നെ !!
ഗോപന്‍ : ഹ് ഹ് ഹ് അതെന്നാ ചേച്ചി എന്നാ പറ്റി?
മാണിക്യം :'ഏതൊ ഒരു ദുര്‍‌ബല നിമിഷത്തില്‍ അവളുമായി തെറ്റണ്ടി വന്നു ആ കഷ്മലാ (അങ്ങനെ പറയാമൊ? ആഹാ) അവള്‍ ചെന്നു അമ്മയോട് പറഞ്ഞു
ഗോപന്‍ : എന്തു പറഞ്ഞു ...
മാണിക്യം :"മാളൂട്ടി എല്ലാ"സിലിമെം" കാണുന്നുണ്ട് എന്നൊട് വന്നു കഥ പറയും." ... അമ്മയുടെ കണക്കില്‍ ഇത്രേം വലിയ പാതകം വേറെ വരാനില്ല
ഗോപന്‍ : അതെന്താ ചേച്ചി?
മാണിക്യം : അത് ഞാന്‍ പറഞ്ഞില്ലേ ഓണത്തിനും പിന്നെ സ്കൂള്‍ പൂട്ടിയ വല്യാവധിക്കും ആണ് സിനിമാ കാണല്‍ അതും മൂത്തവര് ആരേലും പോയി കണ്ടിട്ട് ,"ങ്ഃആ കൊഴപ്പമില്ല" എന്ന് ‘സര്‍ട്ടിപ്പിക്കറ്റ്’ കിട്ടുന്ന പടം ആണ് കാണാന്‍ കൊണ്ടു പോണത് അപ്പൊ ഞാന്‍ സിനിമാ കണ്ടുന്ന് പറഞ്ഞാ അതിന്റെ പുകില് ..
ഗോപന്‍ : അത് വല്ലാത്ത പണിയായിപ്പോയി..
മാണിക്യം :നില്ല്, ധിം.തരികിട തോം... പിന്നത്തെ കഥയാ കഥ ...
സാമം, ദാനം, ഭേദം, ദണ്ഡം......ഒടുവില്‍ ഞാന്‍ ആ സത്യം പറഞ്ഞു. ഞാന്‍ സിനിമാ ഒന്നും കണ്ടില്ലാ, ഉച്ച്ക്ക് ക്ലാസ്സില്‍ പറയുന്നതാ ഞാന്‍ കേട്ടിട്ട് വന്നു പറഞ്ഞതാണു എന്നു.
ഗോപന്‍ : അയ്യ യ്യോ രസമുണ്ട് ങ്ഃ എന്നിട്ട് ...
മാണിക്യം :'എന്നെ തല്ലിയതു ഒന്നും പൊരാഞ്ഞ് അമ്മ സ്കൂളില്‍ വന്നു. കോണ്‌വെന്റ് സ്കൂളില്‍ ഉച്ചക്കു നടക്കുന്ന "സിനിമാ കഥ പറച്ചില്‍ "എന്ന അനാശാസ്യാ നടപടിക്ക് എതിരെ അപലപിക്കുക കൂടി ചെയ്തപ്പൊള്‍ എന്റെ കാര്യം പിന്നെ പറയണൊ? കട്ടപ്പൊകാ...
ഗോപന്‍ : പിന്നെ എന്തുണ്ടായി ?
മാണിക്യം :എന്തുണ്ടാവാന്‍?ഹോ! അന്ന് ബാക്കി ഒള്ളോര്‍ എന്നേ നോക്കീയാ നോട്ടം ഹേന്റമ്മൊ!! ചത്താലും മറക്കത്തില്ലാ
ഗോപന്‍ :.....................
മാണിക്യം :'പിന്നെ ക്ലാസ്സിലെ കഥ പറച്ചില്‍ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറുകയും ആ കൂട്ടത്തില്‍ നിന്ന് എനിക്ക് അവര്‍ ഭ്രഷ്ട് കല്‍‌പ്പിക്കുകയും ഗ്രൂപ്പിന്നു പടി അടച്ചു പിണ്ഡം വെക്കുകയും ചെയ്തു....
ഗോപന്‍ : പിന്നെ കഥ കേക്കാന്‍ പറ്റീല്ലേ?
മാണിക്യം :യെവ്വടെ? പിന്നെയും സിനിമാ അസ്തിയെ പിടിച്ച് അവിടെ കിടന്നു.എന്നിട്ട് തമ്പുരന്‍ എന്നെ കൊണ്ട് വിട്ടതു സിനിമാ തീയറ്ററില്ലാത്ത സൌ ദി അറേബ്യയില്‍ .........
ഗോപന്‍ : ഹിഹീ ഹി അതു നല്ലാ പറ്റായി പോയല്ലൊ ചേച്ചീ...
മാണിക്യം :ഹും‌മ്‌ ..എന്നിട്ടും ഞാന്‍ വിട്ടില്ലാ പിന്നെ ആ പഴേ പടം മുഴുവന്‍ ക്യാസറ്റീന്നു കണ്ടാ....ആ ക്ഷീണം മാറ്റിയതു..
ഗോപന്‍ : കോള്ളാം , ചേച്ചി അതോരു നല്ല അക്കിടി തന്നാരുന്നു ...
മാണിക്യം : ഒന്നും പറേണ്ടാ അങ്ങനെ എന്തെല്ലാം? ഞാന്‍ പയ്യെ നീങ്ങട്ടെ ഗോപാ,
ഗോപന്‍ : ങ്ഹാ അപ്പോ ഇന്നിം ഉണ്ടോ അതു കൂടെ പറെണെ ചേച്ചി .
മാണിക്യം : ഇനി ഒരിക്കല്‍ ആവട്ടെ...... ( മാണിക്യം നടന്നു നീങ്ങുന്നു)

Tuesday, June 3, 2008

ആല്‍ത്തറ ഗോസ്സിപ്പ്‌: ഉത്തരകാണ്ഡം


പ്രിയപ്പെട്ട ആല്‍ 'ത്തറ' ക്കാരേ,

ഈ ഗോസിപ്പില്‍ പങ്കെടുത്തതിനും വിജയിപ്പിച്ചതിനും ആദ്യമേ നിങ്ങളോടു നന്ദി പറയുന്നു. പാമു ആന്‍ഡ്‌ പിള്ളേച്ചന്‍ കോ. ('കോ' എന്നാല്‍ 'കോതനെല്ലൂരോ' 'കോതമംഗലമോ' 'കോത്താഴമോ' അല്ല, 'കമ്പനി' ആണ്‌. പിസ്സ കഴിക്കാറില്ല അല്ലേ?) വഹ അരക്കിലോ നന്‍ട്രി.

ഇനി നമുക്കു ഉത്തരകാണ്ഡത്തിലേക്കു കടക്കാം.

ഇതുവരെ ലഭിച്ച എന്ട്രികള്‍ ഇവയാണ്‌.

1. പൊറാടത്ത്‌: "ഒരു ഗ്ലാസ്സ് പാല് കുടിയ്ക്കാന്‍ ഒരു കറവപ്പശൂനെ വാങ്ങണ്ട ആവശ്യം ഇല്ല്യാന്ന് രമണിയേടത്തി അങ്ങ്ട് കര്തീണ്ടാവും"

2. ബിന്ദു കെ പി, റോസമ്മ: "രമണിയെ ഭീഷണിപ്പെടുത്തിയ ശേഷം കുറുപ്പ് നടത്തിയ ഒരു നാടകമായിരിക്കുമോ അത്?"

3. കുട്ടിയാടി അയമ്മുട്ടി: "അത് നമ്മുടെ കഥാനായകന്‍ കുറുപ്പേട്ടന്‍ തന്നെയായിരുന്നു സുഹൃത്തുക്കളെ...."

4. ഗുല്‍ മോഹനേട്ടന്‍: "അതു കോരു മുതലാളി തന്നെ"

5. ജിതേന്ദ്രകുമാര്‍: "നയന്‍മാരും തമ്മിലുള്ളലഹളയില്‍ നിന്നും രക്ഷിച്ചില്ലേ. എങ്കില്‍ ആ മഹാമനസ്ക്കതയെഒന്നു തൊഴുതോളു."

ഗോപന്‍ജീയും ജിതേന്ദ്രകുമാര്‍ജീയും കുറ്റിയെ അനുകൂലിച്ചിട്ടുമുണ്ട്‌.

പരദൂഷണ കമ്മറ്റി കുറ്റിക്ക്‌ 'ഒന്നേ മുക്കാല്‍' മാര്‍ക്കും പോറാടത്തിന്‌ 'ഒന്നേകാല്‍ മാര്‍ക്കും' ബിന്ദു കെപി-റോസമ്മ ടീമിന്‌ 'മുക്കാല്‍ മാര്‍ക്കും' ജിതേന്ദ്രകുമാര്‍, ഗുല്‍മോഹനേട്ടന്‌ 'അര' മാര്‍ക്കുമാണ്‍ നല്‍കിയിരികുന്നത്‌. (മാര്‍ക്കു കൂടുതല്‍ കിട്ടണമെന്നാഗ്രഹമുള്ളവര്‍ സ്റ്റേജിന്‍റെ പുറകു വശത്തുള്ള തട്ടുകടയില്‍ ചെന്ന്‌ രണ്ടു ഗാന്ധിയടച്ച്‌ രസീതു വാങ്ങേണ്ടതാണ്‌. അമേരിക്കന്‍ എക്സ്പ്രസ്സ്‌ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നതല്ല.)

ഏറ്റവുമധികം മാര്‍ക്കു കിട്ടിയ കുറ്റിയാടിക്ക്‌ കപ്പിലാന്‍സ്‌ തട്ടുകട സ്പോണ്‍സര്‍ ചെയ്യുന്ന ഒരു 'പയേ ബോണ്ട'. (കാപ്പിലാന്‍ അതെടുത്തു പട്ടിക്കു കൊടുക്കുന്നതിനു മുന്പേ വേഗം പോയി മേങ്ങിക്കോ).

ഇനി കാര്യത്തിലേക്കു കടക്കാം. റ്റു ടെല്‍ യു ദ ട്രൂത്ത്, ഉത്തരം പരദൂഷണക്കമ്മറ്റിക്കും വല്യ പിടിയില്ല. എന്നാലും തുടര്‍ന്നുള്ള സംഭവഗതികള്‍ ഇങ്ങനെയായിരുന്നു:

കുറുപ്പേട്ടന്‍റെ മകന്‍റെ വിവാഹ ജീവിതം ഒരു മാതിരി എരുമ നക്കിയപോലെ ആയിരുന്നു. അധികം താമസിയാതെ ഡാന്‍സു ടീച്ചര്‍ അവരുടെ വഴിക്കു പോയി. ഈ ചെങ്ങാതി പിന്നെ ഷാപ്പുകളില്‍ കുടികിടപ്പിനു പട്ടയം നേടി. കള്ള്‌, ചാരായം, ഗഞ്ചന്‍, ഗുളികപ്പൊടി ഇത്യാദി മനോരഞ്ചന്‍ ഐറ്റംസായി അങ്ങേരുടെ എല്ലാം. ഒരു നിമിഷം പോലും ബോധമുണ്ടാവില്ല. കാനകളിലും മണ്‍കുഴികളിലും അങ്ങേര്‍ സമാധാനം തപ്പി നടന്നു. എവിടെ കിട്ടാന്‍!

കള്ളു കുടിച്ചു പള്ളു പറയുമ്പോള്‍ എപ്പോഴും രമണിയേടത്തി തെകട്ടി വരും.

"ഓളെ ഞാന്‍ ചതിച്ചതാ.. ഇനിക്കിതു വേണം.. ഞാന്‍ പുഴുത്തു പുഴുത്തു ചാവണം.." നെഞ്ചത്തടിച്ചു പഞ്ചവാദ്യം. ആദ്യമൊക്കെ അടുത്തിരിക്കുന്നവര്‍ പിടിച്ചു മാറ്റും. പിന്നെ വരും മൈന്ഡു ചെയ്യില്ല.

ഒരു നാള്‍ പെട്ടെന്നു ബോധോദയമുണ്ടായി. കുടി നിര്‍ത്തി. കുളിച്ചു ക്ഷൌരം ചെയ്തു കുട്ടപ്പേട്ടനായി നേരെ വാസ്വേട്ടന്‍റെ പൊരേലേയ്ക്ക്‌ ചെന്നു. രമണിയേടത്തി ഉമ്മറത്തുതന്നെ ഉണ്ടായിരുന്നു.

"രമണ്യേ.."

രമണിയേടത്തി തുറിച്ചു നോക്കിക്കൊണ്ടിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല. ഇരുന്ന ഇരുപ്പില്‍ നിന്നെണീറ്റതുമില്ല.

"ഇന്നോട്‌ ക്ഷമിക്ക്‌ രമണ്യേ.. പറ്റിപ്പോയി. നോക്ക്‌, ഞാന്‌ അന്നെ കൊണ്ടോവാനാ ബന്നദ്‌.. "

അതുവരെ കുടിച്ച കള്ളുമുഴുവന്‍ കവിളിലൂടെ കണ്ണീരായി ഒഴുകി. ഹൃദയം ന്ന്‌ള്ളോരു്‌ സാധനം ആ എല്ലുംകൂട്ടിന്‍റെ ഉള്ളില്‌ തുടിക്കുന്നുണ്ടായിരുന്നോ?

"കാര്‍ത്ഥ്‌ഫൂ..." മറുപടി അങ്ങേരുടെ മുഖത്തു തന്നെ വീണു.

അങ്ങാടി വീണ്ടും ഞെട്ടി.

അത്രേം രൌദ്രയായി രമണിയേടത്തിയെ അതിനു മുന്പാരും കണ്ടീട്ടില്ല. വേറൊന്നും മിണ്ടിയില്ല. ചവുട്ടിക്കുലുക്കി അകത്തേക്കു കയറിപ്പോയി ഉച്ചത്തില്‍ വാതിലടച്ചു.

പിറ്റേന്ന്‌ വാസ്വേട്ടന്‍റെ മക്കള്‍ ഊഞ്ഞാല കെട്ടിയ മച്ചിപ്ളാവില്‍ തന്നെ രമണിയേടത്തി തൂങ്ങിയാടുന്നുണ്ടായിരുന്നു. രൌദ്രമല്ല, സ്ഥായിയായ നിര്‍വികാരത തന്നെ ആയിരുന്നു മുഖത്ത്‌.

രമണിയേടത്തി ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്‌. ഒരു കടം കഥ. നമ്മള്‌ ബെറ്ദനെ എന്തിനാ സമയം മെനക്കെട്ത്തണദ്? തിരിയണ്ടോന്‌ തിരിയും. അല്ലാത്തോന്‍ നട്ടം തിരിയും. (തിരിയുക = മനസ്സിലാവുക).

അപ്പ അദാണ്‌ കദ. ഇഞ്ഞി 'രാമന്‍ സീതയ്ക്കെപ്പടി?' എന്നോ മറ്റോ ചോദിച്ചാല്‍.. കാപ്പൂന്‍റെ തട്ടുകടേലെ ബോണ്ട മുയ്മന്‍ ഞങ്ങള്‍ തീറ്റിക്കും ട്ടാ..

അപ്പ അടുത്ത ഗോസിപ്പിറങ്ങും വരൈക്കും വണക്കം..

-പാമു ആന്‍ഡ്‌ പിള്ളേച്ചന്‍ കമ്പനി.

p.s. (തണലേ, ഇങ്ങളെ ഞമ്മക്ക്‌ സംശയം ണ്ട്‌.. ഇദ്‌ നേരത്തേ ബിയാരിച്ചിരുന്നോ?)

Monday, June 2, 2008

ആല്‍ത്തറ ഗോസ്സിപ്പ്: കാഫു മല കണ്ട പൂങ്കാറ്റേ..


പാമു ആന്ഡ്‌ പിള്ളേച്ചന്‍ കമ്പനിയുടെ 'ആല്‍ത്തറ ഗോസ്സിപ്പ്‌' ഇന്നത്തെ ഐറ്റം:

നാട്ടിലെ ആദ്യത്തെ യുക്തിവാദി ആയിരുന്നു 'ചാണകക്കുറുപ്പ്‌'. ഒരു സവര്‍ണ്ണനായിരുന്നിട്ടും (നല്ല ഞാവല്‍പ്പഴത്തിന്‍റെ നിറം :) ) നന്നായി പണി ചെയ്തു ജീവിച്ചിരുന്ന ഒന്നാന്തരമൊരു എല്‍. കെ. അദ്ധ്വാനി. ചാണകം കടത്തലായിരുന്നു പ്രധാന പണി. പശുക്കളുള്ള വീടുകളില്‍ നിന്നും ചാണകം വാങ്ങി കൃഷി ചെയ്യുന്നവര്‍ക്ക്‌ തലച്ചുമടായി എത്തിച്ചു കൊടുക്കും.
സ്വന്തം അദ്ധ്വാനത്തില്‍ വിശ്വസിച്ചിരുന്നതു കൊണ്ടാകണം അങ്ങേര്‍ ഒരു അമ്പലത്തിലും പോകാറില്ലായിരുന്നു.

ഒരു പാട്ടുകാരന്‍ കൂടിയായിരുന്നു കുറുപ്പ്‌. അക്കാലത്തു വളരെ പ്രശസ്തമായിരുന്ന "കാഫു മല കണ്ട പൂങ്കാറ്റേ.." എന്ന മാപ്പിളപ്പാട്ടിന്‍റെ ശീലുണ്ടാവും എപ്പോഴും ചുണ്ടില്‍. അതുകൊണ്ടു തന്നെ 'കാപ്പുമല' എന്നൊരു അപരനാമം കൂടി സ്വന്തമായിട്ടുണ്ടായിരുന്നു. ഒരു നായര്‍ ചാണകവും തലയിലേറ്റി നടക്കുന്നതിനെ വിമര്‍ശിച്ച മറ്റു മൂരാച്ചി നായമ്മാരെ നോക്കി ഈണത്തില്‍ 'കാഫു മല'യും പാടി നെഞ്ഞും വിരിച്ചു നടക്കും കുറുപ്പ്‌.

കുറുപ്പിന്‍റെ ഭാര്യ സരോജിനിയമ്മയ്ക്കാണെങ്കില്‍ പ്രസവിക്കാന്‍ തന്നെ സമയം തികഞ്ഞിരുന്നില്ല. ഒക്കത്തും വയറ്റിലും ഓരോന്ന്‌ എപ്പോഴുമുണ്ടാകും. നീന്തുന്നത്, മുട്ടിലിഴയുന്നത്‌, പിച്ച വയ്ക്കുന്നത്‌, മാവിനെറിയുന്നത്‌, പ്രണയലേഖം എഴുന്നത്‌, ടൈപ്പ്‌ പഠിക്കുന്നത്‌, ഇങ്ങനെ ഏതു പ്രായത്തിലുള്ള ഐറ്റം വേണമെന്നു ചോദിച്ചാല്‍ മതി, കുറുപ്പിന്‍റെ മുറ്റത്തുണ്ടാവും. (പാവം സരോജിനിചേച്ചിയെ കണ്ടാല്‍ കഷ്ടം തോന്നും. ഒരുമാതിരി അണ്ണാന്‍ ചപ്പിയ കശുമാങ്ങപോലെയാണിരിക്കുന്നത്‌. എന്നാലുമുണ്ടാവും വയറ്റിലൊരെണ്ണം എപ്പോഴും!)

കുറുപ്പിന്‍റെ മൂത്തമകന്‍ ഏകദേശം കല്യാണപ്രായമൊക്കെ ആയി. ഒരു ലോറി ഡ്രൈവറാണ്‌. വഴിയേ പോകുന്ന പെണ്ണുങ്ങളെ കമന്‍റടിച്ചും, സ്കൂളില്‍ പോകുന്ന പിള്ളേരുടെ മേത്തേക്ക്‌ ചെളി വെള്ളം തെറിപ്പിച്ചും, വൈകിട്ടു അല്‍പം മൂല വെട്ടി വിഴുങ്ങിയും അങ്ങനെ ജീവിച്ചു പോകുന്നു.

കഥയിലെ നായിക രമണിയേടത്തി സ്ഥലത്തെ തെങ്ങുകയറ്റക്കാരന്‍ വാസ്വേട്ടന്‍റെ പെങ്ങളാണ്‌. വേറെയുമുണ്ട്‌ രണ്ടു പെങ്ങന്മാരു്‌ വാസ്വേട്ടന്‌. പക്ഷേ പെങ്ങന്മാരെ കെട്ടിച്ചു വിടല്‍ കാശുചെലവുള്ള ഏര്‍പ്പാടായതുകൊണ്ടും, കോരു മുതലാളിയുടെ തീപ്പെട്ടിക്കമ്പനിയില്‍ ജോലി ചെയ്യുന്ന പെങ്ങന്മാരുടെ വരുമാനം കുടുംബത്തിലെ ഒരു പ്രധാന സാമ്പത്തിക സ്രോതസ്സായതു കൊണ്ടും മൂന്നു പെണ്ണുങ്ങളും കെട്ടാമങ്കമാരായി നിന്നുപോയി.

പിന്നെ സംഭവിച്ചത്‌ നിങ്ങളൊക്കെ കരുതുന്ന പോലെത്തന്നെ. നായകനായ കുറുപ്പേട്ടന്‍റെ പൊന്നു മോനെ, രമണിയേടത്തിയുടെ കൂടെ രാജുവേട്ടന്‍റെ പണിതീരാത്ത വീട്ടില്‍ അസമയത്ത്‌ നാട്ടുകാരു കണ്ടത്രെ. ആളെ ഓടിച്ചിട്ടു പിടിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

സംഗതി ഭയങ്കര കോളിളക്കമാണുണ്ടാക്കിയത്‌. നായകന്‍ ഒരു നായര്‍. നായിക തീയ്യത്തി. പിടിച്ചു കെട്ടിച്ചു വിടാന്‍ പോലും പറ്റില്ല! ആള്‍ കയ്യോടെ പിടിക്കപ്പെട്ടില്ല എന്നതുകൊണ്ടും കണ്ടെന്നു പറയുന്നവരെല്ലാം തിയ്യന്‍മാരായതുകൊണ്ടും, ആരോപണം അങ്ങാടിയിലെ നിഷ്പക്ഷരായ ജനങ്ങളൊന്നും പൂര്‍ണ്ണമായി വിശ്വസിച്ചില്ല..

നായന്‍മാരുടെ മാനം തകര്‍ക്കാന്‍ തിയ്യന്മാരു മനഃപൂര്‍വ്വം ചെയ്ത ഒരു ചതിയാണിതെന്നായിരുന്നു വര്‍ഗ്ഗബോധമുള്ള നായന്മാരുടെ അഭിപ്രായം. പഴയ സവര്‍ണ്ണ മേധാവിത്തം തീയ്യത്തികളുടെ മേത്തു വീണ്ടും പരീക്ഷിക്കുകയാണെന്നു കമ്മ്യൂണിസ്റ്റുകളായ ചില തീയ്യപ്രമാണിമാര്‍ ഉദ്ഘോഷിച്ചു. നാടു കുട്ടിച്ചോറാക്കാന്‍ കച്ചകെട്ടിയിരുന്ന കോരു മുതലാളിയെപ്പോലുള്ള കുത്തകമുതലാളിമാര്‍ രണ്ടു ഭാഗത്തും ആളെവിട്ട്‌ എരികേറ്റി.

നായര്‍ പ്രമാണിമാര്‍ കുറുപ്പിന്‍റെ വീട്ടിലെത്തി സര്‍വ്വ പിന്തുണയും വാഗ്ദാനം ചെയ്തു. ചാത്തോത്തെ മേനോന്‍ സാറിന്‍റെ കോങ്കണ്ണൂള്ള മകളെ കുറുപ്പിന്‍റെ മകനു ആലോചിക്കാം എന്നുവരെയായി വാഗ്ദാനങ്ങള്‍. കുറുപ്പു മറുപടിയായി 'കാഫുമല കണ്ട..' ന്നു നീട്ടിച്ചൊല്ലി. കുറുപ്പിന്‍റെ പിന്തുണ ഉറപ്പായെന്നു വ്യാഖ്യാനിച്ച്‌ കരയോഗം അനന്തരനടപടികളെക്കുറിച്ച്‌ കൂലങ്കൂഷമായി ചിന്തിച്ച്‌ വയറു കാലിയായപ്പോള്‍ സരോജിനിച്ചേച്ചി കൊടുത്ത കട്ടന്‍ വെള്ളവും കപ്പപ്പൊടി ബിസ്കറ്റും കഴിച്ചു പിരിഞ്ഞു പോയി.

പിറ്റേദിവസം ചാണകക്കൊട്ട കാലിയായപ്പോള്‍ കുറുപ്പ്‌ നേരെ ചെന്നത്‌ വാസ്വേട്ടന്‍റെ വീട്ടിലേക്കാണ്‌. ഒട്ടും പ്രതീക്ഷിക്കാതെ 'കാഫുമല..' കേട്ടപ്പോള്‍ വാസ്വേട്ടന്‍ കൊടുവാളെടുത്തു പുറത്തു ചാടി.

'ആരാണ്ടാ അബടെ.. '?

'കുറുപ്പാണ്ടാ.. വിളിക്കന്‍റെ പെങ്ങളെ..' കുറുപ്പിനൊരു കൂസലും ഇല്ല.

രമണിയേടത്തി വന്നു പകുതി വാതില്‍ മറഞ്ഞു നിന്നു.

'അദ്‌ ഇന്‍റെ ചെക്കനേര്ന്നോ?.. ഇജ്ജ്‌ 'അദെ' ന്നൊരു വാക്കു പറഞ്ഞാ മതി.. ഓന്‍ കെട്ടും അന്നെ. ഇനിക്ക്‌ മദോം ജാതീം ഒന്നും പ്രെശ്നല്ല!' കുറുപ്പിന്‍റെ ശബ്ദത്തില്‍ നിശ്ചയദാര്‍ഢ്യത്തുന്‍റെ മുഴക്കം.

രമണിയേടത്തി ഒന്നും മിണ്ടിയില്ല. ചോദ്യം കേട്ടപ്പോ വാസ്വേട്ടനും തണുത്തു. കൊടുവാളു താഴെയിട്ടു.

'ചോയിച്ചദു കേട്ടില്ലേ..? അണക്കു മുണ്ടാട്ടം മുട്ടിപ്പോയോ?..'

'ഡീ....' വാസ്വേട്ടന്‍ ചീറി..

രമണിയേടത്തി ഒരു പാവയെപ്പോലെ നിന്നു. മറ്റുപെണ്ണുങ്ങള്‍ പുറകില്‍ നിന്നു തോണ്ടി.

'ഹല്ല..'

വാസ്വേട്ടന്‍ ഞെട്ടി. കാഴ്ചകാണാന്‍ വന്ന നാട്ടുകാരു ഞെട്ടി.. കിട്ടിയ തക്കത്തിനു കുഴിക്കോട്ടികളി തുടങ്ങിയിരുന്ന ചെക്കന്മാരും ഒറ്റയ്ക്കിരുന്ന്‌ നായയും പുലിയും കളിക്കുന്ന നാണ്വേട്ടനും മൊത്തം അങ്ങാടിയും ഞെട്ടി.

കുറുപ്പിനൊരു ഭാവഭേദവും ഉണ്ടായില്ല. അങ്ങേരു അണ്ടി കാക്കകൊണ്ടുപോയ അണ്ണാനെപ്പോലിരുന്നുപോയ വാസ്വേട്ടനെ കടുപ്പിച്ചൊന്നു നോക്കിയിട്ട്‌ 'കാഫു മല..'യും പാടി നടന്നു പോയി..

കുറുപ്പിന്‍റെ മകന്‍റെ കല്യാണം അധികം വൈകാതെ നടന്നു. ഒരു ഡാന്‍സ്‌ ടീച്ചറായിരുന്നു വധു. രമണിയേടത്തി ഇപ്പോഴും കോരു മുതലാളിയുടെ കമ്പനിയില്‍ പോകുന്നുണ്ട്‌. ആരോടും മിണ്ടാറില്ല. വഴിയരികിലെ കാര്‍ക്കിച്ചു തുപ്പുകളും പരിഹാസച്ചിരികളും കമന്‍റുകളും തന്‍റെ ലോകത്തിലേയല്ലെന്ന്‌ നിനച്ച്‌, വരണ്ടൊരു മുഖഭാവത്തോടെ നടന്നു പോകും. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴും കണ്ടിരുന്നു, ജീവിതം ചവച്ചുതുപ്പിയ ഒരു വാര്‍ധക്യം മുഷിഞ്ഞൊരു സഞ്ചിയുമായി തീപ്പെട്ടിക്കമ്പനിയിലേക്കു പോകുന്നത്‌.

എന്തായിരിക്കും രമണിയേടത്തിയെക്കൊണ്ട്‌ 'അല്ല' എന്നു പറയിപ്പിച്ചത്‌? വീണുകിട്ടിയേക്കാമായിരുന്ന ഒരു വിവാഹജീവിതത്തെ, അതും ഒടപ്പിറന്നോനു താന്‍ ജോലിചെയ്തുകൊണ്ടുവരുന്ന കാശീല്‍ മാത്രമാണു നോട്ടമെന്നും, ഒരിക്കലും മംഗല്യഭാഗ്യം തന്നെ തേടി വരില്ലെന്നും ഉറപ്പുണ്ടായിട്ടും, വെറുതേ തട്ടിക്കളയിച്ചത്? എനിക്കു ഒരു പിടിയും കിട്ടുന്നില്ല. നിങ്ങള്‍ക്കോ ആല്‍ത്തറക്കാരേ?

ഫേസ്സ് ബുക്കന്നൂര്‍ ശാഖാശ്രമം

LinkWithin

Related Posts with Thumbnails

അനന്തമജ്ഞാതമവര്‍ണ്ണനീയം ആശ്രമം തിരിയുന്ന മാര്‍ഗ്ഗം

കോറം തികയുന്നതിവിടെ

Pages

തിരയൂ

Powered by Blogger.